This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇതിഹാസങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:36, 19 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇതിഹാസങ്ങള്‍

പ്രാചീനവീരകഥാപാത്രങ്ങളുടെ ചരിത്രങ്ങള്‍ വലുതായി വർണിക്കുന്ന ആഖ്യാനകാവ്യങ്ങള്‍. ഇതിഹാസം എന്ന പദത്തിന്‌ പുരാവൃത്തം എന്നേ അർഥമുള്ളൂ. (ഇതിഹാസഃപുരാവൃത്തം എന്ന്‌ അമരകോശം); ഇതിഹ + ആസ (ഇങ്ങനെ സംഭവിച്ചു) എന്നാണ്‌ ഈ പദത്തിന്റെ നിഷ്‌പത്തി.

	"ധർമാർഥകാമമോക്ഷാണാ-
	മുപദേശസമന്വിതം
	പൂർവവൃത്ത കഥായുക്ത-
	മിതിഹാസം പ്രചക്ഷതേ.' 
 

ഇതിന്റെ പര്യായമാണ്‌ "പാരമ്പര്യോപദേശം'. ഇതിൽനിന്ന്‌, മുമ്പേ മുമ്പേ ജീവിച്ചിരുന്നവർ പറഞ്ഞു പിന്‍തലമുറകളിലേക്കു പകർന്ന കഥകളാണ്‌ ഇതിഹാസങ്ങള്‍ എന്നു സിദ്ധിക്കുന്നു. മുന്‍പു സംഭവിച്ചവയെന്ന നിലയിൽ പറയപ്പെടുന്ന ഇത്തരം കഥകളിൽ വീരചരിതങ്ങള്‍ക്കു സുപ്രധാനമായ ഒരു സ്ഥാനമുണ്ട്‌. മുന്‍കാലത്ത്‌ ശത്രുക്കളെ ജയിച്ചു കീഴടക്കുന്ന പരാക്രമശാലികള്‍ സർവാദൃതരായിരുന്നു; അവരുടെ അപദാനങ്ങള്‍ പ്രകീർത്തിക്കുവാന്‍ കവികള്‍ സന്നദ്ധരായി. ഇങ്ങനെ ആവിർഭവിച്ച വീരകഥകളെ ക്രാഡീകരിച്ചു സുവിസ്‌തൃതമായി മഹാകവികള്‍ സോദ്ദേശ്യം നിർമിച്ച കൃതികളാണ്‌ ഇതിഹാസങ്ങള്‍. മനുഷ്യജീവിതം പോലെ "പ്രതിജനഭിന്നവിചത്രമാർഗ'മാണ്‌ ഇതിഹാസങ്ങളും. വിവിധഭാഷകളിലും വിവിധദേശങ്ങളിലും ഇവ ഭിന്നരൂപങ്ങള്‍ കൈക്കൊള്ളുന്നു. പാശ്ചാത്യലോകത്തിൽ ഗ്രീസും പൗരസ്‌ത്യലോകത്തിൽ ഇന്ത്യയുമാണ്‌ മാതൃകായോഗ്യങ്ങളായ മഹേതിഹാസങ്ങള്‍ക്കു ജന്മം നല്‌കിയ രാജ്യങ്ങള്‍. ഗ്രീസിൽ ഹോമർ രചിച്ച ഇലിയഡും ഒഡീസ്സിയും ഭാരതത്തിൽ വാല്‌മീകി രാമായണവും വ്യാസഭാരതവുമാണ്‌ ഇതിഹാസസാഹിത്യത്തിനുള്ള ഉത്‌കൃഷ്‌ടനിദർശനങ്ങള്‍. പാശ്ചാത്യനിരൂപകന്മാർ ചൂണ്ടിക്കാണിച്ചിട്ടുള്ള ഇതിഹാസലക്ഷണങ്ങളിൽ പലതും ഭാരതീയേതിഹാസങ്ങള്‍ക്കും യോജിക്കും. അവരുടെ അഭിപ്രായത്തിൽ ഇതിഹാസകാവ്യങ്ങളിലെ ക്രിയാംശവും കഥാപാത്രാവിഷ്‌കരണവും ഉന്നതനിലവാരം പുലർത്തുന്നവയായിരിക്കണം; ശൈലി ഉത്‌കൃഷ്‌ടവും ഗംഭീരവും; അടിസ്ഥാനപരമായ പ്രമേയം സാർവജനീനവും ശാശ്വതമായ മാനുഷികപ്രശ്‌നങ്ങളെ സംബന്ധിക്കുന്നതുമായിരിക്കണം; സംഭവവിവരണം മനുഷ്യചരിത്രത്തിന്റെ അഥവാ സംസ്‌കാരത്തിന്റെ തുടക്കം മുതൽ സമാർജിച്ച അനുഭവങ്ങളുടെ സങ്കീർണസമന്വയവും കഥാനായകന്‍ ദേശീയമോ സാംസ്‌കാരികമോ മതപരമോ ആയ ആദർശങ്ങളുടെ മൂർത്തിമദ്‌ഭാവവും ആയിരിക്കണം. പുരാവൃത്തസംബന്ധിയായ ഒരു കേന്ദ്രസംഭവത്തോടോ സംഭവപരമ്പരകളോടോ കൂടിയ ഇതിവൃത്തത്തിന്‌ ഇതിഹാസങ്ങളിൽ സർവപ്രധാനമായ സ്ഥാനമുണ്ട്‌.

