This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിബയോട്ടിക്കുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആന്റിബയോട്ടിക്കുകള്‍== ==Antibiotics == അണുജീവികളാൽ ഉത്‌പാദിപ്പിക്കപ...)
അടുത്ത വ്യത്യാസം →

03:13, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആന്റിബയോട്ടിക്കുകള്‍

Antibiotics

അണുജീവികളാൽ ഉത്‌പാദിപ്പിക്കപ്പെടുന്നതും ഇതരജീവാണുക്കളെ നശിപ്പിക്കുകയോ അവയുടെ വളർച്ച തടയുകയോ ചെയ്യുന്നതുമായ രാസപദാർഥങ്ങള്‍. ഇവയുടെ വ്യുത്‌പന്നങ്ങളും ആന്റിബയോട്ടിക്കുകള്‍തന്നെ ആണ്‌. ആന്റിബയോട്ടിക്‌ എന്നതിന്‌ ജീവികള്‍ക്കു ഹാനികരം എന്നാണു സാമാന്യമായ അർഥം എങ്കിലും അതിന്റെ വിവക്ഷ സങ്കുചിതമാണ്‌. ഇവിടെ നശിക്കുന്നതും നശിപ്പിക്കുന്നതും അണുജീവികളാണ്‌. ഒരു അണുജീവിയുടെ ശരീരത്തിൽ നടക്കുന്ന രാസപ്രക്രിയകളുടെ ഫലമായിട്ടുണ്ടാകുന്നതും ചെറിയ അളവിൽ പോലും മറ്റു ചില അണുജീവികള്‍ക്കു മാരകമായിത്തീരുന്നതുമായ രാസവസ്‌തുക്കളെ മാത്രമേ ആന്റിബയോട്ടിക്കുകളായി പരിഗണിക്കാറുള്ളു. ഉയർന്ന സസ്യങ്ങളിൽനിന്നും ജന്തുക്കളിൽനിന്നും പ്രകൃത്യാ ലഭിക്കുന്ന അനേകം രാസപദാർഥങ്ങള്‍ക്കും ജീവാണുക്കളെ നശിപ്പിക്കാനുള്ള കഴിവ്‌ ഉണ്ടെങ്കിലും അവയെ സാമാന്യേന ആന്റിബയോട്ടിക്കുകള്‍ എന്നു വ്യവഹരിക്കാറില്ല. ആന്റിബയോട്ടിക്കുകളുടെ ചരിത്രം 1928-ൽ പെനിസിലിന്റെ ആവിഷ്‌കരണത്തോടെയാണ്‌ ആരംഭിക്കുന്നതെങ്കിലും ഈ ചികിത്സയിലടങ്ങിയ പ്രായോഗികതത്ത്വം പണ്ടു മുതല്‌ക്കേ നിലവിൽ വന്നിരുന്നു. ബി.സി. ഒന്നാം ശ.-ത്തിൽത്തന്നെ ചീനക്കാർ സാധാരണ പരുക്കളേയും പ്രമേഹപ്പരുക്കളേയും ചികിത്സിച്ചു ഭേദമാക്കുന്നതിന്‌ സോയാബീന്‍സിന്റെ പാൽ തൈരാക്കി പൂപ്പിച്ചശേഷം ആ പൂപ്പ്‌ ഉപയോഗിച്ചിരുന്നു. ഷൂസ്‌, ചെരുപ്പ്‌ എന്നിവയിൽ പറ്റിപ്പിടിക്കുന്ന പൂപ്പ്‌ ചുരണ്ടിയെടുത്ത്‌ മരുന്നിൽ ചേർക്കുന്ന സമ്പ്രദായം പഴയകാലത്ത്‌ ഇന്ത്യയിൽ നടപ്പുണ്ടായിരുന്നു. കവകങ്ങളും പൂപ്പും പിടിച്ചു ജീർണിച്ച മരത്തടികളുടെ അന്തിമാംശങ്ങള്‍ ശേഖരിച്ച്‌ മുറിവുകളിലും പരുക്കളിലും ഇടുന്ന രീതി പണ്ടുകാലത്തേ അമേരിക്കക്കാർക്കിടയിലും പ്രചാരത്തിലുണ്ടായിരുന്നു. 