This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഗോളവത്കരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:46, 8 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ആഗോളവത്കരണം

Globalisation

ദേശീയ രാഷ്ട്രങ്ങളുടെ ഭൂമിശാസ്ത്രപരവും ഭരണപരവുമായ അതിര്‍ത്തികളെ ഉല്ലംഘിച്ചും അപ്രസക്തമാക്കിയും സാമ്പത്തിക-വ്യാപാര-സാംസ്കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന വ്യാപന പ്രതിഭാസം. അതിരുകളില്ലാത്ത ഒരു ആഗോളസമൂഹം ആഗോളവത്കരണത്തിന്റെ ലക്ഷ്യമായി കരുതപ്പെടുന്നു.

ചരിത്രപശ്ചാത്തലം

ചരിത്രപരമായി നോക്കിയാല്‍ ആഗോളവത്കരണവും അതിന്റെ അവിഭാജ്യഘടകമായ ആഗോളക്രമവും പല ഘട്ടങ്ങളിലൂടെയാണ് വളര്‍ന്നു വികസിച്ചതും സ്ഥിരപ്രതിഷ്ടനേടിയതും എന്ന് കാണാം.

കൊളംബസ്സിന്റെ വിഖ്യാത നാവികപര്യടനം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ലോകത്തു നിലനിന്നിരുന്ന പ്രതിഭാസമാണ് കോളനിവത്കരണം. പാശ്ചാത്യലോകത്തിലെ വ്യാപാര, മൂലധന, സാങ്കേതിക, രാഷ്ട്രീയ അധിനിവേശശക്തികള്‍ ഏഷ്യ, ആഫ്രിക്ക, ലത്തീന്‍ അമേരിക്ക എന്നീ ഭൂപ്രദേശങ്ങളില്‍ കടന്നുകയറി കച്ചവടം വഴിയും ആയുധബലം കൊണ്ടും നയപരമായ ഇടപെടലുകള്‍ വഴിയും ആ പ്രദേശങ്ങളിലെ ജനസമൂഹങ്ങളുടെമേല്‍ അധികാരം സ്ഥാപിച്ച് കടുത്ത ചൂഷണം അഴിച്ചുവിട്ടു. ഈ കാലഘട്ടത്തിന്റെ തുടക്കത്തില്‍ അടിമക്കച്ചവടം എന്ന സമ്പ്രദായം കോളനിവത്കരണത്തിന്റെ മുഖമുദ്രയായിരുന്നു.

കോളനിവാഴ്ചയുടെ ചൂഷണം അസഹനീയമായപ്പോള്‍, അതിനെതിരായി ജനമുന്നേറ്റങ്ങള്‍ ഉണ്ടായി. കോളനിവാഴ്ചയില്‍നിന്നും ഇന്ത്യ മോചിതമായതോടെ അതിന്റെ സ്വാധീനത്തില്‍ ഏഷ്യയിലെ മറ്റുള്ള രാജ്യങ്ങളിലും, ആഫ്രിക്കന്‍, ലത്തീന്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും ദേശീയത്വത്തിന്റെ അലകള്‍ ആഞ്ഞടിച്ചു. രാഷ്ട്രീയസ്വാതന്ത്ര്യത്തിനൊപ്പം, സാമ്പത്തിക സ്വാതന്ത്യ്രവും ലക്ഷ്യമിട്ടുകൊണ്ടുള്ള മുന്നേറ്റങ്ങള്‍ ഉണ്ടായി. കോളനിവത്കരണത്തിന്റെ അന്ത്യം തെളിഞ്ഞുവന്നു.