കഥാപാത്രങ്ങള്‍. ഇതിഹാസകഥാനായകനിൽ വിളങ്ങേണ്ട ഗുണം ധീരോദാത്തതയാണ്‌. തന്റെ ഭൗതികക്ഷേമത്തിനും അപ്പുറമുള്ള ഏതോ ഒന്നിനുവേണ്ടി ഉത്‌ക്കടമായ അഭിവാഞ്‌ഛയും ആ ലക്ഷ്യം പ്രാപിക്കുന്നതിന്‌ തന്റെ എല്ലാ സുഖസൗകര്യങ്ങളും സുരക്ഷിതത്വവും ജീവിതംതന്നെയും ബലികഴിക്കാനുള്ള സന്നദ്ധതയും അതിൽ അന്തർഭവിക്കുന്നു. ഒരു വർഗത്തിന്റെയോ രാഷ്‌ട്രത്തിന്റെയോ മാനവരാശിയുടെതന്നെയോ ഭൗതികവും ആത്മീയവുമായ ക്ഷേമമാണ്‌ ആ ത്യാഗത്തിന്റെ ലക്ഷ്യം. ത്യാഗയോഗ്യമായ ലക്ഷ്യങ്ങള്‍ കാലദേശ വ്യത്യാസമനുസരിച്ച്‌ ഭിന്നമായിരിക്കുമെങ്കിലും നിയതമായ ഒരു ലക്ഷ്യം കൂടിയേതീരൂ.

ഹെലന്‍-പെയിന്റിങ്‌
രാമരാവണയുദ്ധം-പെയിന്റിങ്‌

ഇതിഹാസകവി തന്റെ പ്രതിപാദ്യവിഷയത്തെയും കഥാപാത്രങ്ങളെയും ഉദാത്തവത്‌കരിക്കുന്നതിൽ സവിശേഷമായ നിഷ്‌കർഷചെലുത്തുന്നു. കഥാനായകന്മാർ ആദർശയോഗ്യമായ ഗുണങ്ങള്‍ തികഞ്ഞവരായിരിക്കും. അവരുടെ ഭാഗധേയത്തിൽ ദേവന്മാരും ദേവിമാരും തത്‌പരരാണ്‌. പ്രതിനായകന്മാരെയും തുല്യപ്രഭാവന്മാരായിട്ടാണ്‌ ചിത്രീകരിക്കുക; അവർ ദുർഗുണങ്ങളുടെമാത്രം പ്രതിനിധികളായിരിക്കില്ല; ഗണ്യമായ ചില ഗുണവിശേഷങ്ങള്‍ അവർക്കും ഉണ്ടായിരിക്കും. എന്നാൽ അധാർമികതയുടെ മുന്‍തൂക്കം അവരുടെ പതനത്തെ ന്യായീകരിക്കുന്നു. പ്രബലനായ പ്രതിയോഗിയെ ജയിക്കുന്ന നായകന്‍ മാത്രമേ ആദർശയോഗ്യനാവുകയുള്ളൂ. പൂർവികന്മാരുടെ മഹത്വത്തിൽ അഭിമാനം ജനിപ്പിക്കയും അവരെ അനുകരിക്കാന്‍ പ്രരിപ്പിക്കയുമാണ്‌ ഇതിഹാസ കവി ചെയ്യുന്നത്‌. ഇതിഹാസത്തിലെ മനുഷ്യകർമങ്ങള്‍ ശ്രഷ്‌ഠമാണ്‌. മനുഷ്യകഥാപാത്രങ്ങള്‍തന്നെ ചിലപ്പോള്‍ അതിമാനുഷികത്വത്തിലേക്ക്‌ ഉയരുന്ന കാഴ്‌ചയും കാണാം. കഥാവസ്‌തു. ക്രിയാംശം ഏറിയകൂറും യുദ്ധമോ സഞ്ചാരമോ ആയിരിക്കും. ഇവ രണ്ടും മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രാചീനവും സാർവത്രികവുമായ പ്രതിഭാസങ്ങളാണ്‌. ജീവിതത്തെ ഒരു സമരവും ഏതോ സ്വർഗരാജ്യം ലക്ഷ്യമാക്കിയുള്ള പ്രയാണവുമായി കവികള്‍ സങ്കല്‌പിക്കുന്നു. ഈ സങ്കല്‌പത്തിന്റെ പ്രതീകാത്മകചിത്രീകരണമാണ്‌ ഇതിഹാസങ്ങളിൽ കാണുന്നത്‌. അവയിൽ എല്ലാ ജ്ഞാതലോകത്തെയും പറ്റിയുള്ള പരാമർശങ്ങളും പൂർവകഥാകഥനങ്ങളും ദർശനങ്ങളും പ്രവചനങ്ങളും അടങ്ങിയിരിക്കും. ഇവയ്‌ക്കെല്ലാം ഭൂതകാലത്തേക്കും ഭാവികാലത്തേക്കും വ്യാപ്‌തിയുണ്ടായിരിക്കും. ഒരു വശത്തുകൂടി ഭൂതവും മറുവശത്തുകൂടി ഭാവിയും കാണാവുന്ന ഒരു കമാനംപോലെയാണ്‌ ഇതിഹാസരചന. സംഭവചിത്രങ്ങള്‍ പ്രതിരൂപാത്മകവ്യാഖ്യാനങ്ങള്‍ക്കു വകനല്‌കും; കഥാപാത്രങ്ങള്‍ ഏറെക്കുറെ എല്ലാ മനുഷ്യരുടെയും പ്രതിനിധികളാണെന്ന വിശ്വാസം ജിപ്പിക്കയും ചെയ്യും. ചിലപ്പോള്‍ ഭീമാകാരന്മാരായിരിക്കും കഥാപാത്രങ്ങള്‍; എങ്കിലും മനുഷ്യന്റെ സ്വഭാവം തന്നെയാണ്‌ അവരിലും ആരോപിക്കുക. മേൽപ്രസ്‌താവിച്ച മഹേതിഹാസങ്ങള്‍ക്കുമുമ്പും ഇതിഹാസകഥകള്‍ ആവിർഭവിച്ചിട്ടുണ്ടെന്നു പണ്ഡിതന്മാർ പറയുന്നു. പലതും നശിച്ചുപോയി; അവശേഷിട്ടുള്ളവയിൽ ഏറ്റവും പ്രാചീനമെന്നു കരുതപ്പെടുന്നത്‌ ഗിൽഗമേഷ്‌ എന്ന ഹിറ്റൈറ്റ്‌ ഇതിഹാസമാണ്‌. ഇത്‌ ക്രിസ്‌തുവിന്‌ മൂവായിരമോ നാലായിരമോ വർഷംമുമ്പുണ്ടായതാവാമെന്നാണ്‌ അഭ്യൂഹം. ഇതിന്റെ രചയിതാവായ സിന്‍ലിക്‌ ഉന്നീനി ഗ്രീസിലെയും ഇന്ത്യയിലെയും പ്രസിദ്ധവീരേതിഹാസരചയിതാക്കളുടെ മുന്നോടിയാണെന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ കാവ്യം കണ്ടുകിട്ടിയത്‌ അസിറിയന്‍ ചക്രവർത്തിയായ അഷൂർ ബാനിപാലിന്റെ (ബി.സി. 668-626) കൊട്ടാരം ഗ്രന്ഥാലയത്തിൽനിന്നാണ്‌. ഗ്രീക്കുകാരും റോമാക്കാരുമാണ്‌ ഇതിഹാസസാഹിത്യത്തിന്റെ മാർഗദർശികള്‍ എന്നു ചില പാശ്ചാത്യനിരൂപകന്മാർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അതു ദുർബലമായ ഒരു അവകാശവാദമാണ്‌. മഹത്ത്വത്തിലും ഗാംഭീര്യത്തിലും മറ്റ്‌ ഏതു ഇതിഹാസത്തെയും പിന്നിലാക്കുന്ന മഹാഭാരതവും രാമായണവും ഭാരതീയപ്രതിഭയുടെ സൃഷ്‌ടികളാണ്‌. രാമായണവും ഭാരതവും. ശ്രീരാമകഥയെ ആസ്‌പദമാക്കി വാല്‌മീകി രചിച്ച ഇതിഹാസമാണ്‌ രാമായണം. ഇതിന്റെ ആദ്യരൂപത്തിൽ ചില സങ്കലനങ്ങള്‍ പില്‌ക്കാലത്ത്‌ ഉണ്ടായിട്ടുണ്ട്‌. ഇതിന്റെ നിർമാണകാലം മഹാഭാരതത്തിനുമുമ്പോ പിമ്പോ എന്നു ഖണ്ഡിതമായി പറയാന്‍ നിവൃത്തിയില്ല; എങ്കിലും ആദികാവ്യമെന്ന പ്രശസ്‌തി രാമായണത്തിനാണുള്ളത്‌. സർവോത്‌കൃഷ്‌ടമായ രാജത്വത്തിന്റെയും ധർമച്യുതിയേല്‌ക്കാത്ത സതീത്വത്തിന്റെയും നിദർശനങ്ങളായിട്ടാണ്‌ കവി ഇതിലെ നായകനെയും നായികയെയും ചിത്രീകരിച്ചിരിക്കുന്നത്‌. ഭക്തിക്കും ആധ്യാത്മികതയ്‌ക്കുമെന്നപോലെ കാവ്യഭംഗിക്കും വിശ്വമഹാകാവ്യങ്ങളുടെ മുന്‍പന്തിയിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ള കൃതിയാണ്‌ വാല്‌മീകിരാമായണം. പ്രാചീനകാലം മുതല്‌ക്കേ ഭാരതീയജനജീവിതത്തിൽ രാമായണം ചെലുത്തിപ്പോരുന്ന സ്വാധീനശക്തി അന്യാദൃശമാകുന്നു. വാല്‌മീകിരാമായണത്തെ അവലംബമാക്കി ഭാരതീയഭാഷകളിൽ മറ്റു രാമായണങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. ഹിന്ദിയിൽ തുളസീദാസന്റെ രാചരിതമാനസവും തമിഴിൽ കമ്പരാമായണവും ആ കൂട്ടത്തിൽ പ്രഥമഗണനീയങ്ങളാണ്‌. ഇന്നോളമുണ്ടായിട്ടുള്ള ഇതിഹാസങ്ങളിൽവച്ച്‌ ഏറ്റവും ബൃഹത്തും ശ്രഷ്‌ഠവും ആണ്‌ വ്യാസപ്രണീതമായ മഹാഭാരതം. ഇലിയഡും ഒഡീസ്സിയും കൂട്ടിച്ചേർത്താലും ഇതിന്റെ എട്ടിലൊന്നു വലിപ്പമേ വരൂ. കൗരവന്മാരും പാണ്ഡവന്മാരും തമ്മിൽ നടന്ന ഒരു കുടുംബകലഹകഥയെ കേന്ദ്രീകരിച്ചാണ്‌ ഈ മഹേതിഹാസ സൗധം നിർമിച്ചിരിക്കുന്നത്‌. ഇത്‌ കേവലമൊരു യുദ്ധവിവരണഗ്രന്ഥമല്ല, ഒരു വിജ്ഞാനഭണ്ഡാഗാരമാണ്‌. ചരിത്രവും തത്ത്വജ്ഞാനവും ധർമശാസ്‌ത്രവും നീതിശാസ്‌ത്രവും എല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു. ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളും വർണനകളും തത്ത്വോപദേശങ്ങളും ഇതിലുള്ളതുപോലെ മറ്റൊരു ഇതിഹാസ കാവ്യത്തിലുമില്ല. ഭാരതത്തിന്റെ പ്രാചീന ചരിത്രങ്ങളിലേക്കു വെളിച്ചംവീശുന്ന ഇതിഹാസവും സൃഷ്‌ടിരഹസ്യങ്ങളുടെയും അവതാരങ്ങളുടെയും കഥ പറയുന്ന പുരാണവും ധർമഗ്രന്ഥവും കാവ്യവും എല്ലാമാണ്‌ മഹാഭാരതം.

