This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടുക്കിപദ്ധതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:49, 11 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇടുക്കിപദ്ധതി

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി. പെരിയാറിൽനിന്നും തിരിക്കുന്ന ജലം ഉപയോഗിച്ച്‌ വൈദ്യുതോത്‌പാദനം നടത്തുന്ന ഈ പദ്ധതിയിൽ ഏഷ്യയിൽ ആദ്യമായി പ്രയോഗത്തിൽവരുത്തിയ പല സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയിരുന്നു.

ലഘുചരിത്രം. മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോണ്‍ ഇടുക്കിയുടെ വൈദ്യുതോത്‌പാദനസാധ്യതകള്‍ മനസ്സിലാക്കി, അതിനെപ്പറ്റി 1935-ൽ മലയാള മനോരമയിൽ ഒരു കുറിപ്പ്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. ഊരാളിവർഗത്തലവനായ ചെമ്പന്‍ കൊലുമ്പന്‍ എന്നയാളിൽനിന്നാണ്‌ ജോണ്‍ ആദ്യമായി ഇടുക്കിമലയിടുക്കിനെക്കുറിച്ച്‌ അറിഞ്ഞത്‌. ചെമ്പന്‍ കൊലുമ്പന്‍ ഒരു വഴികാട്ടിയെന്നനിലയ്‌ക്ക്‌ പിന്നീട്‌ സ്ഥലപരിശോധനയ്‌ക്കെത്തിയ എന്‍ജിനീയർമാർക്ക്‌ സഹായിയായിത്തീർന്നു. ഇടുക്കിപദ്ധതിക്ക്‌ ചെമ്പന്‍ കൊലുമ്പന്‍ ചെയ്‌ത സേവനത്തെ മാനിച്ച്‌ അയാള്‍ക്ക്‌ 40 രൂ. പ്രതിമാസവേതനം നല്‌കാന്‍ വിദ്യുച്ഛക്തി ബോർഡ്‌ പിന്നീട്‌ തീരുമാനിക്കുകയുണ്ടായി. ഇതുകൂടാതെ കൊലുമ്പന്റെ പൗത്രിക്ക്‌ ഇലക്‌ട്രിസിറ്റി ബോർഡിൽ ജോലി നല്‌കിയിട്ടുമുണ്ട്‌.

1937-ൽ രണ്ട്‌ ഇറ്റാലിയന്‍ എന്‍ജിനീയർമാർ വൈദ്യുത പദ്ധതികളെപ്പറ്റി തിരുവിതാംകൂർ ഗവണ്‍മെന്റിന്‌ നല്‌കിയ റിപ്പോർട്ടിൽ ഇടുക്കിയിൽ ഒരു അണകെട്ടി ഏകദേശം 150 കി.മീ. ജലപാതം ഉപയോഗിച്ച്‌ ഏതാണ്ട്‌ 50,000 കി.വാ. ശേഷിയുള്ള ഒരു പവർഹൗസ്‌ സ്ഥാപിക്കാമെന്ന്‌ പറഞ്ഞിരുന്നു. 1947-ൽ അന്നത്തെ ഇലക്‌ട്രിസിറ്റി ചീഫ്‌ എന്‍ജിനീയർ ജോസഫ്‌ ജോണിന്റെ നേതൃത്വത്തിൽ എന്‍ജിനീയർമാരുടെ ഒരു പഠനസംഘം ഡബ്ല്യു.ജെ. ജോണിന്റെ ഉപദേശത്തോടും സഹകരണത്തോടും കൂടി ഇടുക്കി സന്ദർശിച്ചു. അന്ന്‌ നിശ്ചയിച്ചതനുസരിച്ച്‌ അസിസ്റ്റന്റ്‌ എന്‍ജിനീയർ കെ.ആർ. വാരിയരുടെ നേതൃത്വത്തിൽ ഇടുക്കി ചെറുതോണി അണക്കെട്ടുകളുടെ ഒരു പ്രാഥമികസർവേ നടത്തുകയും വൈദ്യുതപദ്ധതിക്കാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ ഒരു പദ്ധതി ചീഫ്‌ എന്‍ജിനീയർ ആവിഷ്‌കരിച്ച്‌ അതിന്റെ പ്രാഥമിക റിപ്പോർട്ട്‌ ഗവണ്‍മെന്റിന്‌ (1947) സമർപ്പിച്ചു. 1956-ൽ ഇന്ത്യാഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആരംഭിച്ച ഇടുക്കിപദ്ധതിയുടെ ഇന്‍വെസ്റ്റിഗേഷന്‍ 1961-ൽ പൂർത്തിയായി. കൊളംബോപദ്ധതിപ്രകാരം കനേഡിയന്‍ ഗവണ്‍മെന്റുമായി ഉണ്ടാക്കിയ ഉടമ്പടിയനുസരിച്ച്‌ 1963-ൽ പദ്ധതിക്കാവശ്യമായ റോഡ്‌, കെട്ടിടങ്ങള്‍ മുതലായവയുടെ പണിയാരംഭിച്ചു. പലതരത്തിലുള്ള പ്രതിബന്ധങ്ങളും പദ്ധതിയുടെ പുരോഗതി മന്ദഗതിയിലാവാനിടയാക്കി.

