This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആത്രെ, പ്രഹ്ളാദ് കേശവ് (1898 - 1969)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:56, 22 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആത്രെ, പ്രഹ്ളാദ് കേശവ് (1898 - 1969)

മറാഠി സാഹിത്യകാരന്‍. നാടകങ്ങള്‍, ഹാസ്യകവനങ്ങള്‍, ചലച്ചിത്രകഥകള്‍ തുടങ്ങിയ സാഹിത്യശാഖകളില്‍ വിജയംവരിച്ച ആത്രെ പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ-സാമൂഹികനേതാവ്, പ്രഭാഷകന്‍ എന്നീ നിലകളിലും ജനസമ്മതി ആര്‍ജിച്ചിട്ടുണ്ട്.

ഒരു സര്‍ക്കാരുദ്യോഗസ്ഥനായിരുന്ന കേശവവിനായക ആത്രെയുടെ പുത്രനായി പ്രഹ്ളാദ് കേശവ് പൂണെ ജില്ലയിലെ സാസ്വദ് ഗ്രാമത്തില്‍ 1898 ആഗ. 13-ന് ജനിച്ചു. സ്വദേശത്തും പൂണെയിലും വിദ്യാഭ്യാസം നടത്തിയശേഷം ഇദ്ദേഹം ലണ്ടന്‍ സര്‍വകലാശാലയില്‍നിന്ന് അധ്യാപകബിരുദം നേടി (1928). പഠനകാലത്തു പല യൂറോപ്യന്‍ രാജ്യങ്ങളിലും പര്യടനം നടത്തുകയുണ്ടായി.

ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം ആത്രെ ഏതാനും ആധുനിക വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും അവയില്‍ ചിലതില്‍ അധ്യാപനം നടത്തുകയും ചെയ്തു. അന്നു നേടിയതാണ് 'ആചാര്യ ആത്രെ' എന്ന അനൌദ്യോഗിക ബിരുദം.

മഹാത്മാഗാന്ധിയുടെ നിസ്സഹകരണപ്രസ്ഥാനത്തില്‍ ആത്രെ കുറെയൊക്കെ താത്പര്യം പ്രദര്‍ശിപ്പിച്ചുവെങ്കിലും, ഇദ്ദേഹത്തിന്റെ ശ്രദ്ധ സമഗ്രമായി ആകര്‍ഷിച്ചത് സാഹിത്യവും പത്രപ്രവര്‍ത്തനവുമായിരുന്നു. ഇതിനിടയില്‍ ഇദ്ദേഹം മുംബൈയിലെ പാഠ്യപുസ്തകസമിതിയില്‍ അംഗമാവുകയും, മറ്റൊരു വിദ്യാഭ്യാസ വിചക്ഷണനായ വി.ഡി. ഘാട്ടേയുമൊരുമിച്ച് നവയുഗവചനമാല എന്ന പരമ്പരയില്‍ നിരവധി പാഠ്യപുസ്തകങ്ങള്‍ പ്രകാശിപ്പിക്കുകയും ഉണ്ടായി.

1940-ല്‍ ആരംഭിച്ച നവയുഗം എന്ന വാരികയിലും 1955-ല്‍ തുടങ്ങിയ മറാഠി എന്ന ദിനപത്രത്തിലും പല ലേഖനങ്ങളും എഴുതി ഇദ്ദേഹം പ്രശസ്തനായി. വാദപ്രതിവാദചാതുര്യത്തിലും ഇദ്ദേഹം ആരുടെയും പിന്നിലായിരുന്നില്ല. ബോംബെ പ്രവിശ്യ വിഭജിച്ച് ഒരു മഹാരാഷ്ട്ര സംസ്ഥാനം രൂപീകരിക്കാന്‍ ആരംഭിച്ച വിജയകരമായ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലും ആത്രെ ഉണ്ടായിരുന്നു.

പതിനൊന്നോളം നാടകങ്ങള്‍ക്കു പുറമേ നിരവധി ഹാസ്യാനുകരണകവിതകളും ഇദ്ദേഹം രചിച്ചു; ഏഴു മറാഠി ചലച്ചിത്രങ്ങള്‍ക്കും രണ്ട് ഹിന്ദി ചലച്ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതി; ആത്രെ പിക്ചേഴ്സ് എന്ന ചലച്ചിത്രവിതരണ സ്ഥാപനത്തിന്റെ സ്രഷ്ടാവും ഇദ്ദേഹം തന്നെയായിരുന്നു.

ഝെന്ദൂചിഫൂലന്‍ എന്ന ഹാസ്യകവിതാസമാഹാരത്തിന്റെ പ്രസിദ്ധീകരണത്തോടുകൂടിയാണ് (1924) ആത്രെ സാഹിത്യരംഗത്തേക്ക് കടന്നുവന്നത്. മെ കാസാ ചലോ (1953), കര്‍ഹചേ പാനി (1963-64, മൂന്നു വാല്യങ്ങള്‍) എന്നിവ ഇദ്ദേഹത്തിന്റെ ആത്മകഥകളാണ്. ആത്രെയുടെ ഷാം ചി ആയ് എന്ന മറാഠി ചലച്ചിത്രത്തിന് രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട് (1962).

1969-ല്‍ പൂണെയില്‍ ആത്രെ നിര്യാതനായി.

(ഡോ. പി. മാച്വെ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