19-ാം ശ.-ത്തിന്റെ മധ്യത്തിൽ ഫ്രഞ്ചുശാസ്‌ത്രജ്ഞനായ ലൂയി പാസ്‌ചർ, അണുജീവികളാണ്‌ രോഗങ്ങള്‍ക്കു കാരണമെന്നു കണ്ടുപിടിച്ചകൂട്ടത്തിൽ ചില അണുജീവികള്‍ക്കു രോഗം ശമിപ്പിക്കുന്നതിനുള്ള കഴിവ്‌ കൂടി ഉണ്ടെന്നു പ്രസ്‌താവിച്ചിരുന്നു. ജീവന്‍ ജീവനെ നശിപ്പിക്കുക എന്ന തത്ത്വം ഉയർന്ന ജീവികള്‍ക്കിടയിലുള്ളതിനെക്കാള്‍ അല്‌പജീവികള്‍ക്കിടയിലാണു കൂടുതൽ പ്രകടമാകുന്നത്‌ എന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. 1928-ൽ അലക്‌സാണ്ടർ ഫ്‌ളെമിംഗ്‌ (Alexander Fleming) സ്റ്റാഫിലൊകൊക്കസ്‌ എന്ന ഇനം ബാക്‌റ്റീരിയയെ പെറ്റ്രിഡിഷിൽ(Petri dish) വളർത്തുകയായിരുന്നു. അനുകൂലസാഹചര്യങ്ങള്‍ നല്‌കിയിട്ടും സംവർധത്തിൽ(culture) ഈ അണുജീവി വേണ്ടപോലെ വളരുന്നതായി കണ്ടില്ല. അതിനുള്ള കാരണം അന്വേഷിച്ചുകൊണ്ട്‌ തുടർന്നുനടത്തിയ പരീക്ഷണങ്ങളുടെ ഫലമായി അദ്ദേഹം പെനിസിലിന്‍ എന്ന രാസപദാർഥം കണ്ടുപിടിച്ചു. പെനിസിലിയം നൊട്ടാറ്റം എന്ന ഒരു തരം പൂപ്പൽ ഡിഷിനകത്ത്‌ എങ്ങനെയോ കടന്നുകൂടുകയും അതു വളർന്നുവന്ന്‌ ഡിഷിൽ ആദ്യമുണ്ടായിരുന്ന സ്റ്റാഫിലൊകൊക്കസ്‌-ബാക്‌റ്റീരിയകളെ നശിപ്പിക്കുന്നതിന്‌ ഇടയാവുകയും ചെയ്‌തു. പെനിസിലിയം നൊട്ടാറ്റം എന്ന പൂപ്പലിൽനിന്നുണ്ടായ പെനിസിലിന്‍ എന്ന രാസപദാർഥമാണ്‌ സ്റ്റാഫിലൊകൊക്കസിനെ നശിപ്പിച്ചത്‌. അനേകം സാംക്രമികരോഗങ്ങളെ നശിപ്പിക്കുന്നതിന്‌ ഈ രാസവസ്‌തുവിനുള്ള ശേഷി പരീക്ഷിച്ചറിഞ്ഞതോടെ ആന്റിബയോട്ടിക്കിന്റെ അദ്‌ഭുതലോകം ശാസ്‌ത്രജ്ഞരെ ആകർഷിച്ചു. അനേകം ഇനം ബാക്‌റ്റീരിയകള്‍, പൂപ്പുകള്‍, കവകങ്ങള്‍, മച്ച്‌ എന്നിവ പരീക്ഷണനിരീക്ഷണങ്ങള്‍ക്കു വിധേയമാവുകയും ആന്റിബയോട്ടിക്കുകളുടെ എച്ചം ശതക്കണക്കിനു വർധിക്കുകയും ചെയ്‌തു. ഒട്ടുവളരെ ആന്റിബയോട്ടിക്കുകള്‍ ചികിത്സാരംഗത്ത്‌ ഇന്നു സുലഭമായി പ്രയോഗിക്കപ്പെട്ടുവരുന്നുണ്ട്‌. പലതിനും കാര്യമായ പ്രായോഗികപ്രാധാന്യമില്ല. ചിലത്‌ ദോഷഫലാധിക്യം