	"ധർമേ ചാർഥേ ച കാമേ ച
	മോക്ഷേ ച ഭരതർഷഭ,
	യദിഹാസ്‌തി തദന്യത്ര
	യന്നേഹാസ്‌തി നതത്‌ ക്വചിത്‌'
 

(ധർമാർഥകാമമോക്ഷവിഷയകമായി ഇതിലുള്ളത്‌ മറ്റൊരിടത്തുണ്ടാകാം; എന്നാൽ, ഇതിലില്ലാത്തതു മറ്റെങ്ങും തന്നെയില്ല) എന്ന മഹാഭാരതവാക്യത്തിൽ തത്‌കർത്താവ്‌ അതിർകടന്ന അവകാശവാദമല്ല ചെയ്‌തിരിക്കുന്നത്‌. ഏതുകാലത്തും ഏതുദേശത്തും ധാർമികവും സാന്മാർഗികവുമായതേ ജയിക്കൂ എന്ന തത്ത്വത്തെ ഉപബൃംഹണം ചെയ്യുന്ന വിജ്ഞാനരാശികളുടെ ഒരു കലവറയായും ധാർമികത്വത്തിന്റെയും സത്യത്തിന്റെയും സൂക്ഷ്‌മരഹസ്യം സാക്ഷാത്‌കരിച്ച കൃഷ്‌ണന്‍, വിദുരർ, ഭീഷ്‌മർ, വ്യാസന്‍ തുടങ്ങിയ അനേകം വിശ്വാചാര്യന്മാരുടെ സംഗമരംഗമായ ഒരു സർവകലാശാലയായും വാക്കും മനസ്സും കടന്നുചെല്ലാത്ത അപാരതയുടെ വിശ്വരൂപം പ്രതിഫലിപ്പിക്കുന്ന ഒരു ദിവ്യദർപ്പണമായും മഹാഭാരതം സങ്കീർത്തനം ചെയ്യപ്പെടുന്നു. ധർമപ്രബോധനപരമായ ഈ ഇതിഹാസം കലിവർഷം തുടങ്ങി ഒരു ശതകം കഴിയും മുമ്പ്‌ വൈശംപായനന്‍ ജനമേജയന്‌ ഉപദേശിച്ചുകൊടുത്തതാകയാൽ ഇതിന്‌ 5,000 കൊല്ലത്തെ പഴക്കമുണ്ടെന്നു അവകാശപ്പെടുന്നു. എന്നാൽ ചരിത്രകാരന്മാർ ഇതിനോട്‌ യോജിക്കുന്നില്ല.

ഇലിയഡ്‌, ഒഡീസ്സി. യൂറോപ്യന്‍ സാഹിത്യത്തിലെ അതിപ്രഖ്യാതമായ ഇതിഹാസകൃതികളാണ്‌ ഇലിയഡും ഒഡീസ്സിയും നിലവിലിരുന്ന വീരഗാഥകളിൽനിന്നു ചില ഭാഗങ്ങളെടുത്തു വിവരിക്കുകയാണ്‌ ഹോമർ ചെയ്‌തത്‌. ആക്കിലസ്സിന്റെയും ഒഡിസ്യുസ്സിന്റെയും വീരകൃത്യങ്ങളെ വർണിക്കുന്ന ഇതിഹാസങ്ങളാണിവ. സ്‌പാർട്ടന്‍ രാജാവായ മെനിലോസിന്റെ പത്‌നിയും ലോകൈകസുന്ദരിയുമായ ഹെലനെ ട്രായിയിലെ രാജാവായ പ്രിയാമിന്റെ പുത്രന്‍ പാരീസ്‌ തട്ടിക്കൊണ്ടുപോയതും മെനിലോസും അഗമെമ്‌നനും മറ്റും ചേർന്നു യുദ്ധംചെയ്‌ത്‌ അവളെ വീണ്ടെടുത്തതുമാണ്‌ ഇലിയഡിലെ കഥ. ട്രാജന്‍ കഥയിലെ ഒരു ഭാഗം മാത്രമേ ഹോമർ സ്വീകരിച്ചിട്ടുള്ളൂ. "ആക്കിലസ്സിന്റെ കോപം' എന്ന്‌ ആ ഗ്രന്ഥത്തെ ന്യായമായി വിളിക്കാവുന്നതാണ്‌. ഗ്രീക്കു യോദ്ധാക്കളിൽ പ്രധാനിയായ ഒഡിസ്യുസ്സിന്റെ (ലത്തിനിൽ യുളീസസ്‌) മടക്കയാത്രയെ വിവരിക്കുന്ന ഇതിഹാസമാണ്‌ ഒഡീസ്സി. ബി.സി. 8-ാം ശതകത്തോടടുപ്പിച്ച്‌ ആവിർഭവിച്ചതായി ഗണിക്കപ്പെടുന്ന ഈ രണ്ടു കൃതികളും പിന്നീട്‌ അനേക ശതവർഷങ്ങളിൽ ഇതിഹാസരചയിതാക്കള്‍ക്കു മാതൃകയായിത്തീർന്നു.

