This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമോസിന്റെ പുസ്‌തകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആമോസിന്റെ പുസ്‌തകം== ==Book of Amos== ബൈബിള്‍ പഴയ നിയമത്തിലെ പ്രവചനപുസ...)
അടുത്ത വ്യത്യാസം →

11:58, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആമോസിന്റെ പുസ്‌തകം

Book of Amos

ബൈബിള്‍ പഴയ നിയമത്തിലെ പ്രവചനപുസ്‌തകങ്ങളിൽ ഒന്ന്‌. പന്ത്രണ്ട്‌ എച്ചത്തിലെ മൂന്നാമത്തേത്‌. ഇസ്രായേൽ ജനതയോട്‌ ആമോസ്‌ നടത്തിയ പ്രവചനങ്ങളാണ്‌ ഇതിന്റെ ഉള്ളടക്കം.

ബി.സി. 8-ാം ശ.-ത്തിന്റെ പൂർവാർധത്തിലാണ്‌ ആമോസ്‌ ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. ഈ പുസ്‌തകത്തിൽനിന്നു ലഭിക്കുന്ന വിവരങ്ങളും ഉറാതു, സിറിയ, അസീറിയ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പുരാവസ്‌തു ഗവേഷണങ്ങളും ഈ നിഗമനത്തിന്‌ ഉപോദ്‌ബലകങ്ങളാണ്‌. അക്കാലത്ത്‌ രാഷ്‌ട്രീയമായും സാമ്പത്തികമായും മറ്റും ഇസ്രായേൽരാജ്യം അത്യുന്നതകോടിയിലെത്തിയിരുന്നു. എന്നാൽ സമ്പന്നരും സുഖലോലുപരും ആയ ഉദ്യോഗസ്ഥരുടെയും കച്ചവടക്കാരുടെയും ചൂഷണത്തിനു വിധേയരായ ദരിദ്രരായിരുന്നു ഇസ്രായേൽ ജനതയിൽ ഭൂരിഭാഗവും. അന്നത്തെ നേതാക്കളെയും ജനങ്ങളെയും അഭിമുഖീകരിച്ച്‌ പ്രഭാഷണങ്ങളും വിമർശനങ്ങളും താക്കീതുകളും പ്രവചനങ്ങളും നടത്തിയ ആദ്യത്തെ എബ്രായപ്രവാചകനായിരുന്നു ആമോസ്‌. ബി.സി. 775-750 കാലഘട്ടത്തിലാണ്‌ ഈ പ്രവചനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നതെന്ന്‌ റവ. എ.സി. ക്ലേറ്റന്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. ഈശ്വരകല്‌പിതമായ പ്രമാണങ്ങളെ അശേഷം കൂട്ടാക്കാതെ അക്രമവും അനീതിയും പ്രവർത്തിക്കുകയും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ എന്ന്‌ സ്വയം അഭിമാനിക്കുകയും ചെയ്യുന്ന മർദകർക്കും ചൂഷകർക്കും അവർ അർഹിക്കുന്ന ശിക്ഷ ദൈവം നല്‌കും; അവരുടെ ഭക്തിപ്രകടനങ്ങളെ ദൈവം അംഗീകരിക്കുകയില്ല; തിരഞ്ഞെടുക്കപ്പെട്ടവരെന്ന സ്ഥാനം അവർക്കു നഷ്‌ടമാകും; അവരെ ദൈവം ഉന്‍മൂലനാശം ചെയ്യും-എന്നു തുടങ്ങിയ പ്രവചനങ്ങളാണ്‌ ആമോസ്‌ നടത്തിയിട്ടുള്ളത്‌. 5-ാം അധ്യായം 2-ാം വാക്യത്തിലെ ചരമഗീതവും 8-ലെ ദർശനവും ഈ ശാപവചനങ്ങളുടെ വിവരണമാണ്‌. കുറ്റംചെയ്യുന്നവർ ഈശ്വരശിക്ഷയിൽനിന്നു രക്ഷപ്പെടുകയില്ല എന്ന വിശ്വാസമായിരുന്നു ഈ പ്രവചനങ്ങള്‍ക്ക്‌ അടിസ്ഥാനം. ഒന്‍പത്‌ അധ്യായങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ ഏറിയ പങ്കും കാവ്യഭംഗിയും ഭാവനാവൈഭവവും രചനാവൈശിഷ്‌ട്യവുംകൊണ്ട്‌ മഹത്തായിട്ടുണ്ട്‌. ഇസ്രായേലിന്റെ പുനരവരോധം വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ അപ്രതീക്ഷിതമായി അവസാനിക്കുന്ന ഈ പുസ്‌തകം (9:8-15) മറ്റു വിഭാഗത്തിലുള്ളവയിൽനിന്ന്‌ ഇത്‌ അടിസ്ഥാനപരമായി വ്യത്യസ്‌തമാണ്‌. പില്‌ക്കാലത്ത്‌ കൂട്ടിച്ചേർത്തതാകാം എന്നും പണ്ഡിതന്മാർക്ക്‌ അഭിപ്രായമുണ്ട്‌.

ഘടനാപരമായി ആമോസിന്റെ പുസ്‌തകത്തെ ഒന്നാം അധ്യായംമുതൽ രണ്ടാം അധ്യായം 16-ാം വാക്യം വരെ; മൂന്നും നാലും അധ്യായങ്ങള്‍; ആറും ഒന്‍പതും അധ്യായങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. വരമൊഴി രൂപങ്ങളുടെ (script) പേരിശോധനയിൽ അധ്യാ. 3 മുതൽ 6 വരെ (ചുരുക്കം ചില വാക്യങ്ങള്‍ ഒഴിച്ച്‌); അധ്യാ. 7: 1-8 വാക്യങ്ങള്‍; അധ്യാ. 8:1-2 വാക്യങ്ങള്‍; അധ്യാ. 9: 1-4 വാക്യങ്ങള്‍ എന്നിവ ആമോസിന്റെ തന്നെയാണെന്നും ബാക്കിയുള്ളവ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരോ പില്‌ക്കാല വ്യാഖ്യാതാക്കളോ കൂട്ടിച്ചേർത്തതാണെന്നും ആണ്‌ പണ്ഡിതമതം. അധ്യാ. 9:11-15 വാക്യങ്ങള്‍ ബി.സി. 587-നു ശേഷം ചേർത്തിട്ടുള്ളതാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. സാഹിത്യഭംഗി, ആശയഗൗരവം, ദാർശനികചിന്ത എന്നിവയുടെ കേദാരമായ ഈ കൃതി, ആമോസ്‌ ഒരു പണ്ഡിതനും ഐശ്വരീയമായ നൈതികപ്രമാണങ്ങളിൽ അടിയുറച്ച വിശ്വാമുള്ളവനും ആയിരുന്നുവെന്ന്‌ വ്യക്തമാക്കുന്നു. ആമോസിന്റെ പുസ്‌തകം പില്‌ക്കാല പ്രവചനഗ്രന്ഥങ്ങള്‍ക്ക്‌ നല്ലൊരു മാതൃകയായിരുന്നു. (ഡോ. ഇ.സി. ജോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