This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനേ, എം.എസ്. (1880 - 1968)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനേ, എം.എസ്. (1880 - 1968)

ഇന്ത്യന്‍ ദേശീയനേതാവ്. മഹാരാഷ്ട്രയില്‍ വിദര്‍ഭയിലെ വാണി എന്ന സ്ഥലത്ത് ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1880 ആഗ. 29-ന് മാധവ് ശ്രീഹരി ആനേ ജനിച്ചു. ശ്രീഹരി ആനേയുടെയും രഖ്മാ ബായിയുടെയും നാലു പുത്രന്‍മാരില്‍ രണ്ടാമനായിരുന്നു ഇദ്ദേഹം. ചന്ദ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനേ കോളജു ജീവിതകാലത്ത് ലോകമാന്യതിലകന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. 1898-ല്‍ ഇദ്ദേഹം യമുനാബായിയെ വിവാഹം ചെയ്തു; 1928-ല്‍ അവര്‍ അന്തരിച്ചു. രണ്ടു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ഈ ദാമ്പത്യത്തിലുണ്ടായി.

1907-ല്‍ കൊല്ക്കത്തയില്‍ നിന്നും ബി.എല്‍. പാസായി യോട്ട്മാല്‍ കേന്ദ്രമാക്കി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. 1909-ല്‍ ഇദ്ദേഹം ശിക്ഷിക്കപ്പെടുകയും ഒരു വര്‍ഷത്തേക്ക് ഇദ്ദേഹത്തിന്റെ സന്നദ് എടുത്തുകളയുകയും ചെയ്തു. 1910-ല്‍ ഇദ്ദേഹം അഭിഭാഷകവൃത്തി വീണ്ടും ആരംഭിച്ചു. 1915-ല്‍ ആനേ യോട്ട്മാല്‍ ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ സ്ഥാപിച്ചു. ഇത് പില്ക്കാലത്ത് എല്ലാ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും സിരാകേന്ദ്രമായി. ലോകമാന്യതിലകന്റെ ഹോംറൂള്‍ ലീഗിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയ്ക്ക് ആനേ വിദര്‍ഭയില്‍ നിന്നും കോണ്‍ഗ്രസ് ഡെമോക്രാറ്റ് ടിക്കറ്റില്‍ മത്സരിച്ചു. 1923-ലെ കാക്കിനട കോണ്‍ഗ്രസ്സിനുശേഷം ഇദ്ദേഹം സ്വരാജ് പാര്‍ട്ടിയില്‍ ഉറച്ചു നില്ക്കുകയും ചെയ്തു. ഇതിന്റെ പ്രതിനിധിയായി ഇദ്ദേഹം കേന്ദ്രനിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു (1924). റെസ്പോണ്‍സിവ് കോ-ഓപ്പറേഷന്‍ പാര്‍ട്ടി പ്രതിനിധി എന്ന നിലയില്‍ വിദര്‍ഭയില്‍ നിന്നുള്ള അംഗമായി (1927-30). ലാലാ ലജ്പത് റായിയുടെ നേതൃത്വത്തിലുണ്ടായ നാഷണലിസ്റ്റ് പാര്‍ട്ടിയുടെ കാര്യദര്‍ശിയായിരുന്ന ആനേ, സൈമണ്‍ കമ്മിഷനെ (1928) ബഹിഷ്കരിക്കുന്നതില്‍ മുന്‍കൈയെടുത്തു. ഗാന്ധിജിയുടെ അറസ്റ്റിനെ (1930 മേയ് 5) തുടര്‍ന്ന് ഇദ്ദേഹം നിയമസഭാംഗത്വം രാജിവച്ചു. 1930 ജൂല. 10-ന് പുസദിലെ വനസത്യഗ്രഹത്തില്‍ പങ്കെടുത്തു ജയില്‍ശിക്ഷ വരിച്ചു. 'ലോകനായക്' സ്ഥാനവും ലഭ്യമായി.

മഹാരാഷ്ട്ര സാഹിത്യസമ്മേളനാധ്യക്ഷപദവിയും ആനേ വഹിച്ചിട്ടുണ്ട്. 1933-ല്‍ കോണ്‍ഗ്രസ്സിന്റെ താത്കാലിക പ്രസിഡന്റായി. കമ്യൂണല്‍ അവാര്‍ഡിനെ സംബന്ധിച്ച കോണ്‍ഗ്രസ് നയത്തെ എതിര്‍ത്ത ഇദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്പിച്ച് 1937-ല്‍ വീണ്ടും കേന്ദ്ര നിയമസഭയില്‍ അംഗമായി; 1941-ല്‍ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമായി. സത്യഗ്രഹം നടത്തിയിരുന്ന ഗാന്ധിജിയെ മോചിപ്പിക്കാന്‍ ഇദ്ദേഹം ലിന്‍ലിത്ഗോ പ്രഭുവിനെ ഉപദേശിച്ചു. ആ ഉപദേശം വൈസ്രോയ് നിരാകരിച്ചപ്പോള്‍, ആനേ എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗത്വം രാജിവച്ചു (1942). 1943 മുതല്‍ 47 വരെ ഇദ്ദേഹം ശ്രീലങ്കയിലെ ഹൈക്കമ്മീഷണര്‍ ആയിരുന്നു. തുടര്‍ന്ന് നെഹ്റുവിന്റെ ഉപേദശപ്രകാരം ആ സ്ഥാനം രാജിവച്ച് ഭരണഘടന നിര്‍മാണസഭയില്‍ അംഗമായി.

1948-ല്‍ ആനേ ബിഹാര്‍ ഗവര്‍ണറായി. അനാരോഗ്യം മൂലം 1952-ല്‍ ആ പദവി ഇദ്ദേഹം രാജിവച്ചു. നാഗ്-വിദര്‍ഭ സംസ്ഥാനത്തിനു വേണ്ടി വാദിച്ചിരുന്ന ഇദ്ദേഹം 1959-ലും 1962-ലും ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന് പദ്മഭൂഷന്‍ ബഹുമതി ലഭിച്ചിട്ടുണ്ട്.

ആനേ 1968 ജനു. 26-ന് അന്തരിച്ചു. അദ്ദേഹം രചിച്ച 11,000 പദ്യങ്ങളുള്ള ശ്രീതിലക് യശോര്‍ണവ എന്ന കൃതി മരണാനന്തരം മൂന്നു വാല്യങ്ങളിലായി (1969, 70, 71) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