This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർസെനിക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:07, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ആര്‍സെനിക്‌

Arsenic

ഒരു രാസമൂലകം. സിം. അ. അണുസംഖ്യ 33. ആവര്‍ത്തനപട്ടികയിൽ പതിനഞ്ചാമത്തെ ഗ്രൂപ്പിലും നാലാമത്തെ പിരീഡിലുമായാണ്‌ ഇതിന്റെ സ്ഥാനം. ഏറ്റവും സ്ഥിരതയുള്ള സമസ്ഥാനീയത്തിന്റെ അണുഭാരം 75 ആണ്‌. ചരിത്രാതീതകാലം മുതല്‌ക്കുതന്നെ ഇതിന്റെ യൗഗികങ്ങള്‍ ഔഷധങ്ങളായി ഉപയോഗിക്കപ്പെട്ടിരുന്നു. പക്ഷേ, ഇതിന്റെ വിഷാലുസ്വഭാവം അറിയപ്പെട്ടിരുന്നില്ല. ആര്‍സെനിക്‌ സള്‍ഫൈഡുകളെപ്പറ്റി പ്രസിദ്ധ തത്ത്വചിന്തകനായ അരിസ്റ്റോട്ടൽ (ബി.സി. 384-322) പ്രസ്‌താവിച്ചിട്ടുണ്ട്‌. ചുവന്ന ആര്‍സെനിക്‌ സൽഫൈഡിന്‌ പൗരുഷമുള്ള, വീര്യമുള്ള, ശക്തമായ എന്നീ അര്‍ഥങ്ങളുള്ള ആര്‍സെനിക്കന്‍ (Arseniken) എന്ന ഗ്രീക്കുനാമം കൊടുത്തത്‌ തിയോഫ്രാസ്റ്റസ്‌ (ബി.സി. 370-287) ആണ്‌. മൂലകത്തിന്‌ ആര്‍സെനിക്‌ എന്ന പേരുണ്ടായതും ഇതിൽനിന്നുതന്നെ. മഞ്ഞ ആര്‍സെനിക്‌ സൽഫൈഡിന്‌ ഓറിപിഗ്മെന്റം (oripigmentum), ആര്‍സെനിക്കം എന്നീ പേരുകള്‍ ഉണ്ടായിരുന്നു. അവയിൽ ആദ്യത്തേത്‌ ഓര്‍പിമെന്റ്‌ എന്നായിച്ചുരുങ്ങി. ഈ പ്രയോഗം ഇന്നും നിലവിലിരിക്കുന്നു. ആൽബര്‍ട്ടസ്‌ മാഗ്നസ്‌ എന്ന ശാസ്‌ത്രജ്ഞനാണ്‌ 1250-ൽ ആര്‍സെനിക്‌ മൂലകം വേര്‍തിരിച്ചെടുത്തത്‌. 1649-ൽ ഷ്രഡര്‍ (Schroder) ഈ മൂലകത്തിന്റെ നിര്‍മാണത്തിന്‌ രണ്ടു മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു.

ഉപസ്ഥിതി

വെള്ളി, കാരീയം (ലെഡ്‌), കോബാള്‍ട്‌, നിക്കൽ, ആന്റിമണി എന്നീ ലോഹങ്ങളുടെ അയിരുകളോടൊപ്പം ആര്‍സെനിക്‌ പ്രകൃതിയിൽ കണ്ടുവരുന്നു. പ്രസ്‌തുതമൂലകമുള്‍ക്കൊള്ളുന്ന ധാതുക്കള്‍ അനേകമുണ്ടെങ്കിലും വ്യാവസായിക പ്രാധാന്യമുള്ളവ ചുരുക്കമാണ്‌. ഏറ്റവും പ്രധാനമായ അയിര്‌ ആര്‍സെനൊലൈറ്റ്‌ (As4O6), അഥവാ വൈറ്റ്‌ ആര്‍സെനിക്‌ ആണ്‌. റിയാൽഗാര്‍ (As4S4), ഓര്‍പിമെന്റ്‌(As2 S3) , മിസ്‌പിക്കൽ (FeAsS), ക്ലാഡിറ്റൈറ്റ്‌ (As2O3), കോബാള്‍ട്ടൈറ്റ്‌ (CoAsS), നിക്കൽ ഗ്ലാന്‍സ്‌ (NiAsS) എന്നിവയാണ്‌ പ്രമുഖ-സൽഫൈഡ്‌ അയിരുകള്‍. മറ്റു ചില പൈറൈറ്റുകളിലും ചില ധാതുജലത്തിലും ആര്‍സെനിക്‌ അടങ്ങിയിട്ടുണ്ട്‌.

