This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദ്രന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:49, 23 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്ദ്രന്‍

വേദപുരാണാദികള്‍ പ്രകാരം ദേവലോകത്തിന്റെ അധിപന്‍; പ്രഖ്യാതനും മഹത്ത്വശാലിയുമായ വൈദികദേവന്‍. ഋഗ്വേദത്തിലെ 250-ഓളം സൂക്തങ്ങള്‍ ഇന്ദ്രസ്‌തുതികളാണ്‌. വിഷ്‌ണു, മരുത്ത്‌, അഗ്നി എന്നീ ദേവന്മാരെപ്പറ്റിയുള്ള മറ്റ്‌ 50 സൂക്തങ്ങളിലും ഇന്ദ്രന്റെ മഹത്ത്വത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്‌. ഇവയിൽനിന്ന്‌ വൈദികകാലത്ത്‌ ഇന്ദ്രനു കല്‌പിച്ചിരുന്ന പ്രാധാന്യം വ്യക്തമാണ്‌.

സോമരസം കുടിച്ചുല്ലസിക്കുന്ന ഇന്ദ്രനെ മഹാശക്തിശാലിയും ദീർഘബാഹുവും വജ്രായുധനുമായിട്ടാണ്‌ ഋഗ്വേദഗീതികളിൽ വർണിച്ചിട്ടുള്ളത്‌; വജ്രായുധധാരിയാകയാൽ ഇന്ദ്രന്‌ "വജ്രി' എന്ന ഒരു പര്യായവും ലഭിച്ചിട്ടുണ്ട്‌. യുദ്ധദേവതയായ ഇന്ദ്രന്‍ രണാങ്കണത്തിലേക്കു പുറപ്പെടുന്നത്‌ ആയിരം വെള്ളക്കുതിരകളെ പൂട്ടിയ രഥത്തിലാണെന്ന്‌ ഇന്ദ്രവർണനകളിൽ സൂചിപ്പിച്ചുകാണുന്നു.