എന്നാല്‍ കോളനിവത്കരണത്തിനു സമാന്തരമായി വളര്‍ന്നുവന്ന മുതലാളിത്തവ്യവസ്ഥിതിയും സാമ്രാജ്യത്വവും അതിവേഗം അവയ്ക്ക് എതിരെ ഉയര്‍ന്നുവന്ന എതിര്‍പ്പുകളെ നേരിടാന്‍ വേണ്ട പുത്തന്‍ തന്ത്രങ്ങള്‍ക്കു രൂപം നല്‍കി. മുതലാളിത്ത വ്യവസ്ഥിതി ഒരദ്ഭുതജീവിയുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് അനുഭവം. സമയാസമയങ്ങളിലും തരാതരങ്ങളിലും അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു മുന്നേറാനുള്ള അഭൂതപൂര്‍വമായ കഴിവ് അതിനുണ്ട്. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി മുതലാളിത്തം ഇന്ന് ആഗോളമുതലാളിത്തമായി പരിണമിച്ചിരിക്കുന്നു. ഈ പരിണാമത്തെ ലോകബാങ്കും അന്താരാഷ്ട്രനാണയനിധിയും ലോകവ്യാപാരസംഘടനയും ചേര്‍ന്ന സമൂഹം സാധാരണ ജനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും അനുകൂലമായ ആഗോളവത്കരണമെന്നാണ് വിവക്ഷിക്കുന്നത്. ആഗോളവത്കരണം സമൃദ്ധിയുടെയും പുരോഗതിയുടേയും സ്വപ്നലോകത്തേക്കുള്ള മാര്‍ഗമായി ലോകമെമ്പാടും വ്യാപനം ചെയ്യപ്പെടുകയാണ്. ആഗോളവത്കരണത്തിന്റെ പ്രധാന പ്രചാരകരായി വര്‍ത്തിക്കുന്നത് വാഷിംഗ്ടണ്‍ ധാരണയെ (Washington Consensus) അടിസ്ഥാനമാക്കി ഏകമനസ്സോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ ട്രഷറി ഡിപ്പാര്‍ട്ടുമെന്റും, ബഹുരാഷ്ട്ര, അന്താരാഷ്ട്രകുത്തകകളും, ബാങ്കിങ് കേന്ദ്രങ്ങളും, ആഗോളനാണയക്കമ്പോളത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തരപണമിടപാടു സ്ഥാപനങ്ങളും അന്താരാഷ്ട്ര നിക്ഷേപകരും ഉള്‍പ്പെടുന്ന ശൃംഖലയാണ്. അവരുടെ ലക്ഷ്യം മുതലാളിത്തവ്യവസ്ഥിതിയെ പുനരുജ്ജീവിപ്പിച്ച് ആഗോളമൂലധനത്തിന്റെ അധിനിവേശശക്തികള്‍ക്ക് വികസ്വരരാജ്യങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കുക എന്നതാണ്. അതിനുവേണ്ട പുത്തന്‍ തന്ത്രങ്ങളുടെ ഭാഗമാണ് ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവ.

