This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ നാഷണൽ ട്രഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ (ഐ.എന്‍.ടി.യു.സി.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇന്ത്യന്‍ നാഷണൽ ട്രഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ (ഐ.എന്‍.ടി.യു.സി....)
അടുത്ത വ്യത്യാസം →

03:38, 22 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യന്‍ നാഷണൽ ട്രഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ (ഐ.എന്‍.ടി.യു.സി.)

ഇന്ത്യയിലെ ഒരു ട്രഡ്‌ യൂണിയന്‍ സംഘടന. ആദ്യത്തെ ട്രഡ്‌യൂണിയന്‍ എന്നു വിശേഷിപ്പിക്കാവുന്ന ബോംബെ മിൽ ഹാന്‍ഡ്‌സ്‌ അസോസിയേഷനു(1898)ശേഷം ഇന്ത്യയിലെ ട്രഡ്‌യൂണിയന്‍ പ്രസ്ഥാനം പല സുപ്രധാന വഴിത്തിരിവുകളിലൂടെയും നേതൃത്വസംഘട്ടനങ്ങളിലൂടെയും പിളർപ്പിലൂടെയും വളർന്നു വികസിക്കുകയുണ്ടായി. 1920-ലാണ്‌ ഫെഡറേഷന്‍ മാതൃകയിൽ അഖിലേന്ത്യാ ട്രഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ (എ.ഐ.ടി.യു.സി.) എന്ന ആദ്യത്തെ കേന്ദ്രസംഘടന നിലവിൽവന്നത്‌. 1928-ൽ ഈ സംഘടനയുടെ നേതൃത്വം കമ്യൂണിസ്റ്റുകാർ പിടിച്ചെടുത്തപ്പോള്‍ എന്‍.എം. ജോഷിയുടെ നേതൃത്വത്തിൽ മിതവാദികള്‍ അഖിലേന്ത്യാട്രഡ്‌ യൂണിയന്‍ ഫെഡറേഷന്‍ എന്ന ഒരു സംഘടന രൂപവത്‌കരിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം കോണ്‍ഗ്രസ്‌ കക്ഷിയിൽ പരിപൂർണവിശ്വാസമർപ്പിച്ച തൊഴിലാളിനേതാക്കള്‍ ട്രഡ്‌യൂണിയന്‍ പ്രസ്ഥാനത്തിലെ കമ്യൂണിസ്റ്റുകുത്തക തകർക്കാനുദ്ദേശിച്ച്‌ ഇന്ത്യന്‍ നാഷണൽ ട്രഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ എന്ന ദേശീയസംഘടനയ്‌ക്കു രൂപംനല്‌കി. അങ്ങനെ 1947-ൽ ഇന്ത്യന്‍ നാഷണൽ ട്രഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ (ഐ.എന്‍.ടി.യു.സി.) നിലവിൽവന്നു. അഖിലേന്ത്യാ കോണ്‍ഗ്രസ്‌ പാർട്ടിയുമായി നിലവിലുള്ള ബന്ധം ഐ.എന്‍.ടി.യു.സിയുടെ രാഷ്‌ട്രീയ ചായ്‌വ്‌ വ്യക്തമാക്കുന്നു. ഐ.എന്‍.ടി.യു.സിയെ "രാഷ്‌ട്രീയ മസ്‌ദൂർ കോണ്‍ഗ്രസ്‌' എന്നും വിളിക്കാറുണ്ട്‌. ഐ.എന്‍.ടി.യു.സിയുടെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ താഴെ ചേർക്കുന്നു:

i. എല്ലാ അംഗങ്ങളുടെയും വ്യക്തിത്വത്തിന്റെ പരിപൂർണ വളർച്ചയ്‌ക്കു സഹായിക്കുന്നതും സാമൂഹ്യ-രാഷ്‌ട്രീയ-സാമ്പത്തിക ചൂഷണത്തിനും അസമത്വത്തിനും സാമൂഹ്യവിരുദ്ധശക്തിയുടെ കേന്ദ്രീകരണത്തിനും അറുതിവരുത്തുന്നതുമായ ഒരു സാമൂഹികവ്യവസ്ഥിതി സ്ഥാപിക്കുക;

ii. വ്യവസായത്തെ ദേശീയ ഉടമസ്ഥതയിലും നിയന്ത്രണത്തിലും കൊണ്ടുവരിക;

iii. മനുഷ്യസമ്പത്തും മറ്റു ദേശീയവിഭവങ്ങളും പരമാവധി സമാഹരിച്ചും ഉപയോഗിച്ചും പൂർണതൊഴിൽ സൗകര്യം ഏർപ്പെടുത്തുക;

iv വ്യവസായത്തിന്റെ നടത്തിപ്പിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക;

v. കർഷകത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി ശക്തമായ ഒരു ദേശീയ തൊഴിലാളിപ്രസ്ഥാനം വളർത്തിയെടുക്കുക;

vi. ഓരോ വ്യവസായത്തിലെയും തൊഴിലാളികളെ ദേശീയനിലവാരത്തിൽ രൂപീകരിക്കുന്ന ട്രഡ്‌യൂണിയന്‍ ഫെഡറേഷനുകളുടെ കീഴിൽ അണിനിരത്തി ആ ഫെഡറേഷനുകളെ ഐ.എന്‍.ടി.യു.സിയുമായി അഫിലിയേറ്റു ചെയ്യുക;

vii. ജീവിതനിലവാരം മെച്ചപ്പെടുത്താനുതകുന്ന വേതനം നേടിക്കൊടുക്കുക;

viii. വ്യവസായ-അപകടങ്ങള്‍, പ്രസവം, അനാരോഗ്യം, പ്രായാധിക്യം, തൊഴിലില്ലായ്‌മ എന്നിവയെ സംബന്ധിക്കുന്ന സാമൂഹിക-ക്ഷേമപരിപാടികള്‍ തൊഴിലാളികള്‍ക്കുവേണ്ടി നടപ്പിലാക്കുക;

ix. പ്രവൃത്തിയുടെ സമയവും പരിതഃസ്ഥിതിയും നിയന്ത്രിച്ച്‌ തൊഴിലാളികളുടെ ആരോഗ്യത്തിനും സാംസ്‌കാരികവളർച്ചയ്‌ക്കും സംരക്ഷണം നല്‌കുന്ന നിയമങ്ങള്‍ നടപ്പിലാക്കാന്‍ മുന്‍കൈയെടുക്കുക;