ഇന്ദ്രന്റെ ജന്മം വളരെ രഹസ്യം നിറഞ്ഞതാണത്ര. പിതാവ്‌ ത്വഷ്‌ടാവും മാതാവ്‌ ശവസിയുമാണെന്ന്‌ ചില പുരാണങ്ങള്‍ ഘോഷിക്കുന്നു. ഋഗ്വേദമനുസരിച്ച്‌ നിഷ്‌ടിഗ്രിയുടെ പുത്രനാണ്‌ ഇന്ദ്രന്‍; മാതാവ്‌ ഇന്ദ്രനെ ആയിരം മാസക്കാലം ഗർഭത്തിൽ ധരിച്ചിരുന്നു എന്നാണ്‌ അതിൽ പറയുന്നത്‌. അഥർവവേദപ്രകാരം, ഇന്ദ്രമാതാവ്‌ ഏകാഷ്‌ടകയാണ്‌. ഇവർക്ക്‌ കഠിനതപസ്സിന്റെ ഫലമായിട്ടാണ്‌ ഇന്ദ്രനെ പുത്രനായി ലഭിച്ചതത്ര. ഇന്ദ്രന്റെ പിതാവ്‌ സോമന്‍ ആയിരുന്നു എന്നും പരാമർശമുണ്ട്‌. ശതപഥബ്രാഹ്മണം അനുസരിച്ച്‌ ഇന്ദ്രന്റെ ഉത്‌പത്തി പ്രജാപതികളിൽ നിന്നാണ്‌. പൗരാണികമതമനുസരിച്ച്‌ പിതാവ്‌ കശ്യപനും മാതാവ്‌ അദിതിയുമാണ്‌. ഇന്ദ്രപത്‌നിയെ ഇന്ദ്രാണിയെന്നും ശചീദേവിയെന്നും വിളിക്കുന്നു. ഇന്ദ്രാണിയുടെ അംശാവതാരമാണ്‌ പാഞ്ചാലി എന്നൊരഭിപ്രായവും പ്രചാരത്തിലുണ്ട്‌. ശചീദേവിയുടെ പിതാവായ പുലോമാവിനെ വധിച്ചതിനുശേഷമാണ്‌ ഇന്ദ്രന്‍ ശചീദേവിയെ പത്‌നിയായി തട്ടിയെടുത്തതെന്ന്‌ തൈത്തരീയബ്രാഹ്മണത്തിൽ പ്രസ്‌താവമുണ്ട്‌. ശചീപതി എന്ന ഇന്ദ്രപര്യായമുണ്ടായത്‌ ശചീദേവിയുടെ ഭർത്താവ്‌, ശക്തിയുടെ (ശചി-ശക്തി, ബലം) അധിപന്‍ എന്നീ അർഥങ്ങളിലാണ്‌. ഐതരേയബ്രാഹ്മണത്തിൽ ഇന്ദ്രന്റെ പത്‌നിയുടെ പേർ പ്രസഹാ ആണെന്നു സൂചിപ്പിച്ചു കാണുന്നു. സമസ്‌തദേവന്മാരിലും വച്ച്‌ ബലവാനാകയാൽ ശക്രന്‍, ശതക്രതു (ശതശക്തിസമ്പന്നന്‍, ശതയജ്ഞകർത്താവ്‌) എന്നീ പേരുകളിലും ഇന്ദ്രന്‍ പ്രശസ്‌തനായിത്തീർന്നിട്ടുണ്ട്‌. ആര്യവംശജർക്ക്‌ ഉപദ്രവങ്ങളുണ്ടാക്കുന്ന ദസ്യുക്കളെ പരാജയപ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന രണദേവനായിട്ടാണ്‌ ഇന്ദ്രന്‍ ആരാധിക്കപ്പെട്ടുവന്നത്‌. ദേവകള്‍ക്ക്‌ നിരന്തരം ഉപദ്രവങ്ങളുണ്ടാക്കിക്കൊണ്ടിരുന്ന വൃത്രാസുരനെ സംഹരിക്കുന്നതിനായി ഇന്ദ്രന്‍ ദധീചിമഹർഷിയുടെ നട്ടെല്ല്‌ സമ്പാദിക്കുകയും അതുകൊണ്ട്‌ വജ്രായുധമുണ്ടാക്കുകയും ചെയ്‌തുവത്ര. ദസ്യുക്കളുടെ നേതാക്കന്മാരിൽ അതിപ്രബലനായിരുന്ന ശംബരനെ യുദ്ധത്തിൽ തോല്‌പിക്കുകയും വജ്രായുധംകൊണ്ട്‌ വെട്ടിനുറുക്കുകയും ചെയ്‌ത സാഹസികകഥയുടെ വീരരസനിർഭരമായ വർണന ഋഗ്വേദത്തി(2-12-11)ലുണ്ട്‌. ക്ഷാമത്തിന്റെയും വരള്‍ച്ചയുടെയും മറ്റു കെടുതികളുടെയും പ്രതീകമായ വൃത്രാസുരനെ വജ്രാഘാതംകൊണ്ടു വധിച്ചതും വൃത്രന്‍ മോഷ്‌ടിച്ചു ഗുഹകളിലാക്കിയിരുന്ന എച്ചമറ്റ പശുക്കളെ മോചിപ്പിച്ച്‌ ഉടമസ്ഥർക്കു കൊടുത്തതും വൃത്രന്‍ പ്രവാഹം തടഞ്ഞുനിർത്തിയിരുന്ന നദികളെ മോചിപ്പിച്ചതും മറ്റും ഇന്ദ്രന്റെ സമരവൈഭവത്തിനും കരവിരുതിനും ഉദാഹരണങ്ങളെന്നനിലയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ദ്രനെ മഴയുടെയും കൊടുങ്കാറ്റിന്റെയും ദേവനായും കരുതിപ്പോരുന്നുണ്ട്‌. തന്റെ സൈന്യങ്ങളായ മേഘങ്ങളെക്കൊണ്ടു മഴപെയ്യിച്ച്‌ കാർഷികവൃത്തിക്കു സഹായം നല്‌കിപ്പോരുന്നതുനിമിത്തം ഇന്ദ്രനെ ഒരു കാർഷികദേവനായും പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നു.

