This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമസോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആമസോണ്‍== ==Amazon== തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദി; നീളം 6,400 കി....)
അടുത്ത വ്യത്യാസം →

11:48, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആമസോണ്‍

Amazon

തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദി; നീളം 6,400 കി.മീ. ജലനിർഗമനത്തിലും നദീമാർഗത്തിന്റെ വീതിയിലും ലോകത്തിലെ ഏറ്റവും വലിയ നദിയാണ്‌ ആമസോണ്‍. നദീതടത്തിന്റെയും പരിവാഹപ്രദേശ(Drainage Area)ത്തിന്റെയും വിസ്‌തൃതികൊണ്ടും ആമസോണ്‍ ഒന്നാം സ്ഥാനത്തുതന്നെയാണ്‌. നീളത്തിൽ നൈൽകഴിഞ്ഞാൽ അടുത്ത സ്ഥാനമാണ്‌ ആമസോണിനുള്ളത്‌. 1,500 കി. മീറ്ററിലേറെ നീളമുള്ള 17 എച്ചമുള്‍പ്പെടെ നിരവധി പോഷകനദികള്‍ ചേർന്ന ആമസോണ്‍ വ്യക്തമായ അപവാഹവിന്യാസമുള്ള (Drainage pattern) ഒരു നദിയാണ്‌. ആമസോണ്‍ നദീവ്യൂഹം തെക്കേ അമേരിക്കയുടെ 4/10 ഭാഗത്തോളം വരുന്ന 64,75,000 ച. കി.മീ. പ്രദേശത്തെ ജലസിക്തമാക്കുന്നു. വെനിസ്വേല, കൊളംബിയ, ഇക്വഡോർ, പെറു, ബൊളീവിയ, ബ്രസീൽ എന്നീ രാജ്യങ്ങളിലൂടെയാണ്‌ ആമസോണ്‍ നദീവ്യൂഹത്തിന്റെ ഗതി; ഇതിൽ ഏറിയ ദൂരവും ബ്രസീലിലാണ്‌. നദിയുടെ ഗതിവേഗം താരതമ്യേന കുറവാണ്‌. നദീമുഖത്ത്‌ 640 കി.മീ. ഉള്ളിലേക്കു വരെ വേലിയേറ്റമുണ്ടാകുന്നു. ആമസോണിന്‌ വ്യക്തമായ ഒരു ഡെൽറ്റയില്ല; എന്നാൽ കടലിൽ 300 കി. മീറ്ററിലേറെ ദൂരത്തോളം നദീജലം വ്യാപിച്ചു കാണുന്നു. പെറുവിലെ പസിഫിക്‌തീരത്തുനിന്നും 160 കി.മീ. കിഴക്കോട്ടുമാറി ആന്‍ഡീസ്‌ പർവതത്തിൽ 3,660 മീ. ഉയരത്തിലുള്ള ഒരു ചെറുതടാകമാണ്‌ ആമസോണിന്റെ പ്രഭവം. ഉദ്‌ഭവസ്ഥാനത്ത്‌ ഈ നദി ലാഗോലാറിക്കോച്ചാ എന്നറിയപ്പെടുന്നു. അനേകം ചെറുനദികള്‍ ചേർന്നു പുഷ്‌ടിപ്പെട്ടും, ദ്രുതവാഹികള്‍ (rapids) നെിറഞ്ഞ ദുർഗമമാർഗങ്ങളിലൂടെ ഒഴുകിയും 300 കി.മീ. വടക്കു കിഴക്കായി സഞ്ചരിച്ചുകഴിഞ്ഞ്‌ കിഴക്കോട്ടു തിരിയുന്നു; ഇവിടെ മാരാന്യോണ്‍ എന്ന പേരിലാണ്‌ ആമസോണ്‍ അറിയപ്പെടുന്നത്‌. തെ. അക്ഷാ. 5.5മ്പ-ൽ ഉത്‌കുബംബ എന്ന പോഷകനദിയുമായി ചേരുന്നു; ഈ സ്ഥാനത്തിനു സമുദ്രനിരപ്പിൽനിന്നും കേവലം 425 മീ. ഉയരമേ ഉള്ളു. ആദ്യത്തെ 640 കി.മീ. ഗതിയിൽ നദി 3 കി.മീ. താഴേക്കിറങ്ങുന്നു. അതിനുശേഷം നദീമാർഗത്തിന്റെ ചായ്‌വ്‌ വളരെ കുറഞ്ഞ തോതിലാണ്‌. ഇടുങ്ങിയതും അത്യഗാധവുമായ നിരവധി ചാലുകള്‍ ഈ നദീമാർഗത്തിലെ സവിശേഷതയാണ്‌. തദ്ദേശീയ ഭാഷയിൽ "പോംഗോ' എന്നറിയപ്പെടുന്ന ഈ ചാലുകളിൽ പ്രധാനപ്പെട്ടത്‌ ഗേറ്റ്‌ വേ ഒഫ്‌ പാരട്ട്‌സ്‌ (Gate way of Parrots) െഎന്നു വിളിക്കുന്ന പോംഗോ ദെ മാന്‍സെരിച്ച്‌ ആണ്‌ (4.4മ്പ തെ., 77.6മ്പ പ.). ഈ ചാലു കടന്ന്‌ നദി വിസ്‌തൃതമായ ഒരു തടത്തിലേക്ക്‌ കടക്കുന്നു. ഏകദേശം 320 കി.മീ. തെക്കുകിഴക്കായി ഒഴുകി ഹുവലാഗ എന്ന പോഷകനദിയുമായി സന്ധിച്ചശേഷം വടക്കുകിഴക്കോട്ടു തിരിയുന്നു. 400 കി.മീ. ദൂരം ചെല്ലുമ്പോഴേക്കും ഉക്കയാലി എന്ന പ്രധാന പോഷകനദിയുമായി സന്ധിക്കുന്നു. അതിനുശേഷം ബ്രസീലിലേക്കു കടക്കുന്നതിനു മുമ്പുള്ള 490 കി.മീ. ദൂരം വളഞ്ഞും പുളഞ്ഞുമായി ഒഴുകുന്ന ആമസോണിൽ റയോനാപോ, റയോ അംപിയാകു, റയോ ജാവേരി എന്നീ പോഷകനദികള്‍ ലയിക്കുന്നു. വിസ്‌തൃതമായ നദീമാർഗത്തിൽ തുരുത്തുകളും ചെറുദ്വീപുകളും ധാരാളമായി കണ്ടുവരുന്നു. ഈ ഗതിക്കിടയിൽ നദി കൊളംബിയാ-പെറു അതിർത്തിയിലൂടെ അല്‌പദൂരം ഒഴുകുകയും പെറു-ബ്രസീൽ അതിർത്തി കടക്കുകയും ചെയ്യുന്നു. ഈ ഭാഗം "ലെറ്റീഷ്യാ കൊറിഡോർ' (Leticia Corridor) എന്ന പേരിൽ അന്താരാഷ്‌ട്ര ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്‌.