മുതലാളിത്തവ്യവസ്ഥിതിയും കോളനിവത്കരണവും സാമ്രാജ്യത്വവും ആഗോളവത്കരണവും തമ്മിലുള്ള ചരിത്രപരമായ ബന്ധം ആര്‍ക്കും നിഷേധിക്കാനാവില്ല. മുതലാളിത്തവ്യവസ്ഥിതിയുടെ വളര്‍ച്ചയ്ക്കൊപ്പം കോളനിവത്കരണം ഉണ്ടായപ്പോള്‍ സാമ്രാജ്യത്വത്തിന്റെ വളര്‍ച്ച മുതലാളിത്തരാജ്യങ്ങളുടെ ആഗോളവളര്‍ച്ചയ്ക്ക് അനിവാര്യമായി. കോളനിവത്കരണം രാജ്യങ്ങളെ പിടിച്ചടക്കലും, രാഷ്ട്രീയമേല്‍ക്കോയ്മ നേടലും ഒക്കെ ആയിരുന്നെങ്കില്‍, സാമ്രാജ്യത്വത്തിന്റെ ഘട്ടത്തില്‍ ഇത്തരം രീതികള്‍ക്കു മാറ്റം വന്നു. സാമ്രാജ്യത്വശക്തികള്‍ തങ്ങളുടെ മേല്‍ക്കോയ്മയും നിയന്ത്രണവും മറ്റു രാഷ്ട്രങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചത്, നേരിട്ടോ അല്ലാതയോ ഉള്ള സാമ്പത്തിക, രാഷ്ട്രീയ നയങ്ങള്‍വഴി ആയിരുന്നു. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് വീക്ഷണത്തില്‍ സാമ്രാജ്യത്വം മുതലാളിത്തവ്യവസ്ഥിതിയുടെ വളര്‍ച്ചയുടെ ഘട്ടത്തിലെ ഒരു സുപ്രധാന ഏടാണ്. സാമ്രാജ്യത്വത്തിന് രാഷ്ട്രീയവും, സാമ്പത്തികവും സൈദ്ധാന്തികവുമായ ലക്ഷ്യങ്ങള്‍ ചരിത്രപരമായി നിറവേറ്റാനുണ്ട്. പ്രധാനമായും മറ്റ് രാഷ്ട്രങ്ങളെ വരുതിയില്‍ നിര്‍ത്തുവാനുള്ള ശ്രമം നടത്തുന്നത് തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റപ്പെടുത്തുന്നതിനുവേണ്ടിയാണ്. മറ്റു രാജ്യങ്ങളില്‍ നിന്നും തങ്ങള്‍ക്കാവശ്യമായ അസംസ്കൃതവസ്തുക്കള്‍ വില കുറച്ചു ലഭ്യമാക്കുക, അധികമൂലധനം നിക്ഷേപിക്കുന്നതിനുള്ള അവസരങ്ങള്‍ കണ്ടെത്തുക, ചരക്കുകള്‍ക്കു വിപണി കണ്ടെത്തുക മുതലായവയാണ് ഈ ശ്രമങ്ങള്‍. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ യൂറോപ്പിന്റെ വ്യാപനം ഇത്തരം ലക്ഷ്യങ്ങളില്‍ അധിഷ്ഠിതമായിരുന്നു എന്ന് മാര്‍ക്സും ലെനിനും സമര്‍ഥിക്കുന്നുണ്ട്. വര്‍ത്തമാനകാല മാര്‍ക്സിസ്റ്റ് ചിന്തകരും ഇപ്രകാരം തന്നെയാണ് അമേരിക്ക മുതലായ സമ്പന്നരാഷ്ട്രങ്ങളുടെ മൂന്നാംലോകരാഷ്ട്രങ്ങളിലേക്കുള്ള കടന്നുകയറ്റത്തെയും അതിനുവേണ്ടി ഉപയോഗിക്കുന്ന ആഗോളവത്കരണം എന്ന ആശയത്തെയും നോക്കിക്കാണുന്നത്.

സാമ്രാജ്യത്വം ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ഉത്പാദനവും മൂലധനവും കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമായിത്തീരുന്ന കുത്തകസംരംഭങ്ങള്‍, ബാങ്ക് മൂലധനവും വ്യാവസായിക മൂലധനവും തമ്മിലുള്ള ഒത്തുചേരലും സമന്വയിക്കലും, ധനമൂലധനകുത്തകകളുടെ ആവിര്‍ഭാവം, ലോകരാജ്യങ്ങളെ വ്യത്യസ്ത കമ്പോളങ്ങളായുള്ള തരംതിരിക്കല്‍ എന്നിവയൊക്കെ സാമ്രാജ്യത്വത്തിന്റെ സുപ്രധാനമായ സ്വഭാവങ്ങളാണ്. നവമാര്‍ക്സിസ്റ്റുകളും ലെനിന്റെ ഈ കാഴ്ചപ്പാടിനെ സ്വീകരിച്ചിട്ടുണ്ട്. മൂലധനകയറ്റുമതിയും സാമ്രാജ്യത്വവികസനവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ആഫ്രിക്കയുടെയും ഏഷ്യയുടെയും മേലുള്ള ചുരുക്കം ചില ശക്തികളുടെ നിയന്ത്രണം ഇത്തരത്തില്‍ നിലനില്‍ക്കുന്ന ബന്ധങ്ങളുടെ നിദര്‍ശനമാണ്. ചുരുക്കത്തില്‍, സാമ്രാജ്യത്വമെന്നത് മുതലാളിത്ത വ്യവസ്ഥിതിയിലമര്‍ന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ (സമ്പന്നരാജ്യങ്ങള്‍) മറ്റ് രാജ്യങ്ങളിലും പ്രദേശങ്ങളിലും, പ്രത്യേകിച്ച് ദരിദ്ര-വികസ്വര രാജ്യങ്ങളില്‍ നടത്തുന്ന നിരന്തരമായ ചൂഷണമായും അപഹരണമായും വ്യവഹരിക്കപ്പെട്ടിരിക്കുന്നു.