നിമിത്തം തിരസ്‌കൃതങ്ങളായിട്ടുമുണ്ട്‌. സെൽമാന്‍ വാക്‌സ്‌മാന്‍ എന്ന ശാസ്‌ത്രജ്ഞനാണ്‌ 1942-ൽ ആന്റിബയോട്ടിക്‌ എന്ന പദം പ്രയോഗിക്കാന്‍ തുടങ്ങിയത്‌. അക്കാലത്തുപോലും പ്രകൃതിലഭ്യങ്ങളായ ആന്റിബയോട്ടിക്‌ പദാർഥങ്ങളുടെ പ്രാധാന്യം വേണ്ടപോലെ മനസ്സിലായിരുന്നില്ല. രണ്ടാം ലോക യുദ്ധകാലത്ത്‌ (1941-44) സാംക്രമികരോഗങ്ങളെ തടഞ്ഞുനിർത്തേണ്ടതിന്റെ ആവശ്യകത ഒരു തീവ്രപ്രശ്‌നമായിത്തീർന്നപ്പോള്‍ ആന്റിബയോട്ടിക്‌-ഗവേഷണമണ്ഡലം കൂടുതൽ ഊർജസ്വലമാവുകയും ഹോവാർഡ്‌ ഫ്‌ളോറിയും കൂട്ടുകാരും ചേർന്ന്‌ പെനിസിലിന്‍കൊണ്ടുള്ള ചികിത്സയുടെ സഫലത്വം തെളിയിക്കുകയും ചെയ്‌തു. എന്നാൽ 1944-ൽ സ്റ്റ്രപ്‌റ്റൊമൈസിന്‍ ആവിഷ്‌കൃതമാവുകയും അതിനെത്തുടർന്നു ബാസിറ്റ്രസിന്‍, നിയൊമൈസിന്‍, പോളിമിക്‌സിന്‍, വയൊമൈസിന്‍, ക്ലോറാംഫെനിക്കോള്‍, ക്ലോർടെട്രാസൈക്ലിന്‍, ഓക്‌സിടെട്രാസൈക്ലിന്‍ മുതലായ ചില നല്ല ആന്റിബയോട്ടിക്കുകള്‍ വേർതിരിച്ചെടുക്കുകയും ചെയ്‌തതോടെയാണ്‌ പ്രസ്‌തുത ഇനം ഔഷധങ്ങളുടെ പ്രാധാന്യവും പ്രസിദ്ധിയും വിശ്വവ്യാപകമായിത്തീർന്നത്‌. ആന്റിബയോട്ടിക്കുകള്‍ ശതക്കണക്കിനുണ്ടെങ്കിലും ക്ലോറാംഫെനിക്കോള്‍ ഒഴിച്ച്‌ ബാക്കിയെല്ലാം കിണ്വനം (Fermentation) വഴിയായിട്ടാണ്‌ വന്‍തോതിൽ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. ശുദ്ധമായ സംവർധം (pure culture) ആദ്യം ഉണ്ടാക്കിയശേഷം വിശാലമായ തൊട്ടികളിൽ പോഷകമാധ്യമ(nutrient medium)ത്തിലേക്ക്‌ അണുജീവിയെ നിക്ഷേപിക്കുന്നു. ശുദ്ധമായ വായു, വേണ്ടപോലെ ഇളക്കൽ, മാധ്യമത്തിലുള്ള പോഷകാംശം എന്നിവ അണുജീവിയെ യഥാകാലം വളർത്തുന്നു. ഓരോ ഇനം അണുജീവിക്കും വളരാനുള്ള അനുകൂലതമ(optimum)മായ സാഹചര്യം സൃഷ്‌ടിച്ച്‌ അതിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുവാനും ഉദ്ദിഷ്‌ടമായ ആന്റിബയോട്ടിക്കിന്റെ അളവിനെ വർധിപ്പിക്കുവാനും സാധിക്കും. പല തരത്തിലുള്ള നവീനതന്ത്രങ്ങളുപയോഗിച്ച്‌ ആന്റിബയോട്ടിക്‌ വ്യവസായം നിരപായവും നിർദോഷവും ലാഭകരവും ആക്കാന്‍ ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ട്‌. ഫെർമെന്റേഷന്‍വഴി ലഭിക്കുന്ന പ്രാകൃതിക ആന്റിബയോട്ടിക്‌ പദാർഥങ്ങള്‍ക്ക്‌ പരീക്ഷണശാലകളിൽവച്ച്‌ രാസരചനാപരമായി ചില പരിഷ്‌കാരങ്ങള്‍ വരുത്തുവാനും ശ്രമിച്ചതോടുകൂടി അവയുടെ ഗുണം അപ്രതീക്ഷിതമാംവിധം അധികരിച്ചിരിക്കുകയാണ്‌. അണുപ്രാണികളെ യീസ്റ്റ്‌, മോള്‍ഡ്‌ (പൂപ്പ്‌), സ്റ്റ്രപ്‌റ്റൊമൈസറ്റിസ്‌, ബാക്‌റ്റീരിയം, റിക്കറ്റ്‌സിയ, വൈറസ്‌ എന്നിങ്ങനെ പൊതുവെ ആറായി തരംതിരിക്കാം. ഇവയിൽ ഒടുവിൽ പറഞ്ഞ മൂന്നുതരം അണുപ്രാണികളാണ്‌ മനുഷ്യനിലും മൃഗങ്ങളിലും കാണുന്ന ഒട്ടുവളരെ സാംക്രമിക രോഗങ്ങള്‍ക്കു കാരണമായിത്തീരുന്നത്‌. പ്രായേണ ആന്റിബയോട്ടിക്കുകള്‍ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്നത്‌ ബാക്‌റ്റീരിയയ്‌ക്കും റിക്കറ്റ്‌സിയയ്‌ക്കും ശത്രുക്കളായിട്ടാണ്‌. ബാക്‌റ്റീരിയകളെ ഗ്രാം-പോസിറ്റീവ്‌ എന്നും ഗ്രാം-നെഗറ്റീവ്‌ എന്നും രണ്ടു വലിയ ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്‌. ഓരോ ഭാഗത്തിലും ഒട്ടനേകം ഇനം ബാക്‌റ്റീരിയകള്‍ ഉണ്ട്‌. ചില ആന്റിബയോട്ടിക്കുകള്‍ (ഉദാ. പെനിസിലിന്‍, എറിത്രാമൈസിന്‍) ഗ്രാം-പോസിറ്റീവ്‌ ബാക്‌റ്റീരിയകള്‍ക്കും സ്റ്റ്രപ്‌റ്റൊമൈസിന്‍ മുതലായ ചിലത്‌ ഗ്രാം-നെഗറ്റീവ്‌ ബാക്‌റ്റീരിയകള്‍ക്കും വിരോധികളാണ്‌. എന്നാൽ ക്ലോറാംഫെനിക്കോള്‍, ടെട്രാസൈക്ലിന്‍ എന്നിവ ഗ്രാം-പോസിറ്റീവ്‌ ഇനത്തിലും ഗ്രാം-നെഗറ്റീവ്‌ ഇനത്തിലും പെട്ട ബാക്‌റ്റീരിയകള്‍ക്ക്‌ അപായകാരികളാണ്‌. ഇവയെ ബ്രാഡ്‌സ്‌പെക്‌ട്രം (broad spectrum) ആന്റിബയോട്ടിക്കുകള്‍ എന്നു വിളിക്കാറുണ്ട്‌. ചില ഇനം റിക്കറ്റ്‌സിയയ്‌ക്കും വൈറസ്സിനും ഈ ബ്രാഡ്‌സ്‌പെക്‌ട്രം ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമായ മറുമരുന്നായിരിക്കും. 