This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആമീന്‍== ==Amen== 1. ഒരാള്‍ നടത്തുന്ന പ്രസ്‌താവന, ആശംസ, സ്‌തുതി എന്നി...)
അടുത്ത വ്യത്യാസം →

11:52, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആമീന്‍

Amen

1. ഒരാള്‍ നടത്തുന്ന പ്രസ്‌താവന, ആശംസ, സ്‌തുതി എന്നിവയെ അംഗീകരിച്ച്‌ സ്ഥിരപ്പെടുത്തുന്നതിന്‌ ഉപയോഗിക്കുന്ന പ്രതിവാക്യം. അരമേയ, ഗ്രീക്ക്‌ എന്നിങ്ങനെ പല ഭാഷകളിലൂടെ ലത്തീന്‍, ഇംഗ്ലീഷ്‌, മലയാളം തുടങ്ങിയ ഭാഷകളിലും ലിപ്യന്തരലിഖിത(transliteration)മായി വന്നുചേർന്നിട്ടുള്ള എബ്രായ പദമാണ്‌ ആമീന്‍. മൂലഭാഷയോട്‌ ഉറ്റസമ്പർക്കം പുലർത്തുന്ന അറബിഭാഷകളിലും ഈ പദം കാണുന്നുണ്ട്‌. ആമേന്‍, ആമീന്‍, ആമെന്‍ എന്നെല്ലാം വിവിധ ഉച്ചാരണങ്ങള്‍ നിലവിലുണ്ട്‌. "ഉറപ്പുള്ള', "സുനിശ്ചിതമായ', "വിശ്വസനീയമായ', "അങ്ങനെതന്നെ' എന്നെല്ലാമാണ്‌ മൂലഭാഷയിലെ അർഥം. എബ്രായഭാഷയിൽ നാമവിശേഷണമായും ക്രിയാവിശേഷണമായും ഇത്‌ പ്രയോഗിച്ചുവരുന്നു. പഴയനിയമത്തിൽ. ബൈബിള്‍ പഴയനിയമത്തിൽ ആമീന്‍ ഒരു പ്രതിവാക്യമാണ്‌. ശലോമോനെ തന്റെ പിന്‍ഗാമിയാക്കി വാഴിക്കണമെന്നുള്ള ദാവീദുരാജാവിന്റെ തീരുമാനത്തെ ആമീന്‍ എന്ന പ്രതിവാക്യത്തോടുകൂടി തദവസരത്തിൽ സന്നിഹിതരായിരുന്ന നേതാക്കള്‍ സ്ഥിരപ്പെടുത്തുന്നു. (1 രാജാ. 1: 36). ഒരാള്‍ പറയുന്നത്‌ മറ്റുള്ളവർക്ക്‌ ബാധകമാണെന്നും അവരുടെയും വിശ്വാസവും അഭിമതവും അതുതന്നെയാണെന്നും ആമീന്‍ എന്നു പ്രതിവാക്യംചൊല്ലി സമർഥിക്കുകയാണ്‌.

പഴയനിയമേതര യഹൂദസാഹിത്യത്തിലും ആശംസകള്‍ക്ക്‌ ആമീന്‍ എന്ന്‌ പ്രതിവാക്യം പറയുമ്പോള്‍ അത്‌ അവർക്കു ഫലിക്കട്ടെ എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നതായി കരുതപ്പെടുന്നു. ചുരുക്കം ചില ഭാഗങ്ങളിൽ പ്രാർഥന അർപ്പിക്കുന്ന ആള്‍തന്നെ ആമീന്‍ ചൊല്ലുന്നു (തോബീത്ത്‌ 8: 7, 8).

