This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്രയേൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:10, 12 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഇസ്രയേൽ

Israel

മധ്യപൗരസ്‌ത്യദേശത്തെ ഒരു ജനാധിപത്യ രാഷ്‌ട്രം. മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്കേതീരത്തു സ്ഥിതിചെയ്യുന്ന ഇസ്രയേലിന്റെ അയൽരാജ്യങ്ങള്‍ വടക്ക്‌ ലെബനനും വടക്കുകിഴക്ക്‌ സിറിയയും, കിഴക്കും തെക്കുകിഴക്കും ജോർദാനും തെക്ക്‌ പടിഞ്ഞാറ്‌ ഈജിപ്‌തും ആണ്‌. വിസ്‌തീർണം: 22,145 ച.കി.മീ.; ജനസംഖ്യ: 7,412,200 (2008).; തലസ്ഥാനം: ടെൽ അവീവ്‌.

ബ്രിട്ടന്റെ ഭരണപ്രദേശമായിരുന്ന പലസ്‌തീനിൽ ജൂത രാജ്യവും അറബ്‌ രാജ്യവും സ്ഥാപിക്കാനുള്ള പ്രമേയം യു.എന്‍. പൊതു സഭ പാസ്സാക്കുന്നത്‌ 1947 സെപ്‌. 29-നാണ്‌. ചരിത്രകാലങ്ങളിലായി തങ്ങള്‍ ജീവിച്ചുകൊണ്ടിരുന്ന പലസ്‌തീന്‍ വിഭജിക്കാനുള്ള പ്രമേയത്തെ എതിർത്ത അറബികള്‍ ജൂതന്മാർക്കെതിരെ പോരാട്ടം ആരംഭിക്കുന്നത്‌ ഈ സാഹചര്യത്തിലാണ്‌. പലസ്‌തീനിൽ ജൂതരാഷ്‌ട്രം നിലവിൽവരുന്നത്‌ തടയുക എന്നതായിരുന്നു അറബികളുടെ ലക്ഷ്യം. മേയ്‌ 14-ന്‌ സ്വതന്ത്രരാജ്യമായി ഇസ്രയേൽ സ്വയം പ്രഖ്യാപിച്ചതോടെ പൊട്ടിപ്പുറപ്പെട്ട 1948-ലെ യുദ്ധത്തിൽ ഇസ്രയേൽ വിജയിച്ചു (നോ. അറബ്‌-ഇസ്രയേൽ യുദ്ധങ്ങള്‍). ഇസ്രയേൽ രാജ്യം നിലവിൽവന്ന ദിനം നഖ്‌ബ (ദുരന്തം) എന്നാണ്‌ അറബികള്‍ വിശേഷിപ്പിച്ചത്‌. സാമ്രാജ്യശക്തികളുടെ പിന്തുണയോടെ തങ്ങളുടെ ഭൂമിയിൽ സ്ഥാപിക്കപ്പെട്ട രാജ്യമായാണ്‌ അറബികള്‍ ഇസ്രയേലിനെ കണ്ടത്‌. അതേസമയം നൂറ്റാണ്ടുകളോളം അവഗണനയും പീഡനവും പ്രവാസജീവിതവും അനുഭവിച്ചുപോന്ന ജൂതർക്ക്‌ മറ്റൊരു സർവനാശ(Holocaust)ത്തിൽനിന്നും പരിരക്ഷ നല്‌കുന്ന ഇസ്രയേൽ രാജ്യം തങ്ങള്‍ക്ക്‌ അർഹതപ്പെട്ട നീതിയായി അവർ കണ്ടു. ജൂതന്മാരുടെ വിശ്വാസപ്രമാണങ്ങളനുസരിച്ച്‌ ഇത്തരമൊരു രാഷ്‌ട്രം പ്രസ്‌തുത ജനതയ്‌ക്ക്‌ ദൈവദത്തമായി വിധിക്കപ്പെട്ടതായിരുന്നു. 1947-ലെ യു.എന്‍. പ്രമേയപ്രകാരം പലസ്‌തീന്റെ 56 ശതമാനവും ഉള്‍പ്പെട്ടതായിരുന്നു ഇസ്രയേൽ. 1948-ലെ യുദ്ധത്തിൽ പശ്ചിമജെറുസലേം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഇസ്രയേൽ പിടിച്ചെടുത്തതോടെ പലസ്‌തീന്റെ 78 ശതമാനവും ഇസ്രയേലിന്റെ കൈവശത്തായി. പലസ്‌തീന്‍ രാഷ്‌ട്രത്തിന്‌ നീക്കിവച്ച വെസ്റ്റ്‌ബാങ്ക്‌, ഗാസ എന്നിവ 1967-ലെ അറബ്‌-ഇസ്രലി യുദ്ധത്തിൽ ഇസ്രയേൽ പിടിച്ചെടുത്തതോടെ അധിനിവേശം മുഴുവന്‍ പലസ്‌തീനിലേക്ക്‌ വ്യാപിപ്പിക്കാന്‍ ഇസ്രയേലിന്‌ കഴിഞ്ഞു.

ഇസ്രയേലിന്റെ അധിനിവേശത്തിൽനിന്നും പലസ്‌തീന്‍ പ്രദേശങ്ങളെ മോചിപ്പിക്കുന്നതിനായാണ്‌ പി.എൽ.ഒ. എന്ന സംഘടന രൂപീകരിക്കപ്പെട്ടത്‌. പി.എൽ.ഒ.-യുമായി ഒപ്പുവച്ച ഓസ്ലോ കരാർ പ്രകാരം പലസ്‌തീന്‍ രാഷ്‌ട്രം സ്ഥാപിക്കുന്നതു സംബന്ധിച്ച്‌ സംഭാഷണപ്രക്രിയയ്‌ക്കു തുടക്കമിടാനും വെസ്റ്റ്‌ബാങ്ക്ഗാസ പ്രദേശങ്ങളിൽ പരിമിത സ്വയംഭരണാവകാശത്തോടെ പലസ്‌തീന്‍ അതോറിറ്റി രൂപീകരിക്കാനും (ഗാസ, വെസ്റ്റ്‌ബാങ്ക്‌ എന്നിവിടങ്ങളിലെ താത്‌കാലിക ഗവണ്‍മെന്റ്‌) ഇസ്രയേൽ സമ്മതിച്ചു. 1994-ൽ ഗാസ, വെസ്റ്റ്‌ബാങ്ക്‌ എന്നിവിടങ്ങളിൽനിന്ന്‌ ഓസ്ലോ കരാർ പ്രകാരം ഇസ്രയേൽ പിന്‍വാങ്ങിയെങ്കിലും ആ പ്രദേശങ്ങളിൽ കുടിയേറ്റകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന നയം തുടർന്നു. പലസ്‌തീന്‍ അതോറിറ്റി ഫത്താ, ഹമാസ്‌ എന്നീ ഘടകങ്ങളായി ഭിന്നിക്കുകയുണ്ടായി; ഇസ്രയേലിന്റെ ഉന്മൂലനം ലക്ഷ്യമാക്കുന്ന ഹമാസ്‌ ആണ്‌ ഗാസയിൽ അധികാരത്തിലിരിക്കുന്നത്‌. മേഖലയിലെ വന്‍ശക്തിയാണെങ്കിലും അറബിരാജ്യങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ തങ്ങളുടെ അതിർത്തി സംരക്ഷിക്കുന്നതിൽ അതീവജാഗ്രതയാണ്‌ ഇസ്രയേൽ പുലർത്തുന്നത്‌; ഇക്കാരണം കൊണ്ടുതന്നെ ഹമാസിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും പ്രത്യാക്രമണം നടത്തുന്നതിനും വന്‍പ്രാധാന്യം നല്‌കുന്നു.

ഭൂപ്രകൃതി

ഭൂപ്രകൃതി അനുസരിച്ച്‌ ഇസ്രയേലിനെ പൊതുവേ നാലായി വിഭജിക്കാം: മെഡിറ്ററേനിയന്‍ തീരസമതലം, ഉത്തര-മധ്യഭാഗങ്ങളിലുള്ള ഉന്നതതടങ്ങള്‍, ഭ്രംശ-താഴ്‌വരപ്രദേശം, നെഗെവ്‌ മരുഭൂമി. ഉദ്ദേശം 185 കി.മീ. നീളത്തിൽ കിടക്കുന്ന തീരസമതലം നന്നേ വീതികുറഞ്ഞതാണ്‌; തെക്കരികിലാണ്‌ ഇത്‌ ഏറ്റവും വിസ്‌തൃതമായി കാണുന്നത്‌ (32 കി.മീ.). ഇസ്രയേലിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങള്‍ വടക്കരികിലുള്ള ഗലീലി മലനിരകളാണ്‌; ഇതിൽപ്പെട്ട ഹാർമീറോണ്‍ (ജബൽ ജർമാക്‌) കൊടുമുടിക്ക്‌ 1208 മീ. ഉയരമുണ്ട്‌. ഈ മലനിരകളുടെ കിഴക്കരിക്‌ ചെങ്കുത്തായി കാണപ്പെടുന്നു. ഗലീലി മലകള്‍ക്കും തെക്കന്‍ ഇസ്രയേലിലെ സമരിയ, ജൂഡിയ എന്നീ കുന്നിന്‍നിരകള്‍ക്കും ഇടയ്‌ക്കായി എസ്‌ദ്രലോണ്‍ സമതലം സ്ഥിതിചെയ്യുന്നു. തീരസമതലത്തെയും ഉന്നതതടങ്ങള്‍ക്കു കിഴക്കുള്ള ഭ്രംശ-താഴ്‌വര(Rift valley)യെയും ബന്ധിപ്പിക്കുന്നതാണ്‌ ഈ സമതലം.

