This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഞ്ചി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:36, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇഞ്ചി

"സിഞ്ചിബറേസീ' (Zingiberaceae)സസ്യകുടുംബത്തിൽപ്പെട്ട ഒരു ചെടി. ഇംഗ്ലീഷിൽ ജിന്‍ജർ (Ginger)) എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്‌ത്രനാമം സിഞ്ചിബർ ഒഫിസിനേൽ (Zingiber officinale) എന്നാണ്‌. ഒരു സുഗന്ധവിളയാണിത്‌. 80,000 ഹെക്‌ടറിൽ കൃഷി ചെയ്യുന്നുണ്ട്‌. ഈ ചെടിയുടെ ഭൂകാണ്ഡം ഉണക്കിയാണ്‌ വ്യാപാരപ്രാധാന്യമുള്ള ചുക്ക്‌ ഉണ്ടാക്കുന്നത്‌. ഇഞ്ചിക്കൃഷിയിൽ ഇന്നും ലോകത്തിൽ ഒന്നാം സ്ഥാനം (40%-50%) ഭാരതത്തിനുതന്നെ. രണ്ടാം സ്ഥാനം ചൈനയ്‌ക്ക്‌. ഇന്ത്യയിലെ ഇഞ്ചിക്കൃഷിയിൽ പകുതിയിലധികവും (66%) കേരളത്തിലാണ്‌ നടക്കുന്നത്‌. ഇന്ത്യയ്‌ക്ക്‌ ധാരാളമായി വിദേശനാണ്യം നേടിത്തരുന്ന ഒരു വിളയാണ്‌ ഇഞ്ചി; പ്രതിവർഷം 20 ലക്ഷം ടണ്‍ ചുക്ക്‌ ലഭിക്കുന്നു; ഇതിൽ മൂന്നിൽ ഒരു ഭാഗം വിദേശരാജ്യങ്ങളിലേക്കു കയറ്റി അയയ്‌ക്കുന്നു. ചുക്കിനങ്ങളിൽ മെച്ചപ്പെട്ടത്‌ കൊച്ചിയിൽനിന്നു കയറ്റി അയയ്‌ക്കുന്ന കൊച്ചിന്‍ ജിഞ്ചർ, കോഴിക്കോട്‌ ജിഞ്ചർ എന്നിവയാണ്‌.

ഇഞ്ചിയുടെ ഉത്‌പാദനത്തിൽ യു.എസ്‌., ജപ്പാന്‍, നൈജീരിയ എന്നീ രാജ്യങ്ങളും മുന്നിട്ടു നിൽക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യയാണ്‌ ഇഞ്ചിയുടെ ജന്മദേശം. ഏലം, മഞ്ഞള്‍ തുടങ്ങിയ സസ്യങ്ങളും ഇഞ്ചിയുടെ കുടുംബത്തിൽപ്പെടുന്നവയാണ്‌. ഒരു ചിരസ്ഥായി സസ്യമായ ഇഞ്ചിയുടെ പ്രവർധനം നടക്കുന്നത്‌ ഭൂകാണ്ഡങ്ങള്‍ മുഖേനയാണ്‌. മച്ചിനടിയിൽ വളരുന്ന ഇത്തരം കാണ്ഡങ്ങളിൽനിന്നും മുകുളങ്ങള്‍ വളർന്ന്‌ മച്ചിനു മുകളിലേക്കു വരുന്നു. മച്ചിനു മുകളിലുള്ള ഇലയും തണ്ടും ആണ്ടുതോറും നശിച്ചുപോകുമെങ്കിലും മച്ചിനടിയിലുള്ള കാണ്ഡം കാലാകാലം വളർന്നുകൊണ്ടുതന്നെയിരിക്കും. വർഷംതോറും പുതിയ ഭൂകാണ്ഡഭാഗങ്ങള്‍ ഉണ്ടാവുകയും, മൂപ്പുകൂടിയ പഴയ ഭാഗങ്ങള്‍ ദ്രവിച്ചു നശിച്ചുപോവുകയും ചെയ്യുകയാണ്‌ പതിവ്‌. മച്ചിനടിയിൽ വളരുന്ന കാണ്ഡമാണ്‌ ശരിയായ ഇഞ്ചി. 1-2.5 സെ.മീ. വ്യാസവും, ഉരുണ്ട്‌ കൈവിരലുകളുടെ ആകൃതിയുമുള്ള ചെറുകിഴങ്ങുകള്‍ ചേർന്നതാണ്‌ ഈ ഭൂകാണ്ഡം. പ്രധാന കാണ്ഡത്തിൽനിന്നു ശാഖകളും, അവയിൽനിന്ന്‌ ഉപശാഖകളും, അവയിലെല്ലാംതന്നെ അഗ്രത്തിൽ വളർന്നുകൊണ്ടിരിക്കുന്ന മുകുളഭാഗങ്ങളും കാണാം. വൃത്താകൃതിയിലുള്ള ചെറിയ പാടുകള്‍ ഈ കിഴങ്ങുകളിലെല്ലാം ഇടവിട്ടിടവിട്ടു കാണപ്പെടുന്നു. ഈ പാടുകളിൽ നേരിയ പാടപോലെയുള്ള തൊലി പറ്റിപ്പിടിച്ചിരിക്കും. വേരുകള്‍ രോമങ്ങള്‍പോലെ നേർത്ത്‌ മൃദുലമായിരിക്കും. കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന്‌ ഉദ്‌ഭവിക്കുന്ന വേരുകള്‍ മച്ചിലേക്ക്‌ 20 മുതൽ 30 വരെ സെ.മീ. ആഴത്തിലെത്തും. മച്ചിനുമുകളിലുള്ള തണ്ടിന്‌ വളവോ ശിഖരങ്ങളോ കാണുകയില്ല. ഇവ നേരെ മുകളിലേക്കു വളരുകയാണ്‌ പതിവ്‌, കട്ടികുറഞ്ഞ ഈ തണ്ടിന്റെ ചുവട്‌ അല്‌പം വച്ചംകൂടിയതാണ്‌. തടിച്ച പോളപോലുള്ള ഇലഞെട്ടുകള്‍ ഒന്നിനുള്ളിൽ ഒന്നായി അടുക്കായിച്ചേർന്നതാണ്‌ തണ്ട്‌. ഇലകള്‍ നേർമയുള്ളതും വീതികുറഞ്ഞതുമാണ്‌. ഏതാണ്ട്‌ 60 സെ.മീ. വരെ പൊക്കത്തിൽ ഈ ചെടി വളരും. അപൂർവമായി മാത്രമേ ഇഞ്ചി പൂക്കുകയുള്ളൂ. സിഞ്ചി ബറേസീ കുടുംബത്തിലെ മറ്റു സസ്യങ്ങളുടേതുപോലെ തന്നെയാണ്‌ ഇതിന്റെ പൂങ്കുല. ഇഞ്ചി പലയിനമുണ്ട്‌. റയോ-ഡി-ജനീറോ എന്ന ബ്രസീലിയന്‍ ഇനത്തിന്‌ ഏറ്റവും കൂടുതൽ വിളവു തരാനുള്ള കഴിവുണ്ട്‌. സാധാരണ നാടന്‍ഇഞ്ചികളിൽനിന്നും കിട്ടുന്നതിന്റെ രണ്ടര മടങ്ങുവരെ വിളവ്‌ റയോ-ഡി-ജനീറോയിൽനിന്നും കിട്ടുമെന്നാണ്‌ പരീക്ഷണങ്ങളിൽനിന്ന്‌ മനസ്സിലായിരിക്കുന്നത്‌. ഈ പുതിയ ഇനം ഇഞ്ചിക്ക്‌ മറ്റിനങ്ങളെ അപേക്ഷിച്ച്‌ നാരു കുറവാണുതാനും. വിദേശവിപണികളിൽ നാരു കുറവുള്ള ഇഞ്ചിക്കാണ്‌ പ്രിയം. ഇത്‌ ഉണക്കിക്കഴിയുമ്പോള്‍ മറ്റുള്ളവയെക്കാള്‍ അല്‌പം കുറഞ്ഞ അളവിലേ ചുക്കു കിട്ടുകയുള്ളൂ. എങ്കിലും, മറ്റിനങ്ങളെക്കാള്‍ രണ്ടരമടങ്ങു വിളവുകിട്ടുന്നതുകൊണ്ട്‌ അതൊരു പോരായ്‌മയാകുന്നില്ല. ചൈന, തിനാലുരി, നഡിയാ, നരസപട്ടം, മാനന്തവാടി എന്നീ ഇനങ്ങളാണ്‌ വിളവിന്റെ കാര്യത്തിൽ ഇതിനോട്‌ ഏകദേശം അടുത്തുനില്‌ക്കുന്നത്‌. അമ്പലവയൽ കാർഷികഗവേഷണകേന്ദ്രത്തിൽ അടുത്തകാലത്തു നടത്തിയ പരീക്ഷണങ്ങളിൽനിന്ന്‌ "മാരന്‍' എന്ന ആസാം ഇനം ഇഞ്ചി റയോ-ഡി-ജനീറോ ഇനത്തെപ്പോലെതന്നെ കനത്ത വിളവു തരുന്നതായി കണ്ടിരിക്കുന്നു. മാത്രമല്ല റയോ-ഡി-ജനീറോയെപ്പോലെ ഉണങ്ങുമ്പോള്‍ ഈ ഇനത്തിനു ഭാരം സാരമായി കുറയുകയുമില്ല. റയോ-ഡി-ജനീറോയെ അപേക്ഷിച്ച്‌ മാരന്‍ ഇനത്തിന്‌ രോഗങ്ങളെ ചെറുത്തുനില്‌ക്കാന്‍ കൂടുതൽ കഴിവുണ്ട്‌.

