This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇംഗർസോള്‍, റോബർട്‌ ഗ്രീന്‍ (1833 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:31, 13 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇംഗർസോള്‍, റോബർട്‌ ഗ്രീന്‍ (1833 - 89)

Ingersol, Robert Green

അമേരിക്കന്‍ ചിന്തകന്‍. അഭിഭാഷകന്‍, വാഗ്മി എന്നീ നിലകളിലും ഇദ്ദേഹം പ്രസിദ്ധനാണ്‌. 1833 ആഗ. 11-ന്‌ ന്യൂയോർക്ക്‌ സ്റ്റേറ്റിലെ ഡ്രസ്‌ഡനിൽ ഒരു പുരോഹിതന്റെ പുത്രനായി ജനിച്ചു. കാര്യമായ സ്‌കൂള്‍ വിദ്യാഭ്യാസം കിട്ടാതെ പോയ ഇംഗർസോള്‍ ഒരു അഭിഭാഷകന്റെ ആഫീസിൽ ഗുമസ്‌തനായി കുറച്ചു കാലം ജോലി നോക്കി. 21 വയസ്സ്‌ കഴിഞ്ഞതോടെ ഇല്ലിനോയിയിൽ സ്വതന്ത്രമായ അഭിഭാഷകവൃത്തി ആരംഭിച്ചു; അതിൽ അതിവേഗം പ്രശസ്‌തിയാർജിക്കുകയും ചെയ്‌തു. പത്തുകൊല്ലം കഴിയുംമുമ്പ്‌ ഇല്ലിനോയിസ്റ്റേറ്റിലെ അറ്റോർണി ജനറലായി ഇദ്ദേഹം നിയമിതനായി. അന്യാദൃശമായ ഓർമശക്തിയും ഉള്‍ക്കാഴ്‌ചയും മനുഷ്യസ്വഭാവവിജ്ഞാനവും നയജ്ഞതയും വാക്‌പാടവവുംകൊണ്ട്‌ യു.എസ്സിലെ ഏറ്റവും വലിയ നിയമജ്ഞന്‍ എന്ന അംഗീകാരം നേടാന്‍ ഇംഗർസോളിനു കഴിഞ്ഞു. 1862-ൽ കുറച്ചുകാലം കുതിരപ്പട്ടാളവിഭാഗത്തിൽ കേണലായും സേവനം അനുഷ്‌ഠിക്കുകയുണ്ടായി. 1868-ൽ ഇല്ലിനോയിസ്റ്റേറ്റിലെ ഗവർണർപദവിക്കു മത്സരിച്ചെങ്കിലും മതവിശ്വാസത്തിനെതിരായുള്ള ഇദ്ദേഹത്തിന്റെ പ്രകടമായ നിലപാടു കാരണം പരാജയപ്പെടേണ്ടിവന്നു.

1875-നും 78-നും ഇടയ്‌ക്ക്‌ ഇദ്ദേഹം നടത്തിയ യൂറോപ്യന്‍പര്യടനം ഡിക്കന്‍സ്‌, ബേണ്‍സ്‌, ഷെയ്‌ക്‌സ്‌പിയർ മുതലായവരുടെ കൃതികളിൽ വർധമാനമായ ആഭിമുഖ്യം ജനിപ്പിക്കാന്‍ സന്ദർഭമുളവാക്കി. ഒരു വാഗ്മി എന്ന നിലയിൽ അത്യുന്നതമായ സ്ഥാനമാണ്‌ ഇംഗർസോള്‍ കരസ്ഥമാക്കിയത്‌. പ്രസംഗത്തിൽനിന്നുമാത്രം ഇദ്ദേഹത്തിന്‌ യു.എസ്‌. പ്രസിഡണ്ടിന്റെ ഇരട്ടിവരുമാനം ലഭിച്ചിരുന്നു. ദാർശനികവും മതപരവുമായ മണ്ഡലത്തിൽ ഇദ്ദേഹം ഒരു പ്രത്യക്ഷവാദി ആയിരുന്നു. ജ്ഞാതവും സുനിശ്ചിതവുമായ പ്രതിഭാസങ്ങള്‍ക്കപ്പുറം കടക്കാനുള്ള ശ്രമം വ്യർഥമാണെന്നും ദൈവത്തെപ്പറ്റിയും അമർത്യതയെപ്പറ്റിയും മറ്റുമുള്ള സങ്കല്‌പങ്ങള്‍ ഊഹാപോഹാധിഷ്‌ഠിതമാകയാൽ അവയുടെ നിഷേധം സ്വീകാര്യവും ന്യായയുക്തവുമാണെന്നും മനുഷ്യന്‍ തന്നോടുതന്നെ സത്യസന്ധത പുലർത്തുകയും ചിന്തയുടെ അനിവാര്യമായ പരിമിതികളെ അംഗീകരിക്കുകയുമാണ്‌ വേണ്ടതെന്നുമുള്ള അഭിപ്രായത്തിൽ ഇദ്ദേഹം ഉറച്ചുനിന്നു; മതങ്ങളിലെ, പ്രത്യേകിച്ചും യാഥാസ്ഥിതികക്രിസ്‌തുമതത്തിലെ, അന്ധവിശ്വാസങ്ങള്‍ക്കും യുക്തിരഹിതമായ ആശയങ്ങള്‍ക്കും എതിരായി സന്ധിയില്ലാത്ത സമരംചെയ്‌തു. ഇദ്ദേഹത്തിന്റെ ദേവാലയം വിദ്യാലയവും ബൈബിള്‍ പ്രപഞ്ചവുമായിരുന്നു. എല്ലാറ്റിലും ഉപരിയായി സത്യത്തെ ആരാധിച്ച ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ ജീവിതത്തിലെ പ്രമാദങ്ങളുടെയും അന്ധകാരത്തിന്റെയും നടുക്ക്‌ മിന്നിത്തിളങ്ങുന്ന സത്യമാണ്‌ സർവപ്രധാനം. സത്യത്തെ അന്വേഷണം കൊണ്ടും പരീക്ഷണം കൊണ്ടും യുക്തിവിചാരം കൊണ്ടുമാണ്‌ കാണേണ്ടത്‌ എന്ന്‌ ഇദ്ദേഹം അഭിപ്രായപ്പെട്ടു.

ചിന്താബന്ധുരങ്ങളായ അനേകം പ്രസംഗങ്ങളും ഉപന്യാസങ്ങളും ഇംഗർസോള്‍ സംഭാവനചെയ്‌തിട്ടുണ്ട്‌. സത്യം, രക്ഷപ്പെടാന്‍ നാം എന്തുചെയ്യണം, കലയും സന്‍മാർഗവും, ഷേക്‌സ്‌പിയർ, ഞാന്‍ ഒരു പ്രത്യക്ഷവാദി ആയത്‌ എന്തുകൊണ്ട്‌, അന്ധവിശ്വാസം, ഏതു മാർഗം, പുരോഗതി, വിശ്വാസത്തിന്റെ അടിസ്ഥാനം, വോള്‍ട്ടയർ എന്നിവ അവയിൽ ചിലതുമാത്രമാണ്‌. ശക്തവും വ്യക്തവും യുക്തിയുക്തവും ആയ ശൈലിയിൽ സമത്വത്തിനും സ്വാതന്ത്യ്രത്തിനും സാഹോദര്യത്തിനുംവേണ്ടി പോരാടിയ ഇംഗർസോള്‍ 1889 ജൂല. 21-ന്‌ ന്യൂയോർക്കിൽവച്ചു നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