ഗ്രറ്റ്‌ റിഫ്‌റ്റ്‌വാലി എന്നറിയപ്പെടുന്നതും ഇസ്രയേലിന്‌ വടക്കുനിന്നാരംഭിച്ച്‌ അക്വാബാ ഉള്‍ക്കടൽ, ചെങ്കടൽ എന്നീ ഭാഗങ്ങള്‍ ഉള്‍ക്കൊണ്ട്‌, ഈസ്റ്റ്‌ ആഫ്രിക്കയിലെ തടാകശൃംഖല വരെ നീളുന്നതുമായ മഹാഭ്രംശത്തിന്റെ ഭാഗമാണ്‌ ഇസ്രയേലിലെ ഭ്രംശതാഴ്‌വര. ഇസ്രയേലിന്റെ കിഴക്കരികിലായി കിടക്കുന്ന ഗലീലി' കടൽ (ടൈബീരിയസ്‌ തടാകം), ചാവുകടൽ എന്നിവ ഭ്രംശതാഴ്‌വരയിലെ നിമ്‌നഭാഗങ്ങളാണ്‌. സമുദ്രനിരപ്പിനെ അപേക്ഷിച്ച്‌ ഗലീലി കടൽ 212 മീറ്ററും ചാവുകടൽ 397 മീറ്ററും താഴത്താണ്‌; ഭൂപ്രതലത്തിലെ ഏറ്റവും താണഭാഗമാണ്‌ ചാവുകടൽ. വടക്കരികിൽ ഡാന്‍ എന്ന സ്ഥലത്തു വച്ച്‌ ഇസ്രയേലിൽ പ്രവേശിക്കുന്ന ജോർദാന്‍ നദി തെക്കോട്ടൊഴുകി ആദ്യം ഗലീലി കടലിലും വീണ്ടും നിർഗമിച്ച്‌ ഇസ്രയേൽ-ജോർദാന്‍ അതിർത്തിയിലൂടെ ഒഴുകി ചാവുകടലിലും പതിക്കുന്നു. ഇസ്രയേലിന്റെ തെക്കരുകിൽ ഏതാണ്ട്‌ കുന്തമുനയുടെ ആകൃതിയിൽ കാണപ്പെടുന്ന മരുപ്രദേശമാണ്‌ നെഗെവ്‌; ഇതിന്റെ മുനമ്പുപോലെയുള്ള തെക്കേ അറ്റം അക്വാബാ ഉള്‍ക്കടലിൽ അവസാനിക്കുന്നു; എയ്‌ലാത്‌ തുറമുഖം ഈ ഭാഗത്താണ്‌.

അപവാഹം

ജോർദാന്‍, യാർകോണ്‍, ക്വിഷോണ്‍ എന്നിവയാണ്‌ ഇസ്രയേലിലെ മുഖ്യ നദികള്‍; ജോർദാന്‍ നദിക്ക്‌ ഇസ്രയേലിലെ കാർഷികവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വന്‍ പ്രാധാന്യമുണ്ട്‌. ഈ നദീമാർഗത്തിന്റെ ആദ്യപാദത്തിലാണ്‌ ചതുപ്പുകെട്ടിയ ഹൂലതടാകം. യാർകോണ്‍ ടെൽ അവീവിനും ക്വിഷോണ്‍ ഹൈഫയ്‌ക്കും സമീപത്തുവച്ച്‌ മെഡിറ്ററേനിയനിൽ പതിക്കുന്നു. ജോർദാന്‍ നദിയുടെ പ്രധാന പോഷകനദികളിലൊന്നായ യാർമൂക്ക്‌ അല്‌പദൂരം ഇസ്രയേൽ അതിർത്തിക്കുള്ളിലൂടെയാണ്‌ ഒഴുകുന്നത്‌. ഇവയെക്കൂടാതെ മഴക്കാലത്തുമാത്രം നിറഞ്ഞൊഴുകുന്ന അനേകം നദീമാർഗങ്ങളും (വാഡികള്‍) ഇസ്രയേലിൽ കാണാം. തീരസമതലത്തിൽ പൊതുവേ വളക്കൂറുള്ള എക്കൽമച്ചാണുള്ളത്‌; നെഗെവ്‌ മരുഭൂമിയിലെ വായൂഢനിക്ഷേപങ്ങള്‍ ലോയസ്‌ ഇനത്തിലുള്ളവയുമാണ്‌. ഗലീലി മേഖലയിൽ ചുച്ചാമ്പുകല്ലുകളും ഭ്രംശ-താഴ്‌വരപ്രദേശത്ത്‌ ജിപ്‌സം, കല്ലുപ്പ്‌ എന്നിവയും ഉണ്ട്‌.

കാലാവസ്ഥ

ഉപോഷ്‌ണമേഖലാ മരുഭൂമിക്കും മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍ക്കും ഇടയ്‌ക്കുള്ള സീമാന്തമേഖലയിലായതിനാൽ ഇസ്രയേലിന്റെ വടക്കും തെക്കും പരസ്‌പര വൈരുധ്യമുള്ള കാലാവസ്ഥകള്‍ അനുഭവപ്പെടുന്നു. തെക്കന്‍ ഇസ്രയേലിൽ വർഷപാതം നന്നേ വിരളമാണ്‌ (2 സെന്റിമീറ്ററിൽ താഴെ). വടക്കന്‍ ഇസ്രയേലിൽ സാമാന്യം നല്ല തോതിൽ (100 സെ.മീ.) മഴ ലഭിക്കുന്നു. 30 സെന്റിമീറ്ററിലേറെ മഴയുള്ള പ്രദേശങ്ങളൊക്കെ കടുംകൃഷിക്കു വിധേയമാക്കപ്പെട്ടിട്ടുണ്ട്‌. ഒക്‌ടോബർ-ഏപ്രിൽ കാലത്താണ്‌ മഴ പെയ്യുന്നത്‌. ഉഷ്‌ണകാലത്ത്‌ അതിയായ ചൂടും വരള്‍ച്ചയും ഉണ്ടെങ്കിലും സമുദ്രസാമീപ്യം താപനിലയിൽ അയവു വരുത്തുന്നതായി കാണാം. ഉന്നതതടങ്ങളിൽ ശീതകാലത്ത്‌ ഹിമപാതം ഉണ്ടാകാം. ജോർദാന്‍തടത്തിൽ തീരസമതലത്തെക്കാള്‍ ഉഷ്‌ണം അനുഭവപ്പെടുന്നു.

സസ്യജാലം

അനേകായിരം വർഷങ്ങളായുള്ള അതിക്രമണത്തിനു വിധേയമായി ഇസ്രയേലിലെ നൈസർഗിക സസ്യജാലം പ്രായേണ അപ്രത്യക്ഷമായിരിക്കുന്നു. എന്നിരിക്കിലും പൊതുവേ വൈവിധ്യമാർന്ന സസ്യങ്ങളാണുള്ളത്‌. സമതലങ്ങളിലെ നൈസർഗികപ്രകൃതി നിത്യഹരിതവനങ്ങളാണെന്നു പറയാം. ഉന്നതതടങ്ങളിൽ മാക്വിസ്‌ ഇനത്തിലെ കുറ്റിച്ചെടികളും നെഗെവ്‌ പ്രദേശത്ത്‌ മരുരുഹങ്ങളും ബീർഷീബായ്‌ക്കു വടക്ക്‌ അങ്ങിങ്ങായി കുറ്റിപ്പുല്ലുകള്‍ വളരുന്ന മേടുകളും കാണാം. ജലലഭ്യതയുള്ള ഇടങ്ങളിൽ യൂക്കാലിപ്‌റ്റസ്‌, നാരകം എന്നിവ സമൃദ്ധമായി വളരുന്നു.

ജന്തുവർഗങ്ങള്‍

കാട്ടുപൂച്ച, കാട്ടുപന്നി, ഹരിണവർഗങ്ങള്‍, കുറുനരി, കഴുതപ്പുലി, മുയൽ, കീരി (tiger weasel), അളകരടി (badger) എന്നീ വന്യമൃഗങ്ങള്‍ അപൂർവമായി അവശേഷിച്ചിട്ടുണ്ട്‌. അഗമ, വീട്ടുഗൗളി (gecko lizard), അണലി തുടങ്ങിയ ഇഴജന്തുക്കള്‍ സാധാരണമാണ്‌. കുക്കു, ചകോരം, വാനമ്പാടി തുടങ്ങിയ വിവിധയിനം പക്ഷികളെയും ഇസ്രയേലിൽ കാണാം. വൈവിധ്യമാർന്ന മത്സ്യജാലവും ഈ രാജ്യത്തുണ്ട്‌. ഹൂലാചതുപ്പുകളിലാണ്‌ നൈസർഗികജന്തുജാലം പരിരക്ഷിതമായി കാണപ്പെടുന്നത്‌.

