This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ഭരണഘടനാ നിർമാണസഭ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:31, 22 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്ത്യന്‍ ഭരണഘടനാ നിർമാണസഭ

ഇന്ത്യയ്‌ക്ക്‌ അനുയോജ്യമായ ഒരു ഭരണഘടന പ്രദാനം ചെയ്‌ത സഭ. ഇന്ത്യന്‍ ഭരണഘടന എഴുതി തയ്യാറാക്കുകയും പാസ്സാക്കുകയും ചെയ്‌തത്‌ 1946-ൽ രൂപവത്‌കൃതമായ ഭരണഘടനാനിർമാണ സഭയാണ്‌. സഭാംഗങ്ങള്‍ പ്രവിശ്യകളിലെ നിയമസഭകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു.

1946 ഡി. 9-നാണ്‌ ഇന്ത്യന്‍ ഭരണഘടനാനിർമാണ സഭയുടെ ആദ്യസമ്മേളനം ന്യൂഡൽഹിയിൽ നടന്നത്‌. ഭരണഘടനാ നിർമാണസഭ 2 വർഷവും 11 മാസവുമായി 11 സെഷനുകളിലായി 114 ദിവസങ്ങളിൽ നടത്തിയ ചർച്ചകളിലൂടെയാണ്‌ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മൂലഭരണഘടനാസംഹിതയിലേക്ക്‌ എത്തിച്ചേർന്നത്‌. 1949 ന. 26-ന്‌ ഭരണഘടനാനിർമാണസഭ ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ ഭരണഘടന അംഗീകരിക്കുകയും നിയമമാക്കുകയും ചെയ്‌തതുവരെയുള്ള കാലയളവിലാണ്‌ ഇന്ത്യന്‍ ഭരണഘടന നിർമാണസഭ നിലവിലിരുന്നത്‌. ഈ ഭരണഘടന 1950 ജനു. 26-ന്‌ പ്രാബല്യത്തിൽവന്നു. പിന്നീട്‌ പലപ്പോഴായി 97 ഭേദഗതികള്‍ ഭരണഘടനയിൽ പല ഖണ്ഡങ്ങളിലായി ഉള്‍ച്ചേർക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭരണഘടനാനിർമാതാക്കള്‍ രൂപപ്പെടുത്തിയ മൂലസംഹിത അനന്യവും അന്യാദൃശവുമായി ഇന്നും ഗണിക്കപ്പെടുന്നു. 1948-ലെ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം, അമേരിക്കന്‍ ഫെഡറൽ രാഷ്‌ട്ര ഘടന, അമേരിക്കന്‍ ബിൽ ഒഫ്‌ റൈറ്റ്‌സ്‌ (മൗലിക പൗരാവകാശം), ബ്രിട്ടീഷ്‌ പാർലമെന്ററിഘടന, ആസ്റ്റ്രലിയന്‍ ഭരണഘടന ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രനയതത്ത്വങ്ങള്‍ എന്നിവയെല്ലാം ഭരണഘടനാനിർമാണസഭയെ സ്വാധീനിച്ചതായി കാണാം.

1945-നുശേഷമാണ്‌ (വിശേഷിച്ച്‌ രണ്ടാം ലോകയുദ്ധാനന്തരം) ബ്രിട്ടീഷ്‌ ചരിത്രത്തിൽ ഇന്ത്യയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം മുഖ്യ അജണ്ടയായി പരിണമിക്കുന്നത്‌. സ്വാതന്ത്യ്ര പ്രഖ്യാപനവും അധികാര കൈമാറ്റവും സുഗമമാക്കി നടത്തുന്നത്‌ സംബന്ധിച്ച്‌ ശിപാർശ ചെയ്യുന്നതിനായി ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ക്യാബിനറ്റ്‌ മിഷന്‍ എന്നറിയപ്പെടുന്ന മൂന്നംഗ സമിതിയെ ഇന്ത്യയിലേക്ക്‌ അയച്ചു. ഒരു ഭരണഘടന നിർമാണസഭ രൂപീകരിക്കണമെന്നും അതിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ നടപടി ക്രമം എപ്രകാരമായിരിക്കണമെന്നും ക്യാബിനറ്റ്‌ മിഷന്റെ നിർദേശങ്ങളിൽ അടങ്ങിയിരുന്നു. അതിന്റെ ചുവടു പിടിച്ചുനടന്ന സംവാദങ്ങളുടെ പരിസമാപ്‌തിയായാണ്‌ ഇന്ത്യയുടെ ഭാവിഭാഗധേയം നിർണയിക്കപ്പെടുന്ന വിധമുള്ള ഭരണഘടന രൂപപ്പെടുത്തുവാനായി ഒരു ഭരണഘടനാനിർമാണസഭയ്‌ക്കു രൂപംനല്‌കപ്പെട്ടത്‌.

