This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സ്‌

ശാസ്‌ത്ര-സാങ്കേതിക വിഷയങ്ങളില്‍ ഗവേഷണത്തിനും ബിരുദാനന്തര ബിരുദത്തിനുമുള്ള ലോകത്തെ ഏറ്റവും മികച്ച പഠനകേന്ദ്രങ്ങളില്‍ ഒന്ന്‌. ശാസ്‌ത്ര-സാങ്കേതിക ശാഖകളെ സമന്വയിപ്പിച്ചുകൊണ്ട്‌ 1911-ല്‍ രണ്ട്‌ ഡിപ്പാര്‍ട്ട്‌മെന്റുകളുമായി (ജനറല്‍ ആന്‍ഡ്‌ അപ്ലൈഡ്‌ കെമിസ്‌ട്രി, ഇലക്‌ട്രാ ടെക്‌നോളജി) ബംഗളൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യകാലത്ത്‌ വിഷയാധിഷ്‌ഠിത പഠനങ്ങള്‍ക്കും ഗവേഷണത്തിനും പരിഗണന നല്‌കിയ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഇന്ന്‌ സംയോജിത ഗവേഷണ പാഠ്യപദ്ധതികള്‍ക്കാണ്‌ വര്‍ധിച്ച പ്രാധാന്യം നല്‌കുന്നത്‌.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സ്‌ എന്ന ആശയം ആവിഷ്‌കരിച്ചത്‌ വ്യവസായപ്രമുഖനായ ജാംഷഡ്‌ജി നസര്‍വാന്‍ജി ടാറ്റാ ആയിരുന്നു. അര്‍ഹരായവര്‍ക്കു വേണ്ട പഠനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി അവരുടെ ബുദ്ധിശക്തി രാജ്യത്തിന്റെ വ്യാവസായികാഭിവൃദ്ധിക്കും ഉന്നമനത്തിനും മറ്റും പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ടാറ്റായുടെ ഉദ്ദേശ്യം. ഇതിനുള്ള പദ്ധതി ആവിഷ്‌കരിക്കുവാനായി ഇദ്ദേഹം നിയോഗിച്ച കമ്മിറ്റി സമര്‍പ്പിച്ച കരട്‌രേഖ കഴ്‌സണ്‍ പ്രഭു അംഗീകരിക്കുകയും തുടര്‍നടപടിക്കായി നോബല്‍ പുരസ്‌കാര ജേതാവായ വില്യം റാംസെയുടെ സഹായം തേടുകയും ചെയ്‌തു. ഇന്ത്യയില്‍ പല സ്ഥലങ്ങളും സന്ദര്‍ശിച്ച റാംസെ ഒടുവില്‍ സ്ഥാപനത്തിന്‌ അനുയോജ്യമായി ബാംഗ്ലൂരിനെ കണ്ടെത്തി. 150 ഹെക്‌ടര്‍ ഭൂമി നഗരത്തില്‍ ഈ ആവശ്യത്തിന്‌ സൗജന്യമായി നല്‌കാമെന്ന്‌ മൈസൂര്‍ ഗവണ്‍മെന്റും സമ്മതിച്ചു. വില്യം റാംസെ, മെല്‍ബോണ്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഓര്‍മിസേന്‍, റൂര്‍ക്കി എന്‍ജിനീയറിങ്‌ കോളജിലെ സിബോണ്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ്‌ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്‌; രൂപരേഖയ്‌ക്ക്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സ്‌ ഔപചാരികമായി നിലവില്‍ വന്നു (1909). റോയല്‍ സൊസൈറ്റി ഒഫ്‌ ലണ്ടന്റെ നോമിനിയായ ഡോ. മോറിസ്‌ ഡബ്ല്യു ട്രാവേഴ്‌സ്‌ ആയിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ ഡയറക്‌ടര്‍. 1956-ല്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മിഷന്‍ രൂപംകൊണ്ടതോടെ ഇന്‍സ്റ്റിറ്റ്യൂട്ട്‌ അതിന്റെ നിയന്ത്രണത്തിലുള്ള കല്‌പിത സര്‍വകലാശാലയായിത്തീര്‍ന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടര്‍സ്ഥാനം അലങ്കരിച്ചിട്ടുള്ള പ്രമുഖന്മാരില്‍ സി.വി. രാമന്‍, ജെ.സി.ഘോഷ്‌, എം.എസ്‌. ഥാക്കര്‍, എസ്‌. ഭഗവന്തം, സതീഷ്‌ ധവാന്‍, സി.കെ. ബാനര്‍ജി, എസ്‌. രാമശേഷന്‍, സി.എന്‍.ആര്‍. റാവു, ജി. പദ്‌മനാഭന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. സി.വി. രാമനായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ ഇന്ത്യന്‍ ഡയറക്‌ടര്‍. ജവാഹര്‍ലാല്‍ നെഹ്‌റു, എം.വിശ്വേശ്വരയ്യ, ഹോമിഭാഭ, വിക്രം സാരാഭായ്‌ തുടങ്ങിയവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സിലെ ഓണററി ഫെലോ ആയിരുന്നിട്ടുണ്ട്‌.

