This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരുപ്പൂക്കൃഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:14, 2 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇരുപ്പൂക്കൃഷി

ഒരാണ്ടിൽ രണ്ടുതവണ കൃഷിയിറക്കി വിളവെടുക്കുന്ന രീതി. ആറുമാസത്തിൽ കുറഞ്ഞ സമയംകൊണ്ടു മൂപ്പെത്തുന്നതരം വിളകളിൽ മാത്രമേ ഇതു സാധ്യമാകൂ. കേരളത്തെ സംബന്ധിച്ചിടത്തോളം നെൽക്കൃഷിയിലാണ്‌ ഇരുപ്പൂവ്‌ എന്ന പദം കൂടുതലായി ഉപയോഗിച്ചുവരുന്നത്‌. വിരിപ്പൂ, മുണ്ടകന്‍, പുഞ്ച എന്നിങ്ങനെ മൂന്നുതരം നെൽകൃഷി കേരളത്തിൽ പ്രചാരത്തിലുണ്ട്‌. ഇതിൽ ഏതെങ്കിലും രണ്ടുവിള ഒരാണ്ടിൽത്തന്നെ കൃഷി ചെയ്യുമ്പോള്‍ അത്തരം നിലങ്ങളെ ഇരുപ്പൂനിലം എന്നുപറയുന്നു. ശരത്‌കാലവിളവിനു തുല്യമായി കേരളത്തിലുള്ള വിളയാണ്‌ വിരിപ്പൂകൃഷി. കാലവർഷം തുടങ്ങുന്നതിനുമുമ്പുതന്നെ വിരിപ്പൂകൃഷി ആരംഭിക്കുന്നു. മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ നിലമൊരുക്കി, വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവുള്ള മൂപ്പുകുറഞ്ഞ വിത്തുകള്‍ വിതച്ച്‌ ആഗസ്റ്റ്‌-സെപ്‌തംബർ മാസങ്ങളിൽ കൊയ്‌തെടുക്കുന്നു. വിരിപ്പൂ കൊയ്‌തുകഴിഞ്ഞാൽ ഉടന്‍തന്നെ നിലം ചെളിപ്പരുവത്തിൽ ഉഴുതുകലക്കി ഞാറുനട്ടുവളർത്തുന്ന വിളയാണ്‌ മുണ്ടകന്‍. 120-140 വരെ ദിവസം മൂപ്പുള്ള വിത്തുകളാണ്‌ മുണ്ടകന്‍ കൃഷിക്ക്‌ ഉപയോഗിക്കുന്നത്‌. നവംബർ-ഡിസംബർ മാസങ്ങളിലാണ്‌ മുണ്ടകന്‍വിള കൊയ്യുന്നത്‌. നല്ല സൂര്യപ്രകാശമുള്ള മാസങ്ങളിൽ വളരുന്ന വിളയായതുകൊണ്ട്‌ മുണ്ടകന്‍വിളയ്‌ക്ക്‌ സാധാരണയായി കൂടുതൽ വിളവ്‌ ലഭിക്കും. ജലസേചനസൗകര്യമുള്ളിടങ്ങളിൽ അപൂർവമായി ഒരു മൂന്നാംവിള കൂടി എടുക്കാന്‍ സാധിക്കാറുണ്ട്‌. കുട്ടനാട്ടിലെ പുഞ്ചനിലങ്ങളിൽ ഡിസംബർ-ജനുവരി മാസങ്ങളിലാരംഭിച്ച്‌ മാർച്ച്‌-ഏപ്രിൽ മാസങ്ങളിലവസാനിക്കുന്ന പുഞ്ചവിളയാണ്‌ പ്രധാനം. പക്ഷേ ഇന്ന്‌ പാടശേഖരങ്ങള്‍ക്കുചുറ്റും സ്ഥിരം ബണ്ടുകള്‍ ഉണ്ടായിത്തുടങ്ങിയതോടെ പുഞ്ചവിളവിനു മുമ്പായി ഒരു വിളകൂടി എടുക്കാന്‍ കഴിയുന്നുണ്ട്‌. അതിനാൽ ഇപ്പോള്‍ കുട്ടനാടന്‍ പുഞ്ചനിലങ്ങളെയും ഇരുപ്പുനിലങ്ങള്‍ എന്നും വിശേഷിപ്പിക്കാവുന്നതാണ്‌.

ഒരു നിശ്ചിതവിസ്‌താരത്തിലുള്ള സ്ഥലത്തുനിന്നും കൂടുതൽ വിളവുണ്ടാക്കാനുള്ള ഏറ്റവും സുനിശ്ചിതമായ മാർഗമെന്നനിലയിലാണ്‌ ഇരുപ്പൂകൃഷി സമ്പ്രദായം അനുവർത്തിക്കാറുള്ളത്‌. കൃഷിഭൂമിയുടെ വിസ്‌താരം വർധിപ്പിക്കാന്‍ നിവൃത്തിയില്ലാത്ത അവസരങ്ങളിലെല്ലാംതന്നെ വാർഷികവിളകളിൽനിന്നുള്ള ഉത്‌പാദനം വർധിപ്പിക്കാന്‍വേണ്ടി ഈ സമ്പ്രദായം സ്വീകരിക്കുന്നു. ഒരു പൂവ്‌ കൃഷിചെയ്‌ത സ്ഥലത്ത്‌ ഒരുപൂവ്‌ കൂടി കൂടുതലായി കൃഷിയിറക്കാന്‍ കഴിയുമെങ്കിൽ ആയത്‌ കൃഷിഭൂമിയുടെ വിസ്‌താരം വർധിപ്പിച്ചതിനു തുല്യമായ ഫലം ഉളവാക്കും. ജലസേചനസൗകര്യത്തിന്റെ അഭാവംകൊണ്ടാണ്‌ പലപ്പോഴും ഒരു പൂവിലായി പരിമിതപ്പെടുത്തേണ്ടിവരുന്നത്‌. കാടുതെളിച്ച്‌ ചെയ്യുന്ന പുനംകൃഷി, കരപ്പറമ്പുകളിൽ നടത്തുന്ന പള്ളിയാൽകൃഷി തുടങ്ങിയവയാണ്‌ ഒരുപ്പൂ നെൽകൃഷിക്കുള്ള ഉദാഹരണങ്ങള്‍. പക്ഷേ, ഈ നിലങ്ങളിൽ ഏതെങ്കിലും വിധത്തിൽ ജലസേചനം എത്തിക്കാമെന്നുണ്ടെങ്കിൽ ഒരു പൂവിനുപകരം രണ്ടു പൂവോ മൂന്നു പൂവോ നെൽകൃഷി നടത്താവുന്നതാണ്‌.

(പ്രാഫ. എ.ജി.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