1952-ൽ ആക്‌റ്റിനൊമൈസിന്‍ എന്ന ആന്റിബയോട്ടിക്കിന്‌ ട്യൂമർ-വിരുദ്ധപ്രവർത്തനം ഉണ്ടെന്നു കണ്ടപ്പോള്‍ അർബുദപ്രതിവിധികളായ ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കുന്നതിനു തീവ്രശ്രമം നടക്കുകയുണ്ടായി. ചിലതരം അർബുദങ്ങളെ ഒരു പരിധിവരെ ചികിത്സിക്കാന്‍ പറ്റുന്ന ചില വസ്‌തുക്കള്‍ ആ വഴി കണ്ടുപിടിക്കപ്പെട്ടു. ഡ്വാനൊമൈസിന്‍ (duanomycin), മിറ്റൊമൈസിന്‍ (mitomycin), ക്രാമൊമൈസിന്‍ (chromomycin), സാർക്കൊമൈസിന്‍ (sarcomycin) എന്നിവ ഉദാഹരണങ്ങളാണ്‌. പക്ഷേ ഈ ആന്റിബയോട്ടിക്കുകള്‍ക്കു ഗണ്യമായ വിഷാലുത്വം (toxicity) കൂടിയുള്ളതുകൊണ്ട്‌ അവ രോഗിക്ക്‌ മറ്റൊരുവിധത്തിൽ ഉപദ്രവകാരികളായിത്തീരുമെന്നതിനു സംശയമില്ല. വളരെ ആലോചിച്ചും ശ്രദ്ധിച്ചും മാത്രമേ അർബുദചികിത്സയ്‌ക്ക്‌ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. സാധാരണമായി ബാക്‌റ്റീരിയകളെ നശിപ്പിക്കുകയോ, അവയുടെ പ്രവർത്തനത്തെ സ്‌തംഭിപ്പിക്കുകയോ ആണ്‌ ആന്റിബയോട്ടിക്കുകള്‍ ചെയ്യുന്നത്‌. ഈ പ്രവർത്തനത്തിന്റെ തീവ്രത അനേകം ഘടകങ്ങളെ ആശ്രയിച്ചിരിക്കും. തത്‌കാലപരിതഃസ്ഥിതികള്‍, എതിരിടേണ്ട അണുജീവികളുടെ സ്വഭാവം, പ്രയോഗിക്കുന്ന മാത്രയുടെ അളവ്‌ എന്നിവ മുഖ്യഘടകങ്ങളാണ്‌. ആന്റിബയോട്ടിക്കുകള്‍ ബാക്‌റ്റീരിയകളെ ചെറുക്കുന്നത്‌ എപ്രകാരമാണ്‌ എന്ന കാര്യത്തിൽ ഖണ്ഡിതമായ ഒരു അഭിപ്രായം പറയാന്‍ സാധ്യമല്ല. ബാക്‌റ്റീരിയകളുടെ പ്രാട്ടീന്‍-ഉദ്‌ഗ്രഥന പ്രക്രിയയെ തടസ്സപ്പെടുത്തുക, ന്യൂക്ലിയിക്‌ ഉദ്‌ഗ്രഥനത്തെ തടസ്സപ്പെടുത്തുക, കോശഭിത്തികളുടെ നിർമാണത്തെ ബാധിക്കുക എന്നിങ്ങനെ പല വിധത്തിലും ആന്റിബയോട്ടിക്കുകള്‍ക്കു പ്രവർത്തിക്കുവാന്‍ കഴിയും എന്നു തെളിഞ്ഞിട്ടുണ്ട്‌. ചുരുക്കത്തിൽ അവ ആന്റിമെറ്റബൊളൈറ്റുകളായി പ്രവർത്തിക്കുന്നു എന്നു പറയാം. നല്ല ഒരു ആന്റിബയോട്ടിക്കായി പ്രവർത്തിക്കണമെങ്കിൽ അത്‌ ശരീരകലകളെ ബാധിക്കാതെ രോഗാണുക്കളെ മാത്രമേ നശിപ്പിക്കാവൂ; രോഗാണുക്കള്‍ സംക്രമിച്ചിരിക്കുന്ന സ്ഥാനത്ത്‌ എത്രയും വേഗം ചെന്നെത്തി ആകാവുന്നത്ര സാന്ദ്രതയിൽ വേണ്ടിടത്തോളം സമയം സ്ഥിതിചെയ്യുകയും വേണം. ഇന്‍ജക്ഷന്‍ വഴിയായും വായിലൂടെ (oral) കഴിക്കാവുന്ന രൂപത്തിലും ഈ ഔഷധങ്ങള്‍ രോഗിക്കു നല്‌കാറുണ്ട്‌. തൊലിപ്പുറമേയുള്ള ആവശ്യങ്ങള്‍ക്കു ലേപനരൂപത്തിലും