മറ്റുചിലവ. അലക്‌സാന്‍ഡ്രിയന്‍ ഗ്രീക്കു സംസ്‌കാരത്തിന്റെ സൃഷ്‌ടിയാണ്‌ അപ്പൊളൊണിയസ്‌ രചിച്ച അർഗോനോട്ടിക്‌ (ബി.സി. 3-2 നൂറ്റാണ്ടുകള്‍). ഗ്രീക്ക്‌ ഇതിഹാസങ്ങളുടെ അനുകർത്താക്കളിൽ പ്രമുഖന്മാർ റോമാക്കാരാണ്‌. അവരുടെ ദേശീയേതിഹാസമാണ്‌ വെർജിലിന്റെ (ബി.സി. 70-19) ഈനിഡ്‌. ട്രാജന്‍ കഥകളിൽ ഒന്നാണ്‌ ഇതിനും അവലംബം. ഗ്രീക്ക്‌ ഇതിഹാസങ്ങളോട്‌ ഇതിനുള്ള കടപ്പാട്‌ പ്രകടമാണ്‌. ഒരു യഥാർഥ ചരിത്രസംഭവത്തെ ആസ്‌പദമാക്കി രചിക്കപ്പെട്ട സ്വതന്ത്ര ഇതിഹാസമാണ്‌ ലൂക്കന്റെ (എ.ഡി. 39-65) ഫാർസേസിയ. പോമ്പിയും സീസറും തമ്മിൽ നടന്ന യുദ്ധമാണ്‌ ഇതിലെ പ്രതിപാദ്യം. പ്രകൃത്യതീതശക്തികളുടെ ഇടപെടൽ ഇതിൽ പരിവർജിച്ചിരിക്കുന്നു. പഴയ ഇംഗ്ലീഷിലെ അതിപ്രസിദ്ധമായ കൃതിയാണ്‌ ബിയോവുള്‍ഫ്‌ (Beowulf) (എ.ഡി. 10-ാം ശ.). ചരിത്രം, നാടോടിക്കഥകള്‍, പുരാണകഥകള്‍, പഴയ പാട്ടുകള്‍ എന്നിവയെ ആധാരമാക്കി രചിച്ചിട്ടുള്ള ഈ കൃതിയിൽ അജ്ഞാതനാമാവായ കവി വെർജിലിന്റെ കാവ്യഗൗരവം കലർത്താന്‍ ശ്രമിച്ചിട്ടുണ്ട്‌. പേർഷ്യന്‍കവിയായ ഫിർദൗസി (സു. 950-1020)യുടെ ഷാനാമ എന്ന ഇതിഹാസകൃതിയിൽ ജംഷദ്‌, റസ്‌തം തുടങ്ങിയ പേർഷ്യന്‍ വീരപുരുഷന്മാരുടെ കഥ ആഖ്യാനം ചെയ്‌തിരിക്കുന്നു.

രഥമേറിയ കൃഷ്‌ണാർജുനന്മാർ-പെയിന്റിങ്‌
ഭീഷ്‌മശപഥം-രവിവർമ പെയിന്റിങ്‌

മധ്യകാലയൂറോപ്പിൽ ഇതിഹാസകാവ്യനിർമാണം ഊർജിതമായി നടന്നു. 12-ാം ശ.-ത്തിൽ പഴയ ഫ്രഞ്ചിൽ വിരചിതമായ റോളാന്‍ങിന്റെ ഗാനം ഈ കാലത്തുണ്ടായ ഏറ്റവും പഴക്കമുള്ള കൃതിയാണ്‌. 4,000 വരികളുള്ള ഈ കൃതി ചാന്‍സണ്‍ ഡി ജെസ്റ്റേ എന്ന പേരിൽ സുവിദിതമായ വീരഗാനപരമ്പരയിൽ ഏറ്റവും പ്രസിദ്ധമാണ്‌. ചരിത്രവസ്‌തുതകളുടെ ദുർബലമായ ഒരു അസ്ഥിക്കൂടു മാത്രമേ ഇതിനുള്ളൂ. മുന്‍ ശതാബ്‌ദത്തിൽ എഴുതിയതും ഇപ്പോള്‍ കിട്ടാനില്ലാത്തതുമായ ഒരു കാവ്യത്തിൽ നിന്നാവണം ഈ കൃതി ഇന്നു കാണുന്ന രൂപത്തിൽ സമ്പാദിച്ചത്‌. റോളാന്‍ങിന്റെ വീരകൃത്യങ്ങള്‍ നോർമന്മാന്‍ ഹേസ്റ്റിംഗ്‌സ്‌ യുദ്ധത്തിൽ (1066) പാടിയിരുന്നുവത്ര. അല്‌പകാലംകൂടി കഴിഞ്ഞ്‌ സ്‌പെയിനിൽ ഉണ്ടായ ഇതിഹാസമാണ്‌ കന്റാർ ഡി മിയോസിഡ്‌ (1140). ക്രിസ്‌ത്യാനികളും മുഹമ്മദീയരും തമ്മിൽ നടന്ന പോരാട്ടത്തിൽ പല പരാക്രമങ്ങളും നടത്തിയ റോഡ്രിഗോ ഡയസ്‌ എന്ന രണവീരനാണ്‌ ഇതിലെ കഥാനായകന്‍. അയാള്‍ മരിച്ച്‌ അധികം കഴിയുംമുമ്പ്‌ എഴുതിയ ഈ കൃതി ഒരു വീരപുരുഷന്‌ എത്രവേഗം ഒരു ഇതിഹാസപാത്രമാകാന്‍ കഴിയും എന്നുള്ളതിന്‌ ഉദാഹരണമാണ്‌. 