ഇന്ദ്രനെ സംബന്ധിച്ചുളള പ്രതീകാത്മകമായ അർഥങ്ങളെപ്പറ്റി പണ്ഡിതന്മാരുടെ ഇടയിൽ മതഭേദമുണ്ട്‌. നിരുക്തങ്ങളിൽ പ്രതിഫലിക്കുന്ന ചരിത്ര വസ്‌തുതകളുടെ വെളിച്ചത്തിൽ വീക്ഷിക്കുമ്പോള്‍ ഇന്ദ്ര-വൃത്രയുദ്ധത്തിന്‌ വളരെ പ്രാധാന്യം കാണുന്നു. വൃത്രന്‍ ഹിമത്തിന്റെയും ഇന്ദ്രന്‍ സൂര്യന്റെയും പ്രതീകങ്ങളാണെന്ന്‌ ലോകമാന്യതിലകനും ഹിലെബ്രാന്റും അഭിപ്രായപ്പെടുന്നു. രണ്ടുശിലകളുടെ (മേഘങ്ങളുടെ) മധ്യത്തുനിന്നും അഗ്നി (മിന്നൽ) ഉത്‌പാദിപ്പിക്കുന്നതു നിമിത്തം (അശ്‌മനോരന്തരഗ്നിം ജജാന; ഋഗ്വേദം 2-12-3) ഇന്ദ്രനെ വൃഷ്‌ടിദേവതയായി കരുതുകയാണ്‌ കൂടുതൽ ഉചിതം എന്നും പണ്ഡിതാഭിപ്രായമുണ്ട്‌.

വേദേതിഹാസങ്ങളനുസരിച്ച്‌ സപ്‌തസിന്ധു പ്രദേശമാണ്‌ ഇന്ദ്രന്റെ ഉദയസ്ഥാനം. ഈ സങ്കല്‌പത്തിന്‌ വളരെ പ്രാചീനത്വം കാണുന്നുണ്ട്‌. ബി.സി. 1400-ഓടുകൂടി ഇന്ദ്രനെപ്പറ്റി പരാമർശങ്ങള്‍ കിട്ടുന്നുണ്ടെന്ന്‌ മാക്‌ഡൊണാള്‍ഡ്‌ അഭിപ്രായപ്പെട്ടിട്ടുള്ളത്‌ ശ്രദ്ധേയമാണ്‌. പാരസീകധർമസൂക്തങ്ങളിൽ ദാനവരൂപത്തിൽ ഇന്ദ്രനെപ്പറ്റിയുള്ള പല കഥകളും കാണുന്നുണ്ടെന്നും, സങ്കല്‌പത്തിൽ വ്യത്യാസമുണ്ടെങ്കിലും ഭാരതവും പാരസീകദേശവും തമ്മിലുള്ള പ്രാക്തനകാലീന സാംസ്‌കാരിക സമന്വയത്തെയാണ്‌ ഇതു സൂചിപ്പിക്കുന്നതെന്നും ഡോ. കീത്ത്‌ (Religion and Philosophy of the Vedas) സെയുക്തികം പ്രസ്‌താവിച്ചിട്ടുണ്ട്‌.