പ്രവിശ്യാനിയമസഭകളിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടവരായ 296 അംഗങ്ങളാണ്‌ ഭരണഘടന നിർമാണസഭയുടെ രൂപീകരണവേളയിൽ ഉണ്ടായിരുന്നത്‌; എന്നാൽ 1946 ഡി. 9-നു നടന്ന ആദ്യ സമ്മേളനത്തിൽ 210 അംഗങ്ങള്‍ മാത്രമേ ഹാജരുണ്ടായിരുന്നുള്ളൂ. മുസ്‌ലിം ലീഗ്‌ അംഗങ്ങള്‍ ഭരണഘടനാനിർമാണസഭ ബഹിഷ്‌കരിച്ചതുമൂലമാണ്‌ പ്രധാനമായും ഇത്തരമൊരു കുറവ്‌ അംഗങ്ങളുടെ ഹാജരിൽ സംഭവിച്ചത്‌. ഒരൊറ്റ ഭരണഘടനാ നിർമാണ പ്രക്രിയയിൽ പങ്കെടുക്കുകയില്ലെന്നും പാകിസ്‌താനിലെയും ഇന്ത്യയിലെയും ജനങ്ങള്‍ക്ക്‌ വെണ്ണേറെ ഭരണഘടനാനിർമാണസഭകള്‍ വേണമെന്ന നിലപാടാണ്‌ തദവസരത്തിൽ ലീഗ്‌ സ്വീകരിച്ചത്‌.

മദ്രാസ്‌ (43), ബോംബെ (19), ബംഗാള്‍ (25), യുണൈറ്റഡ്‌ പ്രാവിന്‍സസ്‌ (42), പഞ്ചാബ്‌ (12), ബിഹാർ (30), സിപി/ബറാർ (14), അസം (7), ഒറീസ (9), എന്‍.ഡബ്യു (3), ഡൽഹി (1), അജ്‌മീർ-മേവാർ (1) കൂർഗ്‌ (1) എന്നിങ്ങനെയാണ്‌ 296 അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്‌. ഇതിൽ സ്വാതന്ത്യ്രസമരനേതാക്കള്‍, പ്രഗല്‌ഭവാഗ്മികള്‍, പണ്ഡിതർ, നിയമകാര്യവിദഗ്‌ധർ തുടങ്ങി സമരാരാധ്യരായ ഒട്ടു വളരെ പ്രമുഖർ ഉള്‍പ്പെട്ടിരുന്നതായി കാണാം. അമ്മുസ്വാമിനാഥന്‍, സുചേതാകൃപലാനി, ലിലാറേ തുടങ്ങി 9 സ്‌ത്രീകള്‍ മാത്രമാണ്‌ ഭരണഘടനാനിർമാണസഭയിൽ ഉണ്ടായിരുന്നത്‌. മദ്രാസ്‌ പ്രവിശ്യയിൽ നിന്ന്‌ നിയോഗിക്കപ്പെട്ടവരിൽ സി.രാജഗോപാലാചാരി, പട്ടാഭിസീതാരാമയ്യ, അല്ലാഡി കൃഷ്‌ണസ്വാമി, ടി.ടി.കൃഷ്‌ണമാചാരി, ടി. പ്രകാശം തുടങ്ങിയ പ്രമുഖർ ഉണ്ടായിരുന്നു. ശ്രദ്ധേയമായ കാര്യം ഇന്ത്യന്‍ ഭരണഘടനയുടെ ശില്‌പി എന്നു വിശേഷിക്കപ്പെടുന്ന ഡോ. ബി.ആർ. അംബേദ്‌കർ അദ്ദേഹത്തിന്റെ സ്വദേശമായ ബോംബെയിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെടാതെ വന്ന ഘട്ടത്തിൽ ബംഗാളിൽനിന്നുള്ള പ്രവിശ്യാനിയമസഭയുടെ പ്രതിനിധിയായാണ്‌ ഭരണഘടനാനിർമാണസഭയിൽ അംഗമായതെന്ന രാഷ്‌ട്രീയസാഹചര്യമാണ്‌.

ആദ്യ ദിവസം ഭരണഘടനാനിർമാണസഭയുടെ താക്‌കാലിക അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന നടപടിയാണ്‌ ആദ്യം ഉണ്ടായത്‌. ആചാര്യ ജെ.ബി. കൃപലാനി നാമനിർദേശം ചെയ്‌ത ഡോ. സച്ചിദാനന്ദ സിന്‍ഹ ഭരണഘടനാനിർമാണസഭയുടെ താത്‌കാലിക അധ്യക്ഷനായി നിയുക്തനായി. ഭരണഘടനാനിർമാണസഭയിലെ ഏറ്റവും മുതിർന്ന അംഗവും ഇന്ത്യയിലെ തന്നെ ഏറ്റവും മുതിർന്ന പാർലമെന്റേറിയനുമായിരുന്നു ഡോ. സിന്‍ഹ. അമേരിക്കന്‍ ഐക്യനാടുകളിലെ സ്റ്റേറ്റ്‌ ഡിപ്പാർട്ട്‌മെന്റ്‌, ചൈനീസ്‌ റിപ്പബ്ലിക്കന്‍ എംബസി, ആസ്റ്റ്രലിയന്‍ ഗവണ്‍മെന്റ്‌ എന്നിവിടങ്ങളിൽ നിന്നുള്ള ആശംസാസന്ദേശങ്ങള്‍ ഭരണഘടനാ നിർമാണസഭയിൽ താത്‌കാലിക ചെയർമാന്‍ സമർപ്പിച്ചു. ഇന്ത്യയെന്ന രാഷ്‌ട്രത്തെയും അതിന്റെ ഭരണഘടനയെയും ലോകരാഷ്‌ട്രങ്ങള്‍ ഔസുക്യത്തോടെ കാണുന്നതിന്റെ തെളിവായിരുന്നു അത്‌. ഡി. 11-ന്‌ ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ സ്ഥിരം അധ്യക്ഷനായി തെരഞ്ഞെടുത്തു.

ഭരണഘടനാനിർമാണസഭയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സംബന്ധിച്ച്‌ പ്രസ്‌തുത സഭയിൽ നെഹ്‌റു അവതരിപ്പിച്ച ഒരു പ്രമേയത്തിലൂടെയാണ്‌ ഭരണഘടനാനിർമാണത്തിന്‌ തുടക്കം കുറിക്കപ്പെട്ടത്‌ (ഡി. 13. 1946). ജവാഹർലാൽ നെഹ്‌റുവിന്റെ പ്രമേയത്തിൽ താഴെപ്പറയുന്ന പ്രധാന വസ്‌തുതകള്‍ ഉള്‍ക്കൊണ്ടിരുന്നു.

1. ഇന്ത്യയെ സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കാനും അതിന്റെ ഭാവിഭരണം സുഗമമാക്കിത്തീർക്കേണ്ടതിലേക്ക്‌ അതിന്‌ ഒരു ഭരണഘടന നിർമിക്കാനും ഈ ഭരണഘടനാ നിർമാണസഭ പ്രതിജ്ഞാബദ്ധമായിരിക്കുന്നു.