ഇത്തരത്തില്‍ നോക്കിക്കാണുമ്പോള്‍ മുതലാളിത്തത്തിന്റെയും കോളനിവത്കരണത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും നൂതനതലങ്ങളായാണ് ആഗോളവത്കരണത്തെ മനസ്സിലാക്കേണ്ടത്. ആഗോളമുതലാളിത്തത്തിന്റെ ഒരു ചരിത്രഘട്ടമാണ് നവഉദാരവത്കരണം (New liberalism). രാഷ്ട്രവ്യവഹാരത്തിന്റെയും കമ്പോളത്തിന്റെയും പ്രവര്‍ത്തനമേഖലയെ സംബന്ധിച്ച് ഒന്നിനുപകരം മറ്റൊന്ന് എന്ന നിലയ്ക്കും, പരസ്പരപൂരകമെന്നനിലയ്ക്കും ചൂടു പകര്‍ന്ന സൈദ്ധാന്തികവാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരം ശ്രദ്ധേയമായ ചര്‍ച്ചകളെത്തുടര്‍ന്ന് ഉദയം ചെയ്തിട്ടുള്ള സിദ്ധാന്തമാണ് നവ ഉദാരവത്കരണം. സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ കമ്പോളവത്കരണതലങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുക, സമ്പദ്വ്യവസ്ഥയില്‍ സര്‍ക്കാരിന് (സ്റ്റേറ്റിന്) ഉള്ള പങ്കു ലഘൂകരിക്കുക, സംഘടിത വ്യവസായങ്ങള്‍ക്ക്, പ്രത്യേകിച്ച് കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക്, പൂര്‍ണമായ പ്രവര്‍ത്തനസ്വാതന്ത്യ്രം അനുവദിക്കുക, തൊഴിലാളിസംഘടനകളെ മൂലധനതാത്പര്യസംരക്ഷണം ലക്ഷ്യമിട്ട് നിയന്ത്രണവിധേയമാക്കുക, പൗരന്മാര്‍ക്കുള്ള സാമൂഹികസുരക്ഷാസംവിധാനങ്ങള്‍ വെട്ടിച്ചുരുക്കുക മുതലായവയാണ് നവ ഉദാരവത്കരണത്തിന്റെ പ്രഖ്യാപിത രീതികള്‍. ഇതിന് സ്റ്റേറ്റിനെ മാറ്റിനിര്‍ത്തി കമ്പോളത്തെ സമൂഹത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും കേന്ദ്രബിന്ദു ആക്കി. സ്റ്റേറ്റ് പലകാര്യങ്ങളിലും പരാജയപ്പെടുന്നു. എന്നാല്‍ കമ്പോളം കമ്പോളശക്തികളുടെ പ്രവര്‍ത്തനംമൂലം എല്ലായ്പ്പോഴും വിജയിക്കുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ ഈ രൂപത്തിലുള്ള കാഴ്ചപ്പാടുകള്‍ക്ക് അന്താരാഷ്ട്രനിധിയുടെയും ലോകബാങ്കിന്റെയും പ്രവര്‍ത്തനങ്ങളാലും വായ്പാനയങ്ങളാലും ലോകസമക്ഷം കൂടുതല്‍ സ്വീകാര്യത ലഭ്യമായിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ക്ക് എല്ലാ അംഗരാഷ്ട്രങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെങ്കിലും കുറേ വര്‍ഷങ്ങളായി അവ സമ്പന്നരാഷ്ട്രങ്ങളുടെ താത്പര്യങ്ങള്‍ക്കാണു മുന്‍ഗണന നല്‍കുന്നത്. പ്രഖ്യാപിതലക്ഷ്യങ്ങളെയും സമീപനങ്ങളെയുമൊക്കെ അതിലംഘിച്ചുകൊണ്ടു മൂന്നാംലോകവികസ്വരരാജ്യങ്ങളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ കൈകടത്തുവാനുള്ള ശ്രമമാണ് ലോകവ്യാപാരസംഘടനയുടെ സഹായത്തോടെ അവ ഇപ്പോള്‍ നടത്തിവരുന്നത്. അന്താരാഷ്ട്രനാണയനിധി (ഐ.എം.എഫ്.), ലോകബാങ്ക്, ലോകവ്യാപാരസംഘടന എന്നീ മൂവര്‍സംഘം നവ ഉദാരവത്കരണത്തിന്റെ മുന്‍നിരവക്താക്കളായി പ്രവര്‍ത്തിച്ചുകൊണ്ട് ആഗോളവത്കരണനയങ്ങളെ മനുഷ്യപുരോഗതിയുടെ മാര്‍ഗങ്ങളായി പ്രഖ്യാപിക്കുകയാണ്.