വൈദികകാലത്തിനുശേഷം ഇന്ദ്രന്റെ മഹത്ത്വത്തിന്‌ ഇടിവു തട്ടിത്തുടങ്ങുന്നതായിക്കാണാം. രാമായണം, മഹാഭാരതം, പുരാണങ്ങള്‍ എന്നിവയുടെ കാലമായപ്പോള്‍ പൗരാണികദേവന്മാരുടെ നിലയിൽനിന്നും ഇന്ദ്രനു പതനമുണ്ടായി. ഇന്ദ്രന്റെ സ്വഭാവശുദ്ധിക്കു കളങ്കംചേർക്കുന്ന നിരവധി കഥകള്‍ ഈ ഘട്ടത്തിനുശേഷമാണ്‌ പ്രചരിച്ചു തുടങ്ങിയത്‌. രാവണപുത്രനായ മേഘനാദനാൽ ഇന്ദ്രന്‍ പരാജിതനാകുന്നതും തടവുകാരനായിത്തീരുന്നതും വാല്‌മീകിരാമായണത്തിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ബ്രഹ്മാവ്‌ രാവണന്‌ അമരത്വവരം നല്‌കിയതിന്റെ ഫലമായിട്ടാണ്‌ പിന്നീട്‌ ഇന്ദ്രന്‍ മുക്തനായിത്തീർന്നത്‌. ഗൗതമപത്‌നിയായ അഹല്യയെ ഛദ്‌മവേഷധാരിയായി വന്നു വഞ്ചിച്ച ഇന്ദ്രനെ ശാപംമൂലം മുനി സഹസ്രഭഗനാക്കിയെന്നും പിന്നീട്‌ ശാപമോക്ഷംകൊണ്ട്‌ സഹസ്രനേത്രനായി മാറ്റിയെന്നും രാമായണത്തിൽ കാണുന്നു. ദേവഗുരുവായ ബൃഹസ്‌പതിയെ അനാദരിച്ചതുനിമിത്തം ഇന്ദ്രന്‍ നിസ്‌തേജനായിത്തീർന്നുവെന്നും തന്മൂലം ഒരിക്കൽ അസുരന്മാരിൽനിന്നും പരാജയം സംഭവിക്കേണ്ടിവന്നുവെന്നും മറ്റൊരിക്കൽ വാലിസ്‌തെംഗാ എന്ന അസുരസ്‌ത്രീയുമായി അവിഹിതബന്ധം നടത്തിയതുനിമിത്തം ഭഗ്നപ്രതാപനായി ഭവിച്ചു എന്നും തുടങ്ങി നിരവധി കഥകള്‍ ഇന്ദ്രനെപ്പറ്റി പ്രചാരത്തിലുണ്ട്‌. ഇന്ദ്രന്റെ ഒടുവിലത്തെ പരാജയം ശ്രീകൃഷ്‌ണനിൽനിന്നായിരുന്നു. ഇന്ദ്രപൂജ നടത്തിവന്നിരുന്ന വ്രജവാസികളെ ശ്രീകൃഷ്‌ണന്‍ അതിൽനിന്നു പിന്തിരിപ്പിച്ചതുമൂലം രോഷാകുലനായിത്തീർന്ന ഇന്ദ്രന്‍ അഹോരാത്രം മഴ ഘോരമായി കോരിച്ചൊരിഞ്ഞു ജനങ്ങളെ വ്യാകുലരാക്കുവാന്‍ തന്റെ മേഘസേനകളെ നിയോഗിച്ചപ്പോള്‍, ഗോവർധനപർവതത്തെ കുടയാക്കിപ്പിടിച്ചു ഗോകുലത്തെ ശ്രീകൃഷ്‌ണന്‍ രക്ഷിച്ചതും ഇന്ദ്രന്‍ പരാജയപ്പെട്ടതും സുവിദിതമാണ്‌.

അനേകം പേരുകളിലാണ്‌ ഇന്ദ്രന്‍ പ്രകീർത്തിതനായിട്ടുള്ളത്‌: മഹേന്ദ്രന്‍, ശക്രന്‍, ഋഭുക്ഷു, ദത്തേയന്‍, വജ്രപാണി, മേഘവാഹനന്‍, പാകശാസനന്‍, ദേവപതി, ദിവസ്‌പതി, ജിഷ്‌ണു, മരുത്വാന്‍, ഉഗ്രധന്വാവ്‌, പുരന്ദരന്‍ എന്നീ പേരുകള്‍ അവയിൽ ചിലതു മാത്രമാണ്‌.

ഇന്ദ്രന്റെ വാഹനം ഐരാവതം എന്ന വെളുത്തകൊമ്പനാന; കുതിര ഉച്ചൈശ്രവസ്സ്‌; ആയുധം വജ്രം; പുത്രന്‍ ജയന്തന്‍; നഗരം അമരാവതി; ഉദ്യാനം നന്ദനം; സാരഥി മാതലി; ദിശ കിഴക്ക്‌; വൃത്രന്‍, ബലി, വിരോചനന്‍ തുടങ്ങിയവരാണ്‌ ഇന്ദ്രന്റെ പ്രധാന ശത്രുക്കള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