ബ്രസീൽ അതിർത്തിയിലുള്ള ടാബത്തിംഗാ കഴിഞ്ഞാൽ ആമസോണ്‍ സോളിമാസ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. തുടർന്ന്‌ 640 കി.മീറ്ററോളം വടക്കു കിഴക്കായി ഒഴുകുന്നു. ഈ ഭാഗത്തുവച്ച്‌ പുതുമായോ, ജൂതായ്‌ എന്നീ പോഷകനദികള്‍ സോളിമാസിൽ ലയിക്കുന്നു. ഇതേത്തുടർന്നുള്ള വിസ്‌തൃതമായ എക്കൽ സമതലത്തിലെത്തുന്നതോടെ നദീമാർഗത്തിന്റെ വീതി ഗണ്യമായി വർധിക്കുന്നു. ഇവിടെ ഇരുവശത്തുനിന്നുമായി ധാരാളം പോഷകനദികള്‍ എത്തിച്ചേരുന്നു. മനാസ്‌ (3.1മ്പ തെ., 60മ്പ പ.) നഗരത്തിനടുത്തുവച്ച്‌ പ്രധാന പോഷകനദിയായ റയോ നീഗ്രായുമായി സന്ധിക്കുന്നു. അതിനുശേഷം പരന്നൊഴുകുന്ന നദി ഒരു ഉള്‍ക്കടൽപോലെയാണ്‌ കാണപ്പെടുന്നത്‌. ദ്വീപുകളും തുരുത്തുകളും, ഇരുകരകളിലുമുള്ള ഭീമാകാരമായ മണൽത്തിട്ടുകളും, വിസർപ്പ(Meanders)ങ്ങെളോടനുബന്ധിച്ചുള്ള വന്‍തടാകങ്ങളും സാധാരണമാണ്‌. ഏതാണ്ട്‌ 800 കി.മീ. ദൂരം കഴിയുമ്പോള്‍ തെക്കുനിന്നുള്ള പ്രധാന പോഷകനദിയായ തപജോസുമായി ചേരുന്നു. തെക്കുഭാഗത്തുനിന്നും നിരവധി നദികള്‍ ആമസോണിൽ ലയിക്കുന്നുണ്ട്‌; ഇവയിൽ ക്‌സിംഗു ആണ്‌ മുഖ്യം. നദീമുഖത്തോടടുക്കുമ്പോള്‍ ആമസോണ്‍ ധാരാളം കൈവഴികളായി പിരിയുന്നു; പ്രധാനനദി അല്‌പം വടക്കോട്ടു തിരിഞ്ഞ്‌ മധ്യരേഖയിലെത്തി (50മ്പ 12' പ.) അത്‌ലാന്തിക്കിൽ വീഴുന്നു. ആമസോണ്‍ നദീമുഖത്തുനിന്നും 50 കി.മീറ്ററോളം തെക്കു മാറി പാരാ തുറമുഖത്തിനടുത്ത്‌ സമുദ്രത്തിൽ പതിക്കുന്ന റ്റോക്കാന്റീന്‍സ്‌ എന്ന ഒരു നദിയുണ്ട്‌. ആമസോണിന്റെ ഒരു കൈവഴിയായ റയോദെപാരയുമായി യോജിച്ചാണ്‌ ഇത്‌ സമുദ്രത്തിലെത്തുന്നത്‌; ഇതിനെ ഒരു സ്വതന്ത്ര നദിയായും ഗണിക്കാറുണ്ട്‌.