1972-നുശേഷമുണ്ടായ വിലക്കയറ്റവും തത്‌ഫലമായുണ്ടായ തൊഴിൽപ്രശ്‌നങ്ങളും സാമ്പത്തികവിഷമതകളും പദ്ധതിയുടെ ക്രമമായ പുരോഗതിക്കു തടസ്സമുണ്ടാക്കി. 1976 ഫെ. 12-ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്‌ഘാടനം ചെയ്‌തു. 68 കോടി രൂപ അടങ്കൽകണ്ടിരുന്ന പദ്ധതിക്ക്‌ ഒന്നാംഘട്ടം ആയപ്പോഴേക്കും 107.5 കോടി രൂപ ചെലവായി. 220 ലക്ഷം പ്രയത്‌നദിവസവും അതിനു വേണ്ടിവന്നു. സാങ്കേതികവിവരങ്ങള്‍. പെരിയാറും അതിന്റെ പോഷകനദിയായ ചെറുതോണിയും തമ്മിൽ യോജിപ്പിച്ച്‌ നിർമിക്കുന്ന ജലാശയമാണ്‌ ഈ പദ്ധതിയുടെ ജലസംഭരണി. 200 കോടി ഘ.മീ. ജലം സംഭരിക്കുന്ന ഈ ജലാശയത്തിൽനിന്ന്‌ തുരങ്കങ്ങളും പ്രഷർഷാഫ്‌റ്റിൽ സ്ഥാപിച്ചിരിക്കുന്ന ഉരുക്കുപൈപ്പുകളും വഴിപ്രവഹിക്കുന്ന ജലം മൂലമറ്റം പവർഹൗസിൽ ആറ്‌ ജനറേറ്ററുകള്‍ പ്രവർത്തിപ്പിക്കും. പവർഹൗസിൽനിന്നും വെളിയിൽ പോകുന്ന വെള്ളം തുരങ്കത്തിലും തോടുകളിലും കൂടി നാച്ചാറിൽവീണ്‌ മൂവാറ്റുപുഴ ആറിൽ എത്തിച്ചേരുന്നു. ഇങ്ങനെ ക്രമീകൃതമായി നിർഗമിക്കുന്ന ജലം ജലസേചനത്തിന്‌ തിരിച്ചുവിടുന്നതിനുള്ള ഒരു പദ്ധതി കേരള പൊതുമരാമത്തുവകുപ്പ്‌ നടപ്പിലാക്കിയിട്ടുണ്ട്‌. വെള്ളപ്പൊക്കനിയന്ത്രണത്തിനും ഇടുക്കിപദ്ധതി പ്രയോജനപ്പെടുന്നു.

