This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിഗണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:31, 23 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആന്റിഗണി

Antigony

  1. യവനപുരാണനായിക;
ഈഡിപ്പസ്‌ രാജാവിന്‌ ജൊക്കാസ്റ്റയിലുണ്ടായ പുത്രി. ആന്റിഗണിയെ നായികയാക്കി സോഫോക്ലിസ്‌ എഴുതിയ ദുരന്തനാടകം (ആന്റിഗണി) വിശ്വസാഹിത്യത്തിൽ പ്രസിദ്ധമാണ്‌. അന്ധനാക്കപ്പെട്ട ഈഡിപ്പസ്‌ ആഥന്‍സിനടുത്തുവച്ച്‌ നിര്യാതനാകുംവരെ ആന്റിഗണിയും സഹോദരിയായ ഇസ്‌മേനും അദ്ദേഹത്തിന്റെ സഹചാരിണികളായി വർത്തിച്ചു. പുത്രന്മാരായ പോളിനിക്കസും എത്തിയോക്ലിസും തന്റെ കാലശേഷം ഓരോവർഷം മാറിമാറി രാജ്യഭരണം നടത്തണമെന്ന്‌ ഈഡിപ്പസ്‌ വ്യവസ്ഥചെയ്‌തിരുന്നെങ്കിലും എത്തിയോക്ലിസ്‌ അധികാരം വിട്ടുകൊടുക്കുവാന്‍ തയ്യാറായില്ല. സഹോദരന്മാരെ രഞ്‌ജിപ്പിക്കുവാന്‍ ആന്റിഗണി ശ്രമിച്ചു; ഫലമുണ്ടായില്ല. ഇവരുടെ അമ്മാവനായ ക്രിയോണ്‍ റീജന്റായി ഭരണം തുടർന്നു. പോളിനിക്കസ്‌ ആർഗസ്‌ രാജാവായ അദ്രാസ്‌തസിനെ കൂട്ടുപിടിച്ച്‌ തീബ്‌സ്‌നഗരം ആക്രമിച്ചു. ഈസ്‌കിലിസ്‌ രചിച്ച തീബ്‌സിനെതിരെ ഏഴു പേർ(Seven Against Thebes)  എന്ന ദുരന്തനാടകത്തിന്റെ പ്രമേയം ഇതാണ്‌. ദ്വന്ദ്വയുദ്ധത്തിൽ ഇരുവരും കൊല്ലപ്പെട്ടു.

എത്തിയോക്ലിസിനെ ഉചിതമായി സംസ്‌കരിക്കാന്‍ വേണ്ട ഏർപ്പാടുകള്‍ ചെയ്‌ത ക്രിയോണ്‍, രാജ്യദ്രാഹിയായ പോളിനിക്കസിനെ ആരും സംസ്‌കരിക്കാന്‍ പാടില്ലെന്ന്‌ വിധിച്ചു (യവനധർമമനുസരിച്ച്‌ ഒരുവനു നല്‌കപ്പെടാവുന്ന ഏറ്റവും കടുത്ത ശിക്ഷയാണ്‌ അന്തിമോപചാര നിഷേധം). ഈ രാജശാസനയ്‌ക്കെതിരായി ആന്റിഗണിയുടെ മനസ്സാക്ഷി ഉണർന്നു. പോളിനിക്കസിന്റെ ശവം മറവുചെയ്യുന്നതിന്‌ സഹോദരിയായ ഇസ്‌മേന്റെ സഹായം ആന്റിഗണി ആവശ്യപ്പെട്ടു (സോഫോക്ലിസിന്റെ നാടകം ഇവിടെ ആരംഭിക്കുന്നു). രാജാജ്ഞയെ ലംഘിക്കാനുള്ള ആന്റിഗണിയുടെ യത്‌നത്തിന്‌ ഇസ്‌മേന്‍ കൂട്ടുനിന്നില്ല. പോളിനിക്കസിന്റെ ശവം