പുതിയനിയമത്തിൽ. പുതിയനിയമത്തിലും സ്‌തുതിഗീതങ്ങളുടെയും പ്രാർഥനകളുടെയും അവസാനം അവയോടുള്ള പൂർണയോജിപ്പ്‌ പ്രകടിപ്പിക്കാന്‍ ആമീന്‍ പ്രയോഗിച്ചിട്ടുണ്ട്‌ (റോമ: 9: 5; 1 കൊരി . 14: 16; വെളി. 5: 14). അങ്ങനെ ദൈവവാഗ്‌ദത്തത്തിന്റെ സാധുതയെ ഇവിടെ സമ്മതിച്ച്‌ ഏറ്റുപറയുകയാണ്‌ ചെയ്യുന്നത്‌. ആമീന്‍ എന്ന പദം ക്രിസ്‌തുവിന്റെ വ്യക്തി പ്രതീകമാണെന്നു ചില മതപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഒരു പ്രസ്‌താവനയ്‌ക്കു സ്ഥിരീകരണം നല്‌കുന്നതിനും പുതിയ നിയമത്തിൽ ആമീന്‍ പ്രയോഗിച്ചിട്ടുണ്ട്‌. ഒരു പ്രസ്‌താവന ശരിയാണെന്നു സമർഥിക്കുന്നതിനുവേണ്ടി അതിന്റെ ആരംഭത്തിൽ ആമീന്‍ എന്നു പ്രയോഗിച്ചിരിക്കുന്നത്‌ ക്രിസ്‌തുവിന്റെ മൊഴികളിൽമാത്രമേ കാണുന്നുള്ളൂ (മത്താ. 5: 18; ലൂക്കോ. 11: 51). "സത്യമായി', "അതെ' എന്നാണ്‌ ഇതിനെ ഭാഷാന്തരം ചെയ്‌തിരിക്കുന്നത്‌. പുതിയനിയമത്തിലെ പ്രാർഥനകള്‍ക്കും സ്‌തുതിഗീതങ്ങള്‍ക്കും ആശംസകള്‍ക്കും പ്രതിവാക്യമായി ആമീന്‍ എന്നുപറയുന്ന യഹൂദപാരമ്പര്യം ക്രസ്‌തവരും മുസ്‌ലിങ്ങളും പുരാതനകാലംമുതലേ സ്വീകരിച്ചു വന്നിട്ടുണ്ട്‌. പ്രതിദിന പ്രാർഥനയിലെ നിർബന്ധിത പ്രാർഥനയായ ഫാത്തിഹാസൂറയ്‌ക്കുശേഷം "ആമീന്‍' എന്നു പറഞ്ഞാണ്‌ ഭൂരിഭാഗം മുസ്‌ലിങ്ങളും ആമീന്‍ ഉപയോഗിക്കുന്നത്‌. ഭാരതീയ വിധിപ്രകാരം വേദോച്ചാരണങ്ങള്‍ക്ക്‌ മുമ്പും പിമ്പും പ്രയോഗിക്കപ്പെടുന്ന ഓംകാരശബ്‌ദത്തിന്‌ ആമീനുമായി സാധർമ്യം ഉണ്ടെന്ന്‌ ഫ്രാന്‍സ്‌ റോസന്താള്‍ എന്ന പണ്ഡിതന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. (ഡോ. ഇ.സി. ജോണ്‍)

2. നിയമപരമായ നടപടികള്‍ നടത്താന്‍ നിയുക്തനായ ഉദ്യോഗസ്ഥന്‍. ആമ്യന്‍ എന്നും പറയാറുണ്ട്‌. "വിശ്വസ്‌തന്‍' എന്ന്‌ അർഥമുള്ള "ആമിന്‍' എന്ന അറബിപദമാണ്‌ മലയാളത്തിൽ ആമീന്‍ (ആമ്യന്‍) ആയത്‌. ഇംഗ്ലണ്ടിൽ ഷെറീഫ്‌, മേയർ എന്നീ ഉദ്യോഗസ്ഥന്മാരോടൊപ്പം ആമീന്‍ എന്നർഥം വരുന്ന ബെയിലിഫ്‌ (Bailiff) എന്ന ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. ഷെറീഫിന്റെ നിയന്ത്രണത്തിൽ സമണ്‍സുകളും റിട്ടുകളും നടത്തുന്നതിനും ചിലപ്പോള്‍ കുറ്റവാളികളെ അറസ്റ്റുചെയ്യുന്നതിനും ആമീന്‍മാരെ നിയോഗിച്ചിരുന്നു.