ജലവിജ്ഞാനവിവരം. ഇടുക്കിയിൽ പെരിയാറിന്റെ ആവാഹക്ഷേത്രം 526.29 ച.കി.മീ. (പെരിയാർ അണയുടെ ആവാഹക്ഷേത്രം കുറവുചെയ്‌തത്‌) ആണ്‌; ചെറുതോണിയുടെ ആവാഹക്ഷേത്രം 123.71 ച.കി.മീ.-ഉം. പെരിയാർ ആവാഹക്ഷേത്രത്തിലെ ശ.ശ. വാർഷിക വർഷപാതം 3,054 മി.മീ., ചെറുതോണി ആവാഹക്ഷേത്രത്തിലേത്‌. ജലാശയം. ഇടുക്കി, ചെറുതോണി എന്നീ അണക്കെട്ടുകള്‍ ജലപ്രവാഹം തടയുന്നതുമൂലമാണ്‌ ഇടുക്കി ജലാശയം ഉണ്ടാകുന്നത്‌. ഈ ജലാശയത്തിന്‌ ചുറ്റുമുള്ള മലകളിൽ ഒരു താഴ്‌ന്ന സ്ഥലത്തുകൂടി വെള്ളം ഒഴുകിപ്പോകുന്നത്‌ തടയാനായി കുളമാവ്‌ അണക്കെട്ട്‌ പണിതിരിക്കുന്നു. ഇടുക്കിയെയും ചെറുതോണിയെയും (പെരിയാറും ചെറുതോണിയും) വേർതിരിക്കുന്ന മല മുങ്ങുന്നതുകൊണ്ട്‌ ജലാശയം ഒന്നായിത്തീരുന്നു. നിറഞ്ഞ ജലനിരപ്പ്‌ 732.62 മീ.; ഏറ്റവും കൂടിയത്‌ 734.3 മീ.; ഏറ്റവും താഴ്‌ന്നത്‌ 694.72 മീ.; ഉപയോഗിക്കുന്ന ജലസംഭരണശേഷി 14,595 ലക്ഷം ഘ.മീ.; സ്ഥിരം ജലസംഭരണം (ഏറ്റവും താഴ്‌ന്ന ജലനിരപ്പിനു കീഴെ) 5,368 ലക്ഷം ഘ.മീ. ആണ്‌. (ജലനിരപ്പുകളെല്ലാം സമുദ്രനിരപ്പിൽനിന്നുള്ള ഉയരങ്ങളാണ്‌.)

ഇടുക്കി അണക്കെട്ട്‌. കോണ്‍ക്രീറ്റുകൊണ്ടു നിർമിച്ച ഇടുക്കി അണക്കെട്ട്‌ ലോകത്തിലെ ഉയരംകൂടിയ പത്ത്‌ ആർച്ച്‌ അണക്കെട്ടുകളിൽ ഒന്നാണ്‌. ഇന്ത്യയിൽ ഭക്രാ അണക്കെട്ടിനുമാത്രമാണ്‌ ഇതിനെക്കാള്‍ കൂടുതൽ ഉയരം. ഇന്ത്യയിൽ ആദ്യമായി പണിത ആർച്ച്‌ അണക്കെട്ടും ഇതാണ്‌. ഇതിന്റെ ഡിസൈനിന്‌ വേണ്ടിവന്ന ഗണിതക്രിയകള്‍ വളരെ സങ്കീർണങ്ങളാകയാൽ കംപ്യൂട്ടർ ഉപയോഗിച്ച്‌ കാനഡയിലാണ്‌ പ്രാരംഭജോലികള്‍ നിർവഹിക്കപ്പെട്ടത്‌. (അന്ന്‌ ഇന്ത്യയിൽ അത്തരം സൗകര്യങ്ങള്‍ കുറവായിരുന്നു.) ആദ്യം വിവിധരൂപങ്ങള്‍ പരീക്ഷണവിധേയമാക്കി; പിന്നീട്‌ അണക്കെട്ടിന്റെ രണ്ട്‌ മാതൃകകള്‍ ഉണ്ടാക്കി; വെള്ളത്തിനുപകരം രസം ഉപയോഗിച്ച്‌ അണക്കെട്ടിനു താങ്ങേണ്ടിവരുന്ന ക്ലേശം (strain) നിർണയം ചെയ്‌ത്‌ ഗണിതഫലങ്ങളുമായി താരതമ്യപ്പെടുത്തിയതിനുശേഷമാണ്‌ അണക്കെട്ടിന്‌ അവസാനരൂപം