നിഷ്‌കര്‍ഷണം

ആര്‍സെനിക്‌ ഓക്‌സൈഡിനെ കാര്‍ബണ്‍ ഉപയോഗിച്ചു റിഡക്ഷനു വിധേയമാക്കിയാണ്‌ മൂലകം നിഷ്‌കര്‍ഷണം ചെയ്യപ്പെടുന്നത്‌. As4 O6 + 6 C As4 + 6 CO ഇരുമ്പുഫണൽ കമഴ്‌ത്തിയ മണ്‍ക്രൂസിബിളിൽ പൊടിച്ച അയിരും മരക്കരിയും മിശ്രണം ചെയ്‌തുവെച്ച്‌ നന്നായി ചൂടാക്കുമ്പോള്‍ ആര്‍സെനിക്‌ ഉത്‌പതിക്കുകയും ഫണലിന്റെ ഭിത്തികളിൽ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. വന്‍തോതിലുള്ള ഉത്‌പാദനത്തിന്‌ മിസ്‌പിക്കൽ (Fe As S) ഒരു കളിമണ്‍ നാളിയിൽ തപിപ്പിക്കുന്നു. അപ്പോള്‍ ആര്‍സെനിക്‌ ബാഷ്‌പം നാളിയിൽ പകുതിവരെ ഇറക്കിവച്ചിട്ടുള്ള ഇരുമ്പുകുഴലിൽ ഖരീഭവിക്കുന്നു. വീണ്ടും ഉത്‌പതനത്തിനു വിധേയമാക്കി അതിനെ ശുദ്ധീകരിക്കാം.

	4 Fe As S  4 Fe S + As4

ഗുണധര്‍മങ്ങള്‍

ആര്‍സെനിക്‌ ഒരു ഉപലോഹം ആണ്‌. അതിനെ അടിച്ചു പരത്താനോ വലിച്ചുനീട്ടി കമ്പിയാക്കാനോ സാധിക്കുകയില്ല. ബാഷ്‌പഘനത്വം (vapour density) താപനിലയെ ആശ്രിയിച്ചിരിക്കും; 860°C-ൽ 147-ഉം, 1714°C-ൽ 79- ഉം, 1736°C-ൽ 77-ഉം ആണ്‌. ഉയര്‍ന്നതാപനിലകളിൽ ആര്‍സെനിക്കിന്റെ തന്മാത്രകള്‍ ദ്വണുകങ്ങളും (As2) താണ താപനിലകളിൽ ചതുരണുകങ്ങളും (As4) ആണ്‌ എന്ന്‌ ഈ ബാഷ്‌പഘനത്വമൂല്യങ്ങളിൽനിന്ന്‌ ഗണിക്കുവാന്‍ സാധ്യമാണ്‌. ആര്‍സെനിക്കിന്‌ മൂന്ന്‌ അപരരൂപങ്ങള്‍ (allotropes) ഉണ്ട്‌. അവയെ ഗാമ ആര്‍സെനിക്‌ (ചാരനിറം), ബീറ്റാ ആര്‍സെനിക്‌ (കറുത്തനിറം), ആൽഫാ ആര്‍സെനിക്‌ (മഞ്ഞനിറം) എന്നീ പേരുകളിൽ വ്യവഹരിച്ചുവരുന്നു. 2003 വരെ ആര്‍സെനിക്കിന്റെ സു. 33 ഐസോടോപ്പുകള്‍ സംശ്ലേഷണം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇവയുടെ അറ്റോമികഭാരം 60 മുതൽ 92 വരെയാണ്‌. 73AS ആണ്‌ ഇവയിൽ ഏറ്റവും സ്ഥിരതയുള്ള ഐസോടോപ്പ്‌.

ഈര്‍പ്പരഹിതമായ വായുവിൽ തുറന്നുവച്ചതുകൊണ്ട്‌ ആര്‍സെനിക്കിന്‌ മാറ്റമൊന്നും സംഭവിക്കുന്നില്ല. എന്നാൽ വായുവിൽ നീരാവിയുണ്ടെങ്കിൽ ഈ മൂലകം ഓക്‌സൈഡ്‌ ആയി ക്രമേണ മാറുന്നു. ഓക്‌സിജന്‍, സൽഫര്‍, ഹാലജനുകള്‍ എന്നിവയുമായി ആര്‍സെനിക്‌ സംയോജിച്ച്‌ യഥാക്രമം ഓക്‌സൈഡ്‌, സൽഫൈഡ്‌, ഹാലൈഡ്‌ എന്നിവയുണ്ടാകുന്നു. സാന്ദ്രനൈട്രിക്‌ അമ്ലവും അക്വാ റീജിയയും ആര്‍സെനിക്കിനെ ആര്‍സെനിക്‌-അമ്ലമാക്കി മാറ്റുന്നു.