ഇവ പ്രയോഗിക്കപ്പെട്ടുവരുന്നു. മനുഷ്യർക്ക്‌ ആന്റിബയോട്ടിക്‌-ചികിത്സ ഇന്നു വലിയ ഒരു അനുഗ്രഹമാണ്‌. ഇതുമൂലം സാംക്രമികരോഗത്തിന്റെ തീവ്രതയ്‌ക്കും കാലദൈർഘ്യത്തിനും സാരമായ ഇളവു സംഭവിച്ചിട്ടുണ്ട്‌. തന്മൂലം മരണനിരക്കും ചുരുങ്ങിത്തുടങ്ങിയിരിക്കുന്നു. ബാക്‌റ്റീരിയകള്‍ മൂലമുളവാകുന്ന ന്യൂമോണിയ, അന്തർഹൃദ്‌-ശോഥം(endocarditis) എന്നിവയ്‌ക്കും, കർണമൂലശോഥം (mastoiditis) മസ്‌തിഷ്‌കാവരണശോഥം (meningitis) പര്യുദര്യാശോഥം (peritonitis) ടൈഫോയിഡ്‌ എന്നിവയ്‌ക്കും ചില ഇനം ഗുഹ്യരോഗങ്ങള്‍ക്കും ആന്റിബയോട്ടിക്‌ ചികിത്സ ഫലപ്രദമാണ്‌. ചില തീവ്രരോഗങ്ങളെ തുടർന്നുണ്ടാകുന്ന പല വൈഷമ്യങ്ങളെയും ആന്റിബയോട്ടിക്കുകള്‍ കൊണ്ടു തടയാന്‍ സാധിക്കും. ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിന്‌ വിദഗ്‌ധമായ വൈദ്യോപദേശം ആവശ്യമാണ്‌. കന്നുകാലികളുടെയും കോഴികളുടെയും ശരീരപോഷണത്തിനുവേണ്ടി അവയ്‌ക്കുള്ള തീറ്റയിൽ അല്‌പം ആന്റിബയോട്ടിക്‌ ചേർക്കുന്നത്‌ ഇന്ന്‌ സാധാരണമായിട്ടുണ്ട്‌. എന്നാൽ ഇതിനു ശാസ്‌ത്രജ്ഞന്മാർക്കിടയിൽ സാർവത്രികമായ അംഗീകാരം ലഭിച്ചിട്ടില്ല. കാലക്രമത്തിൽ ആന്റിബയോട്ടിക്കുകളെ ചെറുക്കുന്നതിനു ശേഷിയുള്ള പുതിയ ഇനം ബാക്‌റ്റീരിയകള്‍ ആവിർഭവിക്കുന്നതിന്‌ ഈ സമ്പ്രദായം സഹായകമായേക്കാം എന്നാണ്‌ അവരുടെ ഭീതി. മനുഷ്യരുടെ ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ കന്നുകാലിത്തീറ്റകളിലും കോഴിത്തീറ്റികളിലും ഉപയോഗിക്കാതിരിക്കുകയാണു നല്ലതെന്നും അവർ അഭിപ്രായപ്പെടുന്നു. ലോകം ഇന്ന്‌ ഇതിനെക്കുറിച്ചുള്ള ഉപരിഗവേഷണഫലങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. എങ്കിലും കന്നുകാലികള്‍, ആടുകള്‍, പന്നികള്‍ എന്നീ ജന്തുക്കള്‍ക്കിടയിൽ സാമാന്യമായിക്കാണാറുള്ള പല രോഗങ്ങള്‍ക്കും ആന്റിബയോട്ടിക്കുകള്‍ നല്ല പ്രതിവിധിയാണ്‌. ബാക്‌റ്റീരിയകള്‍ മൂലമുണ്ടാകുന്ന അതിസാരം, ന്യൂമോണിയ, ലെപ്‌റ്റൊസ്‌പൈറ (സ്‌പൈറൊക്കീറ്റ എന്ന അണുജീവി മൂലം ഉണ്ടാകുന്ന രോഗം), സ്‌തനശോഥം, പ്രത്യുത്‌പാദനാവയവത്തിലും