നവ ഉദാരവത്കരണത്തിനു സൈദ്ധാന്തികവും ശാസ്ത്രീയവുമായ തലങ്ങള്‍ നല്‍കാന്‍ പ്രശസ്ത ബൗദ്ധികസ്ഥാപനങ്ങളും പണ്ഡിതന്മാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഷിക്കാഗോ സര്‍വകലാശാലയിലെ ഫ്രെഡറിക്ക് ഫൊന്‍ ഹായക്ക് (Frederich Von Hayek), മിള്‍ട്ടണ്‍ ഫ്രീഡ്മാന്‍ (Milton Frieman) എന്നിവര്‍ അക്കൂട്ടത്തില്‍ പ്രമുഖരാണ്. ഉദാരവത്കരണം (Liberlisation), സ്വകാര്യവത്കരണം (Privatisation), ആഗോളവത്കരണം (Globalisation) എന്നിവ ചേര്‍ന്ന നയങ്ങള്‍ LPG നയങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവ മൂന്നും പരസ്പരം ബന്ധിതമാണ്. ഇവ മൂന്നിനെയും ലോകമെമ്പാടും വ്യാപരിപ്പിക്കുന്നതിനുവേണ്ടി പഠനഗവേഷണകേന്ദ്രങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും പ്രസിദ്ധീകരണശാലകളും വിദഗ്ധന്മാരുമൊക്കെയടങ്ങുന്ന വിപുലമായ ഒരു ശൃംഖലതന്നെ നിലവില്‍ വന്നിട്ടുണ്ട്. വിഖ്യാതചിന്തകനായ ഗ്രാംഷി സൃഷ്ടിച്ച 'സാംസ്കാരിക അധീശത്വം' എന്ന സംജ്ഞയുടെ അര്‍ഥം ശരിയായവിധത്തില്‍ ഇക്കൂട്ടര്‍ മനസ്സിലാക്കിയിട്ടുണ്ട്. 'ജനങ്ങളുടെ ബുദ്ധിയെ ഗ്രസിക്കാന്‍ കഴിഞ്ഞാല്‍ അവരുടെ മനസ്സും ചെയ്തികളും പിന്നാലെ വന്നുകൊള്ളും' എന്നാണ് ഗ്രാംഷിയുടെ സിദ്ധാന്തം.