പ്രധാനയൗഗികങ്ങള്‍

ആര്‍സെനിക്കിന്‌ 3,5 എന്നിങ്ങനെ രണ്ടു സംയോജകതകളുണ്ട്‌. ആകയാൽ ഈ മൂലകം ട്ര എന്നും പെന്റാ എന്നും രണ്ടിനം യൗഗികങ്ങള്‍ ലഭ്യമാക്കുന്നു.

ഓക്‌സൈഡുകള്‍

i. ആര്‍സെനിക്‌ ട്രൈ ഓക്‌സൈഡ്‌ (As2 O3). ഇത്‌ പ്രകൃതിയിൽ കണ്ടുവരുന്നതും ക്ലാഡിറ്റൈറ്റ്‌ (claudetite), വൈറ്റ്‌ ആര്‍സെനിക്‌ എന്നിങ്ങനെ പേരുകളുള്ളതുമായ ഒരു പ്രധാന ആര്‍സെനിക്‌-യൗഗികം ആണ്‌. മൂലകം വായുവിൽ കത്തിച്ചും സൽഫൈഡ്‌ അയിര്‌ ഭര്‍ജനം (roast) ചെയ്‌തും ഈ ഓക്‌സൈഡ്‌ ഉണ്ടാക്കാം. അക്രിസ്റ്റലീയം, അഷ്‌ടഫലകീയം, ഏകനതാക്ഷം (non-crystalline, octahedral, monoclinic) എന്നീ മൂന്നു രൂപങ്ങള്‍ ഈ ഓക്‌സൈഡിന്‌ ഉണ്ട്‌. ഇവയിൽ അഷ്‌ടഫലകീയമാണ്‌ സാധാരണരൂപം. ഇതിന്റെ ദ്ര. അ. 200°C-ഉം ബാഷ്‌പനാങ്കം 218°C-ഉം ആണ്‌. വെളുത്ത പൊടിയായിരിക്കുന്ന ഇത്‌ അത്യുഗ്രവിഷമാണ്‌. 0.3 ഗ്രാം മുതൽ 0.4 ഗ്രാം വരെ അപായകരമാകാം; 0.6 ഗ്രാം മാരകമാണ്‌. നവ-അവക്ഷിപ്‌ത (freshly precipitated) ഫെറിക്‌ ഹൈഡ്രാക്‌സൈഡ്‌ ഈ വിഷത്തിന്‌ ഒരു മറു മരുന്നായി പ്രവര്‍ത്തിക്കും. ആര്‍സനിക്‌ ട്ര ഓക്‌സൈഡ്‌ അഥവാ ആര്‍സീനിയസ്‌ ഓക്‌സൈഡ്‌ ജലത്തിൽ പൂര്‍ണമായി ലയിക്കുകയില്ല; ക്ഷാരത്തിൽ അലിയുകയും ആര്‍സെനൈറ്റ്‌ ലഭ്യമാക്കുകയും ചെയ്യും. അമ്ലവുമായി പ്രവര്‍ത്തിച്ച്‌ സംഗതമായ ആര്‍സേനിയസ്‌ യൗഗികം തരുന്നു. ഓക്‌സിഡൈസറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വിധേയമായി ഈ ഓക്‌സൈഡിൽനിന്ന്‌ ആര്‍സെനിക്കമ്ലം ലഭിക്കുന്നു. നിരോക്‌സീകരിക്കുമ്പോള്‍ ആര്‍സെനിക്കും ആര്‍സീന്‍ (As H3) എന്ന യൗഗികവും ഉണ്ടാവുന്നതാണ്‌.

ii. ആര്‍സെനിക്‌ പെന്റോക്‌സൈഡ്‌ (As2 O5). ട്രൈ ഓക്‌സൈഡിനെ നൈട്രിക്‌ അമ്ലംകൊണ്ട്‌ ഓക്‌സിഡൈസ്‌ ചെയ്‌ത്‌ ആര്‍സെനിക്കമ്ലമുണ്ടാക്കി അതിനെ നിര്‍ജലീകരിച്ചാണ്‌ (dehydrate) പെന്റോക്‌സൈഡ്‌ ഉണ്ടാക്കുന്നത്‌.