X. നീതിയുക്തമായ വ്യവസായബന്ധങ്ങള്‍ സ്ഥാപിച്ച്‌, പ്രവൃത്തിസമയം നഷ്‌ടപ്പെടുത്താതെ, നേരിട്ടുള്ള കൂടിയാലോചനകള്‍വഴിയോ, കണ്‍സീലിയേഷന്‍ വഴിയോ സമാധാനപരമായി വ്യവസായത്തർക്കങ്ങള്‍ പരിഹരിക്കുക. അങ്ങനെ പരിഹരിക്കപ്പെടാത്ത തർക്കങ്ങള്‍ മാത്രം ആർബിട്രഷന്‍, അഡ്‌ജുഡിക്കേഷന്‍ എന്നിവ വഴി പരിഹരിക്കാന്‍ ശ്രമിക്കുക. ഇവയൊക്കെ പരാജയപ്പെട്ടാൽ മാത്രം തർക്കപരിഹാരത്തിനായി പണിമുടക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രത്യക്ഷനടപടികള്‍ സ്വീകരിക്കുക;

xi. ഐക്യം, സേവനം, സാഹോദര്യം, സഹകരണം, പരസ്‌പരസഹായം എന്നിവ തൊഴിലാളികളുടെ ഇടയിൽ പ്രചരിപ്പിച്ച്‌ വ്യവസായത്തോടും സമൂഹത്തോടും അവർക്കുള്ള ചുമതലാബോധം വളർത്തുക;

xii. തൊഴിലാളികളുടെ അച്ചടക്കത്തിന്റെയും പ്രവർത്തനക്ഷമതയുടെയും നിലവാരം ഉയർത്തുക.

ഐ.എന്‍.ടി.യു.സിയുടെ കീഴിൽ 28 ദേശീയ വ്യവസായ ഫെഡറേഷനുകള്‍ പ്രവർത്തിക്കുന്നു. ആള്‍ ഇന്ത്യാ നാഷണൽ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍, ഇന്ത്യന്‍ നാഷണൽ ഡിഫന്‍സ്‌ വർക്കേഴ്‌സ്‌ ഫെഡറേഷന്‍, ഇന്ത്യന്‍ നാഷണൽ മെറ്റൽ വർക്കേഴ്‌സ്‌ ഫെഡറേഷന്‍, ഇന്ത്യന്‍ നാഷണൽ മൈന്‍ വർക്കേഴ്‌സ്‌ ഫെഡറേഷന്‍, ഇന്ത്യന്‍ നാഷണൽ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍, ഇന്ത്യന്‍ നാഷണൽ പോർട്ട്‌ ആന്‍ഡ്‌ ഡോക്ക്‌ വർക്കേഴ്‌സ്‌ ഫെഡറേഷന്‍ എന്നിവയാണ്‌ അവയിൽ പ്രധാനം. ഐ.എന്‍.ടി.യു.സിക്ക്‌ ഇംഗ്ലീഷിലും ഹിന്ദിയിലുമായി ദി ഇന്ത്യന്‍ വർക്കർ എന്ന ഒരു പ്രസിദ്ധീകരണമുണ്ട്‌. സംഘടനയെ നയിച്ച അഖിലേന്ത്യാനേതാക്കളിൽ പ്രമുഖർ ജി. രാമാനുജം, ബി.സി. ഭഗവതി, സി.എം. സ്റ്റീഫന്‍, അബീദ്‌ ആലി, എസ്‌.ആർ. വാസവദ എന്നിവരാണ്‌. ജി. സഞ്‌ജീവറെഡ്‌ഢിയാണ്‌ 2004 മുതൽ ഈ പ്രസ്ഥാനത്തെ നയിക്കുന്നത്‌. കേന്ദ്രത്തിൽ കൂട്ടു കക്ഷിഭരണത്തെ നയിക്കുന്ന കോണ്‍ഗ്രസ്‌ പാർട്ടിയുടെ സാമ്പത്തിക നയങ്ങളെ പിന്താങ്ങാന്‍ പ്രസ്ഥാനം നിർബന്ധിതമായിരിക്കയാണ്‌. ഉദാഹരണത്തിന്‌ വ്യവസായം സ്റ്റേറ്റിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കണമെന്ന്‌ ആദ്യകാലം മുതൽ വാദിച്ചിരുന്ന പ്രസ്ഥാനത്തിനും അതിലെ അംഗങ്ങള്‍ക്കും കേന്ദ്രസർക്കാരിന്റെ സ്വകാര്യവത്‌കരണം, ഉദാരവത്‌കണം, ആഗോളവത്‌കരണം എന്നീ നയങ്ങളെ പിന്താങ്ങാന്‍ നിർബന്ധിക്കുന്നതരത്തിൽ സമ്മർദം നേരിടേണ്ടിവന്നിരിക്കയാണ്‌.

(ഡോ. കെ. രാമചന്ദ്രന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