സമ്പദ്‌വ്യവസ്ഥ

പശ്ചിമേഷ്യയിലെ ഇതരരാഷ്‌ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇസ്രയേലിന്റെ സമ്പദ്‌ഘടന കൂടുതൽ വൈവിധ്യവത്‌കരിക്കപ്പെട്ടിരിക്കുന്നതായി കാണാം. ചെരുപ്പ്‌, വസ്‌ത്രം തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ സ്ഥാനത്ത്‌ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടായി ഇലക്‌ട്രാണിക്‌സ്‌ ഉത്‌പന്നങ്ങളുടെ നിർമാണത്തിലൂടെ സാങ്കേതികമായി പുരോഗമിച്ച കമ്പോള സമ്പദ്‌വ്യവസ്ഥയാണ്‌ ഇസ്രയേലിന്റേത്‌. 1990-കള്‍ വരെ പരമ്പരാഗത വ്യവസായങ്ങള്‍ക്ക്‌ രാജ്യത്ത്‌ പ്രത്യേകസംരക്ഷണം ലഭിച്ചിരുന്നു. എന്നാൽ ഘടനാപരമായ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി ഈ മേഖലകളിലെ ഉത്‌പാദനം കുറഞ്ഞ വേതനത്തിന്‌ അയൽ രാജ്യങ്ങള്‍ക്ക്‌ നൽകുകയും തുടർന്ന്‌ അമേരിക്കയുടെയും, യൂറോപ്യന്‍ രാജ്യങ്ങളുടെയും വിപണിയെ ലക്ഷ്യം വച്ചുള്ള ഉത്‌പന്നങ്ങളിലേക്ക്‌ ഇസ്രയേലിലെ തദ്ദേശീയ വ്യവസായം ചുവടുമാറ്റുകയും ചെയ്‌തു. ആയുധങ്ങള്‍, സോഫ്‌റ്റ്‌വെയർ, കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വന്‍ കുതിച്ചുചാട്ടം നടത്തുവാന്‍ രാജ്യത്തിനായി. രാജ്യത്തെ വാർത്താവിനിമയ മേഖല വിദേശനിക്ഷേപത്തിനായി തുറന്നുകൊടുത്തത്‌ 2000-ത്തിലാണ്‌. 90-കളിൽ ഉടനീളവും 2000-ത്തിലും സമ്പദ്‌ഘടന 9.2 ശതമാനം വളർച്ച നേടിയെങ്കിലും 2001-ലും 2002-ലും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടു. അമ്പതുവർഷത്തിനിടയിൽ രാജ്യം നേരിട്ട ഏറ്റവും വലിയ സാമ്പത്തിക തകർച്ചയായിരുന്നു അത്‌. പലസ്‌തീനുമായുള്ള പ്രശ്‌നങ്ങളും അതിനായി പ്രതിരോധരംഗത്ത്‌ ഉണ്ടായ വന്‍ മുതൽമുടക്കുമാണ്‌ ഇതിന്‌ വഴിതെളിച്ചത്‌. എന്നാൽ പിന്നീട്‌ സമ്പദ്‌വ്യവസ്ഥ ക്രമേണ കരുത്താർജിച്ചു. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഇസ്രായേൽ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചുവെങ്കിലും ഏറെ പിന്നിടും മുമ്പേ രാജ്യത്തിന്‌ ഇതിൽനിന്നും കരകേറാനായി. ബജറ്റിന്റെ 24.4 ശതമാനം സാമൂഹിക സുരക്ഷ, ക്ഷേമം എന്നിവയ്‌ക്കും 17.2 ശതമാനം പ്രതിരോധത്തിനും 15.2 ശതമാനം വിദ്യാഭ്യാസത്തിനുമായി ചെലവിടുന്നു. രാസവസ്‌തുക്കള്‍, വസ്‌ത്രം, ടയർ, വജ്രം, പേപ്പർ, പ്ലാസ്റ്റിക്‌, തുകൽ ഉത്‌പന്നങ്ങള്‍, ഗ്ലാസ്‌, സെറാമിക്‌സ്‌, കെട്ടിടനിർമാണ സാമഗ്രികള്‍, പുകയില ഉത്‌പന്നങ്ങള്‍, ഇലക്‌ടോണിക ഉത്‌പന്നങ്ങള്‍ എന്നിവയാണ്‌ രാജ്യത്തെ പ്രമുഖ വ്യാവസായികോത്‌പന്നങ്ങള്‍. മെഷീനറി, ഗതാഗത സാമഗ്രികള്‍, ധാതു ഇന്ധനങ്ങള്‍, രാസവസ്‌തുക്കള്‍, വജ്രം തുടങ്ങിയവയാണ്‌ രാജ്യത്തെ പ്രധാന കയറ്റുമതി വസ്‌തുക്കള്‍. സൈനിക സാമഗ്രികള്‍, നിർമാണ സാമഗ്രികള്‍, രാസവസ്‌തുക്കള്‍, അനുബന്ധ ഉത്‌പന്നങ്ങള്‍ തുടങ്ങിയവയാണ്‌ പ്രധാന ഇറക്കുമതിവിഭവങ്ങള്‍. 2009-ൽ ഇസ്രയേൽ സമുദ്രതീരങ്ങളിൽനിന്നും വന്‍തോതിൽ പ്രകൃതിവാതകം കണ്ടെത്തുകയുണ്ടായി. അടുത്ത 35 വർഷത്തേക്ക്‌ രാജ്യത്തിനാവശ്യമായ ഇന്ധനം ഉത്‌പാദിപ്പിക്കുന്നതിന്‌ ഈ ശേഖരം മതിയാകും എന്നു കരുതപ്പെടുന്നു. പൊട്ടാഷ്‌, ബ്രാമിന്‍, ലിഗ്‌നൈറ്റ്‌ എന്നിവയാണ്‌ രാജ്യത്ത്‌ ലഭ്യമായ പ്രധാന ധാതുക്കള്‍.

ജെസ്‌റീൽ താഴ്‌വരയാണ്‌ രാജ്യത്തെ പ്രധാന കാർഷികകേന്ദ്രം. തക്കാളി, ഉരുളക്കിഴങ്ങ്‌, ഓറഞ്ച്‌, മുന്തിരി, വാഴപ്പഴം, മത്തങ്ങ, കുരുമുളക്‌, തച്ചിമത്തന്‍, ഇഞ്ചി, ഒലീവ്‌, പുകയില തുടങ്ങിയവയാണ്‌ ഇസ്രയേലിലെ പ്രമുഖ കാർഷികോത്‌പന്നങ്ങള്‍. അതേസമയം ദേശീയവരുമാനത്തിന്റെ ആറുശതമാനം മാത്രമാണ്‌ കാർഷിക മേഖലയുടെ സംഭാവന. കിബൂട്ട്‌സെം എന്നറിയപ്പെടുന്ന ഒരുതരം സഹകരണ കൃഷിസമ്പ്രദായം ഇസ്രയേൽ ജനതയ്‌ക്കിടയിൽ പ്രാവർത്തികമായിട്ടുണ്ട്‌. ഇസ്രയേൽ ജനതയിൽ ഏഴ്‌ ശതമാനം മോഷേവിം എന്ന മറ്റൊരിനം സഹകരണസംഘങ്ങളിലെ അംഗത്വമുള്ളവരാണ്‌. കാർഷികോപകരണങ്ങളുടെ ഉപയോഗം, നിലങ്ങളിലെ അധ്വാനം, വിളകളുടെ വിപണനം എന്നിവയിൽ അംഗങ്ങള്‍ക്കിടയിലെ കൂട്ടുപങ്കാളിത്തമാണ്‌ മോഷേവിം. മേല്‌പറഞ്ഞവ കൂടാതെ സ്വകാര്യ ഭൂവുടമാസമ്പ്രദായം നിലനില്‌ക്കുന്ന ധാരാളം പ്രദേശങ്ങളും ഇസ്രയേലിലുണ്ട്‌.

ഗതാഗതം, വാർത്താവിനിമയം

2012-ലെ കണക്കനുസരിച്ച്‌ ഇസ്രയേലിൽ ഏകദേശം 17,870 കി.മീ. റോഡുകളാണ്‌ ഉള്ളത്‌. ഇതിൽ 344 കി.മീ. റോഡ്‌ വാഹനങ്ങള്‍ക്ക്‌ മാത്രമുള്ളവയാണ്‌. റെയിൽവേ മറ്റൊരു പ്രധാന ഗതാഗത മാർഗമാണ്‌. 2005 വരെ 909 കി.മീ. റെയിൽവേപ്പാത രാജ്യത്തിനുണ്ട്‌. ടെൽ-അവീവ്‌, ഈലാറ്റാ, ഹെയ്‌ഫാ, ഒവഡാ എന്നിവിടങ്ങളിലായി രാജ്യാന്തര വിമാനത്താവളങ്ങളുണ്ട്‌. ഇതിൽ തലസ്ഥാനമായ ടെൽ-അവീവിലെ വിമാനത്താവളമാണ്‌ ഏറെ തിരക്കേറിയത്‌. ഹെയ്‌ഫാ, ആഷ്‌ഡോഡ്‌, ഈലാറ്റാ എന്നിവിടങ്ങളിലാണ്‌ രാജ്യത്തെ വാണിജ്യ തുറമുഖങ്ങള്‍ സ്ഥിതിചെയ്യുന്നത്‌. വാർത്താവിനിമയരംഗത്തും നൂതനമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇസ്രയേലിന്‌ കഴിഞ്ഞിട്ടുണ്ട്‌.

ജനങ്ങള്‍

ജനസംഖ്യയിലെ 85 ശതമാനം വരുന്ന യഹൂദരിൽ നല്ലൊരു വിഭാഗം ലോകത്തിലെ വിവിധ കോണുകളിൽനിന്നും മാതൃരാജ്യത്തേക്കു മടങ്ങിപ്പോന്നവരാണ്‌. തന്നിമിത്തം യഹൂദർക്കിടയിൽ ശാരീരിക ലക്ഷണങ്ങളിലും ആചാരമര്യാദകളിലും സംസാരഭാഷകളിലും വലുതായ വൈവിധ്യം നിലനില്‌ക്കുന്നു. എന്നാൽ രൂഢമൂലമായ ദേശീയബോധംമൂലം ഭൂമിശാസ്‌ത്രപരമായ വൈജാത്യങ്ങള്‍ വിസ്‌മരിക്കപ്പെടുന്ന അവസ്ഥയാണ്‌ ഈ ജനവിഭാഗത്തിനുള്ളത്‌. ഇത്‌ വന്‍തോതിലുള്ള വർഗസങ്കരത്തിനു വഴിയൊരുക്കിയിട്ടുണ്ട്‌. വിശ്വാസക്രമങ്ങളുടെ അടിസ്ഥാനത്തിൽ യഹൂദരെ പൊതുവേ രണ്ടു വിഭാഗങ്ങളായി തിരിക്കാം: ആഷ്‌കെനാസി, സെഫാർദി. യൂറോപ്പിന്റെ മധ്യപൂർവഭാഗങ്ങളിൽനിന്ന്‌ ഒഴിഞ്ഞുപോന്നവരും ഇക്കൂട്ടരുടെ വംശപരമ്പരകളിൽപ്പെട്ടവരായി മറ്റു രാജ്യങ്ങളിൽനിന്നു കുടിയേറിയവരും ആഷ്‌കെനാസി വിഭാഗത്തിൽപ്പെടുന്നു. മെഡിറ്ററേനിയന്‍ മേഖല, മധ്യപൗരസ്‌ത്യദേശം, വിദൂര പൗരസ്‌ത്യ രാജ്യങ്ങള്‍ എന്നിവിടങ്ങളിൽനിന്നു മടങ്ങിയെത്തിയവരാണ്‌ സെഫാർദി വിഭാഗക്കാർ. പരമ്പരകളായി ഇസ്രയേലിൽ വസിച്ചുപോന്നവരെ സാബ്ര എന്നു വിശേഷിപ്പിക്കുന്നു. ന്യൂനപക്ഷവിഭാഗങ്ങളിൽ മുസ്‌ലിങ്ങള്‍ക്കാണ്‌ ഒന്നാം സ്ഥാനം; രാജ്യത്തെ അറബിജനതയിലെ 2/3 ഭാഗത്തോളം വരുന്ന ഇക്കൂട്ടർ പൊതുവേ സുന്നി വിഭാഗത്തിൽപ്പെട്ടവരാണ്‌. മുസ്‌ലിങ്ങള്‍ക്ക്‌ ആരാധനയ്‌ക്കും ആചാരാനുഷ്‌ഠാനങ്ങള്‍ക്കും പരിപൂർണസ്വാതന്ത്യ്രം ഉറപ്പുചെയ്യപ്പെട്ടിരിക്കുന്നു. മുസ്‌ലിങ്ങളിൽ ഏതാണ്ട്‌ 67,000 ബദോയിന്‍ വർഗക്കാരും ഉള്‍പ്പെടുന്നു. ഇവരിൽ ഭൂരിപക്ഷം പേരും നെഗെവ്‌ മേഖലയിലാണ്‌ അധിവസിക്കുന്നത്‌; ശേഷിച്ചവർ ഗലീലി ഉന്നതതടങ്ങളിലും. ഇസ്രയേൽ രൂപംകൊണ്ട ചരിത്രസാഹചര്യത്തിന്റെ പ്രത്യാഘാതമെന്നോണം ജൂത/മുസ്‌ലിം ജനങ്ങള്‍ക്കിടയിലുള്ള സഹവർത്തിത്വം പരിമിതമായ രീതിയിലാണ്‌.

