This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയുധനിയമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:40, 23 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആയുധനിയമം

Arms Act

ആയുധങ്ങളുടെ ഉപയോഗങ്ങളെക്കുറിച്ചുള്ള നിയമം. ഒരു രാഷ്‌ട്രത്തിന്റെ ആഭ്യന്തരസുരക്ഷിതത്ത്വത്തിനും ക്രമസമാധാനപാലനത്തിനും അവിടത്തെ ഗവണ്‍മെന്റ്‌ ചെയ്യാന്‍ നിർബന്ധിതമാകുന്ന കാര്യങ്ങളിൽ ഒന്ന്‌ ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും നിർമാണം, വിപണനം, ആർജനം, സംഭരണം, ഇറക്കുമതിയും കയറ്റുമതിയും എന്നിവ നിയന്ത്രിക്കുകയെന്നതാണ്‌. ഈ ആവശ്യത്തിന്‌ ഇന്ത്യാഗവണ്‍മെന്റ്‌ 1959-ൽ, അതേവരെ ബ്രിട്ടിഷ്‌ ഇന്ത്യ എന്ന്‌ അറിയപ്പെട്ടിരുന്ന പ്രദേശത്തിനുമാത്രം ബാധകമായിരുന്ന 1878-ലെ നിയമം റദ്ദുചെയ്‌തുകൊണ്ട്‌ പാസ്സാക്കിയ ആയുധനിയമമാണ്‌ ഇപ്പോള്‍ നിലവിലുള്ളത്‌; അത്‌ ഇന്ത്യക്കൊട്ടാകെ ബാധകമാക്കിയിരിക്കുന്നു. ആയുധം എന്നാൽ ആക്രമണത്തിനോ പ്രതിരോധത്തിനോ ഉപയോഗിക്കാവുന്ന ഏതുതരത്തിലുമുള്ള സാധനം ആണ്‌; തോക്കും മാരകമായ മറ്റ്‌ ആയുധങ്ങളും അതിന്റെ ഭാഗങ്ങളും അവ നിർമിക്കാനുള്ള യന്ത്രങ്ങളും ഇതിൽ ഉള്‍പ്പെടുന്നു; എന്നാൽ ഗാർഹികാവശ്യത്തിനോ കാർഷികവൃത്തിക്കോ വേണ്ട ഉപകരണങ്ങള്‍ "ആയുധം' എന്ന പദത്തിന്റെ വ്യാപ്‌തിയിൽ വരുന്നതല്ല. "വെടിക്കോപ്പ്‌' എന്നാൽ തോക്കുകള്‍ക്കുവേണ്ട വേടിക്കോപ്പ്‌ എന്ന്‌ അർഥമാകുന്നു; റോക്കറ്റുകള്‍, ബോംബുകള്‍, കൈബോംബുകള്‍, ഷെല്ലുകള്‍ മുതലായവയും ടോർപിഡോ പ്രവർത്തനത്തിനുള്ള സാധനങ്ങളും തോക്കുകളോടുകൂടിയോ അല്ലാതെയോ ഉപയോഗിക്കാവുന്ന സ്‌ഫോടകവസ്‌തുക്കളോ പൊട്ടിത്തെറിക്കുന്ന മറ്റേതെങ്കിലും സാധനമോ ഹാനികരമായ ദ്രാവകമോ വാതകമോ മറ്റേതെങ്കിലുമോ ഉള്‍ക്കൊള്ളുന്ന സാധനങ്ങളും തോക്കുകളിൽ നിറയ്‌ക്കാനുപയോഗിക്കുന്ന തിരകളും അവയുടെ ഉപകരണങ്ങളും വെടിക്കോപ്പുകളും അവയുടെ ഭാഗങ്ങള്‍ നിർമിക്കാനുള്ള യന്ത്രങ്ങളും കേന്ദ്രഗവണ്‍മെന്റ്‌ ഇതിലേക്കു നിർദേശിക്കുന്ന വെടിക്കോപ്പുകളുടെ ഘടകവസ്‌തുക്കളും "വെടിക്കോപ്പ്‌' എന്ന പദത്തിന്റെ വ്യാപ്‌തിയിൽ ഉള്‍പ്പെടുന്നു. "തോക്കുകള്‍' എന്ന പദംകൊണ്ട്‌ സ്‌ഫോടകശക്തിയാലോ മറ്റേതെങ്കിലും ഊർജത്താലോ പ്രവർത്തിപ്പിക്കാവുന്ന ഏതുതരത്തിലുള്ള തോക്കുകളെയും മാരമകമായ വാതകവും ദ്രാവകങ്ങളും വിസർജിക്കുന്നതിന്‌ സഹായിക്കുന്ന യന്ത്രവിശേഷങ്ങളെയും തോക്കുകളുടെയും അവയുടെ ഭാഗങ്ങള്‍ നിർമിക്കാനുള്ള യന്ത്രത്തെയും യന്ത്രത്തോക്കുകള്‍ കൊണ്ടുപോകാനുള്ള വാഹനങ്ങള്‍, വേദികള്‍ മുതലായവയെയും വിവക്ഷിക്കുന്നു. വ്യവസ്ഥകള്‍. ആയുധനിയമത്തിലെ പ്രാധാനവ്യവസ്ഥകള്‍ താഴെ പറയുന്നവയാണ്‌. തോക്കുകളും വെടിക്കോപ്പുകളും ലൈസന്‍സ്‌ കൂടാതെ ആർജിക്കാനോ കൈവശം വയ്‌ക്കാനോ പാടില്ല; കൂടാതെ അവ നിർമിക്കുക, വില്‌ക്കുക, കൈമാറ്റംചെയ്യുക, രൂപഭേദപ്പെടുത്തുക. കേടുപാടു തീർക്കുക, പരിശോധിക്കുക എന്നിവയും അവയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ചെയ്യുന്നതിന്‌ അതിലേക്കു നിശ്ചയിച്ചിട്ടുള്ള ലൈസന്‍സ്‌ ആവശ്യമാണ്‌. മേല്‌പറഞ്ഞതരത്തിൽ നിർമിക്കുകയും മറ്റും ചെയ്യുന്നവയെ വില്‌ക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിരോധിച്ചിരിക്കുകയാണ്‌. ലൈസന്‍സ്‌ ആവശ്യമായ മറ്റു കാര്യങ്ങള്‍, കരവഴിയോ കടൽവഴിയോ ആകാശമാർഗമായോ തോക്കുകളും വെടിക്കോപ്പുകളും ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക എന്നിവയാണ്‌. എന്നാൽ വിദേശികളെ സംബന്ധിച്ചിടത്തോളം ഈ ചട്ടത്തിന്‌ അയവു വരുത്താറുണ്ട്‌. ആയുധം കൊണ്ടുനടക്കുന്നതിന്‌ നിയമതടസ്സമില്ലാത്ത രാജ്യങ്ങളിലെ സഞ്ചാരികള്‍ നായാട്ടിനോ വിനോദത്തിനോ വേണ്ടി മാത്രമായി ഇന്ത്യയിലേക്കു കൊണ്ടുവരുന്ന ആയുധങ്ങള്‍ക്ക്‌ ലൈസന്‍സ്‌ ആവശ്യമില്ല.

