This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈജിപ്‌ഷ്യന്‍ ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:57, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഈജിപ്‌ഷ്യന്‍ ഭാഷയും സാഹിത്യവും

Egyptian Language and Literature

പ്രാചീന ഈജിപ്‌ഷ്യന്‍ ഭാഷയെക്കുറിച്ചുള്ള അറിവ്‌ തുലോം പരിമിതമാണ്‌. ബി.സി. മൂന്നാം സഹസ്രാബ്‌ദം മുതൽ എ.ഡി. രണ്ടാം ശതകംവരെ ഈജിപ്‌ഷ്യന്‍ പ്രദേശങ്ങളിൽ ഒരു പ്രത്യേകഭാഷ നിലവിലിരുന്നുവെന്നതിന്‌ ചിത്രലേഖങ്ങള്‍ (Hieroglyphs), ഭാവലേഖങ്ങള്‍ (Ideographs), ആലേഖ്യലിപികള്‍ (Pictographs) തുടങ്ങിയ മാധ്യമങ്ങളിലൂടെ രേഖപ്പെടുത്തിയിട്ടുള്ള വിവിധ പ്രമാണങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഇവയിൽനിന്നു ലഭിച്ചിട്ടുള്ള മിക്ക പദങ്ങളുടെയും തദാനീന്തനാർഥവിവക്ഷകള്‍ പണ്ഡിതന്മാർ ഊഹിച്ചെടുക്കുന്നതേയുള്ളൂ. സംസ്‌കൃതം, ലത്തീന്‍ തുടങ്ങിയ മറ്റു പ്രാചീനഭാഷകള്‍ക്കെന്നതുപോലെ പഴയ ഈജിപ്‌ഷ്യന്‍ കുടുംബത്തിന്റെ സന്തതിയെന്നു പറയാന്‍ വാങ്‌മയമൊന്നും അവശേഷിച്ചിട്ടില്ലാത്തതാണ്‌ ഇതിനു കാരണം; ഇതിന്‌ ഹെമിറ്റിക്‌ -സെമിറ്റിക്‌ ഭാഷകളുമായി ബന്ധമുണ്ടായിരുന്നിരിക്കണം എന്ന്‌ ഭാഷാഗവേഷകന്മാർ കരുതുന്നു. പ്രാചീന ഈജിപ്‌ഷ്യന്‍വാക്യങ്ങളുടെ ഘടന പൊതുവേ സംയോജകഹീനം (paratactic) ആയിരുന്നുവെന്നു മാത്രമല്ല, നിപാതങ്ങളും (particles) സമുച്ചയങ്ങളും (conjuctions) അതിൽ ഒരിടത്തും പ്രത്യക്ഷപ്പെടുന്നുമില്ല. ആദ്യത്തെ ചിത്രലേഖങ്ങള്‍ പിന്നീട്‌ ആലേഖ്യലിപികളായി വികസിച്ചത്‌ സമന്വതാസിദ്ധാന്തം (principle of homphony) കൊണ്ടുതന്നെയാണ്‌. അന്നത്തെ നാമക്രിയകളുടെ ധാതുക്കള്‍ എന്തൊക്കെ ആയിരിക്കാമെന്ന്‌ കണ്ടെത്താനുള്ള ശ്രമമൊന്നും ഇതുവരെ വിജയിച്ചിട്ടില്ല; അതുകൊണ്ടുതന്നെ ക്രിയാപദങ്ങള്‍ സൂചിപ്പിക്കുന്ന കാലത്തെ നിർണയിക്കുന്ന പ്രശ്‌നവും കെട്ടഴിയാതെ കിടക്കുന്നതേയുള്ളൂ.