പാരാ തുറമുഖമാണ്‌ ആമസോണ്‍ നദിയിലൂടെയുള്ള ഗതാഗതത്തിന്റെ കേന്ദ്രം. ഡെന്‍മാർക്കിനോളം വലുപ്പമുള്ള മരാജോ ദ്വീപിനോട്‌ അനുബന്ധിച്ചാണ്‌ പാരാ തുറമുഖം. ആമസോണ്‍ സമുദ്രതീരത്തുനിന്നു 3,700 കീ.മീറ്ററോളം കപ്പൽഗതാഗതയോഗ്യമാണ്‌. ചെറുതരം കപ്പലുകള്‍ക്ക്‌ പോംഗോ ദെ മാന്‍സെരിച്ച്‌ വരെ സഞ്ചരിക്കാം.

ആമസോണിന്റെ ശരാശരി വീതി 8 കി.മീ. ആണ്‌; നദീമുഖത്തിനടുത്ത്‌ 640 കി.മീറ്ററോളം വരും. നദിയുടെ ആഴം പലയിടത്തും പലതായി കാണുന്നു. നവംബർ മുതൽ ജൂണ്‍ വരെയുള്ള മാസങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നു. നദിയുടെ ഇരുവശത്തും 30 കി.മീറ്ററോളം ദൂരം വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ക്ക്‌ വിധേയമാകാറുണ്ട്‌. ഈ പ്രദേശം മിക്കപ്പോഴും വെള്ളത്തിൽ മുങ്ങി കടൽപോലെ കാണപ്പെടുന്നു.