മേല്‌പറഞ്ഞ കാര്യങ്ങള്‍ക്ക്‌ ലൈസന്‍സ്‌ നല്‌കുന്നതു സംബന്ധിച്ച്‌ പല വ്യവസ്ഥകളും ആയുധനിയമത്തിൽ ചേർത്തിട്ടുണ്ട്‌. ലൈസന്‍സ്‌ നല്‌കുന്നതിന്‌ ലൈസന്‍സിങ്‌ അതോറിറ്റിയുണ്ട്‌. അതിന്റെ മുമ്പാകെ മുറപ്രകാരം കൊടുക്കുന്ന അപേക്ഷ തക്കതായ അന്വേഷണത്തിനുശേഷം അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതാണ്‌. അനുവദിക്കുകയാണെങ്കിൽ അതിന്റെ പ്രാബല്യം മൂന്നു വർഷത്തേക്കോ അതിൽ കുറഞ്ഞകാലത്തേക്കോ ആയിരിക്കും. കാലാവധി അവസാനിക്കുന്നതിനുമുമ്പ്‌ തക്കതായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ ലൈസന്‍സ്‌ അവസാനിപ്പിക്കാം. അതിലെ വ്യവസ്ഥകള്‍ ഭേദപ്പെടുത്താനും ലൈസന്‍സ്‌ നിർത്തിവയ്‌ക്കാനും പിന്‍വലിക്കാനും ചില സാഹചര്യങ്ങളിൽ ലൈസന്‍സിങ്‌ അതോറിറ്റിക്ക്‌ അധികാരമുണ്ട്‌. ആ അതോറിറ്റിയുടെ തീരുമാനത്താൽ സങ്കടക്കാരനായ ആള്‍ക്ക്‌ അതിനെതിരായി അപ്പലേറ്റ്‌ അതോറിറ്റിയുടെ മുമ്പാകെ അപ്പീൽ കൊടുക്കാവുന്നതാണ്‌. അപ്പലേറ്റ്‌ അതോറിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