ഉഷ്‌ണമേഖലാപ്രദേശങ്ങളാണ്‌ ഇഞ്ചിക്കൃഷിക്ക്‌ ഏറ്റവും പറ്റിയത്‌. കനത്ത മഴയുള്ള മലബാർതീരത്തും തെക്കന്‍ കർണാടകപ്രദേശങ്ങളിലും ഇത്‌ സമൃദ്ധമായി വളരുന്നു. തമിഴ്‌നാട്‌ സംസ്ഥാനത്തെ നീലഗിരിജില്ലയിലും ചെറിയതോതിൽ ഇഞ്ചി കൃഷിചെയ്‌തുവരുന്നുണ്ട്‌. ചെറിയ തണലും ധാരാളം ഈർപ്പവും ഈ വിളയ്‌ക്കാവശ്യമാണ്‌. മഴ സാമാന്യമായിമാത്രം കിട്ടുന്ന പ്രദേശങ്ങളിൽ ജലസേചനം നടത്തിയും ഇഞ്ചി കൃഷിചെയ്യുന്നുണ്ട്‌. തഞ്ചാവൂർ, ഗോദാവരി എന്നീ ജില്ലകളിൽ അങ്ങിങ്ങായി ഇപ്രകാരം ഈ വിള കൃഷിചെയ്‌തുവരുന്നു.