ആമസോണിന്റെ തടപ്രദേശം മൂന്നു മേഖലകളായി വേർതിരിക്കാവുന്നതാണ്‌: ആദ്യത്തേത്‌ കുത്തിറക്കങ്ങളും ചുരങ്ങളും നിറഞ്ഞ്‌ നിമ്‌നോന്നതപ്രകൃതിയുള്ള പശ്ചിമ ആന്‍ഡീസ്‌ പ്രദേശം. ഇവിടത്തെ നദീമാർഗം ധാരാളം ദ്രുതവാഹികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞതാണ്‌. പോഷകനദികളുടെ കാര്യവും ഭിന്നമല്ല. പോംഗോ ദെ മാന്‍സെരിച്ചിനു കിഴക്കുള്ള രണ്ടാമത്തെ മേഖല ദ്രാണീരൂപത്തിലുള്ള സമതലപ്രദേശമാണ്‌. ഇതിന്റെ വടക്കേ അതിര്‌ പ്രധാന നദിക്ക്‌ ഏതാണ്ടു സമാന്തരമായി കാണുന്നു. തെക്കതിരു വ്യക്തമായി നിർണയിക്കപ്പെട്ടിട്ടില്ല. തെക്കുഭാഗത്തു കൂടുതൽ പരപ്പുള്ള ഈ തടപ്രദേശത്ത്‌ തെക്കുനിന്നും വന്നെത്തുന്ന പോഷകനദികള്‍ കൂടുതൽ നീളമുള്ളവയായും ജലവാഹികളായും കാണപ്പെടുന്നു. നദീമുഖപ്രദേശമാണ്‌ മൂന്നാമത്തേത്‌; മിക്കവാറും ചതുപ്പു മൂടിയ താഴ്‌ന്നപ്രദേശമാണിവിടം. ഏതാണ്ട്‌ ഒരു ഉള്‍ക്കടലിന്റെ പ്രതീതി ജനിപ്പിക്കുന്ന ജലപ്പരപ്പാണ്‌ ഇവിടെയുള്ളത്‌. ഇടയ്‌ക്കിടെ മണൽത്തിട്ടകളും മൊട്ടക്കുന്നുകളും കാണാം. രണ്ടാമത്തെയും മൂന്നാമത്തെയും മേഖലകള്‍ പൊതുവേ നദീനിർമിതങ്ങളാണ്‌. പോംഗോ ദെ മാന്‍സെരിച്ചിനു കിഴക്കുള്ള തടപ്രദേശത്ത്‌ ധാരാളം ചെറുതടാകങ്ങള്‍ ഉണ്ട്‌. ഭൂവിജ്ഞാനീയ ചരിത്രം. ഡെവോണിയന്‍ യുഗത്തിൽ ഏറിയ കാലവും ആമസോണ്‍ തടത്തിലെ ഗണ്യമായ ഒരു ഭാഗം സമുദ്രത്തിനടിയിലായിരുന്നുവെന്നു കരുതപ്പെടുന്നു. റയോ നീഗ്രായുടെ സംഗമസ്ഥാനംവരെയുള്ള നദീതടത്തിൽ സമുദ്രജീവികളുടെ അവശിഷ്‌ടങ്ങള്‍ ധാരാളമായി കണ്ടുവരുന്നു. ഡെവോണിയന്‍യുഗത്തിന്റെ അന്ത്യഘട്ടത്തിൽ ആന്‍ഡീസ്‌ നിരകളുടെ വലന-പ്രാത്ഥാന (Folding and upheaval)ങ്ങളോടനുബന്ധിച്ച്‌ ആമസോണ്‍തടത്തിൽ നിന്നും സമുദ്രം പിന്‍വാങ്ങിയതാകാം. ഉത്തര കാർബോണിഫെറസ്‌ യുഗത്തിൽ ഇന്നത്തെ പെറു, ബൊളീവിയ എന്നീ രാജ്യങ്ങളിലുള്‍പ്പെടുന്ന പ്രദേശങ്ങളടക്കമുള്ള ഭാഗങ്ങള്‍ സമുദ്രത്തിനടിയിലായിരുന്നുവെന്നതിന്‌ സമുദ്ര-ജീവാശ്‌മങ്ങള്‍ സാക്ഷ്യം നല്‌കുന്നു. പെർമിയന്‍ ഹിമയുഗകാലത്ത്‌ തണുത്ത കാലാവസ്ഥയായിരുന്നിട്ടും ഇവിടം ഹിമാവൃതമായിരുന്നില്ല. ടെർഷ്യറി യുഗത്തിന്റെ മധ്യത്തോടെ ഇന്നത്തെ നദീമുഖപ്രദേശത്തുനിന്നും സമുദ്രം ക്രമേണ പിന്‍വാങ്ങിയതായി അനുമാനിക്കപ്പെടുന്നു; തുടർന്ന്‌ ലോകത്തിലെ ഏറ്റവും വലിയ അപവാഹവ്യൂഹം ഉടലെടുക്കുകയും ചെയ്‌തു. പിന്നീടുള്ള കാലഘട്ടത്തിൽ നദീതടം ഗണ്യമായ യാതൊരു വിവർത്തന(Tectonics) ത്തെിനും വിധേയമായില്ല. ടെർഷ്യറി ശിലാസ്‌തരങ്ങള്‍ക്കു മുകളിൽ പുഴതൂർന്നുണ്ടായ അവസാദങ്ങള്‍ അട്ടിയിട്ടമാതിരിയാണ്‌ ഇവിടത്തെ ശിലാസംരചന. പോഷകനദികള്‍. ഇരുനൂറിൽപരം പോഷകനദികളാണ്‌ ആമസോണിനെ സമ്പുഷ്‌ടമാക്കുന്നത്‌. ഹുവലാഗ ഉക്കയാലി, ജാവേരി, ജുറുവ, മദീര, തപജോസ്‌ ക്‌സിംഗു, ആരഗ്വായ തുടങ്ങിയവ തെക്കുനിന്നും, നാപോപുതുമായോ, റയോനീഗ്രാ തുടങ്ങിയവ വടക്കുനിന്നും വന്നുചേരുന്നു. ഇവയിൽ പുതുമായോ, റയോ നീഗ്രാ, ജുറുവ, ആരഗ്വായ മുതലായവ സ്വന്തനിലയിൽതന്നെ മഹാനദികളുടെ ഗണത്തിൽപ്പെടും.

