This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ നാഷണൽ സയന്‍സ്‌ അക്കാദമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമി

ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമി, ന്യൂഡല്‍ഹി

ഇന്ത്യയില്‍ ശാസ്‌ത്രഗവേഷണം പോഷിപ്പിക്കുവാനും ഏകീകരിക്കുവാനും വേണ്ടി ന്യൂഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനം. 1935-ല്‍ കൊല്‍ക്കത്തയിലാണ്‌ ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സസ്‌ ഒഫ്‌ ഇന്ത്യ (NISI) എന്ന പേരില്‍ ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്‌.

അന്താരാഷ്‌ട്ര ശാസ്‌ത്ര ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ ഇന്ത്യയിലെ ശാസ്‌ത്രരംഗത്ത്‌ മുന്നേറ്റം വരുത്തുന്നതിനായി 1930-കളുടെ അവസാനത്തോടെ ഇന്ത്യാഗവണ്‍മെന്റ്‌ അന്നത്തെ നാട്ടുരാജ്യങ്ങളിലെ ശാസ്‌ത്ര വകുപ്പുകളോടും സര്‍വകലാശാലകളോടും ഒരു ദേശീയ ഗവേഷണസമിതി സ്ഥാപിക്കുന്നതിനെപ്പറ്റി അഭിപ്രായം ആരായുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തു. നാഷണല്‍ റിസര്‍ച്ച്‌ കൗണ്‍സില്‍, നാഷണല്‍ കമ്മിറ്റികള്‍ മുതലായവയുടെ ആവശ്യം ഈ കാലയളവിന്‌ കേന്ദ്ര ഗവണ്‍മെന്റിനു കൂടുതല്‍ ബോധ്യമായി. ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്‍ ഇക്കാര്യത്തില്‍ നേതൃത്വം വഹിക്കുകയും ചെയ്‌തു. നേച്ചര്‍ (Nature)ന്റെ എഡിറ്ററായിരുന്ന റിച്ചാര്‍ഡ്‌ ഗ്രെഗറിയും കറന്റ്‌ സയന്‍സി(Current Science)ന്റെ എഡിറ്റര്‍ ആയിരുന്ന പ്രൊഫ. സി.ആര്‍. നാരായണറാവുവും ചേര്‍ന്നു നടത്തിയ ചര്‍ച്ചകള്‍ (1933) അക്കാദമിയുടെ രൂപവത്‌കരണം ത്വരിതപ്പെടുത്തുവാന്‍ സഹായകമായി. തുടര്‍ന്ന്‌ 1934 ജനുവരിയില്‍ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്റെ പൊതുസമിതിയില്‍ എന്‍.ഐ.എസ്‌.ഐ. സ്ഥാപിക്കുവാനുള്ള നിര്‍ദേശം അംഗീകരിക്കപ്പെട്ടു.

യു.കെ.യിലെ റോയല്‍ സൊസൈറ്റി ഒഫ്‌ ലണ്ടന്‍, ഫ്രാന്‍സിലെ അക്കാദമി ഒഫ്‌ സയന്‍സസ്‌, യു.എസ്സിലെ നാഷണല്‍ അക്കാദമി ഒഫ്‌ സയന്‍സസ്‌, റഷ്യയിലെ അക്കാദമി ഒഫ്‌ സയന്‍സസ്‌ എന്നിവയുടെ മാതൃകയിലാണ്‌ ഇന്ത്യയില്‍ ഈ സ്ഥാപനം വിഭാവന ചെയ്യപ്പെട്ടത്‌. പ്രൊഫസര്‍ മേഘനാഥ്‌ സാഹയായിരുന്നു ഈ സ്ഥാപനത്തിന്റെ ഇന്ത്യക്കാരനായ ആദ്യ പ്രസിഡന്റ്‌. പിന്നീട്‌ 1945-ല്‍ എല്ലാ ശാസ്‌ത്രശാഖകളുടെയും ആധികാരിക ശാസ്‌ത്ര സൊസൈറ്റിയായി വികസിപ്പിച്ചുകൊണ്ട്‌ ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സസ്‌ ഒഫ്‌ ഇന്ത്യ പുനഃസംഘടിപ്പിക്കുകയും 1946-ല്‍ ആസ്ഥാനം ഡല്‍ഹിയിലേക്ക്‌ മാറ്റുകയും ചെയ്‌തു. 1968-ല്‍ ഈ സ്ഥാപനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ല്‌ എന്ന്‌ വിശേഷിപ്പിക്കാവുന്നവിധം ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഒഫ്‌ സയന്റിഫിക്‌ കമ്മിറ്റിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക സ്ഥാപനം എന്ന പദവി നേടുകയുണ്ടായി. 1970-ലാണ്‌ ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമി എന്ന്‌ ഈ സ്ഥാപനത്തെ പുനര്‍നാമകരണം ചെയ്‌തത്‌.