ഏതുപൊലീസ്‌ ആഫീസർക്കും കേന്ദ്രഗവണമെന്റ്‌ ഇതിലേക്ക്‌ അധികാരപ്പെടുത്തുന്ന ആഫീസർക്കും തോക്കും മറ്റും കൈവശം വച്ചിരിക്കുന്ന ആളോട്‌ ലൈസന്‍സ്‌ കാണിക്കാന്‍ ആവശ്യപ്പെടാവുന്നതാണ്‌. അതനുസരിച്ച്‌ കാണിക്കുന്നില്ലെങ്കിൽ അവ പിടിച്ചെടുക്കുകയും അയാളെ അറസ്റ്റുചെയ്യുകയും ചെയ്യാം. അതുപോലെ സംശയാസ്‌പദമായ സാഹചര്യങ്ങളിൽ തോക്കുകളും മറ്റും കൊണ്ടു നടക്കുന്നവരെ അറസ്റ്റുചെയ്യുകയും അവ പിടിച്ചെടുക്കുകയും ചെയ്യാവുന്നതാണ്‌. ഏതെങ്കിലും മജിസ്റ്റ്രട്ടിന്‌ തന്റെ അധികാരപരിധിയിൽപ്പെട്ട പ്രദേശത്തുള്ള ഏതെങ്കിലും ആളുടെ പക്കൽ നിയമവിരുദ്ധമായ ആവശ്യത്തിനുദ്ദേശിച്ചുള്ള തോക്കുംമറ്റും ഉണ്ടെന്ന്‌ അറിവുകിട്ടിയാൽ, അയാളുടെ വീടും പരിസരവും മറ്റും പരിശോധിപ്പിക്കുകയും അവ പിടിച്ചെടുക്കുകയും ചെയ്യാം. അതുപോലെ പൊതുവായ ക്രമസമാധാനം നിലനിർത്തുന്നതിനുവേണ്ടി കേന്ദ്രഗവണ്‍മെന്റിന്‌ ഏതു സമയത്തും ആരിൽനിന്നും തോക്കുകളും വെടിക്കോപ്പുകളും ആവശ്യമാണെന്ന്‌ കരുതുന്ന കാലത്തേക്കു പിടിച്ചുവയ്‌ക്കാവുന്നതാണ്‌.

മേല്‌പറഞ്ഞതരത്തിൽ ലൈസന്‍സില്ലാതെ ആരെങ്കിലും ഏതെങ്കിലും സാധനത്തിന്റെ നിർമാണമോ വിപണനമോ കൈമാറ്റമോ നടത്തുകയാണെങ്കിൽ അവയിലോരോന്നിനും ഇന്നിന്ന ശിക്ഷ നല്‌കേണ്ടതാണെന്നും നിയമം അനുശാസിക്കുന്നു. ഈ കുറ്റങ്ങളൊക്കെ, ക്രിമിനൽ നടപടി നിയമസംഹിതയിലെ വ്യവസ്ഥകളനുസരിച്ച്‌ "കോഗ്‌നൈസബിള്‍' (cognizable) ആയിരിക്കുന്നതാണ്‌.

ഈ നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രയോഗത്തിൽകൊണ്ടുവരുന്നതിന്‌ ആവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്രഗവണ്‍മെന്റിന്‌ അധികാരമുണ്ട്‌. അങ്ങനെ ഉണ്ടാക്കിയ റഗുലേഷനുകളും ഈ നിയമത്തിലെ വ്യവസ്ഥകളും അനുസരിച്ചാണ്‌ ഇന്ത്യയിൽ ആയുധങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ നടത്തിപ്പോരുന്നത്‌. ഇതോടു ബന്ധപ്പെട്ടവയാണ്‌ 1854-ലെ മലബാർ വാർ നൈവ്‌സ്‌ ആക്‌റ്റ്‌, 1884-ലെ എക്‌സ്‌പ്ലശ്ശോസീവ്‌സ്‌ ആക്‌റ്റ്‌, 1908-ലെ എക്‌സ്‌പ്ലശ്ശോസീവ്‌ സബ്‌സ്റ്റന്‍സ്സ്‌ ആക്‌റ്റ്‌ എന്നിവ.

അണ്വായുധങ്ങളുടെ വ്യാപനം തടയാനായാണ്‌ 1996-ൽ സമഗ്ര ആണവ പരീക്ഷണ നിരോധന കരാറിന്‌ (സിടിബിടി) രൂപം നല്‌കിയത്‌. ഒരു കിലോ ടച്ചിനു (കെ ടി) മുകളിലുള്ള ആണവപരീക്ഷണങ്ങളാണ്‌ കരാറിൽ നിരോധിക്കാന്‍ വ്യവസ്ഥ ചെയ്‌തിട്ടുള്ളത്‌. ആണവ നിർവ്യാപന കരാറെന്ന പോലെ (ന്യൂക്ലിയർ നോണ്‍ പ്രാലിഫറേഷന്‍ ട്രീറ്റി) അമേരിക്ക, റഷ്യ, ചൈന, ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌ തുടങ്ങിയ ആണവ ശക്തികളുടെ (ന്യൂക്ലിയർ ക്ലബ്‌) ആയുധശേഖരം നിയമവിധേയമാക്കി മറ്റുള്ളവരെ അണ്വായുധമുണ്ടാക്കുന്നതിൽ നിന്നും തടയുകയാണ്‌ കരാറിന്റെ ലക്ഷ്യം. (എം. പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