സംസ്‌കരിക്കപ്പെട്ടതായി ഒരു ഭടന്‍ ക്രിയോണിനെ അറിയിച്ചു. കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ഉത്തരവിനെ തുടർന്ന്‌ ഭടന്‍ ശവം മാന്തിയെടുത്തു. കൊടുങ്കാറ്റത്ത്‌ സഹോദരന്റെ കുഴിമാടത്തിലെത്തിയ ആന്റിഗണി ഇതുകണ്ടു പൊട്ടിക്കരഞ്ഞു. ഭടന്‍ അവളെ ക്രിയോണിന്റെ മുമ്പിൽ ഹാജരാക്കി. അവള്‍ പറഞ്ഞു: "ഒരാളിന്‌ അപരക്രിയ ചെയ്യുക എന്നതിന്റെ അർഥം, മനുഷ്യനീതി അതിനെതിരാണെങ്കിലും, ദൈവനീതിയെ മാനിക്കുക എന്നാണ്‌.' ആന്റിഗണിയുടെ ന്യായവാദങ്ങളെല്ലാം ക്രിയോണിന്റെ അധികാരപ്രമത്തതയ്‌ക്കുമുമ്പിൽ ദുർബലമായിപ്പോയി. ധിക്കാരിയായ ആന്റിഗണിക്ക്‌ വധശിക്ഷനല്‌കാന്‍ ക്രിയോണ്‍ തീരുമാനിച്ചു. ഈ ഘട്ടത്തിൽ സഹോദരിക്കുവേണ്ടി ഇസ്‌മേന്‍ വാദിച്ചു; ക്രിയോണിന്റെ മകനായ ഹേമണ്‍ ആന്റിഗണിയിൽ അനുരക്തനാണെന്ന്‌ അറിയിച്ചു; പക്ഷേ, ക്രിയോണിന്റെ മനസ്സ്‌ അചഞ്ചലമായിരുന്നു. ജനവികാരം ആന്റിഗണിക്ക്‌ അനുകൂലമാണെന്ന്‌ ഹേമണ്‍ അറിയിച്ചിട്ടും ക്രിയോണ്‍ കുലുങ്ങിയില്ല. നിയമലംഘനം നടത്തിയ ആന്റിഗണി കാമുകനായ ഹേമണിന്റെ കണ്‍മുമ്പിൽ വച്ചുതന്നെ വധിക്കപ്പെടണം എന്നു ക്രിയോണ്‍ നിശ്ചയിച്ചു. അതനുസരിച്ച്‌ തീബ്‌സിനു വെളിയിലുള്ള ഒരു കല്ലറയിൽ ആന്റിഗണി ജീവനോടെ അടയ്‌ക്കപ്പെട്ടു. ഈ സമയമെല്ലാം പോളിനിക്കസിന്റെ മൃതദേഹം വെളിമ്പറമ്പിൽ കിടക്കുകയായിരുന്നു. പുരോഹിതനായ ടൈറേഷ്യസ്‌ ക്രിയോണിന്റെ അടുത്തെത്തി പോളിനിക്കസിനെ യഥാവിധി സംസ്‌കരിക്കണമെന്നും ആന്റിഗണിയെ മോചിപ്പിച്ചില്ലെങ്കിൽ ഹേമണ്‍ മരിക്കുമെന്നും അറിയിച്ചു. ടൈറേഷ്യസിന്റെ പ്രവചനങ്ങളിൽ വിശ്വാസമുള്ളതിനാൽ മനംമാറ്റംവന്ന ക്രിയോണ്‍ ഒരു ശവകുടീരം നിർമിച്ച്‌ പോളിനിക്കസിനെ സംസ്‌കരിച്ചു; ആന്റിഗണിയെ രക്ഷിക്കാന്‍ നേരിട്ടുപുറപ്പെട്ടു. കല്ലറയ്‌ക്കകത്തുനിന്നും ഹേമണിന്റെ പ്രതികാര ശബ്‌ദമാണു കേട്ടത്‌. ക്രിയോണ്‍ അകത്തു കടന്നു; ആന്റിഗണി സ്വന്തം വസ്‌ത്രങ്ങള്‍ കൊണ്ടുണ്ടാക്കിയ കയറിൽ തൂങ്ങിമരിച്ചു; ഹേമണ്‍ സ്വന്തം വാളാൽ സ്വയം