ജാംഷഡ്ജി നസര്‍വാന്ജി ടാറ്റാ

രാജ്യത്തിന്റെ വ്യാവസായിക-ശാസ്‌ത്രീയ-സാങ്കേതിക അഭിവൃദ്ധിക്ക്‌ സഹായകമായ ഗവേഷണങ്ങള്‍ നടത്തുകയാണ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തിന്റെ പൊതുസ്വഭാവം. 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചരിത്രം ശാസ്‌ത്രസാങ്കേതിക മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. ഇന്ത്യയില്‍ ആദ്യമായി ബയോകെമിസ്‌ട്രി, എയ്‌റോ സ്‌പേസ്‌ എന്‍ജിനീയറിങ്‌ ഡിപ്പാര്‍ട്ടുമെന്റുകള്‍ ആരംഭിച്ചത്‌ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്‌. 1960-കളില്‍ ഐ.ഐ.റ്റികള്‍ സ്ഥാപിതമാകുന്നതിനും മുമ്പേ എന്‍ജിനീയറിങ്ങില്‍ അധ്യാപനവും ഗവേഷണവും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ ആധുനിക സാങ്കേതിക വിദ്യയായ നാനോ സയന്‍സ്‌, നാനോ ടെക്‌നോളജി, നാനോ എന്‍ജിനീയറിങ്‌, എര്‍ത്ത്‌ സിസ്റ്റം സയന്‍സ്‌ എന്നിവയ്‌ക്കാണ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ കൂടുതല്‍ പ്രാധാന്യം നല്‌കിയത്‌. മേല്‌പറഞ്ഞ വിഷയങ്ങളിലെ ഇന്റഗ്രേറ്റഡ്‌ പിഎച്ച്‌.ഡി. പ്രോഗ്രാം ഇന്ത്യയിലെ തന്നെ പ്രഥമ സംരംഭമാണ്‌. 2011 മുതല്‍ വിവിധ ശാസ്‌ത്രസാങ്കേതിക വിഷയങ്ങളില്‍ ബിരുദകോഴ്‌സുകളും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചിട്ടുണ്ട്‌.