മൂത്രമാർഗത്തിലും ഉണ്ടാകുന്ന രോഗസംക്രമണം എന്നിവയ്‌ക്കും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാം. ധാന്യച്ചെടികളുടെയും ഫലസസ്യങ്ങളുടെയും പൂച്ചെടികളുടെയും പരിപോഷണത്തിനും അവയെ ബാധിക്കുന്ന പല സാംക്രമികരോഗങ്ങളെ ചികിത്സിക്കുന്നതിനും ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്‌. സസ്യങ്ങളെ ബാധിക്കുന്ന ബാക്‌റ്റീരിയകള്‍ പ്രായേണ ഗ്രാം-നെഗറ്റീവ്‌ ആകയാൽ അവയ്‌ക്ക്‌ പെനിസിലിന്‍ അത്ര കാര്യക്ഷമമായ പ്രത്യൗഷധമല്ല. സ്റ്റ്രപ്‌റ്റൊമൈസിന്‍ എന്ന ആന്റിബയോട്ടിക്‌ ആണ്‌ സസ്യങ്ങളിൽ കൂടുതൽ നല്ലത്‌ എന്നു കണ്ടെത്തിയിട്ടുണ്ട്‌. ചില രാജ്യങ്ങളിൽ വിപണിയിൽ കാർഷികാവശ്യത്തിനുള്ള ആന്റിബയോട്ടിക്കിന്റെ പല യോഗങ്ങളും (preparations) ലഭ്യമാണ്‌. ജപ്പാനിൽ നെല്‌കൃഷി നന്നാക്കുന്നതിന്‌ ആന്റിബയോട്ടിക്‌ ഉപയോഗിച്ചുവരുന്നുണ്ട്‌. മൃഗങ്ങളുടെ കാര്യത്തിൽ സൂചിപ്പിച്ചതുപോലെ, ആന്റിബയോട്ടിക്‌ പ്രതിരോധശക്തിയുള്ള അണുജീവികള്‍ വർധിച്ചു വരാനിടയുണ്ട്‌ എന്ന ഒരു ദോഷം ഇവിടെയും പ്രസ്‌താവിക്കേണ്ടിയിരിക്കുന്നു. സള്‍ഫാ മരുന്നുകളുടെയും ആന്റിബയോട്ടിക്കുകളുടെയും ആവിർഭാവം ചികിത്സാരംഗത്തു വിപ്ലശ്ശവം സൃഷ്‌ടിക്കുവാനും രോഗനിവാരണമാർഗം അനായാസമാക്കുവാനും സഹായിച്ചിട്ടുണ്ട്‌. (പ്രധാനപ്പെട്ട ആന്റിബയോട്ടിക്കുകള്‍ക്കു പ്രത്യേകം ലേഖനങ്ങള്‍ നോക്കുക) ആന്റിബയോട്ടിക്കുകള്‍ രോഗാണുക്കളെ നശിപ്പിക്കുന്നത്‌ വിവിധ രീതിയിലാണെന്നു സൂചിപ്പിച്ചല്ലോ ? ഉദാഹരണത്തിന്‌ പെന്‍സിലിന്‍, ബാക്‌ടീരിയയുടെ എന്‍സൈം മോഷ്‌ടിച്ചെടുത്താണ്‌ ബാക്‌റ്റീരിയയെ നശിപ്പിക്കുന്നത്‌. രോഗാണുക്കള്‍ക്ക്‌ അവയുടെ കോശചർമം ഇടയ്‌ക്കിടെ പുതുക്കിക്കൊണ്ടു മാത്രമേ ജീവന്‍ നിലനിർത്താന്‍ കഴിയൂ. ഈ കോശചർമത്തിന്റെ നിർമാണത്തെ സഹായിക്കുന്ന എന്‍സൈം മോഷ്‌ടിക്കുകയാണു പെന്‍സിലിന്‍ ചെയ്യുന്നത്‌. എന്നാൽ സള്‍ഫാ വിഭാഗത്തിൽപ്പെടുന്ന ആന്റിബയോട്ടിക്കുകളുടെ കഥ വിചിത്രമാണ്‌. രോഗാണുക്കളുടെ നിലനില്‌പിനു അത്യന്താപേക്ഷിതമായ "പാബ' (PABA- Para