This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇംപി, എലിജ (1732 - 1809)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:05, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇംപി, എലിജ (1732 - 1809)

Impey elijah

ബ്രിട്ടീഷ്‌ നിയമജ്ഞന്‍. വാറന്‍ഹേസ്റ്റിംഗ്‌സിന്റെ ഭരണകാലത്തു (1772-85) നടന്ന ചരിത്രപ്രസിദ്ധമായ നന്ദകുമാർ കേസിന്റെ വിധിയോടുകൂടിയാണ്‌ ഇംപിക്ക്‌, ഇന്ത്യാചരിത്രത്തിൽ സ്ഥാനം ലഭിച്ചത്‌. 1732 ജൂണ്‍ 13-ന്‌ ഹാമർസ്‌മിത്തിൽ ജനിച്ച ഇംപി, വെസ്റ്റ്‌മിനിസ്റ്ററിലും ട്രിനിറ്റി കോളജിലും വിദ്യാഭ്യാസം നടത്തി. അഭിഭാഷകനായി ജീവിതമാരംഭിച്ച ഇദ്ദേഹം 1772-ൽ ഈസ്റ്റ്‌ ഇന്ത്യാകമ്പനിയുടെ കൗണ്‍സൽ ആയി നിയമിതനായി. ഇതിനകം പ്രഭുസ്ഥാനവും ലഭിച്ചിരുന്നു. പുതുതായി ആരംഭിച്ച കൽക്കത്താ സുപ്രീം കോടതിയിലെ ആദ്യത്തെ ചീഫ്‌ ജസ്റ്റിസായി നിയമിക്കപ്പെടുന്നത്‌ 1774-ലാണ്‌. നന്ദകുമാർകേസിലെ (1775) വിധികർത്താവെന്ന നിലയിൽ അദ്ദേഹം പൊതുജനശ്രദ്ധയാകർഷിച്ചു; തന്റെ സുഹൃത്തും ഗവർണർജനറലുമായ വാറന്‍ഹേസ്റ്റിംഗ്‌സിന്റെ പ്രതിയോഗിയായ നന്ദകുമാറിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചതോടെ ഇംപി വിമർശനവിധേയനായി. ഈ വിധിയെഴുത്തിന്‌ പ്രതിഫലമായിട്ടാണ്‌ വാറന്‍ഹേസ്റ്റിംഗ്‌സ്‌ ഇംപിയെ കൽക്കത്താ സുപ്രീംകോടതിയിലെ ചീഫ്‌ ജസ്റ്റിസ്‌ പദവിക്കു പുറമേ കമ്പനിയുടെ "സദർദിവാനി അദാല'ത്തിന്റെ ജഡ്‌ജി കൂടിയായി നിയമിച്ചതെന്ന്‌ ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്‌. നന്ദകുമാർ കേസിന്റെ പേരിൽ ഇദ്ദേഹത്തെ ഇംപീച്ച്‌ ചെയ്യാനുള്ള ബ്രിട്ടീഷ്‌ ജനസഭയുടെ ശ്രമം 1787-ൽ പരാജയപ്പെട്ടു. നന്ദകുമാർ കേസ്‌ ഇംപിയുടെ ജീവിതത്തിലെ ഒരു കറുത്ത ഏടായിരുന്നെങ്കിലും സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ എന്ന നിലയിലും സദർദിവാനി അദാലത്തിലെ ഏകജഡ്‌ജി എന്ന നിലയിലും ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങള്‍ പ്രശംസാർഹമായിരുന്നു. അദാലത്തുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലേക്കുവേണ്ടി പല റെഗുലേഷനുകളും തയ്യാറാക്കിയിരുന്നത്‌ ഇംപിയാണ്‌. സദർ അദാലത്ത്‌, മൊഫസ്സിൽ ദിവാനി അദാലത്ത്‌ എന്നിവയുടെ മാർഗനിർദേശത്തിനുവേണ്ടി ഇംപി തയ്യാറാക്കിയ സമഗ്രമായ സിവിൽ നടപടിക്രമം ഇന്ത്യയിലെ ആദ്യത്തെ സിവിൽ നടപടിസംഹിതയാണ്‌. ഇംപിയുടെ സിവിൽ നിയമസംഹിത പേർഷ്യന്‍, ബംഗാളി എന്നീ ഭാഷകളിലേക്കു തർജുമ ചെയ്‌തിട്ടുണ്ട്‌.

ഇംഗ്ലണ്ടിലെ ചക്രവർത്തിയാൽ നിയമിതനായ ചീഫ്‌ജസ്റ്റിസ്‌ കമ്പനിയുടെ ഉദ്യോഗസ്ഥന്‍ കൂടിയാകുന്നത്‌ 1772-ലെ റഗുലേറ്റിംഗ്‌ ആക്‌ടിലെ വ്യവസ്ഥകളെ മറികടക്കുകയാണെന്നുവരെ ആക്ഷേപങ്ങളുണ്ടായി. ഇക്കാരണങ്ങളാൽ 1782 മേയ്‌ 3-ന്‌ ഹൗസ്‌ ഒഫ്‌ കോമണ്‍സ്‌ പാസാക്കിയ ഒരു പ്രമേയത്തെത്തുടർന്ന്‌ ഇംപിയെ ഇംഗ്ലണ്ടിലേക്കു തിരിച്ചുവിളിക്കാന്‍ ഉത്തരവായി. 1789 മുതൽ 96 വരെ പാർലമെന്റംഗമായും ഇദ്ദേഹം സേവനം അനുഷ്‌ഠിച്ചു. 1809 ഒ. 1-ന്‌ ഇംപി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