ആഗോളവത്കരണത്തിനു ശക്തിപകരുന്ന നവ ഉദാരവത്കരണസിദ്ധാന്തങ്ങള്‍ മനുഷ്യവര്‍ഗത്തിന്റെ സ്വതവേയുള്ളതും സാധാരണവുമായ പരിണാമങ്ങളെയാണ് വിളംബരം ചെയ്യുന്നത്. ബ്രിട്ടനിലെ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍, അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്‍ എന്നിവര്‍ ഭരണരംഗത്ത് നവ ഉദാരവത്കരണനയങ്ങള്‍ അതിശക്തമായി നടപ്പാക്കിയവരാണ്. താച്ചറുടെ കാഴ്ചപ്പാട് ഏറെ വിവാദം സൃഷ്ടിച്ച ഒന്നാണ്. മത്സരം മുട്ടനാടുകളെ ആടുകളില്‍നിന്നും, ആണത്തമുള്ളവനെ കുട്ടികളില്‍നിന്നും, കഴിവുള്ളവനെ കഴിവില്ലാത്തവരില്‍നിന്നും വേര്‍പെടുത്തുന്ന പ്രക്രിയയാണ്. മത്സരം ഒരു നേട്ടമാണ്. അതിന്റെ പ്രതിഫലം ഒട്ടുംതന്നെ മോശമാകുകയില്ല. കമ്പോളം ചടുലവും ബുദ്ധിയാര്‍ന്നതും ആയതിനാല്‍ സ്വീകാര്യവുമാണ്. ഈശ്വരന്‍ തന്റെ അദൃശ്യകരങ്ങളിലൂടെ എങ്ങനെയാണോ തിന്മയെ ഇല്ലായ്മ ചെയ്തു നന്മയെ വളര്‍ത്തുന്നത് അതുപോലെ കമ്പോളത്തിന്റെ അദൃശ്യകരങ്ങള്‍ നല്ലതിനെ ചീത്തയില്‍ നിന്ന് പുറത്തുകൊണ്ടുവരും. മത്സരത്തില്‍ പിന്തള്ളപ്പെട്ടവരെക്കുറിച്ച് സങ്കടപ്പെടേണ്ട യാതൊന്നുമില്ലെന്നും അത് അനിവാര്യമായ ഒരു സംഗതിയാണെന്നും അവര്‍ നോക്കിക്കണ്ടു. മനുഷ്യര്‍ എല്ലാവരും ഒരേപോലെ ഉള്ളവരല്ലെന്നും, പ്രകൃത്യാതന്നെ വിഭിന്നരാണെന്നും പറഞ്ഞ അവര്‍ ഇത്തരത്തിലുള്ള വ്യത്യസ്തതകള്‍ സമൂഹത്തിന് അനുഗുണമാകുമെന്ന് വാദിച്ചു. കുലീനപശ്ചാത്തലമുള്ളവരുടെയും പണ്ഡിതന്മാരുടെയും ശക്തന്മാരുടെയും സംഭാവനകള്‍ സമൂഹത്തിലെ എല്ലാവര്‍ക്കും ലഭ്യമാകുംവിധം രൂപപ്പെടുത്താന്‍ കമ്പോളവ്യവസ്ഥയ്ക്കു കഴിയുമെന്ന് അവര്‍ കരുതി. കഴിവില്ലാത്തവരോടും വിദ്യാഭ്യാസം ഇല്ലാത്തവരോടും സമൂഹത്തിനു കടപ്പാടൊന്നും ഇല്ല എന്നും ഇത്തരം ഒരു സ്ഥിതിവിശേഷത്തിന് അവര്‍ തന്നെയാണ് ഉത്തരവാദികളെന്നും ഉള്ള നിലപാടായിരുന്നു മാര്‍ഗരറ്റ് താച്ചര്‍ സ്വീകരിച്ചത്.