Amino Benzoic Acid) എന്ന സംയുക്തത്തിന്‌ സള്‍ഫാ മരുന്നുകളുടെ തന്മാത്രാഘടനയുമായി വളരെ സാമ്യമുണ്ട്‌. സള്‍ഫാമരുന്നു കഴിക്കുന്ന രോഗിയുടെ രക്തത്തിൽ ഔഷധ തന്മാത്രകള്‍ ധാരാളമുണ്ട്‌. തന്മാത്രാ ഘടനയിലുള്ള സാമ്യം മൂലം രോഗാണുവിന്‌ പാബയും സള്‍ഫാമരുന്നും വേർതിരിച്ചറിയാന്‍ കഴിയാതെ വരുന്നു. പാബയാണെന്നു ധരിച്ചു രോഗാണു സള്‍ഫാമരുന്ന്‌ ഉപയോഗിക്കുന്നു. അങ്ങനെ രോഗാണു നശിക്കുന്നു. ക്ഷയരോഗാണുവിനെ നേരിടുന്ന സ്‌ട്രപ്‌റ്റോമൈസിന്‍ ബാക്‌റ്റീരിയയുടെ ജനിതക കോഡിൽ വ്യതിയാനം വരുത്തി പ്രാട്ടീന്‍ നിർമാണം തകരാറിലാക്കുന്നു. ആന്റിബയോട്ടിക്കും പാർശ്വഫലങ്ങളും. സാധാരണ ഗതിയിൽ ഗൗരവമുള്ള പാർശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല. അപൂർവം ചിലരിൽ വയറിളക്കമുണ്ടാക്കിയേക്കാം. ശരീരത്തിനുള്ളിലും പുറത്തും കാണപ്പെടുന്ന സാധാരണ ബാക്‌റ്റീരിയയും യീസ്റ്റും തമ്മിലുള്ള സന്തുലനാവസ്ഥ മാറ്റാന്‍ ആന്റിബയോട്ടിക്കുകള്‍ക്കു കഴിയും. അതുകൊണ്ട്‌ യീസ്റ്റ്‌ ക്രമാതീതമായി വർധിച്ച്‌ കാന്‍ഡിഡിയാസിസ്‌ എന്ന അവസ്ഥ ഉണ്ടായേക്കാം. അതുപോലെ തന്നെ ഉദരത്തിനുള്ളിലെ മിത്രബാക്‌റ്റീരിയങ്ങളെ നശിപ്പിക്കാനും ആന്റിബയോട്ടിക്‌ കാരണമായിത്തീരുന്നു. പെന്‍സിലിന്‍ ചിലരിൽ അലർജി ഉണ്ടാക്കുന്നുണ്ട്‌. പെന്‍സിലിന്‍ അലർജിയുള്ള പത്തിൽ ഒരാള്‍ക്ക്‌ സെഫലോസ്‌പോറിന്‍, എന്ന ആന്റിബയോട്ടിക്കും അലർജി ഉണ്ടാക്കുന്നു. വളർച്ചാഘട്ടത്തിൽ എല്ലിനും പല്ലിനും ദോഷകരമായ ആന്റിബയോട്ടിക്കാണ്‌ ടെട്രാസൈക്ലിന്‍. ഇത്‌ കുട്ടികളിലും ഗർഭിണികളിലും ഉപയോഗിക്കാറില്ല. സള്‍ഫൊവമൈഡ്‌ വിഭാഗത്തിൽപ്പെട്ട ആന്റിബയോട്ടിക്കുകള്‍ ത്വക്ക്‌ അലർജിക്കും വൃക്കത്തകരാറിനും കാരണമാകുന്നു എന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന ബാക്‌റ്റീരിയ (സൂപ്പർ ബഗ്ഗുകള്‍) ഉരുത്തിരിഞ്ഞു കഴിഞ്ഞതായുള്ള പഠനഫലങ്ങള്‍ കാണിക്കുന്നത്‌ ഇവയെ ഇനി ഏറെക്കാലം ആശ്രയിക്കാന്‍ കഴിയില്ല എന്നാണ്‌. (പ്രാഫ. ഐ. രാമഭദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