നല്ല നീർവാർച്ചയും വായുസഞ്ചാരവുമുള്ള മച്ചാണ്‌ ഇഞ്ചിക്കൃഷിചെയ്യുവാന്‍ ഏറ്റവും പറ്റിയത്‌. എന്നാൽ അധികം ആഴമുള്ള മച്ച്‌ ഈ കൃഷിക്കാവശ്യമില്ല. മച്ചിനു നല്ല വളക്കൂറുണ്ടായിരിക്കണം. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിലാണ്‌ ഇഞ്ചി നന്നായി വളരുക. സമുദ്രനിരപ്പിൽനിന്ന്‌ 1,500 മീ. ഉയരത്തിൽവരെ ഇഞ്ചിക്കൃഷി ചെയ്യാം. തുടർച്ചയായി ഒരേ മച്ചിൽത്തന്നെ ഇഞ്ചി കൃഷിചെയ്യരുത്‌. ഒരു വിളകഴിഞ്ഞ്‌ കുറഞ്ഞത്‌ മൂന്ന്‌ വർഷത്തെ ഇടയെങ്കിലും അടുത്ത കൃഷിക്കുമുമ്പു നല്‌കണം. നല്ല മുളപ്പുള്ള വിത്തുകള്‍ നട്ടാൽ പത്തുദിവസത്തിനകം മുളച്ച്‌ മച്ചിനുമുകളിൽവരും. നട്ടുകഴിഞ്ഞ്‌ എട്ടുമാസമാകുമ്പോഴേക്കും ഇഞ്ചി വിളവെടുക്കാറാകും. പലതരത്തിലാണ്‌ വിളവെടുപ്പ്‌. മൂടോടെ കിളച്ചെടുക്കുകയോ വിത്തുകള്‍ മാത്രമായി ഇളക്കിയെടുക്കുകയോ ചെയ്യാം. മലബാറിൽ മഴയെ ആശ്രയിച്ചു മാത്രമാണ്‌ സാധാരണ ഇഞ്ചി കൃഷി ചെയ്യുന്നത്‌. മുളകും കൂവരകും ഓരോ കൊല്ലം കൃഷിചെയ്‌തശേഷം മൂന്നാമത്തെ വർഷം ഇഞ്ചി കൃഷി ചെയ്യുന്നു. നടുന്നതിന്‌ കൂടുതൽ വിത്തിഞ്ചി ഉപയോഗിച്ചാൽ വിളവും അതനുസരിച്ച്‌ വർധിക്കുമെന്ന്‌ പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു. വലുപ്പം കൂടിയ ഇഞ്ചിവിത്ത്‌ ഉപയോഗിക്കുന്നതുകൊണ്ട്‌ വിളവുവർധിക്കുമെന്നു മാത്രമല്ല. ചുക്കിന്റെ ഗുണം കൂടുകയും ചെയ്യും. കൃഷിയിറക്കുന്നത്‌ മേയ്‌ ആദ്യവാരത്തിൽത്തന്നെ ആകുന്നതാണ്‌ നല്ലത്‌ എന്ന്‌ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

വളരെയധികം ശ്രദ്ധ ആവശ്യമുള്ള ഒരു വിളയാണ്‌ ഇഞ്ചി. മഴ കുറവുള്ള പ്രദേശങ്ങളിൽ വിത്തുമുളച്ചശേഷം ആവശ്യംപോലെ ഇടവിട്ട്‌ ജലസേചനം നടത്തണം. കളയെടുക്കൽ, ഇടയിളക്കൽ, തടം നിറയെ പച്ചിലവിരിക്കൽ തുടങ്ങിയ ശുശ്രൂഷാനടപടികള്‍ നല്ലവിളയ്‌ക്ക്‌ അത്യന്താപേക്ഷിതമാണ്‌. വേനല്‌ക്കാലത്ത്‌ മച്ചിലെ ഈർപ്പം നിലനിർത്തുവാന്‍ തടത്തിൽ വിരിക്കുന്ന പച്ചിലയാവരണം സഹായിക്കുന്നു. ധാരാളം വളവും ഇഞ്ചിക്കൃഷിക്ക്‌ ആവശ്യമുണ്ട്‌. ഡി.-ജനു. മാസങ്ങളിലാണ്‌ പ്രധാനമായും ഇഞ്ചിയുടെ വിളവെടുപ്പ്‌. വലുതും കേടില്ലാത്തതുമായ ഇഞ്ചിയാണ്‌ വിത്തിനായി മാറ്റിവയ്‌ക്കുന്നത്‌. വിത്തിഞ്ചികിളച്ചെടുത്താലുടന്‍ കഴുകിവൃത്തിയാക്കി, 0.25 ശ.മാ. "സെരിസാന്‍' ലായനിയിൽ 30 മിനിട്ട്‌ മുക്കിവച്ചശേഷം തണലത്തുവച്ച്‌ തോർത്തിയെടുക്കുന്നു. പിന്നീട്‌ നടാനുള്ള കാലമാകുന്നതുവരെ നനവുള്ള സ്ഥലത്തുണ്ടാക്കിയിട്ടുള്ള കുഴികളിൽ സൂക്ഷിക്കുന്നു.

പൊതുവേ കീടശല്യം വളരെ കുറവായ ഒരു വിളയാണ്‌ ഇഞ്ചി. ഡൈക്കോക്രാസിസ്‌ പങ്‌ടിഫെറാലിസ്‌ എന്ന പുഴു ഇഞ്ചിയുടെ തണ്ടു തുരന്ന്‌ വിളവു നശിപ്പിക്കാറുണ്ട്‌. കീടനാശിനികള്‍ തളിക്കുകയാണ്‌ പ്രതിവിധി.

