This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ പബ്ലിക്‌ അഡ്‌മിനിസ്‌ട്രഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:10, 28 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ പബ്ലിക്‌ അഡ്‌മിനിസ്‌ട്രഷന്‍

പൊതുഭരണത്തിലും അതുമായി ബന്ധപ്പെട്ട സാമ്പത്തിക-രാഷ്‌ട്രീയ സിദ്ധാന്തങ്ങളിലും ഉന്നതപഠനസൗകര്യം നല്‌കുന്ന സ്ഥാപനം. ഡല്‍ഹിയില്‍ പ്രവർത്തിച്ചുവരുന്നു. പൊതുഭരണസംബന്ധിയായ സമ്മേളനങ്ങളും പ്രസംഗപരമ്പരകളും ചർച്ചായോഗങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കുക; പൊതുഭരണവിജ്ഞാനത്തിനുതകുന്ന പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുക; ഭരണസംബന്ധമായ ഗ്രന്ഥശേഖരമുണ്ടാക്കുകയും അംഗങ്ങള്‍ക്ക്‌ സ്ഥിതിവിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക; ബന്ധപ്പെട്ട ഇതരസ്ഥാപനങ്ങളുമായി പരസ്‌പരബന്ധം പുലർത്തുക; പൊതുഭരണം സംബന്ധിച്ച ഗവേഷണപഠനാദികള്‍ക്ക്‌ ഫെലോഷിപ്പുകള്‍, സ്‌കോളർഷിപ്പുകള്‍, അവാർഡുകള്‍ എന്നിവ ഏർപ്പെടുത്തുക മുതലായവയാണ്‌ ലക്ഷ്യങ്ങള്‍.

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളും തദ്ദേശസ്വയംഭരണ-പൊതുമേഖലാ സ്ഥാപനങ്ങളും നിയോഗിക്കുന്ന ഭരണനിർവഹണോദ്യോഗസ്ഥന്മാർക്കു വേണ്ടി പരിശീലന കോഴ്‌സുകള്‍ ഇവിടെ നടത്തിവരുന്നു. പേഴ്‌സണല്‍ അഡ്‌മിനിസ്‌ട്രഷന്‍, കംപ്യൂട്ടർ സർവീസിങ്‌, ഗവേഷണപദ്ധതികള്‍, റിക്കാർഡ്‌ സൂക്ഷിപ്പ്‌, പരിശീലനസമ്പ്രദായം, നേതൃത്വരീതികള്‍, പ്രാജക്‌ട്‌നിർമാണം, പെർഫോമന്‍സ്‌ ബജറ്റിങ്‌, സംഘടനാവിപുലനം, മാനുഷിക വിഭവസജ്ജീകരണം മുതലായവയാണ്‌ പ്രധാന പഠനശാഖകള്‍. ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഗ്രന്ഥശാലയില്‍ ഒന്നേകാല്‍ലക്ഷത്തില്‍പ്പരം പുസ്‌തകങ്ങളുണ്ട്‌. പൊതുഭരണസംബന്ധിയായ പ്രബന്ധരചനാമത്സരങ്ങള്‍ വർഷന്തോറും ഇവിടെ നടത്തിവരുന്നു.

പ്രസിദ്ധീകരണങ്ങള്‍. ഇന്ത്യന്‍ ജേണല്‍ ഒഫ്‌ പബ്ലിക്‌ അഡ്‌മിനിസ്‌ട്രഷന്‍, നഗർ-ലോക്‌, ഡോക്യുമെന്റേഷന്‍ ഇന്‍ പബ്ലിക്‌ അഡ്‌മിനിസ്‌ട്രഷന്‍ എന്നീ ത്രമാസികകളും ഐ.ഐ.പി.എ. എന്ന മാസികയും ഭരണഘടന, ഗവണ്‍മെന്റിന്റെ ഘടന, ധനകാര്യം, ബജറ്റിങ്‌, അക്കൗണ്ടിങ്‌, മുനിസിപ്പല്‍ ഭരണം, സാമൂഹികസേവനം, പഞ്ചായത്തീരാജ്‌, ആസൂത്രണം മുതലായ വിഷയങ്ങളെ പുരസ്‌കരിച്ചുള്ള ഗ്രന്ഥങ്ങളും ഈ സ്ഥാപനം പ്രസിദ്ധീകരിക്കുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഈ സ്ഥാപനത്തിന്‌ മേഖലാഘടകങ്ങളും തദ്ദേശശാഖകളുമുണ്ട്‌.

(ടി.കെ.ഡി. നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