ക്രിസ്‌ത്യാനികളിൽ ഭൂരിഭാഗവും നഗരവാസികളാണ്‌; 80 ശതമാനവും അറബിഭാഷ സംസാരിക്കുന്നു. ഗ്രീക്‌ ഓർത്തഡോക്‌സ്‌, ഗ്രീക്‌ കാത്തലിക്‌ എന്നീ വിഭാഗങ്ങള്‍ക്കാണ്‌ അംഗസംഖ്യ കൂടുതലുള്ളത്‌. മറ്റു ക്രസ്‌തവ വിഭാഗങ്ങള്‍ക്കും പ്രാബല്യമുണ്ട്‌. മോശയുടെ ശ്വശുരനായ ജെത്രായെ ആരാധിക്കുന്ന ഡ്രൂസ്‌ വർഗക്കാർ യഹൂദരുമായുള്ള സഹവർത്തിത്വത്തിലൂടെ പ്രാബല്യം നേടിയിട്ടുള്ള ഒരു മതന്യൂനപക്ഷമാണ്‌. ഗലീലിയിലും മൗണ്ട്‌ കാർമലിലുമായുള്ള 18 ഗ്രാമങ്ങളാണ്‌ ഡ്രൂസുകളുടെ അധിവാസകേന്ദ്രം. അറബിഭാഷക്കാരായ ഇവർ തനതായ സംസ്‌കാരവും ആചാരവിശേഷങ്ങളും കാത്തുസൂക്ഷിക്കുന്ന കർഷകസമൂഹമാണ്‌. ദേശീയ സേനയിലും ഡ്രൂസുകള്‍ ഗണ്യമായ സേവനം അനുഷ്‌ഠിക്കുന്നു. ബഹായിസത്തിന്റെ അനുയായികളാണ്‌ മറ്റൊരു ന്യൂനപക്ഷം. ജൂദായിസ(യഹൂദമതം)ത്തിന്റേതുപോലെ ബഹായിസത്തിന്റെയും ജന്മഭൂമി ഇസ്രയേൽ ആണ്‌. മൗണ്ട്‌ കാർമലിലെ ഹൈഫ ആണ്‌ ഇവരുടെ ലോകകേന്ദ്രം. കാക്കസസ്‌ മേഖലയിൽനിന്ന്‌ ഗലീലി പ്രദേശത്തേക്കു കുടിയേറി സ്വന്തം പാരമ്പര്യം കാത്തുസൂക്ഷിച്ചു പോരുന്ന സുന്നി മുസ്‌ലിം അനുയായികളായ സർക്കേഷ്യർ, ഹോളോണ്‍ നഗരത്തിൽ അവശേഷിച്ചിട്ടുള്ള സമരിയർ എന്നിവരാണ്‌ മറ്റു ന്യൂനപക്ഷങ്ങള്‍.

ഭരണസംവിധാനം

പാർലമെന്ററി ജനാധിപത്യരാഷ്‌ട്രമാണ്‌ ഇസ്രയേൽ. ഇസ്രയേൽ പാർലമെന്റ്‌ നെസറ്റ്‌ എന്ന പേരിലറിയപ്പെടുന്നു. 1949-ൽ പാസാക്കപ്പെട്ട അധികാരക്കൈമാറ്റനിയമ(Transition law)ത്തിലൂടെ പാർലമെന്റായ നെസറ്റിന്റെ അധികാരങ്ങള്‍ നിർണയിക്കപ്പെട്ടിരിക്കുന്നു. നിയമനിർമാണവും അവയുടെ കാലാനുസൃതമായ പരിഷ്‌കരണവുമാണ്‌ നെസറ്റിന്റെ പ്രധാന കർത്തവ്യം. പൂർണമായും ലിഖിതമായ ഭരണഘടന ഇല്ലാത്ത ഇസ്രയേലിൽ 11 അടിസ്ഥാന നിയമങ്ങളനുസരിച്ചാണ്‌ സർക്കാർ ഭരിക്കുന്നത്‌. നെസറ്റ്‌ (1958), ഭൂമി (1960), പ്രസിഡന്റ്‌ (1964), സമ്പദ്‌ഘടന (1975), സൈന്യം (1976), ജറുസലേം (1980), നിയമസംവിധാനം (1984), കംട്രാളർ (1988), വ്യക്തിയുടെ ആത്മാഭിമാനവും സ്വാതന്ത്യ്രവും (1992), അധിവസിക്കാനുള്ള സ്വാതന്ത്യ്രം (1994), ഭരണകൂടം (2001) എന്നിവയാണവ.

രാഷ്‌ട്രത്തലവനായ പ്രസിഡന്റിനെ രഹസ്യബാലറ്റിലൂടെ കേവലഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ നെസറ്റ്‌ തിരഞ്ഞെടുക്കുന്നു. ഏഴുവർഷമാണ്‌ പ്രസിഡന്റിന്റെ കാലാവധി. 120 അംഗങ്ങളാണ്‌ നെസറ്റിൽ ഉള്ളത്‌. നാലുവർഷമാണ്‌ ഗവണ്‍മെന്റിന്റെ കാലാവധി. നെസറ്റിന്റെ അംഗീകാരത്തോടെ പ്രധാനമന്ത്രി ക്യാബിനറ്റിന്‌ രൂപം നൽകുന്നു.

ചരിത്രം

ഇസ്രയേൽ എന്ന ജൂതരാജ്യത്തിന്റെ പിറവി ഒരേസമയം പ്രതിരോധത്തിന്റെയും അധിനിവേശത്തിന്റെയും ചരിത്രം കൂടിയാണ്‌. ഒരുപക്ഷേ ലോകചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്ത ചരിത്രവും സംസ്‌കാരവുമാണ്‌ ജൂതന്മാരുടേത്‌. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യം പലസ്‌തീന്‍ ആക്രമിച്ച്‌ കീഴടക്കിയപ്പോള്‍ അവിടെ അധിവസിച്ചിരുന്ന ജൂതന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ പലായനം ചെയ്‌തു. വിവിധ ഭാഗങ്ങളിലായി ചിന്നിച്ചിതറിപ്പോയ ജൂതന്മാർ പക്ഷേ വിശുദ്ധ ഭൂമിയായ പലസ്‌തീനിലേക്ക്‌ മടങ്ങിവരാന്‍ കഴിയുമെന്നും തങ്ങളുടെ "വാഗ്‌ദത്തഭൂമി' പുനഃസ്ഥാപിക്കപ്പെടുമെന്നും വിശ്വസിച്ചു. പലായനത്തിന്റെ പീഡനങ്ങളെ അതിജീവിക്കാന്‍ ജൂതന്മാരെ പ്രാപ്‌തരാക്കിയത്‌ വാഗ്‌ദത്തഭൂമിയിലേക്ക്‌ എന്നെങ്കിലും മടങ്ങിവരാന്‍ കഴിയുമെന്ന വിശ്വാസമായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലുമെത്തപ്പെട്ട ജൂതന്മാർ അവിടെ വ്യത്യസ്‌ത സമൂഹങ്ങള്‍ക്കിടയിൽ സാമൂഹികജീവിതം കെട്ടിപ്പടുക്കുവാന്‍ ശ്രമിക്കുകയുമുണ്ടായി. എന്നാൽ പൊതുവേ, തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും മുറുകെപ്പിടിച്ച്‌ ജീവിച്ചിരുന്ന അവർക്ക്‌, ഇതര സമൂഹവുമായി ഇഴുകിച്ചേരാന്‍ തീരെ കഴിഞ്ഞിരുന്നില്ല. ജൂതന്മാർ കുടിയേറിപ്പാർത്ത ഇടങ്ങളിലൊക്കെ, അവർ, അതിനാൽ, വ്യത്യസ്‌ത സമൂഹമായിത്തന്നെ പുലർന്നുപോന്നു. 18-ാം ശതകത്തോടുകൂടി ജൂതന്മാരുടെ കുടിയേറ്റത്തിന്‌ യൂറോപ്പിലാകെ പൂർണമായ അംഗീകാരം ലഭിക്കുകയുണ്ടായി. അതിന്‌ അവരെ സഹായിച്ചത്‌ ലോകത്തെ ആകമാനം ആശയപരമായി സ്വാധീനിച്ച ഫ്രഞ്ച്‌ വിപ്ലവമായിരുന്നു. ഫ്രഞ്ച്‌ വിപ്ലവത്തിന്റെ അലകള്‍ വംശീയാതിർവരമ്പുകള്‍ക്ക്‌ അതീതമായി, പൗരത്വം സ്ഥാപിച്ചെടുക്കുവാനുള്ള രാഷ്‌ട്രീയ പ്രക്രിയയെ വലുതായി ത്വരിതപ്പെടുത്തുകയും അത്‌ ജൂതന്മാരുടെ കാര്യത്തിൽ ഏറെ ഗുണകരമായി ഭവിക്കുകയും ചെയ്‌തു. 19-ാം ശതകത്തോടെ ജൂതന്മാരുടെ പൗരാവകാശം ഫ്രാന്‍സ്‌പോലുള്ള രാഷ്‌ട്രങ്ങള്‍ പൂർണമായും അംഗീകരിക്കുകയും, ജൂതന്മാർക്ക്‌ ഇതരജനവിഭാഗങ്ങളെപ്പോലെ തുല്യമായ അവകാശങ്ങള്‍ അനുഭവിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്‌തു. എന്നാൽ റഷ്യയിൽ അവരുടെ അനുഭവം വ്യത്യസ്‌തമായിരുന്നു. തന്മൂലം അവർ പശ്ചിമ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറിപ്പാർക്കുവാന്‍ നിർബന്ധിതരായി. തങ്ങളുടെ കുടിയേറ്റ കാലഘട്ടങ്ങളിൽ, വിവിധ പ്രദേശങ്ങളിൽനിന്ന്‌, അവർക്ക്‌ അനുഭവിക്കേണ്ടിവന്ന വിവേചനപരമായ അനുഭവങ്ങള്‍ ജൂതന്മാരെ വൈകാരികമായി ഒന്നിപ്പിക്കുവാന്‍ ഒരുതരത്തിൽ ഇടയാക്കി. പില്‌ക്കാലത്ത്‌ അവർ "ജൂതസ്‌നേഹികള്‍' എന്ന ഒരു സംഘടന രൂപീകരിക്കുകയും ലോകത്താകമാനമുള്ള ജൂതന്മാരുടെ പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വതമായ രാഷ്‌ട്രീയ പരിഹാരം കാണണമെന്ന്‌ ഉറച്ച തീരുമാനമെടുക്കുകയുമുണ്ടായി. ആയതിലേക്കുള്ള ആദ്യചുവടുവയ്‌പ്‌ പലസ്‌തീനിൽ തങ്ങള്‍ക്ക്‌ സ്ഥിരമായ ഒരു താവളം വേണമെന്ന രാഷ്‌ട്രീയ തീരുമാനമായിരുന്നു. ജൂതന്മാർക്ക്‌ സ്വന്തമായ ഒരു രാഷ്‌ട്രം എന്ന ആവശ്യം ഒരു തീവ്രവികാരമായി നെഞ്ചിലേറ്റിയത്‌ അന്നത്തെ യുവാക്കളായിരുന്നു. തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യപ്രാപ്‌തിക്കായി അവർ "ബില്യ' എന്ന തീവ്രവാദ സംഘടനയ്‌ക്ക്‌ രൂപംനൽകുകയും ചെയ്‌തു. 1882-ൽ അവർ "റിഷോന്‍ലെസിയോണ്‍' എന്ന പേരിൽ പലസ്‌തീനിൽ ഒരു ചെറുനഗരത്തിന്‌ രൂപം നൽകുകയുമുണ്ടായി. വിവിധ രാജ്യങ്ങളിൽനിന്ന്‌ പലായനം ചെയ്‌ത്‌ സ്വപ്‌നഭൂമിയായ പലസ്‌തീനിൽ കുടിയേറിപ്പാർത്ത ജൂതന്മാർക്ക്‌ വലിയ വെല്ലുവിളികളാണ്‌ ആദ്യകാലഘട്ടങ്ങളിൽ നേരിടേണ്ടിവന്നത്‌.