ആര്‍സീനിയസ്‌ ഓക്‌സൈഡ്‌ വെള്ളത്തിൽ ലയിക്കുമ്പോളുണ്ടാകുന്ന നേര്‍ത്ത അമ്ലമാണ്‌ ആര്‍സീനിയസ്‌ അമ്ലം; ഈ അമ്ലത്തിന്റെ ലവണങ്ങള്‍ ആര്‍സെനൈറ്റുകളും (Arsenites). ക്ഷാരലോഹങ്ങളുടെ ആര്‍സെനൈറ്റുകളെ അതതു ക്ഷാരലായനികളിൽ ആര്‍സീനിയസ്‌ ഓക്‌സൈഡ്‌ ലയിപ്പിച്ച്‌ ലഭ്യമാക്കാം. ഗാഢ-നൈട്രിക്‌ അമ്ലത്തിൽ ആര്‍സീനിയസ്‌ ഓക്‌സൈഡ്‌ ലയിപ്പിച്ച്‌ ലായനി ബാഷ്‌പീകരിക്കുമ്പോള്‍ ഓര്‍ഥോ ആര്‍സെനിക്‌ അമ്ലം (2H3 As O4. H2 O) ലഭിക്കുന്നു. ഇതിനു പുറമേ പൈറോ ആര്‍സെനിക്കമ്ലവും മെറ്റാ അര്‍സെനിക്കമ്ലവും കൂട്ടത്തിൽ ഉണ്ടായിരിക്കും. ഇവയെല്ലാം ഓക്‌സിഡൈസിങ്‌ ഏജന്റുകളാണ്‌. ആര്‍സെനിക്കമ്ലത്തിന്റെ ലവണങ്ങളാണ്‌ ആര്‍സെനേറ്റുകള്‍. ഹ്രഡജന്‍ സൽഫൈഡ്‌, മഗ്നീഷ്യാ മിക്‌സ്‌ചര്‍, സിൽവര്‍ നൈട്രറ്റ്‌, കോപ്പര്‍ സൽഫേറ്റ്‌ എന്നീ റിയേജന്റുകള്‍ ഉപയോഗിച്ച്‌ പരീക്ഷണശാലയിൽ ആര്‍സെനൈറ്റുകളെയും ആര്‍സെനേറ്റുകളെയും വേര്‍തിരിച്ചറിയാം.

ഹാലൈഡുകള്‍

ഫ്‌ളൂറൈഡ്‌ ഒഴികെ മറ്റു ഹാലൈഡുകള്‍ ആര്‍സെനിക്കും ഹാലൊജനും നേരിട്ടു സംയോജിച്ചുണ്ടാകുന്നു. ഹാലൈഡുകളിൽ ഏറ്റവും പ്രധാനപ്പെട്ട യൗഗികം ആര്‍സെനിക്‌ ട്രൈ ക്ലോറൈഡ്‌ (As CI3) ആണ്‌. നിറമില്ലാത്ത ഒരു സംക്ഷാരദ്രാവകമാണ്‌ ഇത്‌. ഈര്‍പ്പമുള്ള വായുവിൽ ഇതു പുകയും. ഇതിൽ അല്‌പം വെള്ളം ചേര്‍ത്താൽ ആര്‍സെനിക്‌ ഓക്‌സിക്ലോറൈഡും ഹൈഡ്രാക്ലോറിക്കമ്ലവും ഉണ്ടാകുന്നു. ആര്‍സെനിക്‌ ട്ര ബ്രാമൈഡ്‌ (As Br3)നിറമില്ലാത്ത ഒരു ദ്രാവകമാണ്‌. ആര്‍സെനിക്‌ ഡൈ അയൈഡഡ്‌ (As I2 ) കടും ചുവപ്പുനിറവും പ്രിസാകൃതിയുമുള്ള ഖരവസ്‌തുവാണ്‌. ആര്‍സെനിക്‌ ഓക്‌സൈഡും കാൽസിയം ഫ്‌ളൂറൈഡും ഗാഢ സള്‍ഫ്യൂറിക്‌ അമ്ലവും ചേര്‍ത്ത്‌ സ്വേദനം ചെയ്യുമ്പോള്‍ ബാഷ്‌പശീലമുള്ള പുകയുന്ന ദ്രാവകമായി ആര്‍സെനിക്‌ ട്ര ഫ്‌ളൂറൈഡ്‌ ലഭ്യമാകുന്നു. നിറമില്ലാത്ത ഈ പദാര്‍ഥത്തിന്റെ ക്വ.അ. 63°C ആണ്‌. ആര്‍സെനിക്‌ ട്രൈ ഫ്‌ളൂറൈഡും ആന്റിമണി പെന്റാ ഫ്‌ളൂറൈഡും ബ്രാമിനും ചേര്‍ത്ത്‌ 55°C-നു താഴെ സ്വേദനം ചെയ്യുമ്പോള്‍ ആര്‍സെനിക്‌ പെന്റാഫ്‌ളൂറൈഡ്‌ ലഭിക്കുന്നു. ഇത്‌ നിറമില്ലാത്ത വാതകമാണ്‌. ആര്‍സെനിക്കിന്റെ ഹാലൈഡുകള്‍ മറ്റു ലോഹയൗഗികങ്ങളുമായി സംയോജിച്ച്‌ യോഗാങ്ങക (addition) യൗഗികങ്ങള്‍ ഉത്‌പാദിപ്പിക്കുന്നു.