നല്‌കിയത്‌. നീളത്തിലും തൂക്കായും വളവുള്ളതും കനംകുറഞ്ഞതുമായ പാരബോളിക (parabolic)ആർച്ച്‌ അണക്കെട്ട്‌ രൂപം, വളരെ കൃത്യമായ ഗണിതപദ്ധതികള്‍ മൂലം കൈവന്ന പദാർഥലാഭം, കോണ്‍ക്രീറ്റ്‌ ഉറയ്‌ക്കുമ്പോള്‍ ഉണ്ടാകുന്ന ചൂട്‌ നിവാരണംചെയ്യുന്നതിന്‌ കോണ്‍ക്രീറ്റ്‌ നിർമാണത്തിന്‌ ജലത്തിനുപകരം ഐസ്‌ ഉപയോഗിക്കൽ, അണക്കെട്ടിൽത്തന്നെ തണുപ്പുള്ള ജലം പ്രവഹിപ്പിക്കുന്ന കുഴലുകള്‍ സ്ഥാപിക്കൽ, സന്ധികള്‍ ബലപ്പെടുത്തുന്നതിനും ചോർച്ച വരാതിരിക്കുന്നതിനും സീലുകളും ഗ്രൗട്ടിങ്ങും (Seals and grouting) ഉപയോഗിക്കൽ, അടിസ്ഥാനത്തിലും വശത്തെ താങ്ങുകളിലും ഉള്ള പാറകളിലെ ക്ലേശങ്ങള്‍ അളക്കൽ, പാറകള്‍ ഉറപ്പിക്കൽ, വശത്തെ പാറയിൽത്തന്നെ കീഴോട്ടുള്ള ഷാഫ്‌റ്റ്‌ സ്ഥാപിക്കൽ, ഉഷ്‌ണമാപിനി, ക്ലേശമാപിനി (Strain gauge) പെന്‍ഡുലം(Uplift gauge) തുടങ്ങിയ ഉപകരണങ്ങള്‍ സ്ഥാപിച്ച്‌ നിർമിതിയിലും ഉപയോഗത്തിലും അണക്കെട്ടിന്റെ പ്രവർത്തനം നിരീക്ഷിക്കൽ തുടങ്ങി ഇടുക്കി ആർച്ച്‌ അണക്കെട്ടിന്റെ സാങ്കേതികരീതികള്‍ അന്താരാഷ്‌ട്രഎന്‍ജിനീയറിങ്‌ നിലവാരത്തിൽത്തന്നെ ഉയർന്നതും പുതുമയാർന്നതുമായിരുന്നു. താഴ്‌ന്ന അടിസ്ഥാനനിരപ്പ്‌ 566.93 മീ.; മുകള്‍നിരപ്പ്‌ (റോഡ്‌) 739.09 മീ.; അണക്കെട്ടിന്റെ താഴ്‌ന്ന അടിസ്ഥാന നിരപ്പിൽനിന്നുള്ള ഉയരം 168.91 മീ.; റോഡ്‌ വീതി 7.32 മീ.; ആകെ മുകള്‍വച്ചം 7.62 മീ.; മുകളിൽ നീളം 365.85 മീ. ആകെ കോണ്‍ക്രീറ്റ്‌ 4.64 ലക്ഷം ഘ.മീറ്റർ. ഇടുക്കി അണക്കെട്ടിൽ ജലനിർഗമനം ഉദ്ദേശിക്കപ്പെട്ടിട്ടില്ല.

ചെറുതോണി അണക്കെട്ട്‌. ഒരു വലിയ ഭൂഗുരുത്വ (gravity) കോണ്‍ക്രീറ്റ്‌ അണക്കെട്ടാണ്‌ ചെറുതോണി. ഈ അണക്കെട്ടിലാണ്‌ ജലാശയത്തിൽ വെള്ളം നിറഞ്ഞാൽ പുറത്തേക്ക്‌ ഒഴുകാനുള്ള നിർഗമനകവാടങ്ങളും പുഴയിലേക്ക്‌ വെള്ളംകൊടുക്കുന്നതിനുള്ള മാർഗങ്ങളും സ്ഥാപിച്ചിരിക്കുന്നത്‌. യന്ത്രവത്‌കൃതപ്രവർത്തനംകൊണ്ട്‌ പ്രതിദിനം 3,000 ഘ.മീ.