എന്നാൽ 19-ാം ശതകത്തിന്റെ അവസാന ഘട്ടത്തോടുകൂടി വീശിയടിച്ച നവീന ആശയങ്ങളുടെ സ്വാധീനം ലോകത്താകമാനം മാറ്റത്തിന്റെ അലകള്‍ സൃഷ്‌ടിക്കുകയാണുണ്ടായത്‌. സോഷ്യലിസ്റ്റ്‌-കമ്യൂണിസ്റ്റ്‌ ആശയങ്ങളും ജനാധിപത്യപ്രക്രിയയുമൊക്കെ ലോകത്തിലെ പാർശ്വവത്‌കരിക്കപ്പെട്ട വിവിധ ജനവിഭാഗങ്ങള്‍ക്കിടയിൽ ആവേശവും വ്യക്തമായ രാഷ്‌ട്രീയ ദിശാബോധവും സൃഷ്‌ടിച്ചു. ഏതാണ്ട്‌ ഈ കാലഘട്ടത്തിൽത്തന്നെ യൂറോപ്പിലും ഇതരദേശങ്ങളിലും ജൂതന്മാർ നേരിടേണ്ടിവന്ന മനുഷ്യത്വരഹിതമായ അനുഭവങ്ങളെ ലോകമനഃസാക്ഷിക്ക്‌ നേരെ ഉയർത്തിപ്പിടിക്കുവാന്‍ തിയോഡർ-ഹർസന്‍ എന്ന ജൂത നേതാവിന്‌ കഴിഞ്ഞിരുന്നു. ജൂതന്മാരുടെ പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വതപരിഹാരം ജൂതരാഷ്‌ട്രനിർമാണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചത്‌. 1895-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച ജൂതരാഷ്‌ട്രം എന്ന പുസ്‌തകം ഈ നിലപാട്‌ വ്യക്തമാക്കുന്നതിലൂടെ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. "ജൂതരാഷ്‌ട്രം' എന്ന സങ്കല്‌പത്തോടൊപ്പം തന്നെ അതിന്റെ പ്രായോഗികമായ സ്ഥാപനത്തെക്കുറിച്ചും ആദ്യകാലഘട്ടങ്ങളിൽ വ്യക്തമായ അഭിപ്രായ സമവായമുണ്ടാക്കുവാന്‍ ജൂതന്മാർക്ക്‌ കഴിഞ്ഞിരുന്നില്ല. അക്കാര്യത്തിൽ പലരും പല നിലപാടുകളാണ്‌ എടുത്തിരുന്നത്‌. എന്നാൽ 1897-ൽ സ്വിറ്റ്‌സർലണ്ടിലെ ബെയ്‌സൽ എന്ന സ്ഥലത്ത്‌ വച്ച്‌ ഒരു അന്തർദേശീയ ജൂത സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. പ്രസ്‌തുത സമ്മേളനത്തിന്‌ പ്രധാനമായും രണ്ട്‌ ലക്ഷ്യങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ഒന്നാമത്തേത്‌, ഒരു സയണിസ്റ്റ്‌ സംഘടന കെട്ടിപ്പടുക്കുക എന്നതും രണ്ടാമത്തേത്‌ പലസ്‌തീനിൽ സ്വന്തമായ ഒരു ജൂതരാഷ്‌ട്രം നിർമിക്കുകയെന്നതുമായിരുന്നു. സയണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ആദ്യകാലഘട്ടം ഏറെ വൈഷമ്യങ്ങള്‍ നിറഞ്ഞതായിരുന്നു. എന്നാൽ ആ വെല്ലുവിളികളെ സാംസ്‌കാരികമായ കൂട്ടായ്‌മയോടുകൂടി ജൂതന്മാർ സ്വയം ഏറ്റെടുക്കുകയാണുണ്ടായത്‌. അതിന്റെ ഭാഗമായി അവർ ഹീബ്രു ഭാഷയെ ആധുനികമായി വളർത്തിയെടുക്കുന്നതിനും, ജൂതസർവകലാശാല സ്ഥാപിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചു. കാലക്രമേണ പലസ്‌തീനിനെ ജൂതന്മാരുടെ വൈകാരിക ആസ്ഥാനമാക്കി മാറ്റുന്നതിനും അവർക്ക്‌ കഴിഞ്ഞു.

ഒന്നാംലോക യുദ്ധത്തിനുശേഷം "സൊസൈറ്റി ഒഫ്‌ ജൂസ്‌' ലോകസയണിസ്റ്റ്‌ പ്രസ്ഥാനമായി വളർന്നു. അതോടൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ അവർക്ക്‌ കാര്യമായ സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്‌തതോടെ ജൂതരാഷ്‌ട്രം എന്നത്‌ ശക്തമായ ഒരു വികാരമായി ജൂതന്മാർക്കിടയിൽ ശക്തിപ്രാപിച്ചു. 1902-ൽ ആഫ്രിക്കയിലെ ഉഗാണ്ട എന്ന പ്രദേശം ജൂതരാഷ്‌ട്രത്തിനായി വിട്ടുകൊടുക്കാമെന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ പ്രസ്‌തുത നിർദേശം ജൂതന്മാർ നിരാകരിക്കുകയും മതപരവും വൈകാരികവുമായ കാരണങ്ങളാൽ പലസ്‌തീന്‍ തന്നെ ജൂതരാഷ്‌ട്രമായി വേണമെന്ന്‌ അവർ വാദിക്കുകയും ചെയ്‌തു.

പലസ്‌തീന്‍ എന്നത്‌ ഒരു രാഷ്‌ട്രീയ സംവിധാനമായി അന്ന്‌ തികച്ചും നിലവിലുണ്ടായിരുന്നില്ല. 1517-ലെ ഒട്ടോമന്‍ ആക്രമണത്തോടുകൂടി പലസ്‌തീന്‍ പ്രദേശം പലതായി വിഭജിക്കപ്പെട്ടിരുന്നു. 1864-ൽ ആ പ്രദേശം വീണ്ടും വിഭജനത്തിന്‌ വിധേയമാവുകയും സിറിയ, ബയ്‌റൂട്ട്‌ എന്നീ രാജ്യങ്ങള്‍ അത്‌ പങ്കിട്ടെടുക്കുകയും ചെയ്‌തു. 20-ാം ശതകത്തിന്റെ തുടക്കത്തിൽ പലസ്‌തീനിലേക്കുള്ള ജൂതകുടിേയറ്റത്തിന്റെ അംഗസംഖ്യ വർധിച്ചെങ്കിലും ജൂതന്മാരുടെ കുടിയേറ്റം അക്കാലത്ത്‌ അറബികള്‍ ഗൗരവമായി എടുത്തിരുന്നില്ല എന്നതാണ്‌ സത്യം. 1914-ൽ പലസ്‌തീനിൽ, 85,000 ജൂതന്മാർ മാത്രമാണ്‌ അധിവസിച്ചിരുന്നത്‌. വളരെ സൗഹാർദപരമായ ബന്ധമായിരുന്നു അറബികളും കുടിയേറപ്പെട്ട ജൂതന്മാരും തമ്മിലുണ്ടായിരുന്നത്‌. ബാൽഫോർ പ്രഖ്യാപനം. ഒന്നാംലോക യുദ്ധത്തിന്റെ ഭാഗമായി സയണിസ്റ്റ്‌ പ്രസ്ഥാനം മൂന്നായി വിഭജിക്കപ്പെട്ടു. സഖ്യകക്ഷികളുടെ നിയന്ത്രിത പ്രവിശ്യകളിൽ താമസിക്കുന്നവരും, മധ്യരാജ്യങ്ങളുടെ നിയന്ത്രണങ്ങളിൽ താമസിക്കുന്നവരും, ഇരുസഖ്യങ്ങളിലും പെടാതെയുള്ള പ്രദേശത്ത്‌ താമസിക്കുന്നവരും.