സ്‌കോട്ട്‌ലന്‍ഡിൽ, ആമീന്‍ പ്രാദേശിക ജോലികള്‍ക്കായി നിയോഗിക്കപ്പെടുന്ന താണതരം ജീവനക്കാരനാണ്‌. സിവിലും ക്രിമിനലുമായ കേസുകള്‍ സംബന്ധിച്ചുള്ള ജോലികള്‍ നിർവഹിക്കുന്നതിന്‌ അവരെ ചുമതലപ്പെടുത്താറുണ്ട്‌. ഫ്രാന്‍സിൽ ഫ്യൂഡൽ കാലഘട്ടങ്ങളിൽ ഇവരെ പ്രാധാന്യമർഹിക്കുന്ന ജോലികള്‍ നിർവഹിക്കുന്നതിനു നിയോഗിച്ചിരുന്നു. വലിയ കേസുകളിൽ പ്രാരംഭനടപടികള്‍ നടത്തുന്നതിനും ചെറിയ കേസുകള്‍ കേട്ട്‌ തീരുമാനം എടുക്കുന്നതിനും ഉള്ള അധികാരങ്ങള്‍ ഇവർക്കുണ്ടായിരുന്നു. ഫ്രഞ്ചുവിപ്ലശ്ശവകാലം വരെ ഇവരുടെ അധികാരം നിലനിന്നിരുന്നു. യു.എസ്സിൽ സൂക്ഷിപ്പുകാരനായിട്ടും കാര്യസ്ഥനോ, ഏജന്റോ ആയിട്ടും മറ്റുമുള്ള ജോലികള്‍ ചെയ്യുന്നതിനു വേണ്ടിയാണ്‌ ഇവരെ ചുമതലപ്പെടുത്താറുള്ളത്‌. സാധാരണയായി യു.എസ്സ്‌. കോടതികളിൽ താഴ്‌ന്നതരം ജോലികളാണ്‌ ഇവർക്കുള്ളത്‌.

ഇന്ത്യയിൽ സാധാരണയായി സിവിൽ കോടതികളിൽ ജോലിനോക്കുന്ന ഒരു ഉദ്യാഗസ്ഥനാണ്‌ ആമീന്‍. പല പ്രദേശങ്ങളിലും വിവിധതരിത്തിലുള്ള ചുമതലകളാണ്‌ ഇവർ നിർവഹിക്കുന്നത്‌. വടക്കേ ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ റവന്യൂവകുപ്പിലെ ഒരു ജീവനക്കാരനെന്ന നിലയിൽ ഭൂസ്വത്തുക്കള്‍ കൈവശമെടുത്ത്‌ സർക്കാർ നികുതി പിരിക്കുന്നതിനും, നികുതിത്തുക ക്ലിപ്‌തപ്പെടുത്തുന്നതിനും, സിവിൽ കേസുകളിൽ ന്യായാധിപനായി ജോലി ചെയ്യുന്നതിനും ആമീന്‍ നിയുക്തനാകുന്നുണ്ട്‌.

ബംഗാളിൽ "സദർ ആമീന്‍' എന്നും "സദർ ആമീന്‍ ആലി' എന്നും രണ്ടുതരത്തിലുള്ള ഉദ്യോഗസ്ഥരുണ്ട്‌. സിവിൽ സംബന്ധമായി 1,000 രൂപ വരെ സലയുള്ള കേസുകള്‍ വിസ്‌തരിക്കുന്നതിന്‌ സദർ ആമീന്‌ അധികാരമുണ്ട്‌; അതിന്മേലുള്ള അപ്പീൽ കേട്ടുതീരുമാനിക്കുന്നതിനുള്ള അധികാരം സദർ ആമീന്‍ ആലിക്കാണ്‌.

കേരളത്തിൽ സിവിൽ കോടതികളിലെ ചില വിഭാഗം ഉത്തരവുകള്‍ നടപ്പാക്കുന്നതിന്‌ നിയോഗിക്കപ്പെടുന്ന ഒരു ഉദ്യാഗസ്ഥനാണ്‌ ആമീന്‍. വ്യവഹാരങ്ങളിലെ തീർപ്പ്‌ അനുസരിച്ച്‌ കോടതി നിർദേശിക്കുന്ന ആളിനോ ആളുകള്‍ക്കോ, വസ്‌തുക്കള്‍ നടത്തിയെടുത്തുകൊടുക്കുകയാണ്‌ ആമീന്റെ പ്രധാനജോലി. കോടതിയുടെ ഉത്തരവനുസരിച്ച്‌ വസ്‌തുക്കള്‍ കൈവശമെടുത്തു കൊടുക്കുന്നതിന്‌ തടസ്സമുണ്ടായാൽ ആമീന്‌ പൊലീസ്‌ സഹായം ആവശ്യപ്പെടാം. അതിനുവേണ്ടി ആമീന്‍ കോടതിയിലേക്കു റിപ്പോർട്ടു സമർപ്പിക്കുമ്പോള്‍, പൊലീസ്‌ സഹായം ലഭിക്കുന്നതിന്‌ കോടതി ആവശ്യമായ നടപടികള്‍ എടുക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AE%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