-ൽ അധികം കോണ്‍ക്രീറ്റ്‌ ഇടുന്നതിനുള്ള ഭീമമായ ഏർപ്പാടുകളും ജലനിർഗമനത്തിനുള്ള സജ്ജീകരണങ്ങളുമാണ്‌ ഈ അണക്കെട്ടിന്റെ പ്രത്യേകതകള്‍. താഴ്‌ന്ന അടിസ്ഥാനനിരപ്പ്‌ 597.71 മീ; മുകള്‍നിരപ്പ്‌ 736.09 മീ.; ഉയരം 138.38 മീ.; മുകള്‍വച്ചം 7.32 മീ.; സ്‌പിൽവേനിരപ്പ്‌ 723.29 മീ.; അടിവച്ചം 73.2 മീ.; മുകളിൽ നീളം 650 മീ.; ആകെ കോണ്‍ക്രീറ്റ്‌ 17 ലക്ഷം ഘ.മീ; സ്‌പിൽവേ 5; റേഡിയൽ ഗേറ്റുകള്‍ 12.2 ഃ 10.35 മീ., സ്ലുയിസുകള്‍ 2 എച്ചം 3.05 ഃ 6.40 മീ; സ്ലുയിസ്‌ അടിനിരപ്പ്‌ 670 മീ; ജലാശയത്തിലെ കല്‌പിത അധികതമപ്രവാഹം 8,000 ഘ.മീ./സെ.; ഗേറ്റുകളിലെ നിർഗമനം 5,000 ഘ.മീ./സെ.; സ്ലുയിസുകളിലെ നിർഗമനം 1,115 ഘ.മീ./സെ. കുളമാവ്‌ അണക്കെട്ട്‌. മുന്‍ വിവരിച്ചതുപോലെ ഇടുക്കി ജലാശയത്തിന്റെ ഒരു വശത്തുള്ള താഴ്‌ച തടയുന്നതിനാണ്‌ കുളമാവ്‌ അണക്കെട്ട്‌ പണിതത്‌. മറ്റുരണ്ട്‌ അണക്കെട്ടുകളെക്കാള്‍ ഉയരംകുറഞ്ഞ ഈ അണക്കെട്ട്‌ കൽക്കെട്ടിൽ നിർമിക്കുന്നതിനുദ്ദേശിച്ച്‌ ആദ്യംതന്നെ പണി തുടങ്ങിയെങ്കിലും അവസാനം കോണ്‍ക്രീറ്റിൽത്തന്നെ മുകള്‍ഭാഗം നിർമിച്ചു. അണക്കെട്ടിൽ പ്രത്യേക പരിതഃസ്ഥിതികളിൽ ഉപയോഗിക്കുന്നതിന്‌ ഒരു ജലനിർഗമനമാർഗം സ്ഥാപിച്ചിട്ടുണ്ട്‌. കുളമാവ്‌ അണക്കെട്ടിനു സമീപംതന്നെയാണ്‌ ഇന്‍ടേക്ക്‌ സംരചന.

അണക്കെട്ടിന്റെ തറനിരപ്പ്‌ 664.45 മീ; താഴ്‌ന്ന അടിസ്ഥാനനിരപ്പ്‌ 635.68 മീ.; മുകള്‍ നിരപ്പ്‌ 735.65 മീ.; കൂടിയ ഉയരം 99.97 മീ.; മുകളിൽ നീളം 384.96 മീ.; മുകളിൽ വച്ചം 7.32 മീ.; ആകെ അളവ്‌ 4.5 ലക്ഷം ഘ.മീ.; ജലനിർഗമനമാർഗം 1 എച്ചം, ജലനിർഗമന വ്യാസം 1.83 മീ.; നിരപ്പ്‌ 673.6 മീ. ജലവാഹിനി സംവിധാനം. കുളമാവിനടുത്തുനിന്നു പവർടണൽ തുടങ്ങുന്നു. ജലാശയത്തിൽനിന്നും തോടുവഴിവരുന്ന ജലപ്രവേഗം നിയന്ത്രിക്കുന്നതിന്‌ ഇന്‍ടേക്കും അതിനോടനുബന്ധിച്ച സംരചനകളുമുണ്ട്‌. പവർടണലിന്റെ അവസാനഭാഗത്ത്‌ ജലപ്രവാഹ വ്യതിയാനംകൊണ്ടുള്ള സമ്മർദവ്യത്യാസം കുറയ്‌ക്കുന്നതിന്‌ സർജ്‌ഷാഫ്‌റ്റ്‌ തുരങ്കം