2. ഇപ്പോള്‍ ബ്രിട്ടീഷ്‌ ഇന്ത്യയിലുള്‍പ്പെട്ട രാജ്യങ്ങളും ഇന്ത്യന്‍ സ്റ്റേറ്റുകളും രണ്ടിലും പെടാതെയുള്ള മറ്റ്‌ ഇന്ത്യന്‍ ഭൂപ്രദേശങ്ങളും കൂടിച്ചേർന്ന ഒരു യൂണിയനായിരിക്കും സ്വതന്ത്ര പരമാധികാര ഭാരതം.

3. രാഷ്‌ട്രീയവും സാമ്പത്തികവും സാമൂഹികവുമായ നീതിയും, നിയമത്തിനു മുമ്പിൽ സമത്വവും, വിശ്വാസത്തിനനുസരിച്ചു ജീവിക്കാനും സംഘടിക്കാനുമുള്ള സ്വാതന്ത്ര്യവും ഓരോ പൗരന്റെയും അവകാശമായിരിക്കും.

4. ന്യൂനപക്ഷങ്ങള്‍ക്കും ഗോത്രവർഗങ്ങള്‍ക്കും പിന്നോക്ക സമുദായാംഗങ്ങള്‍ക്കും ആവശ്യമെന്നു തോന്നുന്ന പരിരക്ഷ ഏർപ്പെടുത്തും.

5. രാഷ്‌ട്രത്തിന്റെ അഖണ്ഡതയും, നീതിക്കും നിയമത്തിനും അനുസൃതമായി കര, കടൽ, വായു മാർഗങ്ങളിൽ ഇന്ത്യയ്‌ക്കുള്ള പരമാധികാരസ്വഭാവവും നിലനിർത്തുന്നതായിരിക്കും.

6. ലോകരാഷ്‌ട്രങ്ങളുടെയിടയിൽ അർഹവും ന്യായവും മാന്യവുമായ സ്ഥാനം നമ്മുടെ മാതൃഭൂമിക്കു ലഭിക്കുവാനും ലോകസമാധാനത്തിനും ക്ഷേമത്തിനും വേണ്ടി ഗണനീയമായി സംഭാവന നല്‌കുവാന്‍ നമ്മെ പ്രാപ്‌തരാക്കുവാനും നമുക്കു സാധിക്കണം.

വിശദമായ ചർച്ചകള്‍ക്കുശേഷം 1947 ജനു. 22-ന്‌ ഭരണഘടനാനിർമാണസഭ ലക്ഷ്യപ്രഖ്യാപന പ്രമേയം പാസ്സാക്കി. ഇന്ത്യന്‍ ഭരണഘടനയ്‌ക്ക്‌ ആശയപരമായ അടിത്തറ ഇട്ടത്‌ ഈ പ്രമേയമായിരുന്നു. ലക്ഷ്യങ്ങള്‍ സംബന്ധിച്ച ഈ പ്രമേയമാണ്‌ വിശദമായ പരിഗണനയ്‌ക്കുശേഷം ഇന്ത്യന്‍ ഭരണഘടനയുടെ മുഖവാചകമായി അംഗീകരിക്കപ്പെട്ടത്‌. ഭരണഘടന രൂപീകരണ പ്രക്രിയ സുഗമമാക്കുന്നതിനായി, ഭരണഘടനാനിർമാണസഭ നിരവധി കമ്മിറ്റികള്‍ രൂപീകരിക്കുകയുണ്ടായി. വിവിധ ഭരണഘടനാ പ്രശ്‌നങ്ങള്‍ ചർച്ച ചെയ്‌ത്‌ റിപ്പോർട്ടുകള്‍ സമർപ്പിക്കുക എന്നതായിരുന്നു കമ്മിറ്റികളുടെ ദൗത്യം. ഭരണഘടനാനിർമാണത്തിനാവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ നല്‌കിയത്‌ യൂണിയന്റെ അധികാരങ്ങള്‍ സംബന്ധിച്ചുള്ള കമ്മിറ്റി, യൂണിയന്റെ ഘടന സംബന്ധിച്ചുള്ള കമ്മിറ്റി, സംസ്ഥാനങ്ങളിലെ ഭരണഘടന സംബന്ധിച്ചുള്ള കമ്മിറ്റി, ന്യൂനപക്ഷങ്ങളെയും മൗലികാവകാശങ്ങളെയും സംബന്ധിച്ചുള്ള കമ്മിറ്റി, യൂണിയന്‍ ഭരണഘടനയുടെ ധനകാര്യങ്ങളെ സംബന്ധിച്ചുള്ള കമ്മിറ്റി, ഗോത്രവർഗ പ്രദേശങ്ങളെ സംബന്ധിച്ച കമ്മിറ്റി എന്നിവയുടെ റിപ്പോർട്ടുകളായിരുന്നു. പ്രസ്‌തുത റിപ്പോർട്ടുകള്‍ പഠിച്ച ശേഷം അവയിൽ ഉന്നയിച്ചിട്ടുള്ള തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ കരടുപകർപ്പ്‌ തയ്യാറാക്കാനുള്ള തീരുമാനം ഭരണഘടനാനിർമാണസഭ എടുത്തു.