പക്ഷേ, പ്രാചീനകാലത്ത്‌ ഈജിപ്‌ഷ്യന്‍ ഭാഷ സജീവവും ചൈതന്യപൂർണവും ആയിരുന്നില്ലെന്ന്‌ അർഥമാക്കേണ്ടതില്ല. ഉപമ, രൂപകം തുടങ്ങിയ അർഥാലങ്കാരങ്ങളോടൊപ്പം അനുപ്രാസാദിശബ്‌ദധാടികളും കലർന്ന പല ആദിമകാല രചനകളും കിട്ടിയിട്ടുണ്ട്‌; വാമൊഴിയിലും വരമൊഴിയിലും ആശയവിനിമയത്തിനുതകുന്നതരത്തിൽ ഈ പ്രാചീനവാങ്‌മയത്തിന്‌ ചില നിർദിഷ്‌ടവാക്യവിന്യാസ (syntax) രീതികള്‍ അഖ്‌നാതെന്‍ രാജാവിന്റെ കാലത്ത്‌ (സു.ബി.സി. 1391-50) ആയിരിക്കണം കൈവന്നത്‌. ഈ രീതിയിൽ ലഭ്യമായിട്ടുള്ള പുരാരേഖകള്‍ പോലും അവയുടെ ശുദ്ധപാഠങ്ങളിലല്ല എന്നത്‌ ഭാഷാശാസ്‌ത്രജ്ഞന്മാർക്ക്‌ ഇന്നും പ്രശ്‌നമായി അവശേഷിക്കുന്നു.

സാഹിത്യം. ഷീന്‍ പോല്യോണ്‍ ജീന്‍ ഫ്രാങ്കോയ്‌ എന്ന ഫ്രഞ്ച്‌ പണ്ഡിതനാണ്‌, 1822-ൽ, ഈജിപ്‌ഷ്യന്‍ ഭാഷാസാഹിത്യങ്ങളെക്കുറിച്ചുള്ള ആധുനികപഠനങ്ങള്‍ ആരംഭിച്ചത്‌; ആദിമചിത്രാലേഖ്യങ്ങള്‍ വായിച്ച്‌ അർഥം കണ്ടുപിടിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെത്തുടർന്ന്‌ പല ഗവേഷകരുടെയും ശ്രദ്ധ ഈ മേഖലയിലേക്കു തിരിഞ്ഞു. ഈജിപ്‌ഷ്യന്‍ ഭാഷയിൽ രചിക്കപ്പെട്ട പല പ്രാചീനപാഠങ്ങളും ഇന്ന്‌ ലഭ്യമാണെങ്കിലും, കേവല സാഹിത്യസൃഷ്‌ടികള്‍ അക്കൂട്ടത്തിൽ വളരെ കുറവാണ്‌. പാപ്പിറസ്‌ ചുരുളുകളിൽ മഷിയിലെഴുതിയിട്ടുള്ള അക്കാലത്തെ ഈജിപ്‌ഷ്യന്‍ രചനകള്‍ വായിക്കാനോ അർഥം കല്‌പിക്കാനോ സാധ്യമല്ലാത്ത തരത്തിൽ ദ്രവിച്ചും മാഞ്ഞും പോയിരിക്കുന്നു; ശ്‌മശാനശിലകളിൽ കൊത്തിവച്ച ഏതാനും വാക്യങ്ങള്‍ തേഞ്ഞുമാഞ്ഞുപോവാതെ അവശേഷിക്കുന്നുണ്ട്‌. ബി.സി. ഒന്നാം സഹസ്രാബ്‌ദത്തിന്റെ ആരംഭം മുതൽ റോമന്‍ആധിപത്യം വരെയുള്ള നീണ്ട കാലഘട്ടത്തിന്റെ പല പതനങ്ങളിൽ രചിക്കപ്പെട്ടവയെന്ന്‌ നിർണയിക്കപ്പെട്ടിട്ടുള്ള ഈ സാഹിത്യസൃഷ്‌ടികളിൽ ഗുണദോഷവാക്യങ്ങളും മതപ്രബോധനങ്ങളും കവിതകളും പ്രമകഥകളുംവരെ ഉള്‍പ്പെടുന്നതായി സാഹിത്യചരിത്രകാരന്മാർ പറയുന്നു.