സൽഫൈഡുകള്‍

ആര്‍സെനിക്കിന്‌ നാലു സൽഫൈഡുകള്‍ ഉണ്ട്‌- AS4 S3, AS2 S2, AS2 S3, AS2 S5 എന്നിങ്ങനെ. ഇവയിൽ AS2 S2 എന്നത്‌ ആര്‍സെനിക്‌ ഡൈ സൽഫൈഡ്‌ ആണ്‌. ഇത്‌ പ്രകൃതിയിൽ റിയാൽഗര്‍ എന്ന പേരിൽ ലഭ്യമാണ്‌. മൂലകങ്ങള്‍ വേണ്ട അനുപാതത്തിലെടുത്തു ചൂടാക്കിയും, അയണ്‍ പൈറൈറ്റിസും ആര്‍സെനിക്കൽ പൈറൈറ്റിസും ചേര്‍ത്തു സ്വേദീകരിച്ചും ഈ യൗഗികം ഉണ്ടാക്കാം. ഇത്‌ ചുവന്ന ഭംഗുരക്രിസ്റ്റലുകള്‍ ആണ്‌. ദ്ര. അ. 267°C; തിളനില 565°C. ആര്‍സെനിക്‌ ട്ര സൽഫൈഡ്‌ ആണ്‌ AS2 S3. ആര്‍സേനിയസ്‌ ഓക്‌സൈഡ്‌ ഹ്രഡോക്ലോറിക്കമ്ലത്തിൽ അലിയിച്ച്‌ ലായനിയിലൂടെ ഹൈഡ്രജന്‍ സൽഫൈഡ്‌ വാതകം കടത്തിവിടുമ്പോള്‍ മഞ്ഞ അവക്ഷിപ്‌തമായി ഈ യൗഗികം ലഭിക്കുന്നു. ഇതിന്റെ ദ്ര.അ. 300°C -ഉം ക്വ.അ. 707°C-ഉം ആണ്‌. ട്രൈ സൽഫൈഡും സൽഫറും ശരിയായ അനുപാതത്തിലെടുത്ത്‌ ഉരുക്കിയും, ഹൈഡ്രാക്ലോറിക്കമ്ലം ചേര്‍ത്തു തണുപ്പിച്ച ആര്‍സെനിക്കമ്ലലായനിയിലൂടെ ഹൈഡ്രജന്‍ സൽഫൈഡ്‌ വാതകം വേഗത്തിൽ കടത്തിവിട്ടും ആര്‍സെനിക്‌ പെന്റാസൽഫൈഡ്‌ ലഭ്യമാക്കാം. ഇതിന്‌ മഞ്ഞനിറമാണ്‌.

ട്രൈ-പെന്റാ സൽഫൈഡുകള്‍ ഉപയോഗിച്ച്‌ തയോ ആര്‍സെനൈറ്റുകളും തയോ ആര്‍സെനേറ്റുകളും ലഭ്യമാക്കാം.

ഹൈഡ്രഡ്‌

ആര്‍സെനിക്‌ ഹൈഡ്രഡിന്‌ (As H3) ആര്‍സീന്‍ എന്നും പേരുണ്ട്‌; ഹൈഡ്രജന്‍ ആര്‍സെനൈഡ്‌ എന്നും പറയാം. ആര്‍സെനിക്‌-ലവണ-ലായനിയിലൂടെ നവജാത ഹൈഡ്രജന്‍ കടത്തിവിടുമ്പോള്‍ ഇതുണ്ടാകുന്നു. ആര്‍സീന്‍ നിറമില്ലാത്തതും വെളുത്തുള്ളിയുടെ ഗന്ധമുള്ളതുമായ ഒരു വാതകമാണ്‌. വിഷാലുവാകയാൽ ഇത്‌ ശ്വസിക്കാന്‍ പാടില്ല. ചെറിയ ഒരു മാത്രപോലും മാരകമായേക്കാം. ഈ വാതകം ചൂടാക്കിയാൽ 230മ്പഇ-ൽ കറുത്തുമിന്നുന്ന അര്‍സെനിക്‌ മൂലകം നിക്ഷിപ്‌ത (deposited) മാകുന്നതു കാണാം. പദാര്‍ഥങ്ങളിൽ ആര്‍സെനിക്‌ കണ്ടുപടിക്കുന്നതിന്‌ ഈ അഭിക്രിയ പ്രയോജനപ്പെടുത്താം.

