This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടവിള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:12, 19 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇടവിള

തെങ്ങിന്‍തോപ്പിൽ ഇടവിളയായി വാഴക്കൃഷി

ഒരു മുഖ്യകാർഷികവിളയോടുകൂടി അതേ കൃഷിസ്ഥലത്തുതന്നെ വളർത്തുന്ന മറ്റൊരു വിള. ഒരു ചിരസ്ഥായിവിള മാത്രമേ മുഖ്യവിളയായി കരുതപ്പെട്ടിരുന്നുള്ളുവെങ്കിലും അടുത്തകാലത്തായി മറ്റു വിളകളും മുഖ്യവിളയായുപയോഗിച്ചു തുടങ്ങിയിട്ടുണ്ട്‌. എന്നാൽ മുഖ്യവിളയുടെ കാലദൈർഘ്യം ഇടവിളയുടേതിനെക്കാള്‍ കൂടിയിരിക്കുമെന്നത്‌ തീർച്ചയാണ്‌. ഇടവിളക്കൃഷിയെ ഒരു തീവ്രകൃഷിസമ്പ്രദായമായി കണക്കാക്കാം. ഭൂമിയിൽനിന്നും പരമാവധി പ്രയോജനം ഉണ്ടാക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു കൃഷി സമ്പ്രദായത്തിലാണ്‌ ഇടവിളയ്‌ക്കു സ്ഥാനം ലഭിക്കുന്നത്‌. ഇവിടെ കൃഷിയോഗ്യമായ ഭൂമി അല്‌പംപോലും പാഴാക്കാതെ മുഴുവനും കൃഷിക്കായി ഉപയോഗിക്കുന്നു.

ഒരു ചിരസ്ഥായിവിളയുടെ ഇടയിൽ നടത്തുന്ന വാർഷിക-ഇടവിളയുടെ കൃഷിക്ക്‌ ഏറ്റവും നല്ല ഉദാഹരണം തെങ്ങിന്‍തോപ്പിൽ മരച്ചീനി നടുന്നതാണ്‌. ചേന, കാച്ചിൽ, മറ്റു കിഴങ്ങുവർഗങ്ങള്‍, വാഴ, മലക്കറികള്‍ തുടങ്ങി ഒട്ടനേകം വാർഷികവിളകള്‍ തെങ്ങിന്‍തോപ്പിൽ കൃഷി ചെയ്യുന്നവയായുണ്ട്‌. ഒരു ചിരസ്ഥായിവിളയ്‌ക്ക്‌ ഇടയിൽത്തന്നെ മറ്റൊരു ചിരസ്ഥായിവിള കൂടി നടുന്നതും ഇടവിളയ്‌ക്ക്‌ ഉദാഹരണമാണ്‌. തെങ്ങുകള്‍ക്കിടയിൽ ജാതി, കറുവ, ഗ്രാമ്പൂ, കൊക്കോ തുടങ്ങിയവ നടാറുണ്ട്‌. മൂന്നോ നാലോ കൊല്ലത്തെ വളർച്ചയ്‌ക്കുശേഷം മാറ്റിനടേണ്ട രീതിയിലുള്ള ഹ്രസ്വകാല ചിരസ്ഥായിവിളകളായ കന്നുകാലിത്തീറ്റപ്പുല്ല്‌, കൈത തുടങ്ങിയവയും തെങ്ങിന്‍തോപ്പിൽ കൃഷിചെയ്യാവുന്നതാണ്‌.

ഇടവിള തിരഞ്ഞെടുക്കുന്നതിൽ പല കാര്യങ്ങളും ശ്രദ്ധിക്കണം. അവ മുഖ്യവിളയുടെ വളർച്ചയ്‌ക്ക്‌ ഹാനികരമാകാത്തതായിരിക്കണം. ഉദാഹരണമായി തെങ്ങിന്‍തോപ്പിൽ കിഴങ്ങുവർഗങ്ങള്‍ വളർത്തുന്നത്‌ അഭിലഷണീയമല്ല. കാരണം ഒരു എച്ചക്കുരുവിളയായ തെങ്ങിന്‌ മുഖ്യമായിവേണ്ട ഒരു പോഷകാംശം പൊട്ടാഷ്‌ ആണ്‌. അതുതന്നെയാണ്‌ കിഴങ്ങുവിളകള്‍ക്കും വേണ്ടത്‌. അപ്പോള്‍ രണ്ടുംകൂടി ഒരുമിച്ചു വളർത്തുമ്പോള്‍ മച്ചിൽ പൊട്ടാഷിന്റെ ദാരിദ്യ്രം അനുഭവപ്പെടുകയും കാലക്രമത്തിൽ അത്‌ മുഖ്യവിളയിൽനിന്നുള്ള ആദായം കുറയാന്‍ ഇടയാക്കുകയം ചെയ്യും. മാമ്പയറ്‌, ഉഴുന്ന്‌, മുതിര, നിലക്കടല തുടങ്ങി പയറുവർഗത്തിൽപ്പെട്ട ഏതെങ്കിലും ചെടികള്‍ ഇടവിളയ്‌ക്കു തിരഞ്ഞെടുക്കുന്നതാണ്‌ ഉത്തമം. ഇവ അന്തരീക്ഷത്തിൽനിന്നും നൈട്രജന്‍ വലിച്ചെടുത്ത്‌ സ്വന്തം വേരിൽ ശേഖരിക്കുന്നതിനാൽ മച്ചിന്റെ ഫലപുഷ്‌ടി വർധിക്കും.

എന്നാൽ മുഖ്യവിളയുടെ സാന്നിധ്യംകൊണ്ട്‌ ഇടവിളയ്‌ക്ക്‌ ഹാനിയുണ്ടാകാതെയും സൂക്ഷിക്കണം. ഉദാഹരണമായി തെങ്ങിന്‍തോപ്പിൽ വളർത്താനുദ്ദേശിക്കുന്ന ഇടവിളയ്‌ക്ക്‌ ഭാഗികമായി തണലിലും വളരാനുള്ള കഴിവുണ്ടായിരിക്കണം. ജാതി, ഗ്രാമ്പൂ, കമുക്‌, കുരുമുളക്‌ തുടങ്ങിയ വിളകള്‍ ഭാഗികമായ തണലിലും നന്നായി വളരും എന്നതിനാൽ അവ തെങ്ങിന്‍തോപ്പിൽ ഇടവിളയായി വളർത്താന്‍ ഏറ്റവും യോജിച്ചവയാണ്‌.

മുഖ്യവിളയ്‌ക്ക്‌ ആവശ്യമായ കൃഷിമുറകളുടെ നടത്തിപ്പിനു വിഘാതമുണ്ടാക്കാത്തവയും, അവയെ സ്വന്തം വളർച്ചയ്‌ക്കുകൂടി ലാഭകരമായി ഉപയോഗപ്പെടുത്താന്‍ കഴിവുള്ളവയുമായിരിക്കണം തിരഞ്ഞെടുക്കുന്ന ഇടവിള.

(ആർ.ഗോപിമണി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%9F%E0%B4%B5%E0%B4%BF%E0%B4%B3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