മാനുഷികവും അതിമാനുഷവും ആയ അംശങ്ങള്‍ കലർന്ന ചില വീരസാഹസികോദ്യമങ്ങളുടെ കഥകള്‍ ഇക്കൂട്ടത്തിലുണ്ട്‌. കപ്പൽച്ചേതം വന്ന നാവികനും വായാടിയായ കൃഷിക്കാരനും മറ്റും ഇവയിൽ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. കിയോപ്‌സ്‌ രാജാവിനോടു പറഞ്ഞ ഇന്ദ്രജാലകഥകള്‍ പല ഉപാഖ്യാനങ്ങളും നിറഞ്ഞ ഒരു സഞ്ചികയാണ്‌; സിനൂഹി എന്ന പേരിൽ ആധുനികകാലത്ത്‌ പ്രസിദ്ധീകൃതമായ മറ്റൊരു ഈജിപ്‌ഷ്യന്‍ കൃതിയിൽ ഒരു നീണ്ടകഥയാണുള്ളത്‌. സിറിയയിലേക്കു നിയുക്തനായ ഒരു ഈജിപ്‌ഷ്യന്‍ സ്ഥാനപതിയുടെ അനുഭവങ്ങള്‍ വെനാവുന്റെ വിപദ്‌പൂർണമായ സാഹസങ്ങളിൽ വിവരിച്ചിരിക്കുന്നു. "രണ്ടു സഹോദരന്മാർ', "ശപ്‌തനായ രാജകുമാരന്‍' തുടങ്ങിയവ ലഘുകഥകളാണ്‌. ജോപ്പായുടെ കീഴടങ്ങൽ, അപോഫിസ്സും സെക്വനെന്റായും തമ്മിലുള്ള കലഹം എന്നിവ ചരിത്രകഥകളും, മനുഷ്യവർഗത്തിന്റെ സംഹാരം, വ്യാജം കൊണ്ടുള്ള സത്യത്തിന്റെ മൂടുപടം എന്നിവ പുരാണോപാഖ്യാനങ്ങളുമാണ്‌.

ഈജിപ്‌തിലെ പ്രസിദ്ധമായ പിരമിഡുകളിൽ കൊത്തിവച്ചിട്ടുള്ള ചില "ശാസന'ങ്ങളും അവിടത്തെ പ്രാചീനഭാഷാസാഹിത്യങ്ങളുടെ സ്വഭാവത്തെ വിളിച്ചോതുന്നവയാണ്‌. ഇവയിൽ ആദ്യത്തേത്‌ (സു. ബി.സി. 2500-2300) സാഹിത്യമൂല്യം കലർന്ന സങ്കീർത്തനങ്ങളും സ്‌തോത്രങ്ങളുംകൊണ്ടു നിറഞ്ഞതാണ്‌. മധ്യകാലരാജവംശത്തിലെ (2150-1800) കീർത്തനങ്ങള്‍ മിക്കവയും റാ, അമന്‍ എന്നീ ദേവതകളെ പ്രകീർത്തിക്കുന്നു; അഖ്‌ നാതെന്‍ രാജാവിനുള്ള മംഗളാശംസാപദ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്‌.

പരേതഗ്രന്ഥം. ആദ്യരാജവംശത്തിന്റെ കാലത്ത്‌ (സു. ബി.സി. 2530-2150) നിർമിക്കപ്പെട്ട പിരമിഡുകളിലെ ശാസനങ്ങളും ശവമഞ്ചങ്ങളിലെ ലിഖിതങ്ങളും സമാഹരിച്ച്‌ നിബന്ധിച്ച ഒരു പ്രാചീനകൃതിയാണിത്‌. ലെപ്‌സീയൂസ്‌ കാള്‍ റിച്ചാർട്‌ എന്ന ഈജിപ്‌ഷ്യന്‍ വിജ്ഞാനീയ പണ്ഡിതനാണ്‌ ഈ സമാഹാരത്തിന്‌ ബുക്ക്‌ ഒഫ്‌ ദ്‌ ഡെഡ്‌ (Book of the Dead) എന്ന പേരു നല്‌കിയത്‌ (1842). പ്രാചീന ഈജിപ്‌ഷ്യനിൽ ഇതിന്റെ ശീർഷകം പെർ-എം-ഹൗ (പകൽവെളിച്ചത്തിലേക്കു പോവുക) എന്നായിരുന്നു. ഇതിലെ മന്ത്രങ്ങള്‍ ജപിച്ചാൽ പരേതാത്മാക്കള്‍ക്ക്‌ പിതൃലോകത്തിൽ സ്വാസ്ഥ്യം ലഭിക്കുമെന്നും അതുകൊണ്ട്‌ അവയെ ഓസിറിസ്‌ ദേവന്റെ സ്വർഗമണ്ഡപത്തിൽവച്ച്‌ എല്ലാവരും ഉരുവിടണമെന്നും ഇതിൽ വിവരിച്ചിരിക്കുന്നു. 18-ാം രാജവംശത്തിന്റെ കാലത്താണ്‌ (ബി.സി. 1570-നു ശേഷം) ഈ മന്ത്രങ്ങള്‍ സമാഹരിച്ച്‌ ഗ്രന്ഥരൂപത്തിലാക്കിയതെന്നു കരുതപ്പെടുന്നു.

