This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറുമുഖംപിള്ള ദളവ (? - 1736)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറുമുഖംപിള്ള ദളവ (? - 1736)

വേണാട്ടിലെ ദളവ (ഭ.കാ. 1726-36). 1726-ൽ രാമവർമരാജാവിന്റെ കാലത്ത്‌ ആറുമുഖംപിള്ള താത്‌കാലിക ദളവയായി നിമിതനായി. രാമവർമ അല്‌പകാലമേ രാജ്യം ഭരിച്ചുള്ളൂ. 1729-ൽ രാമവർമ അന്തരിച്ചതോടെ അദ്ദേഹത്തിന്റെ ഭാഗിനേയനായ അനിഴംതിരുനാള്‍ മാർത്താണ്ഡവർമ വേണാട്ടുരാജാവായി. അദ്ദേഹം സിംഹാസനാരോഹണം ചെയ്‌തപ്പോള്‍ താത്‌കാലികമായി ദളവാസ്ഥാനം വഹിച്ചിരുന്ന ആറുമുഖംപിള്ളയെ അതിൽ സ്ഥിരപ്പെടുത്തി. രാമവർമ മധുര ഗവണ്‍മെന്റുമായി ചെയ്‌തിരുന്ന ഉടമ്പടി അനുസരിച്ച്‌ അവരുടെ സൈന്യസഹായം സ്വീകരിക്കുകയും അതിന്റെ ചെലവിനായി ഒരു തുക കൊടുക്കാമെന്ന്‌ സമ്മതിക്കുകയും ചെയ്‌തിരുന്നു. ആഭ്യന്തരകലാപം നിമിത്തം അതു മുടങ്ങി. തന്മൂലം മധുരസൈന്യം ദളവയെ പിടികൂടി തൃക്കണം കുടിയിൽ തടവിൽ പാർപ്പിച്ചു.

കടത്തുകയുടെ സിംഹഭാഗവും കൊടുത്തുതീർത്തിട്ടും അവർ അദ്ദേഹത്തെ വിട്ടയച്ചില്ല. തിരുവിതാംകൂർ സൈന്യാധിപന്‍ കുമാരസ്വാമിപ്പിള്ളയും ആറുമുഖംപിള്ളയുടെ അനുജനായ ഉപസേനാധിപന്‍ താണുപിള്ളയും ദളവയെ മോചിപ്പിക്കുവാന്‍ നിയോഗിക്കപ്പെട്ടു. അവർ മറവപ്പടയും കുതിരപ്പടയും ശേഖരിക്കുകയും കടുക്കര, മന്താരം, പുതൂർ, ആരുവാമൊഴി, കന്യാകുമാരി എന്നീ സ്ഥലങ്ങളിൽ പ്രതിരോധാർഥം കോട്ടകളുണ്ടാക്കുകയും ചെയ്‌തു. അതിനുശേഷം കുമാരസ്വാമിപ്പിള്ള മറവസൈന്യവുമായി തൃക്കണംകുടിയിലേക്കു പോയി ദളവയെ മോചിപ്പിച്ചു. ആറുമുഖംപിള്ള 1736 വരെ ദളവയായി തുടർന്നു. രാമവർമരാജാവിന്റെ പുത്രന്മാരായ പപ്പുതമ്പി, രാമന്‍തമ്പി എന്നിവരെയും ഇടപ്രഭുക്കന്മാർ, യോഗക്കാർ, എട്ടുവീട്ടിൽപിള്ളമാർ മുതലായവരെയും അമർച്ചചെയ്‌തത്‌ ഈ ദളവയുടെ കാലത്താണ്‌. കൊല്ലം (ദേശിംഗനാട്‌), കൊട്ടരക്കര (ഇളയിടത്തുസ്വരൂപം), കായംകുളം എന്നീ രാജ്യങ്ങളുമായി തിരുവിതാംകൂർ നടത്തിയ യുദ്ധങ്ങളിൽ ആറുമുഖംപിള്ള ദളവ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌. 1736-ൽ അദ്ദേഹം നിര്യാതനായി (വി.ആർ. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