മുകളിലേക്കുയർത്തിയിട്ടുണ്ട്‌. അതിനുശേഷം തുരങ്കം രണ്ട്‌ പ്രഷർഷാഫ്‌റ്റുകളായി പിരിഞ്ഞു പവർഹൗസിലേക്കു വെള്ളം നയിക്കുന്നു. സർജ്‌ഷാഫ്‌റ്റിലും പ്രഷർഷാഫ്‌റ്റുകളിലും ഉരുക്കുഷീറ്റുകളും പൈപ്പുകളും ഉറപ്പിച്ചിട്ടുണ്ട്‌. ഓരോ പ്രഷർഷാഫ്‌റ്റും മൂന്നായിപിരിഞ്ഞ്‌ മൂന്ന്‌ ടർബൈനുകള്‍ക്കു ജലം നല്‌കുന്നു. സർജ്‌ഷാഫ്‌റ്റിനുശേഷം ഓരോ പ്രഷർഷാഫ്‌റ്റിലും അധികം ജലപ്രവാഹം ഉണ്ടാകാതിരിക്കുന്നതിനു ബട്ടർഫ്‌ളൈവാൽവുകളും ടർബൈനുകള്‍ക്കു മുന്നിൽ ഉച്ചസമ്മർദവാൽവുകളും ഉണ്ട്‌. കുളമാവ്‌ തോട്‌. നീളം 2,080 മീ.; അടിവീതി 15.24 മീ.; കൂടിയ ആഴം 15.24 മീ.; വ്യാപ്‌തം 4.9 ലക്ഷം ഘ.മീ. ഇന്‍ടേക്ക്‌. ഗ്ലോറിഹോള്‍ സംവിധാനം, കോണ്‍ഡ്യൂയിറ്റ്‌ വ്യാസം 7.01 മീ.; കോണ്‍ഡ്യൂയിറ്റ്‌ നീളം 84.91 മീ.; ഇന്‍ടേക്ക്‌ അടിനിരപ്പ്‌ 684.45 മീ.; അധികതമപ്രവാഹം 153 ഘ.മീ./സെ. പണ്ണർടണൽ. 7.01 മീ. ഉള്‍വ്യാസം; കുതിരലാട (horse shoe) രൂപം; ശ.ശ. 560 മി.മീ. കോണ്‍ക്രീറ്റ്‌ ലൈനിങ്‌; നീളം 2027.53 മീ.; ജലപ്രവാഹവേഗം 3.73 മീ./സെ. സർജ്‌ഷാഫ്‌റ്റ്‌. ഉള്‍വ്യാസം 8.69 മീ.; നീളം 76.25 മീ., ചരിവ്‌ 53ബ്ബ. മുകളിൽ എക്‌സ്‌പാന്‍ഷന്‍ ചേമ്പർ. പ്രഷർഷാഫ്‌റ്റ്‌. എച്ചം 2; വ്യാസം 3,858-2,159 മി.മീ.; കൂടിയനീളം 955.85 മീ; ചരിവ്‌ ഏകദേശം 52ബ്ബ. ഓരോന്നിലും ആദ്യഭാഗത്ത്‌ ഓരോ ബട്ടർഫ്‌ളൈ വാൽവ്‌ സ്ഥാപിച്ചിരിക്കുന്നു. ഓരോ പ്രഷർഷാഫ്‌റ്റും മൂന്ന്‌ ജനറേറ്ററുകള്‍ക്കു ജലം നല്‌കും. പവർഹൗസ്‌. പവർഹൗസ്‌ ഭൂഗർഭത്തിലാണ്‌. ഏകദേശം 600 മീ. നീളമുള്ള ഒരു തുരങ്കംവഴിയാണ്‌ ജലപ്രവാഹം. ഉറച്ച പാറ തുളച്ചുണ്ടാക്കിയിരിക്കുന്ന പവർ ഹൗസിന്റെ മതിലുകള്‍ കോണ്‍ക്രീറ്റ്‌ ചെയ്‌തിട്ടുണ്ട്‌. മുകള്‍ഭാഗം ഇരുമ്പുവലവച്ച്‌ ഗച്ചൈറ്റ്‌ ചെയ്‌തിരിക്കുന്നു. ടർബൈനുകളിൽനിന്നും ഉദ്‌ഗമിക്കുന്ന വെള്ളം ടെയിൽറേസ്‌തുരങ്കംവഴി നാച്ചാറിലേക്കു പോകുന്നു; പവർഹൗസിൽനിന്നും കേബിള്‍ടണൽവഴി വൈദ്യുത വാഹികള്‍ ട്രാന്‍സ്‌മിഷന്‍ യാർഡിലേക്കും. ജനറേറ്ററുകളും ട്രാന്‍സ്‌ഫോർമറുകളും നിയന്ത്രണോപകരണങ്ങളും പവർഹൗസിനുള്ളിൽത്തന്നെയാണ്‌. ഭൂഗർഭപവർഹൗസ്‌ നിയന്ത്രിതവായു പ്രവേഗത്തോടും ശീതോഷ്‌ണക്രമീകരണത്തോടും കൂടിയതായിരിക്കും. ടർബൈന്‍ എച്ചം 6; ഉത്‌പാദനശേഷി ഓരോന്നിനും 130 മെ.