ഏതാണ്ട്‌ ഇതേ സമയത്താണ്‌ പലസ്‌തീന്‍ കേന്ദ്രമായി ഒരു സ്വതന്ത്രരാജ്യം സ്ഥാപിക്കാനുള്ള അഭിനിവേശത്തോടെ ജൂതന്മാർ നിരന്തരമായി പരിശ്രമത്തിൽ ഏർപ്പെട്ടത്‌. ആരെയും വിസ്‌മയിപ്പിക്കുന്നതരത്തിലുള്ള കൂട്ടായ പ്രവർത്തനമാണ്‌ ജൂതന്മാർ അന്ന്‌ പ്രകടിപ്പിച്ചിരുന്നത്‌. റഷ്യ, അമേരിക്ക, ഇംഗ്ലണ്ട്‌ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അവർ വർധിച്ച സാമ്പത്തികവും രാഷ്‌ട്രീയവും സൈനികപരവുമായ കരുനീക്കങ്ങള്‍ നടത്തുകയുമുണ്ടായി. ഡോ. ചെയിം വീസ്‌മാന്‍ അന്ന്‌ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സർവകലാശാലയിൽ രസതന്ത്ര വിഭാഗത്തിലെ അധ്യാപകനായിരുന്നു. യുദ്ധസാമഗ്രികള്‍ക്ക്‌ ആവശ്യമായ രാസപദാർഥങ്ങള്‍ കണ്ടെത്തുവാനും ഉത്‌പാദിപ്പിക്കാനും കഴിഞ്ഞതുകൊണ്ടാണ്‌ വീസ്‌മാന്‌ അന്ന്‌ ഇംഗ്ലണ്ടിലെ ഭരണാധികാരികളുമായി നല്ല ബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞത്‌. ജൂതരാഷ്‌ട്രത്തിനുവേണ്ടിയുള്ള ഇംഗ്ലണ്ടിന്റെ സ്വാധീനം നിർണായകമായി പില്‌ക്കാലത്ത്‌ ഉപയോഗിക്കാന്‍ കഴിഞ്ഞത്‌ വീസ്‌മാന്റെ ഇടപെടൽകൊണ്ടായിരുന്നു. ഇത്തരത്തിൽ ഇംഗ്ലണ്ടിന്റെയും അമേരിക്കയുടെയും സ്വാധീനം തങ്ങള്‍ക്ക്‌ അനുകൂലമായി മാറ്റിയെടുക്കുന്നതിൽ ജൂതന്മാർ വിജയിക്കുകയാണുണ്ടായത്‌. ഈ പശ്ചാത്തലത്തിലാണ്‌ 1917 ന. 2-ന്‌ ബ്രിട്ടീഷ്‌ വിദേശ്യകാര്യമന്ത്രിയായ ബാൽഫോർ പുറപ്പെടുവിച്ച പ്രഖ്യാപനം ജൂതരാഷ്‌ട്രനിർമാണത്തിനായുള്ള നിർണായക ചുവടുവയ്‌പായി മാറിയത്‌. ബോൽഫോർ പ്രഖ്യാപനം ഇത്തരത്തിൽ ജൂതരാഷ്‌ട്ര നിർമാണത്തിന്‌ വ്യക്തമായ ദിശാബോധം കൈവരുത്തുവാന്‍ പ്രാപ്‌തമായ ഒന്നായിരുന്നു. ഇസ്രായേലിന്റെ പിറവി. 1918-ൽ പലസ്‌തീന്‍ പ്രദേശം ഓട്ടോമന്‍ ഭരണത്തിൽനിന്നും മോചിതമായതോടുകൂടി ജൂതരാഷ്‌ട്രത്തിന്റെ രൂപീകരണം ഏറെക്കുറെ പൂർണമായിരുന്നു. തുടർന്ന്‌ 1921-ൽ ലോക സയണിസ്റ്റ്‌ സമ്മേളനം വിളിച്ചുകൂട്ടുകയും ജൂത രാഷ്‌ട്രത്തിന്റെ നിർമാണ ചുമതലകള്‍ അവർ സ്വയം ഏറ്റെടുക്കുകയും ചെയ്‌തു. പ്രസ്‌തുത സമ്മേളനം ലോകത്തെമ്പാടുമുള്ള ജൂതന്മാരോട്‌ പലസ്‌തീനിലെ ജൂതരാഷ്‌ട്രത്തെ സ്വന്തം മാതൃഭൂമിയായി അംഗീകരിക്കുവാനും, ആയതിലേക്ക്‌ വേണ്ടിവരുന്ന രാഷ്‌ട്രീയ-സാമ്പത്തിക സഹായം ലഭ്യമാക്കാനും ആഹ്വാനം ചെയ്‌തു.

എന്നാൽ തദ്ദേശവാസികളായ അറബികളുടെ എതിർപ്പ്‌ ക്രമാതീതമായി വർധിച്ചതിനെത്തുടർന്ന്‌ ഡോ. വീസ്‌മാന്‍ നേരിട്ട്‌ അറബികളുമായി സംഭാഷണം നടത്തുകയുണ്ടായി. അന്ന്‌ പ്രധാനപ്പെട്ട എല്ലാ അറബ്‌ രാഷ്‌ട്രങ്ങളും തങ്ങളുടെ എതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നു. എന്നാൽ സിറിയ മറിച്ചൊരുതീരുമാനമാണ്‌ എടുത്തത്‌. ഇംഗ്ലണ്ടും ഫ്രാന്‍സും ഇതിനകം തന്നെ ജൂതന്മാർക്ക്‌ അനുകൂലമായ നിലപാടുമായി മുന്നോട്ടുവന്നിരുന്നു. അറബികളുടെ പ്രാദേശികമായ എതിർപ്പ്‌ ക്രമേണ ആക്രമണമായി മാറി. ജൂതകുടിയേറ്റത്തിനെതിരെ തദ്ദേശവാസികളായ അറബികള്‍ കടന്നാക്രമണം തുടങ്ങി. 1920-ൽ ജറുസലേമിലും ജോർദാനിലുമുണ്ടായ ആക്രമണത്തിൽ ഒട്ടേറെ ജൂതന്മാർ വധിക്കപ്പെട്ടു. ഇതിനകംതന്നെ ജൂതന്മാരുടെ നേതൃത്വത്തിൽ ഒരു താത്‌കാലിക ഭരണകൂടം നിലവിൽവന്നു. ഈ ഭരണകൂടം തികച്ചും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ കോളനിയായി പ്രവർത്തിക്കുകയാണുണ്ടായത്‌. അറബികളുടെ എതിർപ്പ്‌ ക്രമാതീതമായി രൂക്ഷമായതോടെ 1922-ൽ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചർച്ചിൽ ഒരു ധവളപത്രം പുറത്തിറക്കി. അതിൽ പലസ്‌തീന്‍ ഏകപക്ഷീയമായി ജൂതന്മാർക്ക്‌ വിട്ടുകൊടുക്കില്ലായെന്നും, എല്ലാപൗരന്മാർക്കും തുല്യമായ അവകാശം നൽകുന്ന സംവിധാനമായിരിക്കും അവിടെ നടപ്പിലാക്കുകയെന്നും ചർച്ചിൽ വ്യക്തമാക്കുകയുണ്ടായി. എന്നാൽ പലപ്പോഴായി മേല്‌പറഞ്ഞ പല വ്യവസ്ഥകളും ലംഘിക്കപ്പെടുന്ന നടപടികളാണ്‌ ബ്രിട്ടീഷ്‌ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും പിന്നീട്‌ ഉണ്ടായത്‌.

ജൂതകുടിയേറ്റത്തിന്റെ അംഗസംഖ്യ വർധിച്ചതോടുകൂടി ജൂതന്മാരുടെ മനോഭാവത്തിലും മാറ്റം സംഭവിച്ചു. അവർ ക്രമേണ ബ്രിട്ടീഷ്‌ മേൽക്കോയ്‌മക്കെതിരെ പ്രവർത്തിക്കുവാന്‍ തുടങ്ങി. രണ്ടാം ലോക യുദ്ധത്തെത്തുടർന്ന്‌ കടുത്ത പ്രതിസന്ധിയിലായ ഇംഗ്ലണ്ടിന്‌ തികച്ചും അസ്വസ്ഥത സൃഷ്‌ടിക്കുന്നതായിരുന്നു ജൂതന്മാരുടെ പുതിയ കരുനീക്കങ്ങള്‍.