ശാസ്‌ത്രം, എന്‍ജിനീയറിങ്‌ എന്നീ വിഭാഗങ്ങള്‍ക്ക്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഉപവിഭാഗങ്ങള്‍ അടങ്ങുന്നതാണ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സിന്റെ അക്കാദമിക ഘടന. ഇതില്‍ ശാസ്‌ത്രവിഭാഗത്തിന്റെ കീഴില്‍ ബയോളജിക്കല്‍ സയന്‍സ്‌, കെമിക്കല്‍ സയന്‍സ്‌, മാത്തമാറ്റിക്കല്‍ ആന്‍ഡ്‌ ഫിസിക്കല്‍ സയന്‍സ്‌ എന്നീ ഉപവിഭാഗങ്ങളാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങുമാണ്‌ എന്‍ജിനീയറിങ്ങിലെ ഉപവിഭാഗങ്ങള്‍. ഗ്രാജുവേറ്റ്‌ ആപ്‌റ്റിറ്റ്യൂഡ്‌ ടെസ്റ്റ്‌ ഇന്‍ എന്‍ജിനീയറിങ്‌ (GATE), ഐ.ഐ.എസ്‌.സി. യോഗ്യതാനിര്‍ണയ പരീക്ഷകളിലൂടെയാണ്‌ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നടത്തപ്പെടുന്നത്‌.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായ ജെ.ആര്‍.ഡി ടാറ്റാ സ്‌മാരക ഗ്രന്ഥശാലയ്‌ക്ക്‌ ഇന്ത്യയിലെ ശാസ്‌ത്ര-സാങ്കേതിക ഗ്രന്ഥശാലകളില്‍ ഏറ്റവും മുന്തിയ സ്ഥാനമാണുള്ളത്‌. ഇവിടത്തെ ഗ്രന്ഥശേഖരം മോഗ്രാഫുകളും പുസ്‌തകങ്ങളുമായി 1,75,000-ത്തിലേറെ വരും; വിശ്വപ്രശസ്‌ത ജേര്‍ണലുകളുടെ രണ്ടുലക്ഷത്തിലേറെ ബൈന്‍ഡു ചെയ്‌ത വാല്യങ്ങളും ഉണ്ട്‌. ഇവയെക്കൂടാതെ 85,000 റിപ്പോര്‍ട്ടുകളും 5,500-ഓളം തീസിസുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അന്താരാഷ്‌ട്ര നിലവാരത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന 1734 ജേര്‍ണലുകള്‍ ഈ ലൈബ്രറിയില്‍ എത്തുന്നുണ്ട്‌.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സ്‌, ബംഗളൂരു

ഉയര്‍ന്ന നിലവാരത്തിലുള്ള പഠനഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഐ.ഐ.എസ്‌.സി. ജേര്‍ണലിലെ (IISC Journal) എല്ലാ ലേഖനങ്ങളും ഇന്റര്‍നെറ്റ്‌ വഴി ആര്‍ക്കും ഉപയോഗിക്കത്തക്കരീതിയില്‍ ലഭ്യമാണ്‌; ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്‌ത്രജ്ഞരുടേതായ പല പ്രസിദ്ധീകരണങ്ങളും ഈവിധത്തില്‍ ലഭ്യമാക്കുന്നുണ്ട്‌. ഇതുകൂടാതെ, ഇന്‍ഫ്‌ളീബ്‌നെറ്റ്‌ (INFLIB NET) പോലുള്ള ആധുനിക വിവരസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ ഇപ്പോള്‍ ഇവിടെ വെര്‍ച്വല്‍ ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്‌. ഇതിലൂടെ, ഈ ലൈബ്രറിയിലെ അപൂര്‍വഗ്രന്ഥങ്ങളും പ്രബന്ധങ്ങളും മറ്റും മറ്റു ലൈബ്രറികള്‍ക്കുകൂടി പ്രയോജനപ്പെടുത്താന്‍ കഴിയുന്നു.

അന്താരാഷ്‌ട്രപ്രശസ്‌തി നേടിയ ശാസ്‌ത്രജ്ഞന്മാരെ വരുത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്‌ത്രജ്ഞന്മാരുമായി സാങ്കേതികവിജ്ഞാനം കൈമാറുക പതിവാണ്‌. ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും വ്യവസായസ്ഥാപനങ്ങളും ഗവണ്‍മെന്റും സാങ്കേതികോപദേശം തേടാറുണ്ട്‌. ബംഗളൂരുവില്‍ ഈ സ്ഥാപനം പൊതുവേ അറിയപ്പെടുന്നത്‌ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്ന പേരിലാണ്‌.

(ഡോ. ആര്‍.എസ്‌. കൃഷ്‌ണന്‍; വി.ശശികുമാര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