ഓര്‍ഗാനിക്‌ വ്യുത്‌പന്നങ്ങള്‍

ആര്‍സെനിക്‌ മൂലകത്തിന്റെ കാര്‍ബണിക വ്യുത്‌പന്നങ്ങള്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നു. ആര്‍സെനിക്‌ ട്രക്ലോറൈഡും സിങ്ക്‌ ആൽക്കൈലുകളും (Zinc alkyls) തമ്മിൽ രാസപരമായി പ്രവര്‍ത്തിപ്പിച്ചാണ്‌ ഈ യൗഗികങ്ങള്‍ ലഭ്യമാക്കുന്നത്‌. ട്രമീഥൈൽ ആര്‍സീന്‍ [(CH3)3 As] അപെഒരു ഉദാഹരണമാണ്‌. കാര്‍ബണിയ ആര്‍സീനുകള്‍ പൊതുവേ വിഷമുള്ള ദ്രാവകങ്ങളാണ്‌.

ഉപയോഗങ്ങള്‍

മറ്റു ലോഹങ്ങളുമായി ചേര്‍ത്ത്‌ കൂട്ടുലോഹങ്ങള്‍ ഉണ്ടാക്കാനാണ്‌ ആര്‍സെനിക്‌ മൂലകം ഏറ്റവുമധികം ഉപയോഗിക്കുന്നത്‌. ചില ആര്‍സെനിക്‌ യൗഗികങ്ങള്‍ നിര്‍മിക്കുന്നതിന്‌ ഈ മൂലകം നേരിട്ടുപ്രയോഗിക്കപ്പെടുന്നു. ആര്‍സെനിക്കിന്റെ ട്ര ഓക്‌സൈഡ്‌ ചിലപ്പോള്‍ കീടനാശിനികളിൽ ചേര്‍ക്കാറുണ്ട്‌. ഔഷധങ്ങളിൽ ഇതും ഇതിന്റെ വ്യുത്‌പന്നങ്ങളും ഉപയോഗിക്കുന്നു. ഗ്ലാസ്‌ നിര്‍മാണം, പിഗ്മന്റ്‌ (വര്‍ണക) വ്യവസായം, ആര്‍സെനൈറ്റ്‌-ഉത്‌പാദനം എന്നീ ആവശ്യങ്ങള്‍ക്കും ട്ര ഓക്‌സൈഡ്‌ ഉപയോഗിക്കാറുണ്ട്‌. വെടിക്കെട്ടുമരുന്നിൽ ശ്വേതാഗ്നിയുണ്ടാക്കുവാനും അതാര്യ-ഇനാമൽ ഉണ്ടാക്കുവാനും എലിപ്പാഷാണമായും ഈ യൗഗികം പ്രയോജനപ്പടുത്തിവരുന്നു. സോഡിയം ആര്‍സെനൈറ്റ്‌ ഒരു കീടനാശിനിയാണ്‌, കളനാശിനിനിയുമാണ്‌. മാത്രമല്ല, ഇത്‌ സോപ്പു നിര്‍മിക്കുന്നതിനും തുണിത്തരങ്ങള്‍ ചായമിടുന്നതിനും ചര്‍മപരിരക്ഷണത്തിനും ഉപയോഗിക്കപ്പെട്ടുവരുന്നു. ഷീലേ ഗ്രീന്‍ എന്നറിയപ്പെടുന്ന കുപ്രിക്‌ ആര്‍സെനൈറ്റ്‌ (CuHAsO3) ഒരു വര്‍ണകമായും കുപ്രിക്‌ അസറ്റൊ ആര്‍സോനൈറ്റ്‌ (പാരീസ്‌ ഗ്രീന്‍), [3 Cu (As O2)2. Cu (C2 H3 O2)2] വര്‍ണകമായും ഫംഗസ്‌നാശിനിയായും പ്രയോജനപ്പെടുത്തിവരുന്നു. കാലിക്കൊ പ്രിന്റിങ്‌, ഔഷധനിര്‍മാണം, വര്‍ണകവ്യവസായം മുതലായ രംഗങ്ങളിൽ ആര്‍സെനേറ്റുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്‌. സിറാമിക്‌ വ്യവസായത്തിലും ഔഷധനിര്‍മാണത്തിലും ഉപകരിക്കുന്ന യൗഗികമാണ്‌ ആര്‍സെനിക്‌ ക്ലോറൈഡ്‌. ക്ലോറിന്‍ ഉള്‍ക്കൊള്ളുന്ന ഓര്‍ഗാനിക്‌ ആര്‍സീനുകള്‍ പലതും വിഷവാതകമായി ഉപയോഗിക്കുന്നവയാണ്‌. ഡൈഫെനിൽ ക്ലോറൊ ആര്‍സീന്‍ ഒരു ഉദാഹരണമായി പറയാം. കക്കോഡിൽ റാഡിക്കൽ ഉള്‍ക്കൊള്ളുന്ന-[(CH3)2 As2]- യൗഗികങ്ങളും വിഷവാതകങ്ങളായി ഉപയോഗിക്കാം