പ്രശ്‌നപരിഹാരത്തിനായി ഐക്യരാഷ്‌ട്രസഭ പലസ്‌തീന്‍ പ്രശ്‌നം ഒരു കമ്മിറ്റിയുടെ നിർദേശത്തിനുവേണ്ടി സമർപ്പിച്ചു. തുടർന്ന്‌ 1947 ജൂല. 3-ന്‌ പലസ്‌തീന്റെ മേലുള്ള ബ്രിട്ടന്റെ മാന്‍ഡേറ്റ്‌ അവസാനിപ്പിച്ചുകൊണ്ടും, പലസ്‌തീനെ അറബികളുടെയും ജൂതന്മാരുടെയും രണ്ട്‌ രാജ്യമായി വിഭജിച്ചുകൊണ്ടും തീരുമാനമുണ്ടായി. അക്ഷരാർഥത്തിൽ വിഭജനം ജൂതന്മാർക്ക്‌ സന്തോഷവും അറബികള്‍ക്ക്‌ വിദ്വേഷവുമാണ്‌ സമ്മാനിച്ചത്‌. 1947 സെപ്‌തംബറിൽ അറബ്‌ രാജ്യങ്ങള്‍ ഒത്തുകൂടി ഐക്യരാഷ്‌ട്രസഭയുടെ വിഭജന തീരുമാനത്തെ നിരാകരിക്കുകയും പലസ്‌തീന്‍ വിഭജനത്തെ എതിർക്കുകയും ചെയ്‌തു. ഈ സംഭവവികാസങ്ങള്‍ അന്താരാഷ്‌ട്രതലത്തിൽത്തന്നെ രണ്ട്‌ ചേരികള്‍ക്ക്‌ രൂപംനല്‌കി. തദ്ദേശവാസികളായ അറബികളെ, പിന്‍താങ്ങിക്കൊണ്ടുള്ള അറബ്‌ രാഷ്‌ട്രങ്ങളുടെ നിലപാടും, ജൂതന്മാരുടെ പക്ഷം ചേർന്നുകൊണ്ടുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ സജീവ പിന്തുണയും വിഭജനത്തിന്‌ കൂടുതൽ സങ്കീർണതയും രാഷ്‌ട്രീയമാനവും നൽകുകയുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിൽ പലസ്‌തീനികള്‍ക്കെതിരായി അമേരിക്കയും ബ്രിട്ടനും തുടർ നിലപാടെടുക്കുകയും എല്ലാ അന്താരാഷ്‌ട്രമര്യാദകളും ലംഘിച്ചുകൊണ്ട്‌ ജൂതന്മാർക്ക്‌ തങ്ങളുടെ ആയുധങ്ങളും സൈന്യവും വിട്ടുകൊടുക്കുകയും ചെയ്‌തു. വിഭജനം മുതൽ ഇസ്രയേൽ, പലസ്‌തീന്‍ ജനതയുടെമേൽ നടത്തിയിട്ടുള്ള എല്ലാ ആക്രമണങ്ങളിലും ഇത്തരത്തിൽ ബ്രിട്ടന്റെയും അമേരിക്കയുടെയും മൗനാനുവാദം ഉണ്ടായിരുന്നു. അത്‌ ഏറെക്കുറെ ഇസ്രയേലിന്‌ ഒരു രാഷ്‌ട്രമെന്ന നിലയിൽ നിലനിൽക്കുന്നതിനും അന്താരാഷ്‌ട്ര പൊതുജനാഭിപ്രായത്തെ മറികടക്കുന്നതിനും ഊർജവും ശക്തിയും പകർന്നു. ഈ ചരിത്ര-രാഷ്‌ട്രീയ പശ്ചാത്തലത്തിലാണ്‌ പലസ്‌തീനികള്‍ അവരുടെ ഭൂമിക്കായി അധിനിവേശ ശക്തികള്‍ക്കെതിരെ സന്ധിയില്ലാത്ത സമരത്തിലേർപ്പെട്ടുപോന്നത്‌. ഇസ്രയേൽ എന്ന ജൂത രാഷ്‌ട്രത്തിന്റെ ചരിത്രവും രാഷ്‌ട്രീയവും അങ്ങനെ പലസ്‌തീനികളുടെ സ്വാതന്ത്യ്ര നിരാകരണത്തിന്റെയും അവകാശ ലംഘനങ്ങളുടെയും ചരിത്രവും രാഷ്‌ട്രീയവും കൂടി ആയിത്തീരുന്ന കാഴ്‌ചയ്‌ക്കാണ്‌ പില്‌ക്കാലത്ത്‌ ലോകം സാക്ഷ്യംവഹിച്ചത്‌.

സംഘർഷത്തിന്റെയും സംഘട്ടനങ്ങളുടെയും രാഷ്‌ട്രീയം. ഇത്തരത്തിൽ പലസ്‌തീനിൽ അരങ്ങേറിയിട്ടുള്ള തുറന്ന സംഘട്ടനങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നു. ഓരോ പ്രാവശ്യം യുദ്ധം/സംഘട്ടനം ഉണ്ടാവുമ്പോഴും കഴിയുന്നത്ര പ്രദേശം പിടിച്ചെടുക്കുകയും തദ്ദേശവാസികളായ പലസ്‌തീനികളെ ആ പ്രദേശത്തു നിന്ന്‌്‌ നിഷ്‌കാസനം ചെയ്യുകയെന്ന ഗൂഢോദ്ദേശവും തന്ത്രവുമാണ്‌ ഇസ്രയേൽ കൃത്യമായി അനുവർത്തിച്ചുപോന്നിരുന്നത്‌. ഇസ്രയേലിന്റെ പിറവിക്കുശേഷം 1956-ൽ ഉണ്ടായ സൂയസ്സ്‌ പ്രതിസന്ധി ശരിക്കും സാമ്രാജ്യശക്തികളോട്‌ ചേർന്നു കൊണ്ടുള്ള ഇസ്രയേലിന്റെ കരുനീക്കമായിരുന്നു. തുടർന്ന്‌ അന്താരാഷ്‌ട്ര പൊതുജനാഭിപ്രായം വളരെ ശക്തമായി അറബികള്‍ക്കനുകൂലമായി മാറുകയും അത്‌ വെടിനിർത്താന്‍ ഇസ്രയേലികളെ പ്രരിപ്പിക്കുകയും ചെയ്‌തു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപനം വന്നപ്പോള്‍ സിനോയ്‌ ദ്വീപും ഷറം അൽ ഷേക്കും ടിറാന്‍ ദീപും അവർ കൃത്യമായി പിടിച്ചെടുത്തിരുന്നു. 1967-ലും ഇസ്രയേൽ ഇതേ തന്ത്രം തന്നെയാണ്‌ അനുവർത്തിച്ചത്‌. ഇക്കുറി ഈജിപ്‌തിലെയും സിറിയയിലെയും വിമാനത്താവളങ്ങള്‍ ആക്രമിക്കുകയും, പഴയ ജെറുസലേം പട്ടണവും ഗാസയും വെസ്റ്റ്‌ ബാങ്കും ജോർദാന്റെ പടിഞ്ഞാറേക്കരയും സിറിയയിലെ ഗോലന്‍കുന്നുകളും ഇസ്രയേൽ കൈവശപ്പെടുത്തുകയും ചെയ്‌തു. ഇത്തരത്തിൽ ഓരോ പ്രാവശ്യം സംഘർഷം ഉണ്ടാവുമ്പോഴും സാമാധാനകരാറുകളും ഉടമ്പടികളും സ്വാഭാവികമായ പ്രക്രിയയായി തീരുകയും താത്‌കാലിക സമാധാനം കൈവരുകയും ചെയ്‌തിരുന്നു. എന്നാൽ ഓരോ സംഘട്ടനങ്ങളും സൃഷ്‌ടിച്ച മുറിവുകള്‍ പലസ്‌തീനികളുടെ മനസ്സിലും അറബി സമൂഹത്തിനുള്ളിലും നീറിക്കൊണ്ടിരുന്നു എന്നതാണ്‌ യാഥാർഥ്യം. ഇത്‌ പുതിയ സംഘർഷങ്ങള്‍ ഉണ്ടാക്കുന്നതിന്‌ പലപ്പോഴും കാരണമായി. 1973 ഒ. 6-ന്‌ യോം-കിപ്പൂർ-യുദ്ധം പൊട്ടിപ്പുറപ്പെട്ടു. 17 ദിവസം നീണ്ടുനിന്ന ഈ സംഘർഷം അമേരിക്കയുടെയും സോവിയറ്റ്‌ യൂണിയന്റെയും ഇടപെടലിനെത്തുടർന്ന്‌ യു.എന്‍. രക്ഷാസമിതിയുടെ നിർദേശാനുസരണം അവസാനിപ്പിക്കുകയാണുണ്ടായത്‌.

കാലക്രമേണ പുതുതായി രൂപംകൊണ്ട ആഗോള രാഷ്‌ട്രീയ സാഹചര്യങ്ങളും പശ്ചിമേഷ്യയിൽ ഉടലെടുത്ത സവിശേഷ സാഹചര്യങ്ങളും ഇസ്രയേൽ-പലസ്‌തീന്‍ ബന്ധത്തെത്തുടർന്ന്‌ രൂപപ്പെടുത്തുവാന്‍ തുടങ്ങി; പ്രസിഡന്റ്‌ ഗമാൽ അബ്‌ദുള്‍ നാസറി(1970)ന്റെ മരണത്തോടുകൂടി അറബി രാഷ്‌ട്രങ്ങള്‍ക്കിടയിൽ ഒരു അനാഥാവസ്ഥ സംജാതമായി. ഈ അവസരം തങ്ങള്‍ക്കനുകൂലമാക്കിമാറ്റാനുള്ള തന്ത്രങ്ങള്‍ക്ക്‌ ഇസ്രയേലും അമേരിക്കയും രൂപംനല്‌കി. 1979-ൽ പ്രസിഡന്റ്‌ അന്‍വർസാദത്ത്‌ ഇസ്രയേലിനെ അംഗീകരിക്കുന്ന കരാർ ഏകപക്ഷീയമായി ഒപ്പുവച്ചു. പ്രസ്‌തുത നീക്കം ഇസ്രയേലിന്‌ തന്ത്രപരമായ വന്‍ വിജയമാണ്‌ സമ്മാനിച്ചത്‌.

