This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ (1922 - 2005)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:12, 12 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ (1922 - 2005)

ഇന്ത്യന്‍ നാഷണൽ ലീഗിന്റെ സ്ഥാപകനേതാവ്‌. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി ആജീവനാന്തം പോരാടിയ ഇദ്ദേഹം, പതിറ്റാണ്ടുകളോളം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. മൈസൂറിലെ കച്ച്‌മേമന്‍ കുടുംബാംഗമായ സുലൈമാന്റെയും തലശ്ശേരി സ്വദേശിനി സൈബയുടെയും പുത്രനായി 1922 ന. 3-ന്‌ ബാംഗ്ലൂരിൽ ജനിച്ചു. വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ സുലൈമാന്‍ സേട്ട്‌, മൈസൂർ സെന്റ്‌ ജോസഫ്‌ കോളജിലെ ഇംഗ്ലീഷ്‌ അധ്യാപക ജോലി രാജിവച്ച്‌ (1946) രാഷ്‌ട്രീയ പ്രവർത്തകനായി. മൈസൂർസിറ്റി മുസ്‌ലിംലീഗിന്റെ സെക്രട്ടറിയായും മുസ്‌ലിം സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്റെ കണ്‍വീനറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 50-കളിൽ കേരളത്തിലേക്കു താമസം മാറിയശേഷം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന ട്രഷററായും വൈസ്‌ പ്രസിഡന്റായും പ്രവർത്തിക്കുകയുണ്ടായി.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളും തുടർന്ന്‌ ഇദ്ദേഹത്തിൽ നിക്ഷിപ്‌തമായി. 1960-66-ൽ രാജ്യസഭാംഗമായും 67, 77, 80-ൽ ലോക്‌സഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ലോക്‌സഭാംഗമെന്ന നിലയിൽ ദീർഘകാലത്തെ സേവനചരിത്രം സുലൈമാന്‍ സേട്ടിനു സ്വന്തമായിരുന്നു. കേരളത്തിൽ കോഴിക്കോട്‌, മഞ്ചേരി, പൊന്നാനി എന്നീ മണ്ഡലങ്ങളെയാണ്‌ ലോക്‌സഭയിൽ പ്രതിനിധീകരിച്ചിട്ടുള്ളത്‌. 1975-ൽ വഖഫ്‌ ബോർഡ്‌ പുനഃസംഘടിക്കപ്പെട്ടപ്പോള്‍ അതിന്റെ ചെയർമാനായി. സ്റ്റേറ്റ്‌ പ്ലാനിങ്‌ ബോർഡ്‌, റബ്ബർ ബോർഡ്‌, നാഷണൽ ഹാർബർ ബോർഡ്‌, ടെലഗ്രാഫ്‌-ടെലിഫോണ്‍ ഉപദേശകസമിതി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്‌. ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്‌ കൈക്കൊണ്ട രാഷ്‌ട്രീയ നിലപാടിൽ പ്രതിഷേധിച്ച്‌ ലീഗ്‌ വിട്ട സുലൈമാന്‍ സേട്ട്‌-1993-ൽ ഇന്ത്യന്‍ നാഷണൽ ലീഗ്‌ എന്ന പുതിയ രാഷ്‌ട്രീയ കക്ഷിക്ക്‌ ജന്മം നല്‌കി. ജീവിത സായാഹ്നത്തിൽ ഇന്ത്യന്‍ നാഷണൽ ലീഗിനെ വളർത്തുന്നതിലാണ്‌ സേട്ട്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. 2005 ഏ. 27 ബംഗളൂരുവിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