വെട്ടിമരിച്ചു. (യൂറിപ്പിഡിസ്‌ പറയുന്നത്‌ ആന്റിഗണി രക്ഷപ്പെട്ടുവെന്നും ഹേമണുമായി ചിരകാലം സസുഖം ജീവിച്ചു എന്നും ആണ്‌). മകന്റെ മൃതദേഹവുമായി തീബ്‌സിലെത്തിയ ക്രിയോണിനെ എതിരേറ്റത്‌ ഭാര്യയായ യൂറിസിഖി ദുരന്തവൃത്താന്തങ്ങള്‍ അറിഞ്ഞ്‌ ആങ്ങഹത്യചെയ്‌തിരിക്കുന്നു എന്ന വാർത്തയായിരുന്നു. സോഫോക്ലിസിന്റെ ആന്റിഗണി ആദ്യമായി രംഗത്തവതരിപ്പിച്ചത്‌ ബി.സി. 440-ൽ ആണെന്നു കരുതപ്പെടുന്നു. കഥാപാത്രങ്ങള്‍ നാടകീയസംഭാഷണങ്ങളിലൂടെ ദുരന്തത്തിലേക്കു നീങ്ങുന്നു; ധാർമികവും ദാർശനികവും ആയ പ്രശ്‌നങ്ങള്‍ വൃന്ദഗാനത്തിലും ആങ്ങഗതത്തിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അന്നത്തെ അഥീനിയന്‍ പ്രക്ഷകർക്ക്‌ ഈ നാടകം വളരെ ഇഷ്‌ടപ്പെട്ടു (സാമോസിനെതിരെ നടത്തിയ യുദ്ധത്തിൽ, തീബ്‌സ്‌ ജനറലായി സോഫോക്ലിസ്‌ അവരോധിക്കപ്പെട്ടത്‌ ഇതു കൊണ്ടാണത്ര). എന്നാൽ, വൈകാരികമായ മാനുഷികബന്ധങ്ങളും ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്വവും തമ്മിലുള്ള സംഘട്ടനം കാലദേശാതിവർത്തിയായി നിലകൊളളുന്നു എന്ന വസ്‌തുത ഈ നാടകം വ്യക്തമാക്കുന്നു. മിക്കവാറും എല്ലാ പ്രധാന ഭാഷകളിലേക്കും ആന്റിഗണി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. സി.ജെ. തോമസ്‌ ആണ്‌ ഈ കൃതി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌.

  1. ട്രായിയിലെ അവസാനത്തെ രാജാവായ പ്രിയാമിന്‌ ആന്റിഗണി എന്നപേരിൽ ഒരു സഹോദരിയുണ്ടായിരുന്നതായി ഗ്രീക്കുപുരാണങ്ങളിൽ കാണുന്നു. സിയൂസിന്റെ പത്‌നി ഹേരായ്‌ക്ക്‌ ഇവളുടെ കേശസൗന്ദര്യത്തിൽ അസൂയ തോന്നി; ദേവതകള്‍ ആന്റിഗണിയുടെ മുടി ഒരുപറ്റം പാമ്പുകള്‍ക്ക്‌ നല്‌കി. വിരൂപിണിയായിത്തീർന്ന ആന്റിഗണിയിൽ പിന്നീട്‌ അനുകമ്പതോന്നിയ ദേവതകള്‍ അവളെ ഒരു പക്ഷിയാക്കി. ഓവിദിന്റെ രൂപാന്തരം (Metamorphosis) എന്ന കൃതി ഈ പ്രമേയത്തെ ആധാരമാക്കിയുള്ളതാണ്‌. നോ: ഈഡിപ്പസ്‌; സോഫോക്ലിസ്‌
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