പ്രധാന നദികളുടെയും ഉപനദികളുടെയും പരിധിയിൽപെട്ട നീർമറി പ്രദേശം നിത്യഹരിതമായ ഒരു സസ്യപാരാവാരമായി വ്യാപിച്ചു കാണുന്നു. തഴച്ചുവളരുന്ന കാടുകള്‍ സൂര്യപ്രകാശം കടത്തിവിടാത്തവച്ചം ഇടതൂർന്നവയാണ്‌. ഗിരിവർഗക്കാരുടെ ചിന്നിച്ചിതറിയ അധിവാസങ്ങളാണ്‌ (scattered settlements) ഈെ പ്രദേശങ്ങളിലുള്ളത്‌. കാർഷികമായും മറ്റും ഇവിടം ഒട്ടുംതന്നെ അഭിവൃദ്ധി പ്രാപിച്ചിട്ടില്ല; റോഡുകള്‍, തീവണ്ടിപ്പാതകള്‍ തുടങ്ങിയ ഗതാഗതമാർഗങ്ങളും വികസിച്ചിട്ടില്ല.

വടക്കുഭാഗത്തെ നദികളിൽ ഒരു കാലത്തും തെക്കുഭാഗത്തുള്ളവയിൽ മറ്റൊരു കാലത്തും വെള്ളം പെരുകുന്നതിനാൽ പ്രധാന നദിയിൽ ആണ്ടിൽ രണ്ടുപ്രാവശ്യമെങ്കിലും വെള്ളപ്പൊക്കമുണ്ടാകുന്നു. 15 മീറ്ററോളം ജലനിരപ്പുയരുന്നത്‌ സാധാരണമാണ്‌.

ഒറെല്ലാനാ എന്ന സ്‌പെയിന്‍കാരനാണ്‌ ആദ്യമായി ആമസോണിലൂടെ സഞ്ചരിച്ച വിദേശി. ഇദ്ദേഹം 1541-ൽ നാപോനദിയിൽ തുടങ്ങി അത്‌ലാന്തിക്‌ സമുദ്രംവരെ സഞ്ചരിച്ചു. 1638-ൽ ടെക്‌സേറിയാ എന്ന മറ്റൊരു അന്വേഷണസഞ്ചാരി അഴിമുഖം മുതൽ ക്വിറ്റോവരെ സഞ്ചരിച്ചു മടങ്ങി. 1925-ൽ ഇത്തരം സഞ്ചാരത്തിലേർപ്പെട്ട പി.എച്ച്‌. ഫാസറ്റ്‌ എന്ന ബ്രിട്ടിഷ്‌ നാവികനും സംഘവും തപജോസ്‌ പ്രദേശത്തുവച്ച്‌ തദ്ദേശീയരാൽ വധിക്കപ്പെട്ടു. അന്വേഷണസഞ്ചാരങ്ങള്‍ ദേശീയ ഗവണ്‍മെന്റുകളുടെ നേതൃത്വത്തിൽ ഇപ്പോഴും തുടർന്നുപോരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AE%E0%B4%B8%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