അക്കാദമിയുടെ പ്രധാന ലക്ഷ്യങ്ങള്‍ താഴെ പറയുന്നവയാണ്‌: (i) ഇന്ത്യയുടെ വൈജ്ഞാനികമണ്ഡലത്തെ വികസ്വരമാക്കുകയും ദേശീയ പുരോഗതിക്കുതകുന്ന തരത്തില്‍ പ്രയോഗക്ഷമമാക്കുകയും ചെയ്യുക; (ii) ശാസ്‌ത്ര അക്കാദമികള്‍, സൊസൈറ്റികള്‍, സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ്‌ ശാസ്‌ത്രവകുപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക; (iii) ഇന്ത്യയിലെ ശാസ്‌ത്രരംഗത്തെ പുരോഗതിയും നേട്ടങ്ങളും അന്താരാഷ്‌ട്രവേദികളില്‍ അവതരിപ്പിക്കുക; ഉന്നതശീര്‍ഷരായ ശാസ്‌ത്രജ്ഞന്മാരുടെ താത്‌പര്യങ്ങളെ പരിഗണിക്കുവാനും സംരക്ഷിക്കുവാനും വേണ്ടി അവരെ ഒരു പൊതുവേദിയിലണിനിരത്തുക; (iv) ഉന്നത അക്കാദമികളുമായി ബന്ധപ്പെട്ട ദേശീയ കമ്മിറ്റികള്‍ വഴി ഗവണ്‍മെന്റും ജനങ്ങളും നിര്‍ദേശിക്കുന്ന ദേശീയവും അന്തര്‍ദേശീയവുമായ പ്രധാന ശാസ്‌ത്രപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുക; (v) ശാസ്‌ത്രവിഷയങ്ങളില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുക; (vi) ശാസ്‌ത്രവും സാഹിത്യവും തമ്മിലുള്ള സാംസ്‌കാരിക സമന്വയം വളര്‍ത്തുകയും അതു നിലനിര്‍ത്തുകയും ചെയ്യുക; (vii)ഇന്ത്യയിലെ ശാസ്‌ത്രപുരോഗതിക്കുവേണ്ടി ധനശേഖരണത്തിലും വിനിയോഗത്തിലും ഏര്‍പ്പെടുക.

പ്രസിഡന്റും ആറ്‌ വൈസ്‌ പ്രസിഡന്റുമാരും ഉള്‍പ്പെടുന്ന 31 അംഗ ഭരണസമിതിയാണ്‌ ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമിയുടെ ഭരണസാരഥ്യം നിര്‍വഹിക്കുന്നത്‌. പ്രൊഫസര്‍ കൃഷന്‍ലാലാണ്‌ നിലവിലെ (2013) പ്രസിഡന്റ്‌. മലയാളികളായ ഡോ. എം.എസ്‌. വല്യത്താന്‍ (2002-04), എം. വിജയന്‍ (2008-10) എന്നിവര്‍ ഇതിന്റെ പ്രസിഡന്റുമാരായിരുന്നിട്ടുണ്ട്‌. അക്കാദമിയില്‍ സാധാരണ ഫെലോകളും ഓണററി ഫെലോകളും ഉണ്ട്‌. വിദേശത്തു സ്ഥിരതാമസക്കാരായ പ്രഗല്‌ഭശാസ്‌ത്രജ്ഞന്മാരില്‍നിന്നാണ്‌ ഓണററി ഫെലോകളെ തെരഞ്ഞെടുക്കുന്നത്‌.

വിവിധ മേഖലകളിലായി ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമി 61-ഓളം അവാര്‍ഡുകള്‍ നല്‌കിവരുന്നു. ഏതെങ്കിലും ശാസ്‌ത്രമേഖലയിലെ സമഗ്രസംഭാവനയ്‌ക്ക്‌ നല്‌കിവരുന്ന ശാന്തിസ്വരൂപ്‌ ഭട്‌നാഗര്‍ അവാര്‍ഡ്‌, മേഘനാഥ്‌ സാഹ അവാര്‍ഡ്‌, ചന്ദ്രശേഖര വെങ്കിട്ടരാമന്‍ അവാര്‍ഡ്‌, വൈനുബാപ്പു മെമ്മോറിയല്‍ അവാര്‍ഡ്‌ എന്നിവ അവയില്‍ ചിലതാണ്‌. ഇതുകൂടാതെ ശാസ്‌ത്രം ജനകീയവത്‌കരിക്കുന്നതിനായി ഇന്ദിരാഗാന്ധി പുരസ്‌കാരവും യുവശാസ്‌ത്രജ്ഞരെ പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റ്‌ നിരവധി അവാര്‍ഡുകളും ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമി നല്‌കുന്നുണ്ട്‌.

ശാസ്‌ത്രരംഗത്ത്‌ ഇന്ത്യയിലെ ഒന്നാംകിട സ്ഥാപനമായി അക്കാദമി മാറിയിട്ടുണ്ട്‌. അന്തര്‍ദേശീയ ശാസ്‌ത്രബന്ധങ്ങള്‍ സ്ഥാപിക്കുവാനും ഇന്ത്യയിലെ ശാസ്‌ത്രനയം രൂപപ്പെടുത്തുവാനും അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുന്നു. ദേശീയ, അന്തര്‍ദേശീയ സെമിനാറുകള്‍ നടത്തുന്നതിനുവേണ്ട സാമ്പത്തിക സഹായം അക്കാദമി അനുവദിക്കാറുണ്ട്‌. സര്‍വകലാശാലാതലത്തില്‍ ശാസ്‌ത്രചരിത്രം പഠിപ്പിക്കുവാനുള്ള പാഠ്യപദ്ധതി അംഗീകരിക്കപ്പെട്ടത്‌ അക്കാദമിയുടെ നിര്‍ദേശപ്രകാരമാണ്‌.

പ്രൊസീഡിങ്‌സ്‌ ഒഫ്‌ ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമി, ഇന്ത്യന്‍ ജേണല്‍ ഒഫ്‌ ഹിസ്റ്ററി ഒഫ്‌ സയന്‍സ്‌, ഇന്ത്യന്‍ ജേണല്‍ ഒഫ്‌ പ്യൂര്‍ ആന്‍ഡ്‌ അപ്‌ളൈഡ്‌ മാത്തമാറ്റിക്‌സ്‌ എന്നിവ അക്കാദമി യഥാകാലം പ്രസിദ്ധീകരിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