This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദമോഹന്‍ ബോസ് (1847 - 1906)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദമോഹന്‍ ബോസ് (1847 - 1906)

ഇന്ത്യന്‍ ദേശീയ നേതാവ്; ബ്രഹ്മസമാജത്തിന്റെ നേതാവ്; വിദ്യാഭ്യാസവിചക്ഷണന്‍. സാമൂഹികപരിഷ്കര്‍ത്താവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആനന്ദമോഹന്‍ ബോസ് മൈമെന്‍സിങ്ങിലെ (ആധുനിക ബാംഗ്ലാദേശ്) ജയസിദ്ധി ഗ്രാമത്തില്‍ 1847 സെപ്. 23-ന് ജനിച്ചു. മാതാവായ ഉമകിശോരിദേവിയുടെ സംരക്ഷണയിലാണ് ഇദ്ദേഹം വളര്‍ന്നുവന്നത്. ബാല്യം മുതല്ക്കേ എല്ലാ ക്ലാസ്സുകളിലും ബോസ് ഒന്നാമനായി പാസായി. 1870-ല്‍ കൊല്ക്കത്ത സര്‍വകലാശാലയില്‍നിന്ന് പ്രേംചന്ദ് റോയ്‍ചന്ദ് സ്കോളര്‍ഷിപ്പ് നേടി. സമ്മാനത്തുകയുമായി ഉപരിപഠനത്തിന് ആ വര്‍ഷംതന്നെ ഇദ്ദേഹം ഇംഗ്ലണ്ടിലേക്കു പുറപ്പെട്ടു. കേംബ്രിജിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളജില്‍ ഗണിതശാസ്ത്രം ഐച്ഛിക വിഷയമായി സ്വീകരിച്ച് പഠനമാരംഭിച്ചു. ആദ്യത്തെ 'ഇന്ത്യന്‍ റാംഗ്ളര്‍' (കേംബ്രിജിലെ ശ്രേഷ്ഠപദവി) ആയിരുന്ന സുരേന്ദ്രനാഥ് ബാനര്‍ജി (1848-1925)യുമായി ഇദ്ദേഹം 1871-ല്‍ അവിടെ വച്ച് പരിചയപ്പെട്ടു.

1874-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ ബോസ് രാഷ്ട്രീയ രംഗത്ത് പ്രവേശിച്ചു. സുരേന്ദ്രനാഥ് ബാനര്‍ജി, ശിവനാഥ് ശാസ്ത്രി, ഉമേശ്ചന്ദ്രദത്ത്, ദുര്‍ഗമോഹന്‍ദാസ് തുടങ്ങിയവരായിരുന്നു ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍. ദേവേന്ദ്രനാഥ ടാഗൂര്‍ കേശബ്ചന്ദ്രസെന്‍ എന്നിവരുമായും ആ കാലത്ത് ഇദ്ദേഹം സൌഹൃദം സ്ഥാപിച്ചു. 1905 വരെ സുരേന്ദ്രനാഥ് ബാനര്‍ജിയോടൊപ്പം ഇദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു. സുരേന്ദ്രനാഥ് ബാനര്‍ജിയുടെ രക്ഷാകര്‍ത്തൃത്വത്തിലും, ആനന്ദമോഹന്റെ സംഘടനാശക്തിയിലും കൂടി പല ദേശീയ പ്രസ്ഥാനങ്ങളും ബംഗാളില്‍ ഉദയംചെയ്തു. സൃഷ്ടിപരമായി വിദ്യാര്‍ഥികളെ കര്‍മോന്‍മുഖരാക്കുവാന്‍വേണ്ടി ഇന്ത്യയിലാദ്യമായി ജന്‍മമെടുത്ത കല്ക്കത്ത സ്റ്റുഡന്റ്സ് അസോസിയേഷന്‍ (1875) അക്കൂട്ടത്തില്‍ പ്രമുഖസ്ഥാനം വഹിക്കുന്നു. ഇന്ത്യന്‍ പൌരന്‍മാരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അഖിലേന്ത്യാതലത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ അസോസിയേഷന്‍ (1876) ആണ് മറ്റൊന്ന്; 1883-ലെ നാഷണല്‍ കോണ്‍ഫറന്‍സ് അതിന്റെ ഉപശാഖയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സി(1885)നു വിത്തുപാകിയത് പ്രസ്തുത നാഷണല്‍ കോണ്‍ഫറന്‍സായിരുന്നു. കോണ്‍ഗ്രസ്സുമായി ആദ്യംമുതല്ക്കേ ബന്ധപ്പെട്ടിരുന്ന ആനന്ദമോഹന്‍, 1898-ലെ കോണ്‍ഗ്രസിന്റെ മദ്രാസ് സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസമണ്ഡലത്തിലും ഇദ്ദേഹം മികച്ച സേവനം അനുഷ്ഠിച്ചു. 1879-ല്‍ കൊല്‍ക്കത്തയിലെ സിറ്റി കോളജ് സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1877 മുതല്‍ കല്‍ക്കട്ട സര്‍വകലാശാലയിലെ ഫെലോ (എലഹഹീം) ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചു.

ആനന്ദമോഹന്‍ ബോസ് 1882-ല്‍ വിദ്യാഭ്യാസ കമ്മിഷന്‍ അംഗമായി. കല്ക്കത്ത സര്‍വകലാശാലയുടെ പ്രതിനിധിയായി നിയമനിര്‍മാണസഭയിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 'സാധാരണ്‍ ബ്രഹ്മസമാജ'ത്തിന്റെ (1878) സഹസ്ഥാപകന്‍ ആനന്ദമോഹന്‍ ബോസായിരുന്നു. ബംഗാള്‍ വിഭജന(1905)ത്തിനെതിരായി ആനന്ദമോഹന്‍ ബോസ് 1905 ഒ. 16-നു നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. കൊല്‍ക്കത്തയിലെ ഫെഡറേഷന്‍ ഹാളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത് ഇദ്ദേഹമായിരുന്നു. 59-ാമത്തെ വയസ്സില്‍ 1906 ആഗ. 20-ന് കൊല്‍ക്കത്തയില്‍ ആനന്ദമോഹന്‍ ബോസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