ആർസെനിക-ഔഷധങ്ങള്‍

ആർസെനിക്കിന്റെ പല യൗഗികങ്ങളും ഔഷധങ്ങളായി ഉപയോഗിക്കുന്നുണ്ടെന്ന്‌ മുമ്പ്‌ സൂചിപ്പിച്ചിട്ടുണ്ട്‌. വ്രണങ്ങള്‍ തുടങ്ങിയ ത്വഗ്രാഗങ്ങള്‍, മലമ്പനി, രക്തക്കുറവ്‌, വാതം, ഗുഹ്യരോഗങ്ങള്‍പോലുള്ള പലതരം പകർച്ചവ്യാധികള്‍ എന്നിവയ്‌ക്കെല്ലാം ആർസെനിക്‌ ഔഷധങ്ങള്‍ പ്രചാരത്തിലുണ്ട്‌. രോഗാണുക്കളിലെ തയോള്‍ ഗ്രൂപ്പുമായി അവ രാസപരമായി പ്രവർത്തിക്കുന്നു. ഔഷധമായി ഉപയോഗിക്കുന്ന പൊട്ടാസിയം ആർസനൈറ്റ്‌ ലായനിക്ക്‌ ഫൗളേർസ്‌ ലായനി എന്നാണ്‌ പേര്‌. 100 ഗ്രാം ലായനിയിൽ ഒരു ഗ്രാം ആർസേനിയസ്‌ ഓക്‌സൈഡ്‌ ഉണ്ടായിരിക്കും. ഒരു ടോണിക്കായും, ലുക്കേമിയയ്‌ക്ക്‌ (രക്താർബുദം) മരുന്നായും ഇതു വിധിക്കപ്പെടുന്നു. സോഡിയം കക്കോഡിലേറ്റ്‌, ആർസ്‌ഫെനാമിന്‍, നിയോ ആർസെഫെനാമിന്‍, സൽഫാർസ്‌ ഫെനാമിന്‍, സൊലു സാൽവർസാന്‌ഡ അറ്റോക്‌സിൽ, കാർബർസോണ്‍, ട്രപാർസമൈഡ്‌ എന്നിങ്ങനെ അനേകം കാർബണിക-ആർസൈനിക യൗഗികങ്ങള്‍ ഔഷധങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്‌. ഇവ കൂടാതെ ആർസോണിക-അമ്ലത്തിന്റെ പല ലവണങ്ങളും അനേകം ആർസെനോസൊ യൗഗികങ്ങളും ഔഷധങ്ങളാണ്‌.