ഈ രാഷ്‌ട്രീയ സംഭവങ്ങളുടെ വളർച്ചക്കിടയിലും ഇസ്രയേൽ തങ്ങളുടെ യുദ്ധ/അധിനിവേശ താത്‌പര്യങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലായിരുന്നു എന്നാണ്‌ പില്‌ക്കാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്‌. അതിന്റെ ഉത്തമ ഉദാഹരണമാണ്‌ 1982-ൽ ലബനനുമേൽ ഇസ്രയേൽ നടത്തിയ വന്‍ ആക്രമണം. ഈ യുദ്ധം ഇസ്രയേലിനോടുള്ള അറബികളുടെ രോഷം തീവ്രമാക്കുകയും "ഹിസ്‌ബുള്ള' എന്ന പേരിൽ ഒരു ഇസ്‌ലാമിക പോരാട്ടസംഘടനയ്‌ക്ക്‌ അവർ രൂപം നൽകുന്നതിന്‌ കാരണമാകുകയും ചെയ്‌തു. തുടർന്ന്‌ 1987-ൽ ഇസ്രയേൽ ഇറാഖിനും ലബനനും എതിരെ വലിയ കടന്നാക്രമണമാണ്‌ അഴിച്ചുവിട്ടത്‌. ഇത്‌ അന്താരാഷ്‌ട്രതലത്തിൽ അറബികളെ ചെറുത്തുനില്‌പിനായുള്ള പുതിയ തന്ത്രങ്ങള്‍ക്ക്‌ പ്രരിപ്പിക്കുകയും, അത്‌ "ഇന്‍തിഫാദ' എന്ന സംഘടിത പ്രസ്ഥാനത്തിന്റെ രൂപീകരണത്തിൽ കലാശിക്കുകയും ചെയ്‌തു. ഇന്‍തിഫാദയുടെ ചെറുത്തുനില്‌പ്‌ ലോകരാഷ്‌ട്രങ്ങളെയും ഐക്യരാഷ്‌ട്ര സഭയെയും പശ്ചിമേഷ്യയിലെ ശാശ്വത സമാധാനം കൈവരുത്താനുള്ള ഉദ്യമത്തിന്‌ പ്രരിപ്പിച്ചു. 1993 സെപ്‌. 13-ന്‌ പി.എൽ.ഒ.യും ഇസ്രയേലും ഓസ്‌ലോ എന്ന സമാധാന കരാറിന്‌ ധാരണയായി. പ്രസ്‌തുത കരാർ വഴി പലസ്‌തീന്‍ ഇസ്രയേലിനെ അംഗീകരിക്കുകയും, ഇസ്രയേൽ വെസ്റ്റ്‌ബാങ്ക്‌, ഗാസ പ്രദേശങ്ങളിൽ പരിമിത സ്വയംഭരണാവകാശത്തോടെ പലസ്‌തീന്‍ അതോറിറ്റി രൂപീകരിക്കാന്‍ അനുമതി നല്‌കുകയും ചെയ്‌തു. അങ്ങനെ ഓസ്‌ലോ കരാർ പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്കായുള്ള ശക്തമായ ചുവടുവയ്‌പ്പായിമാറി. എന്നാൽ പ്രസ്‌തുത കരാറിന്‌ രൂപം നൽകിയ ഇസ്രയേൽ പ്രധാനമന്ത്രി ഇസ്‌താഖ്‌ റബിനെ വെടിവച്ച്‌ കൊന്നുകൊണ്ട്‌ ഇസ്രയേൽ തീവ്രവാദികള്‍ നടത്തിയ പ്രതിഷേധം ഓസ്‌ലോ കരാറിന്റെ സാധുതയ്‌ക്ക്‌ ഏറെ മങ്ങലേല്‌പിക്കുകയുണ്ടായി.

തുടർന്ന്‌ അധികാരത്തിൽ വന്ന ശിരോണ്‍ പെറസും യഹൂദ്‌ ബാറക്കും സമാധാനശ്രമങ്ങള്‍ തുടർന്നുപോന്നു. 2001-ലെ പൊതുതിരഞ്ഞെടുപ്പിൽ ലിക്കുദ്‌ പാർട്ടി നേതാവ്‌ ഏരിയൽ ശാരോണ്‍ പ്രധാനമന്ത്രി ആയതോടുകൂടി സമാധാന ശ്രമങ്ങള്‍ മന്ദഗതിയിലായി. ഇതിനിടയിൽ 2004-ൽ ഉണ്ടായ യാസർ അറാഫത്തിന്റെ നിര്യാണം പലസ്‌തീന്‍ ജനതയിൽ വല്ലാത്ത ശൂന്യതയാണ്‌ സൃഷ്‌ടിച്ചത്‌. എന്നാൽ പലസ്‌തീന്‍ എന്നത്‌ ഒരു വികാരമായി കൊണ്ടു നടന്ന ഹമാസിന്‌ പലസ്‌തീന്‍ ജനതയെ തങ്ങളോടൊപ്പം നിർത്താനും കഴിഞ്ഞു. ഗാസയിൽ ഭരണം നടത്തുന്ന ഹമാസിന്റെ സർവസൈന്യാധിപന്‍ അഹമ്മദ്‌ അൽജാസറിയെ മിസൈലാക്രമണത്തിൽ ഇസ്രയേൽ വധിച്ചതോടെ പലസ്‌തീന്‍-ഇസ്രയേൽ ബന്ധത്തിന്‌ വിള്ളൽ ഉണ്ടാവുകയും അത്‌ ഇരുകൂട്ടരും തമ്മിലുള്ള നിരന്തര സംഘർഷത്തിനും 2012 നവംബർ മാസത്തിലുണ്ടായ തുറന്ന യുദ്ധത്തിനും വഴിവയ്‌ക്കുകയും ചെയ്‌തു. ജസാരിയുടെ വധത്തിന്‌ തിരിച്ചടിയെന്ന നിലയിൽ ഇസ്രയേലിന്റെ ഒട്ടനവധി നഗരങ്ങളിൽ ഹമാസ്‌ റോക്കറ്റ്‌ ആക്രമണം നടത്തി. പതിവുപോലെ ഇസ്രയേൽ അതിശക്തമായി തിരിച്ചടിച്ചു. വന്‍ യുദ്ധസന്നാഹം നടത്തിയ അവർ ആകാശത്തുനിന്നും കടലിൽ നിന്നുമുള്ള ശക്തമായ ആക്രമണം നടത്തിയതിന്റെ ഫലമായി നൂറോളം പലസ്‌തീനികള്‍ ദാരുണമായി വധിക്കപ്പെട്ടു. ഹമാസിന്റെ റോക്കറ്റാക്രമണത്തിൽപ്പെട്ട ഏതാനും ഇസ്രയേലികളും വധിക്കപ്പെടുകയുണ്ടായി. പലസ്‌തീന്റെ ആഭ്യന്തര കാര്യങ്ങളിൽ ഹമാസിന്‌ കൈവന്ന മേൽക്കൈയും അവരുടെ ഇസ്രയേലിനോടുള്ള കടുത്തനിലപാടും പുതിയ യുദ്ധത്തിന്‌ കാരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്‌. പലസ്‌തീന്‍ അതോറിറ്റിയെ നയിക്കുന്ന പ്രസിഡന്റ്‌ മുഹമ്മദ്‌ അബ്ബാസിന്റെ ഫാത്ത സംഘടന ഇസ്രയേലിനെ അംഗീകരിക്കുമ്പോള്‍ ഹമാസ്‌ അതിനെ എതിർക്കുകയും വിരുദ്ധ നിലപാട്‌ സ്വീകരിക്കുകയുമാണ്‌ ചെയ്‌തുപോന്നിരുന്നത്‌. ഇത്‌ പലസ്‌തീനിൽ രണ്ട്‌ അധികാരകേന്ദ്രങ്ങള്‍ സൃഷ്‌ടിക്കുകയും ഗാസപ്രദേശം ഹമാസിന്റെ പൂർണമായ നിയന്ത്രണത്തിൽ വരുകയും ചെയ്‌തു.

എന്തായാലും ഒരു സ്വതന്ത്ര രാഷ്‌ട്രമായി നിലനിൽക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പലസ്‌തീന്റെ ആഭ്യന്തര-രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ നേരിട്ടും അല്ലാതെയും ഇപ്പോഴും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ വ്യക്തമാണ്‌. പലസ്‌തീന്‍ ഒരു വികാരമായി പശ്ചിമ ഏഷ്യയിൽ നിലനിൽക്കുന്നിടത്തോളം കാലം അത്‌ ഇസ്രയേലിന്റെ നിലനില്‌പിനെയും സുരക്ഷയെയും ബാധിക്കുക തന്നെ ചെയ്യും എന്നാണ്‌ വിദഗ്‌ധാഭിപ്രായം. എന്നാൽ ഗാസയിലെ സംഭവവികാസങ്ങള്‍ യാദൃശ്ചികമായി ഉണ്ടായതല്ലായെന്നും അതിന്‌ ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്നുമുള്ള ശക്തമായ ഒരു മറുവാദവുമുണ്ട്‌. ഹമാസിന്റെ പ്രമുഖനേതാക്കളെ വധിക്കുകയും അതിനെതിരെ അവർ തിരിച്ചടിക്കുമ്പോള്‍ അവർക്കെതിരെ പുതിയൊരു സൈനിക നടപടിക്ക്‌ മുതിരുകയും അതിലൂടെ ഇസ്രയേലി ജനപ്രീതി നേടി പൊതുതിരഞ്ഞെടുപ്പിൽ വിജയം തങ്ങള്‍ക്ക്‌ അനുകൂലമാക്കാനുള്ള ഇസ്രയേലി നേതാക്കന്മാരുടെ ഗൂഢപദ്ധതിയായിട്ടാണ്‌ ഗാസയിൽ അരങ്ങേറിയ യുദ്ധത്തെ പലരും വിലയിരുത്തുന്നത്‌.

ഇരുകൂട്ടരും തമ്മിലുള്ള ഈ ചരിത്രപരവും വൈകാരികവുമായ വൈരുധ്യം പ്രായോഗിക രാഷ്‌ട്രീയ സമീപനത്തിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചാൽ മാത്രമേ, പശ്ചിമേഷ്യയിൽ സ്ഥിരവും അർഥപൂർണവുമായ സമാധാനം കൈവരുകയുള്ളൂ എന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകർ കരുതുന്നത്‌. ശീതകാലാനന്തര ആഗോളരാഷ്‌ട്രീയ സാഹചര്യം അതിനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഇതിനകം തന്നെ പല ഇസ്‌ലാമിക രാഷ്‌ട്രങ്ങളെയും നയതന്ത്രപരമായി തങ്ങള്‍ക്കനുകൂലമാക്കി കൊണ്ടുവരുവാന്‍ ഇസ്രയേലിന്‌ കഴിഞ്ഞിട്ടുണ്ട്‌. എന്നാൽ പലസ്‌തീന്‍ ജനതയോടുള്ള അവരുടെ നിലപാടിൽ മാറ്റംവരുത്തുവാന്‍ അവർക്ക്‌ കഴിയാത്തിടത്തോളം ആഗോള പൊതുജനാഭിപ്രായത്തെയും പശ്ചിമേഷ്യയിലെ സവിശേഷസാഹചര്യത്തെയും മറികടക്കാന്‍ പ്രയാസമായിരിക്കും എന്ന്‌ വിലയിരുത്തപ്പെടുന്നു. അധിനിവേശത്തിന്റെയും ആക്രമണത്തിന്റെയും പാതവിട്ട്‌ ജനാധിപത്യത്തിന്റെയും പരസ്‌പരവിശ്വാസത്തിന്റെയും സഹവർത്തിത്വത്തിന്റെയും മാർഗം സ്വീകരിച്ചാൽ ഇരുകൂട്ടർക്കും സ്ഥായിയായ സമാധാനവും പുരോഗതിയും കൈവരുത്താനാകും എന്നാണ്‌ വിദഗ്‌ധാഭിപ്രായം.

(ഡോ. ആർ. ശ്രീകണ്‌ഠന്‍ നായർ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B8%E0%B5%8D%E0%B4%B0%E0%B4%AF%E0%B5%87%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