"മൃദുചീയൽ' എന്നറിയപ്പെടുന്ന രോഗം ഇഞ്ചിക്കൃഷിക്ക്‌ സാരമായ നാശമുണ്ടാക്കാറുണ്ട്‌. ഇലകള്‍ മഞ്ഞനിറമാകുന്നതാണ്‌ പ്രധാന രോഗലക്ഷണം. ഇലകളുടെ അഗ്രഭാഗത്തുനിന്നാരംഭിക്കുന്ന ഈ മഞ്ഞനിറം ക്രമേണ ചെടിയുടെ മുഴുവന്‍ ഭാഗത്തും വ്യാപിക്കുന്നു. തണ്ട്‌ വളരെ മൃദുവായിത്തീർന്ന്‌ ചെടികള്‍ ഒടിഞ്ഞു വീഴുന്നതോടെ നാശം പൂർണമാകുന്നു. മച്ചിൽ വളരുന്ന ഫംഗസ്‌ ആണ്‌ രോഗകാരണം. നല്ല മഴയുള്ളപ്പോഴും, വെള്ളം കെട്ടിനില്‌ക്കുന്ന പ്രദേശങ്ങളിലുമാണ്‌ രോഗം പടർന്നുപിടിക്കുക. രോഗലക്ഷണം കണ്ടാലുടന്‍ രോഗം ബാധിച്ച സ്ഥാനത്ത്‌ മച്ച്‌ "ചെഷണ്ട്‌ മിശ്ര'ത്തിൽ കുതിർക്കുകയാണ്‌ നിവാരണമാർഗങ്ങളിലൊന്ന്‌. 0.25 ശ.മാ. സെറിസാന്‍ ലായനിയിൽ 30 മിനിട്ടുനേരം വിത്തിഞ്ചിമുക്കിവച്ചും രോഗബാധ തടയാവുന്നതാണ്‌.

സ്റ്റാർച്ച്‌ ആണ്‌ ഇഞ്ചിയിൽ ഏറിയപങ്കും. ഇഞ്ചിയുടെ രൂക്ഷഗന്ധത്തിനു ഹേതു അതിലടങ്ങിയിരിക്കുന്ന ഒരുതരം എച്ചയാണ്‌. ഈ എച്ചയിൽ കാണപ്പെടുന്ന ഒരിനം റെസിന്‍ ഇഞ്ചിക്കു തീക്ഷ്‌ണത നല്‌കുന്നു. ഇഞ്ചിയുടെ എരിവിന്‌ ആധാരമായ ഒലിയോറെസിന്‍ എന്ന പദാർഥം വേർതിരിച്ചെടുക്കുന്നത്‌ ഒരു പ്രധാനവ്യവസായമായി മാറിയിട്ടുണ്ട്‌. ഇഞ്ചിയെച്ച, ഇഞ്ചിസത്ത്‌, ഇഞ്ചിഒലിയോറെസിന്‍ എന്നിവ ഉണ്ടാക്കുവാന്‍ വിദേശരാജ്യങ്ങളിൽ ഇഞ്ചി ധാരാളമായി ഉപയോഗിച്ചുവരുന്നു. ലഘുപാനീയങ്ങള്‍ ഉണ്ടാക്കുവാനും ഇഞ്ചി ധാരാളം ഉപയോഗിക്കുന്നുണ്ട്‌. ഔഷധങ്ങളുടെ സ്വാദുവർധിപ്പിക്കാനും, ഉപ്പിലിടാനും, പഞ്ചസാരചേർത്തു സംഭരിച്ചുവയ്‌ക്കാനും, ഇഞ്ചിയെച്ച പറ്റിയതാണ്‌. അലോപ്പതിയിലെ പല ഔഷധങ്ങളുടെയും ഒരു ഘടകമാണ്‌ ഇഞ്ചി. ആയുർവേദത്തിലും ചുക്കിന്‌ വളരെ പ്രാധാന്യം നല്‌കപ്പെട്ടിട്ടുണ്ട്‌. "ചുക്കുചേരാത്ത കഷായമില്ല' എന്നൊരു ശൈലിതന്നെ ഉണ്ടാവാന്‍ കാരണം ഇതാണ്‌. നോ: ചുക്ക്‌

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