ബ്രിട്ടനിലെ ഭരണരംഗത്ത് താച്ചര്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ നിരവധിയാണ്. പൊതുമേഖലയ്ക്ക് അടിസ്ഥാനപരമായി കിടമത്സരത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനാവില്ലെന്നും അതിന് ലാഭമോ, കമ്പോളത്തിന്റെ പ്രധാനപങ്കോ നേടാന്‍ പ്രാപ്തിയില്ലെന്നും വിശ്വസിച്ച അവര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടി. പലതും ഓഹരി ആസ്തിവില്പന വഴി സ്വകാര്യമേഖലയ്ക്ക് കൈമാറി. പൊതുമേഖലയിലും ഭരണകൂടത്തിലും ജീവനക്കാരെ വെട്ടിക്കുറച്ചു. മൂലധനതാത്പര്യങ്ങള്‍ക്ക് ഭീഷണിയായ തൊഴിലാളി സംഘടനകളെ ഇല്ലായ്മ ചെയ്യണമെന്ന വാശി മാര്‍ഗരറ്റ് താച്ചര്‍ക്കുണ്ടായിരുന്നു.

അമേരിക്കയില്‍ റൊണാള്‍ഡ് റീഗനും അദ്ദേഹത്തിന്റെ നയങ്ങളുടെ ബൗദ്ധികസ്രോതസ്സായിരുന്ന ഹെറിറ്റേജ് ഫൗണ്ടേഷന്റെ സഹായത്തോടെ നവ ഉദാരവത്കരണം പുതുഭാഷ്യത്തിലൂടെയാണ് നടപ്പാക്കിയത്. സ്വകാര്യവത്കരണം ജയിലുകളുടെ നടത്തിപ്പിലും നീതിന്യായസ്ഥാപനങ്ങളിലും കോടതികളിലും ഫയര്‍സര്‍വീസിലും ഒക്കെ നടപ്പാക്കി. ഇത്തരം സേവനങ്ങള്‍ സ്വകാര്യവ്യക്തികളോ സ്ഥാപനങ്ങളോ കമ്പനികളോ ചെയ്താല്‍ ചിലവ് കുറയുമെന്നും അതുകൊണ്ട് സ്റ്റേറ്റിനെയും പൊതുമേഖലയെയും ഇത്തരം രംഗങ്ങളില്‍നിന്നും ഒഴിവാക്കാമെന്നും റീഗന്‍ വാദിച്ചു. സേവനങ്ങള്‍ നല്‍കാന്‍ തയ്യാറുള്ളവരില്‍നിന്നും ഏറ്റവും താഴ്ന്ന നിരക്കില്‍ ലേലം ഉറപ്പിക്കുന്നവര്‍ക്ക് കരാര്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായി. ഇന്നും ആഗോളക്രമത്തില്‍ ഇത്തരം ആശയങ്ങള്‍ അനുസ്യൂതം വ്യാപനം ചെയ്യപ്പെടുന്നുണ്ട്. മറുവശത്ത് ഈ ആശയങ്ങള്‍ ജനജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള ദോഷഫലങ്ങള്‍ നിരവധിയാണെന്നും പഠനങ്ങള്‍ കാണിക്കുന്നു.

ചരിത്രപരമായി നോക്കിയാല്‍ ഘടനാപരമായ പരിഷ്കാരങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഉദാരവത്കരണ, സ്വകാര്യവത്കരണ, ആഗോളവത്കരണനയങ്ങള്‍ ഈ കാലഘട്ടത്തിലെ ഉദാരവത്കരണതലങ്ങളെ വ്യഞ്ജിപ്പിക്കുന്നവയാണ്. നവഉദാരവത്കരണം ഇന്ന് ഒരു വിശ്വമതത്തിന്റെ ഭാവങ്ങളും തലങ്ങളും ആര്‍ജിച്ചിരിക്കുന്നു. അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാവുന്നതല്ല എന്നാണ് അതിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്.

