This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദിരാഗാന്ധി കനാൽ പദ്ധതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:18, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്ദിരാഗാന്ധി കനാൽ പദ്ധതി

ഇന്ദിരാഗാന്ധി കനാല്‍

ലോകത്തിലെ ഏറ്റവും വലിയ കനാൽ ജലസേചന പദ്ധതി. പഞ്ചാബിലെ സത്‌ലജ്‌ നദിയിലെ ഹരികെ ബാറേജിൽ നിന്നാണ്‌ ഈ കനാൽ ആരംഭിക്കുന്നത്‌. രവി-ബിയാസിലെ 98,560 ലക്ഷം ക്യുബിക്‌ മീറ്റർ വെള്ളം കൊണ്ടുവന്ന്‌ പടിഞ്ഞാറന്‍ രാജസ്ഥാനിലെ 11 ശതമാനത്തോളം പ്രദേശങ്ങളിൽ ജലസേചനം നടത്തി അവിടം ഹരിതാഭമാക്കുകയാണ്‌ 1961-ൽ ആരംഭിച്ച ഈ ബൃഹദ്‌പദ്ധതിയുടെ ലക്ഷ്യം. രാജസ്ഥാനിലെ വരണ്ട പ്രദേശങ്ങളായ ശ്രീഗംഗാനഗർ, ബിക്കാനീർ, ജോഡ്‌പൂർ, ജയ്‌സാൽമർ എന്നീ ജില്ലകളാണ്‌ ഇതിന്റെ കമാന്‍ഡ്‌ ഏരിയ. പദ്ധതി പൂർത്തിയായാൽ 20 ലക്ഷം ഹെക്‌ടർ സ്ഥലത്ത്‌ ജലസേചനം നടത്താനാകും. രാജസ്ഥാനിലെ അത്യധികമായ വരള്‍ച്ചയ്‌ക്ക്‌ പരിഹാരമായിട്ടാണ്‌ ഈ കനാൽ പദ്ധതി രൂപകല്‌പന ചെയ്‌തത്‌. രാജസ്ഥാന്‍ കനാൽ എന്ന പേരിലും ഈ പദ്ധതി അറിയപ്പെടുന്നു.

രണ്ട്‌ ഘട്ടമായി പൂർത്തിയാക്കാനാണ്‌ ഈ പദ്ധതി ലക്ഷ്യമിടുന്നത്‌. 204 കിലോമീറ്റർ നീളത്തിലുള്ള രാജസ്ഥാന്‍ ഫീഡർ, 189 കിലോമീറ്റർ നീളത്തിലുള്ള മെയിന്‍ കനാൽ 3454 കിലോമീറ്റർ വിതരണശൃംഖല എന്നിവ പൂർത്തിയാക്കി 9.5 ലക്ഷം ഹെക്‌ടർ സ്ഥലത്ത്‌ ജലസേചനസൗകര്യം സൃഷ്‌ടിക്കുകയായിരുന്നു ഒന്നാംഘട്ടം ലക്ഷ്യമിട്ടിരുന്നത്‌. ഇത്‌ 1986-ൽ പൂർത്തീകരിക്കപ്പെട്ടു. പ്രധാന കനാലിൽ നിന്ന്‌ 445 കിലോമീറ്റർ നീളത്തിൽ ടെയിൽകനാൽ നിർമിച്ച്‌ 11 ലക്ഷം ഹെക്‌ടറിൽ ജലസേചനസൗകര്യം ഏർപ്പെടുത്തുകയാണ്‌ രണ്ടാം ഘട്ടം. രണ്ടാം ഘട്ടത്തിന്റെ കമാന്‍ഡ്‌ ഏരിയ വർഷത്തിൽ 15 സെന്റിമീറ്ററിൽ താഴെ മാത്രം മഴ ലഭിക്കുന്ന മണൽക്കൂന പ്രദേശമാണ്‌. 5409 കിലോമീറ്റർ നീളമുള്ള വിതരണശൃംഖലയുടെ രണ്ടാംഘട്ട നിർമാണജോലികള്‍ ഏതാണ്ട്‌ പൂർത്തീകരണത്തോട്‌ അടുക്കുകയാണ്‌.

ഇന്ധിരാഗാന്ധി കനാൽ പദ്ധതി ഏറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക്‌ വഴിവയ്‌ക്കുന്നു. ഒന്നാംഘട്ടം സൃഷ്‌ടിക്കുന്ന പ്രധാന പ്രശ്‌നം കനാലിൽ നിന്ന്‌ നേരിട്ടും മോശമായ കാർഷികവൃത്തിമൂലം കൃഷിയിടങ്ങളിൽനിന്നും വെള്ളം അടിയിലേക്കു കിനിഞ്ഞിറങ്ങുന്നു എന്നതാണ്‌. അടിമച്ചിലുള്ള ജിപ്‌സംപാളി ഉപരിതല മച്ചിൽനിന്ന്‌ കിനിഞ്ഞിറങ്ങുന്ന വെള്ളത്തെ പിന്നീടതിനടിയിലേക്ക്‌ വിടാതെ അവിടെത്തന്നെ പിടിച്ചുനിർത്തുന്നു. ഉപരിതലത്തിനടിയിലുള്ള കാത്സ്യം, മഗ്നീഷ്യം എന്നിവയുടെ സംയുക്തങ്ങള്‍ വെള്ളത്തിൽ ലയിച്ച്‌ പൊങ്ങിവരുന്നതിനാൽ ആ പ്രദേശമാകെ ലവണസാന്ദ്രമായി മാറുന്നു. വന്‍തോതിലുള്ള ഈ ലവണങ്ങള്‍ സസ്യവളർച്ചയെയും വിളയെയും പ്രതികൂലമായി ബാധിക്കുകയാണ്‌. നീർക്കെട്ട്‌, കൃഷിഭൂമിയിലും മനുഷ്യവാസപ്രദേശങ്ങളിലും വെള്ളപ്പൊക്കം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പുറമേ ഉയർന്നുവരുന്ന ലവണജലം ധാരാളം കൃഷിഭൂമിയെ തരിശാക്കിക്കൊണ്ടിരിക്കുന്നു.