വാ: ടർബൈന്‍ റച്ചർ നിരപ്പ്‌ 54.86 മീ.; ജനറേറ്റർ തറനിരപ്പ്‌ 60.66 മീ.; ടർബൈന്‍-പെൽട്ടണ്‍ ഓരോന്നിനും 6 ജെറ്റ്‌വീതം,; ഓവർഹെഡ്‌ ക്രയിന്‍ 2 എച്ചം 150 ടണ്‍ വീതം; മെഷീന്‍പിറ്റ്‌ നിരപ്പ്‌ 45.72 മീ.; പവർഹൗസ്‌ അളവ്‌ 141.1 ത 19.8 ത 34.6 മീ. ടെയിൽറേസ്‌ടണൽ. നീളം 1220 മീ.; അളവ്‌ 7.92 ത 7 മീ. ഉറച്ച പാറയില്ലാത്ത സ്ഥലങ്ങളിൽ കോണ്‍ക്രീറ്റ്‌ ലൈനിങ്‌ ഉണ്ട്‌. ചരിവ്‌ ; വെള്ളത്തിന്റെ ആഴം 4.9 മീ. ടെയിൽറേസ്‌ ചാനൽ. നീളം 259.7 മീ.; ചരിവ്‌ ; അടിയിൽ വീതി 7.92 മീ.; വെള്ളത്തിന്റെ ആഴം 4.9 മീ.; വശംചരിവ്‌ 1 തിരശ്ചീനം/8 ഊർധ്വാധരം (1 H/8 V). സ്വിച്ച്‌യാർഡ്‌. ലവൽ 167.64 മീ.; അളവ്‌ 250 ത 86 മീ.; കേബിള്‍ 9 എച്ചം.

ട്രാന്‍സ്‌മിഷന്‍ ലൈന്‍. കളമശ്ശേരിക്ക്‌ ഒരു ഡബിള്‍ സർക്യൂട്ട്‌; തമിഴ്‌നാടിന്‌ ഒരു സിംഗിള്‍ സർക്യൂട്ട്‌; പള്ളത്തിന്‌ ഒരു സിംഗിള്‍ സർക്യൂട്ട്‌; പിന്നീട്‌ ആവശ്യത്തിനു മൂന്ന്‌ ലൈനിനുള്ള സൗകര്യങ്ങള്‍. 1975-ൽ കേരളത്തിന്റെ വൈദ്യുതോത്‌പാദനശേഷി 560 മെ.വാ. ആയിരുന്നു. പദ്ധതി പൂർത്തിയായതോടെ ഇടുക്കിപദ്ധതിയുടെ മാത്രം ശേഷി 780 മെ.വാ. ആയി. 1976 ഫെ. മാസത്തോടെ 130 മെ.വാ. ശേഷിയുള്ള ആദ്യഘട്ടം പ്രവർത്തനക്ഷമമായി. കേരളത്തിലെ അധികവൈദ്യുതശക്തി തമിഴ്‌നാട്ടിലേക്കും കർണാടകത്തിലേക്കും എത്തിക്കുന്നതിനുള്ള വൈദ്യുതപ്രതിഷ്‌ഠാപനങ്ങളും ലൈനുകളും പദ്ധതിയോടൊപ്പംതന്നെ നിലവിൽ വന്നു. തെക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍തമ്മിൽ വൈദ്യുതി ആവശ്യാനുസരണം കൈമാറുന്നതിനുള്ള ഗ്രിഡ്‌ സംവിധാനത്തിൽ ഇടുക്കി പദ്ധതി വളരെ പ്രധാനമായ ഒരു പങ്ക്‌ വഹിക്കുന്നു. (കെ.ആർ. വാര്യർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