ഡോ. ബി.ആർ. അംബേദ്‌കർ ചെയർമാനായ ഏഴ്‌ അംഗ ഭരണഘടനാഡ്രാഫ്‌റ്റിങ്‌ കമ്മിറ്റിയാണ്‌ ഭരണഘടനാനിർമാണസഭയുടെ നിയോഗപ്രകാരം ഇന്ത്യയുടെ കരട്‌ ഭരണഘടനയ്‌ക്ക്‌ രൂപം നൽകിയത്‌. ഇന്ത്യയുടെ പ്രഥമ നിയമകാര്യ മന്ത്രി എന്ന നിലയിൽക്കൂടി പ്രവർത്തിച്ച അംബേദ്‌കർ ഭരണഘടനയുടെ ഉള്ളടക്കം രൂപപ്പെടുത്തുന്നതിലും അത്‌ സഭയിൽ അവതരിപ്പിച്ച്‌ അംഗീകാരം നേടുന്നതിലും നിർണായക പങ്ക്‌ വഹിച്ചിരുന്നതായും കാണാം.

315 വകുപ്പുകളും 8 പട്ടികകളും ഉള്‍പ്പെടുന്ന ഭരണഘടനയുടെ കരട്‌ ഡോ. അംബേദ്‌കർ ഭരണഘടനാനിർമാണ സഭയുടെ ചെയർമാന്‍ ഡോ. രാജേന്ദ്രപ്രസാദിനു സമർപ്പിക്കുന്നത്‌ 1948 ഫെ. 21-നാണ്‌. തുടർന്ന്‌ 8 മാസം പൊതുചർച്ചകള്‍ക്കായി നീക്കി വച്ചു; ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട പുതിയ കരട്‌ ഭരണഘടന ഡ്രാഫ്‌റ്റിങ്‌ കമ്മിറ്റി സഭയിൽ ന. 4-ന്‌ സമർപ്പിക്കുകയുണ്ടായി. പുതിയ കരട്‌ ഭരണഘടനയ്‌ക്കു മേൽ നടന്ന അവസാനവട്ട ചർച്ചകള്‍ക്കുശേഷം ഭരണഘടന അതിന്റെ അവസാന രൂപത്തിൽ പാസ്സാക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്‌തത്‌ 1949 ന. 26-നാണ്‌. സുദീർഘവും ചരിത്രപരവും രാഷ്‌ട്രീയവും നിയാമകവുമായ ഒരു പ്രക്രിയയിലൂടെയാണ്‌ ഇന്ത്യയുടെ രേഖാമൂലമായ ഭരണഘടനാ സംഹിതയ്‌ക്ക്‌ ഇത്തരത്തിൽ ഇന്ത്യന്‍ ഭരണഘടനാനിർമാണസഭ രൂപം നൽകിയത്‌.

(എ. സുഹൃത്‌കുമാർ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