മണൽക്കൂനകളിലെ സവിശേഷ സസ്യജാലങ്ങളായ വിമ്പ്‌ (Lepta demiapyrotechnia), ബുയി (Aerva Pserudotomentora), ഫാർ (Dipterigum glaucam), ലാന (Haloxylon salicormicum), ചുവന്ന എരിക്ക്‌ (Calotropis procera) എന്നിവ ഏതാണ്ട്‌ മുഴുവനായിത്തന്നെ നിർമാണവുമായി ബന്ധപ്പെട്ടു നശിപ്പിക്കപ്പെട്ടുകഴിഞ്ഞു. വന്നി (Prosopis), അക്കേഷ്യ (Acacia) എന്നീ ജാതികളും താഴ്‌ന്ന പ്രദേശങ്ങളിൽ നിന്ന്‌ അപ്രത്യക്ഷമായിട്ടുണ്ട്‌. അമർപുര (Amarpura), ബജു (Bajju), മദസാർ (Madasar) എന്നീ ഗ്രാമങ്ങള്‍ മുഴുവനും ചെളിക്കെട്ടുപ്രദേശമായി മാറിക്കഴിഞ്ഞു. കനാലിന്റെ കീഴ്‌ഭാഗത്ത്‌ ഊറൽ വന്നു നിറയുകയും ഒരു തരം ഹരിത ആൽഗയുടെ വളർച്ചയ്‌ക്ക്‌ കാരണമാവുകയും ചെയ്‌തിരിക്കുന്നു.

ദീർഘവീക്ഷണമില്ലാതെ പദ്ധതി ആസൂത്രണം ചെയ്യുന്നതുകൊണ്ടുള്ള ദോഷത്തിന്റെ ഉത്തമോദാഹരണമായി മാറിയിരിക്കുകയാണ്‌ ഇന്ന്‌ ഇന്ദിരാഗാന്ധി കനാൽ പദ്ധതി. രാജസ്ഥാനിലെ ജലദൗർലഭ്യം ഒഴിവാക്കാനാംരംഭിച്ച ഈ പദ്ധതി, ആ പ്രദേശം മുഴുവന്‍ ലവണാംശം കലർന്ന ഉപയോഗരഹിതമായ ചതുപ്പു നിലമാക്കി മാറ്റുകയാണുണ്ടായത്‌. മനുഷ്യവാസ പ്രദേശങ്ങളെ അത്‌ നീർക്കെട്ടുപ്രദേശങ്ങളാക്കി മാറ്റി. സ്വാഭാവികമായ പ്രാദേശിക സസ്യ-ജന്തുജാലങ്ങളുടെ സ്ഥാനത്ത്‌ ഉപ്പുജലത്തിൽ വളരുന്ന പുത്തന്‍ ജനുസ്സുകളുടെ വിഹാരകേന്ദ്രമായി മാറ്റി. 600-ൽപ്പരം സസ്യജാതികളും 470-ഓളം ജന്തുജാതികളും ഇവിടെ ഉണ്ടായിരുന്നതിൽ 60 ശതമാനത്തോളം വംശനാശഭീഷണിയിലാണ്‌. 40-50 വർഷങ്ങള്‍ക്ക്‌ മുമ്പു കണ്ടിരുന്ന ജീവജാതികളൊന്നും ഇന്നവിടെ കാണാനില്ല. മഴ കുറവായ പ്രദേശത്ത്‌ മാത്രം കണ്ടിരുന്ന വിശേഷപ്പെട്ട സെവാർ (Sewar) പുല്ലിനങ്ങള്‍ ഥാർ പരിസ്ഥിതിവ്യൂഹത്തിലെ ഒരു പ്രത്യേകതയായിരുന്നത്‌ ഇന്ന്‌ അപ്രത്യക്ഷമായിട്ടുണ്ട്‌. പുൽമേടുകള്‍, കൃഷിയിടങ്ങള്‍ എന്നിവ നാശത്തിന്റെ വക്കിലാണ്‌. കനാൽ വഴി വെള്ളം കൊണ്ടുവന്ന്‌ മരുഭൂമിയെ പച്ചപിടിപ്പിക്കാമെന്ന സ്വപ്‌നം ഇന്ന്‌ പടിഞ്ഞാറന്‍ രാജസ്ഥാന്റെ സമ്പന്നമായ ജൈവവൈവിധ്യത്തിന്റെ ശ്‌മശാനഭൂമിയിൽ ഉയർന്ന ദുഃസ്വപ്‌നമായി മാറിയിരിക്കുന്നു. (കെ. ശ്രീധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