ശരീരക്രിയാങ്ങക പ്രവർത്തനം

അലേയ-ആർസെനിക്‌ യൗഗികങ്ങള്‍ ശരീരത്തിൽ പൂർണമായും അവശോഷണം ചെയ്യപ്പെടുന്നില്ല. ലേയങ്ങള്‍ വേഗം അവശോഷണം ചെയ്യപ്പെടുന്നു. ആർസെനിക്കിന്‌ കെരാറ്റിനോട്‌ പ്രത്യേകാഭിമുഖ്യമുള്ളതിനാൽ അത്‌ രോമത്തിലും നഖത്തിലും കേന്ദ്രിതമാകുന്നു. കോശസംബന്ധിയായ ഉപാപചയത്തിൽ അത്യന്താപേക്ഷിതങ്ങളായ ചില ടിഷ്യൂ-പ്രാട്ടീനുകളിലെ തയോള്‍ (-SH) ഗ്രൂപ്പുകളുമായി ആർസെനിക്‌ പ്രവർത്തിച്ച്‌ ശരീരത്തിലെ പല മൗലിക പ്രക്രിയകളെയും തടസ്സപ്പെടുത്തുന്നു. ആർസെനിക്കിന്റെ പ്രവർത്തനംമൂലം കരളിലെ കൊഴുപ്പ്‌ അപക്ഷയിക്കുവാനും, ആഹാരനാളികയിൽ രക്തം കെട്ടിനില്‌ക്കുവാനും സ്രവിക്കാനും മറ്റും കാരണമാകുന്നു. പരിധീയനാഡികളുടെ ഖണ്ഡനംമൂലം മയേലിന്റെ പുനരവശോഷണം സംഭവിക്കുകയും ആക്‌സിസ്‌ സിലിണ്ടറുകളുടെ വിഘടനമുണ്ടാകുകയും ചെയ്യുന്നു. ആർസെനിക്‌-പദാർഥങ്ങള്‍ തന്മൂലം വിഷാലുവായി പ്രവർത്തിക്കുന്നു. ആർസെനിക്‌-യൗഗികങ്ങളുടെ മാരകഡോസ്‌, വിഷത്തെ അതിജീവിക്കാനുള്ള അതതുവ്യക്തിയുടെ ശക്തിയെ ആശ്രയിച്ചിരിക്കുന്നു. സാധാരണഗതിയിൽ 30 മി. ഗ്രാം ആർസീനിയസ്‌ ഓക്‌സൈഡ്‌ പോലും മാരകമാണ്‌. എന്നാൽ അല്‌പാല്‌പമായി കുറേനാള്‍ സേവിക്കുകയാണെങ്കിൽ ഇതിലുമധികം ഉള്ളിൽ ചെന്നാലും അപായം സംഭവിക്കുകയില്ല. ഉദാഹരണമായി ഒരു പഴത്തോട്ടത്തിലെ തൊഴിലാളിയുടെ ശരീരത്തിൽ ദിനംപ്രതി 6 മുതൽ 8 വരെ മി. ഗ്രാം ആർസെനിക്‌ കടന്നുകൂടുന്നുണ്ട്‌. ഫൗളേർസ്‌ ലായനിയും പല കാർബണിക്‌ ആർസെനിക്കുകളും ഒരു കാലത്ത്‌ ലഹരി പദാർഥങ്ങളായും ചില ആർസെനിക യൗഗികങ്ങള്‍ നാഡിയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുവാനുള്ള ഉത്തേജനൌഷധങ്ങളായും ഉപയോഗിക്കപ്പെട്ടിരുന്നു. ആർസെനിക്‌ യൗഗികങ്ങള്‍ ഉള്‍ക്കൊണ്ട പൈറൈറ്റിസുകള്‍ കൈകാര്യം ചെയ്യുന്ന ഫാക്‌ടറികളിലെ അന്തരീക്ഷത്തിൽ ആർസെനിക്‌ കലർന്നിരിക്കും. ആ അന്തരീക്ഷവായു ശ്വസിക്കുന്ന ജീവികളിൽ നിശ്ചയമായും ആർസെനിക്‌ കടന്നുകൂടും. അല്‌പാല്‌പമായി ശരീരത്തിനകത്തു കടക്കുന്ന ആർസെനിക്‌ പെട്ടെന്നു മാരകമാകുന്നില്ലെങ്കിലും കാലാന്തരത്തിൽ ദീർഘസ്ഥായിയായ (chronic) ആർസെനിക്‌ വിഷാക്‌തനത്തിനു കാരണമായേക്കും. ആർസീന്‍ വാതകം തുടർച്ചയായി ശ്വസിച്ചാൽ രക്തകണികകളുടെ വിഘടനം, ശൈത്യം, പനി, മൂത്രംവഴി രക്തസ്രാവം എന്നിവ അനുഭവപ്പെടും. മാരകമായ ആർസെനിക്‌ഡോസ്‌ അകത്തുചെന്നാൽ മനംപുരട്ടൽ, ഛർദി, അതിസാരം, വായിലും തൊണ്ടയിലും പൊള്ളൽ, വയറ്റിൽ കഠിനവേദന എന്നിവയെല്ലാമുണ്ടാകും. മണിക്കൂറുകള്‍ക്കകം മരണവും സംഭവിക്കും. തക്കസമയത്തു വേണ്ടപോലെ ചികിത്സിച്ചാൽ മരണത്തിൽനിന്നും രക്ഷപ്പെടാം. അങ്ങനെ രക്ഷപ്പെട്ടാലും ദീർഘസ്ഥായിയായ വിഷാക്തന ഫലങ്ങള്‍ തങ്ങിനിന്നുകൂടായ്‌കയില്ല. (പ്രാഫ. ആർ. രത്‌നാംബാള്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