രാഷ്‌ട്രീയ അരാജകത്വത്തെയും ദുർഭരണത്തെയും ദുഷിച്ചുകൊണ്ടുള്ള ചില പദ്യകൃതികള്‍-ബി.സി. ഒന്നാം സഹസ്രാബ്‌ദത്തിൽ ഉണ്ടായവ-കണ്ടുകിട്ടിയിട്ടുണ്ട്‌. പ്രവചനരൂപത്തിലുള്ള നെഫറോഹുവും ഇപുവേരിന്റെ ഗുണദോഷങ്ങളും ആണ്‌ ഇവയിൽ പ്രാധാന്യമർഹിക്കുന്നവ; ഇതേ ഉള്ളടക്കംതന്നെ ഖാഖെപെറസോണ്‍ബു എന്ന വിലാപകാവ്യത്തിലും കാണാം. ലെബെന്‍സ്‌മൂഡ്‌ എന്ന കവിതയിൽ ആത്മഹത്യചെയ്യാനൊരുമ്പെടുന്ന ഒരാള്‍ തന്റെ ആത്മാവുമായി നടത്തുന്ന സംവാദമാണടങ്ങിയിരിക്കുന്നത്‌. ഒരു ഈജിപ്‌ഷ്യന്‍ രാജാവിന്റെ മന്ത്രിയായിരുന്ന പ്‌താഹോടെപ്‌ രാജനീതിപരമായ ഒരു പുസ്‌തകം എഴുതിയിട്ടുണ്ട്‌. 12-ാം രാജവംശത്തിന്റെ കാലം (ബി.സി. 1786) തൊട്ട്‌ ഈ ഗ്രന്ഥം വിദ്യാലയങ്ങളിൽ പാഠപുസ്‌തകമായി ഉപയോഗിക്കപ്പെട്ടുവന്നു. പ്രമഗാനങ്ങള്‍. നവീനരാജവംശത്തിന്റെ കാലത്ത്‌ (സു. ബി.സി. 1570 മുതൽ) ഉണ്ടായിട്ടുള്ള പ്രമഗാനങ്ങള്‍ മിക്കവയും ലളിതമധുരങ്ങളാണ്‌. "ഓ, ഞാനവളുടെ ദാസിയായിരുന്നെങ്കിൽ, ഞാന്‍ അവളുടെ വിരലിൽ ഒരു മോതിരമായിരുന്നെങ്കിൽ'-എന്നിങ്ങനെ പോകുന്ന ഒരു പ്രമഗാനം ഇക്കൂട്ടത്തിൽ വളരെ പ്രസിദ്ധമാണ്‌.

ഇങ്ങനെ നാനാശാഖകളിൽ പ്രാചീനസാഹിത്യത്തിന്റെ അവശേഷിപ്പുകള്‍ കാണാന്‍ കഴിയുമെങ്കിലും ഈജിപ്‌തുകാർ ഏറ്റവും വിലമതിച്ചിരുന്നത്‌ ഉദ്‌ബോധനപരമായ രചനകളായിരുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. പ്രാചീനലോകം ഈജിപ്‌തുകാരുടെ ധിഷണാവൈഭവത്തെ മാനിച്ചിരുന്നു; പക്ഷേ, അവ ദാർശനികമായ ബുദ്ധിപരതയായിരുന്നില്ല; അതിമാനുഷ സംഭവങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മന്ത്രങ്ങളും ആഭാണകങ്ങളും ആയിരുന്നു അവയിൽ ഏറിയകൂറും. ബൈബിളിലെ സദൃശ്യവാക്യങ്ങള്‍ എന്ന ഗ്രന്ഥഭാഗത്തോട്‌ പലതരത്തിലും സാധർമ്യം വഹിക്കുന്നവയാണ്‌ നവീനരാജവംശകാലത്തുണ്ടായ ആമെന്‍ഹോടെപ്പിന്റെ ഉപദേശങ്ങള്‍. ഇതുപോലെ, പുത്രനായ മെറികേറിന്‌ ഖേതിരാജാവും (സു. ബി.സി. 2100) സെനുസ്രട്ടിന്‌ പിതാവായ അമെനം ഹെറ്റ്‌ (ബി.സി. 1991-61) രാജാവും നല്‌കിയ ഉദ്‌ബോധനങ്ങള്‍ ഗ്രന്ഥരൂപത്തിൽ ലഭ്യമാണ്‌. നോ. അറബിസാഹിത്യം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