13-ാം ശ.-ത്തിന്റെ ആദ്യം ഏതോ ഒരു ആസ്റ്റ്രിയന്‍കവി എഴുതിയ നീബലുംഗെന്‍ലീഡ്‌ ജർമന്‍കാരുടെ ഇടയിൽ വളരെ പ്രചാരവും പ്രശസ്‌തിയും നേടിയ ഇതിഹാസകാവ്യമാണ്‌. ചരിത്രാതീതകാലത്തെ സ്‌കാന്‍ഡിനേവിയന്‍ പഴങ്കഥകളെയും ജർമന്‍കാരുടെ അധിനിവേശം സംബന്ധിച്ച അർധചരിത്രസ്വഭാവങ്ങളായ ഐതിഹ്യങ്ങളെയും കവി ഇതിന്റെ രചനയ്‌ക്ക്‌ ഉപാശ്രയിച്ചിട്ടുണ്ട്‌. ഐസ്‌ലാന്‍ഡുകാരുടെ പ്രസിദ്ധമായ എഡ്ഡാ എന്ന ഇതിഹാസത്തിന്റെ രചനയ്‌ക്കു പ്രചോദനം നല്‌കിയതും ഈ കഥകളാണ്‌.

പില്‌ക്കാലങ്ങളിൽ. നവോത്ഥാനകാലത്ത്‌ (15-17 നൂറ്റാണ്ടുകള്‍) യൂറോപ്പിന്റെ ഇതരഭാഗങ്ങളിൽ ഇതിഹാസരചനയ്‌ക്കു കവികള്‍ മനഃപൂർവം ശ്രമിക്കുകയുണ്ടായി. വെർജിലിന്റെ പ്രചോദനം ഏറെക്കുറെ ഇക്കാലത്തും തുടർന്നുകൊണ്ടിരുന്നു. ഡിവൈന്‍ കോമഡിയുടെ രചനയിൽ ഡാന്റേയ്‌ക്കു (1265-1321) മാർഗദർശനം നല്‌കിയത്‌ വെർജിലാണ്‌. നിഷ്‌കൃഷ്‌ടമായി പറഞ്ഞാൽ ഡിവൈന്‍ കോമഡി ഒരു ഇതിഹാസമല്ല, മഹാകാവ്യമാണ്‌; എന്നാൽ ഇതിഹാസത്തിന്റെ ചില അംശങ്ങള്‍ അതിൽ അടങ്ങിയിട്ടുണ്ട്‌. പഴയ വീരപരാക്രമത്തിന്റെയും ആത്മീയൗന്നത്യത്തിന്റെയും നാദം അതിൽ കേള്‍ക്കാം. ഐതിഹാസികമായ ഒരു സാഹസികയാത്രയാണ്‌ അതിൽ വിവരിച്ചിരിക്കുന്നത്‌. ഇതിലെ പ്രതിരൂപാത്മകത്വം മറ്റ്‌ ഇതിഹാസങ്ങളിൽ സാധാരണമല്ല. പിന്‍ഗാമികളായ ഇറ്റാലിയന്‍ കവികള്‍ കാല്‌പനികതയും ഹാസ്യാത്മകതയും കലർത്തി ഒരു പുതിയ ഇതിഹാസരൂപം സൃഷ്‌ടിച്ചു. ബോയിയാർഡോ തന്റെ ഓർലാന്‍ഡോ ഇന്നമൊറാറ്റോ (1487) എന്ന കൃതി ആഭിചാരങ്ങളും അദ്‌ഭുതങ്ങളും കൊണ്ടുനിറച്ചു. ഈ കൃതിയുടെ തുടർച്ചയാണ്‌ അരിയോസ്റ്റോയുടെ ഓർലാന്‍ഡോ ഫൂറിമോസോ (1532). ടാസ്സോയുടെ റിനാള്‍ഡോ (1562), ജെറുസലെ ഡെലിവേർഡ്‌ (1575) എന്നീ കൃതികളിൽ കാല്‌പനികതയുടെ അതിപ്രസരമുണ്ട്‌. വസ്‌തുതകളുടെയും കല്‌പനകളുടെയും സംയോഗഫലമായുള്ള സങ്കീർണത സ്‌പെന്‍സറുടെ ഫെയറി ക്വീനിൽ (1596) കാണാം. തികച്ചും അന്യാപദേശാത്മകമായ ഈ കൃതി ഇതിഹാസപാരമ്പര്യത്തിൽനിന്നും വ്യത്യസ്‌തമായി നിലകൊള്ളുന്നു. ലൂയി ഡി കാമോസ്‌ എന്ന പോർച്ചുഗീസ്‌ കവിയുടെ ലൂസിയാഡ്‌സ്‌ (1570) വാസ്‌കോ ദെ ഗാമായുടെ അപദാനങ്ങളെ പുരസ്‌കരിച്ചുള്ള ഒരു ഇതിഹാസമാണ്‌. ഇതിലെ സമുദ്രയാത്രയുടെയും യുദ്ധത്തിന്റെയും വർണനകള്‍ ക്ലാസ്സിക്കൽ ഇതിഹാസങ്ങളെ അനുസ്‌മരിപ്പിക്കും. ഇംഗ്ലീഷുഭാഷയിൽ മിൽട്ടന്റെ പാരഡൈസ്‌ ലോസ്റ്റ്‌ (1667) സാഹിത്യപ്രധാനമായ ഇതിഹാസത്തിന്റെ വിജയവൈജയന്തിയാണ്‌. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമാണ്‌ ഇതിലെ പ്രതിപാദ്യം. പല അംശങ്ങളിലും കവി ഹോമറെയും വെർജിലിനെയും അനുകരിച്ചിരിക്കുന്നു.

17-ാം ശ.-ത്തിൽ ഇതിഹാസഭ്രമം ഒരു രോഗംപോലെ പാശ്ചാത്യരാജ്യങ്ങളിൽ കടന്നുകൂടി. നവോത്ഥാനകാലനിരൂപണങ്ങളാണ്‌ അതിനു വഴിതെളിച്ചത്‌. 18-ാംശ.-ത്തിൽ ഈ പ്രവണതയ്‌ക്ക്‌ ഒരു തിരിച്ചടിയെന്നോണം ഉണ്ടായ കൃതികളാണ്‌ പോപ്പിന്റെ ഡണ്‍സിയാഡ്‌, റേപ്പ്‌ ഒഫ്‌ ദി ലോക്ക്‌ (1714), വോള്‍ട്ടയറുടെ പുസല്ലി, ബട്‌ലറുടെ ഹുഡിബ്രാസ്‌, ബൈറന്റെ ഡോണ്‍ ജൂവന്‍ മുതലായവ. 19-ാം ശതകംതൊട്ട്‌ കവികള്‍ക്ക്‌ ഇതിഹാസരചനയിൽ താത്‌പര്യം കുറഞ്ഞു. ഐറിഷ്‌ കവിയായ ഫെർഗുസന്റെ കോംഗൽ (1872) പോലെ ചില കൃതികള്‍ ഉണ്ടായിട്ടില്ലെന്നില്ല. കീറ്റ്‌സിന്റെ ഹൈപ്പിറിയണ്‍ (1818), മാത്യു ആർനള്‍ഡിന്റെ സോറാബും റസ്റ്റമും (1853) എന്നീ കൃതികളിൽ ഐതിഹാസികഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. കവികള്‍ ഇതിഹാസരചനയ്‌ക്ക്‌ പരാങ്‌മുഖരായെങ്കിലും നോവലിസ്റ്റുകള്‍ ഐതിഹാസികേതിവൃത്തങ്ങള്‍ പൂർവാധികം കൈകാര്യം ചെയ്യാന്‍ തുടങ്ങി. അമേരിക്കന്‍ നോവലിസ്റ്റായ മെൽവില്ലിന്റെ മോബി ഡിക്ക്‌ (1851) ഇതിഹാസസ്വഭാവമുള്ള ഒരു നോവലാണ്‌. പുരാവൃത്തവും കഥയും ധർമാനുശാസനങ്ങളും നീതിസംഹിതയും തത്ത്വോപദേശവും മറ്റും അടങ്ങിയതും ഗദ്യപദ്യസമ്മിശ്രവുമായ ബൈബിളിലെ പഴയനിയമവും ഒരു ഇതിഹാസമായി കണക്കാക്കാവുന്നതാണ്‌. ഈ കാവ്യശാഖയിൽ ഇന്ത്യയ്‌ക്കും ഗ്രീസിനും പ്രാപിക്കാന്‍ കഴിഞ്ഞ ഔന്നത്യത്തിലേക്ക്‌ ആരോഹണം ചെയ്യാന്‍ മറ്റൊരു രാജ്യത്തിനും സാധിച്ചിട്ടില്ല.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