ആഗോളതലത്തില്‍ നവ ഉദാരവത്കരണവാദികള്‍ മൂന്ന് അടിസ്ഥാനപ്രമാണങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ഒന്ന്, ചരക്കുകളിലും സേവനങ്ങളിലും സ്വതന്ത്രവ്യാപാരം. രണ്ട്, മുതലാളിത്തമൂലധനത്തിന്റെ സ്വതന്ത്രചലനം. മൂന്ന്, നിക്ഷേപസ്വാതന്ത്ര്യം.

കടബാധ്യതകളിലും കടക്കെണിയിലും അകപ്പെട്ട അല്ലെങ്കില്‍ അകപ്പെടുമെന്നു ഭയപ്പെട്ട ചില രാജ്യങ്ങള്‍ ലോകബാങ്കിനെയും അന്താരാഷ്ട്രനാണയനിധിയെയും സഹായാഭ്യര്‍ഥനയുമായി സമീപിച്ചപ്പോഴൊക്കെ ഈ സ്ഥാപനങ്ങള്‍ സമ്പന്നരാഷ്ട്രങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങി ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവയിലൂന്നിയ ഘടനാപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാമ്പത്തികനയങ്ങള്‍ ആ രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. സമൂഹത്തിന്റെ ആവശ്യാനുസരണം നയരൂപീകരണം എന്ന തത്ത്വത്തെ വിസ്മരിച്ച് നയങ്ങള്‍ക്ക് അനുസ്യൂതമായ സമൂഹം എന്ന നിലയിലേക്ക് നയരൂപീകരണ പ്രക്രിയയെ സിദ്ധാന്തവത്കരിച്ചിരിക്കുകയാണ്. വിജയികള്‍ എപ്പോഴും വിജയികളാകുകയും പരാജിതരെ പാടെ മറക്കുകയും ചെയ്യുക എന്നുള്ളതാണ് നവ ഉദാരവത്കരണവാദികളുടെ നീതിശാസ്ത്രം. കോളനിവത്കരണത്തില്‍നിന്നും രാഷ്ട്രീയസ്വാതന്ത്യ്രം നേടിയിട്ടും സാമ്പത്തികമായി ആശ്രിതസമൂഹമായി കഴിയാന്‍ നിര്‍ബന്ധിതമായ അനേകം രാജ്യങ്ങള്‍ ഇന്നും ഏഷ്യയിലും ആഫ്രിക്കയിലും ലത്തീന്‍ അമേരിക്കയിലുമുണ്ട്. ഇത്തരത്തിലുള്ള സാമ്പത്തിക ആശ്രിതത്വത്തെ അരക്കിട്ട് ഉറപ്പിക്കാനാണ് ഇന്ന് സമ്പന്ന രാജ്യങ്ങളുടെ വക്താക്കളും അവര്‍ നിയന്ത്രിക്കുന്ന അന്താരാഷ്ട്രസ്ഥാപനങ്ങളും ആഗോളവത്കരണം, വിപണിസമ്പ്രദായം, ഉദാരവത്കരണം, സ്വകാര്യവത്കരണം, ഭരണനവീകരണം, ഈ-ഭരണം, സിവില്‍ സമൂഹങ്ങള്‍ക്ക് മുന്തിയ പങ്ക്, സ്റ്റേറ്റിന്റെ പാര്‍ശ്വവത്കരണം, സ്വതന്ത്രവ്യാപാരം, മൂലധനത്തിന്റെ സ്വതന്ത്രചലനം, എല്ലാം തുറന്നിടല്‍, അതിരുകളില്ലാത്ത ആഗോളക്രമം എന്നീ ആശയങ്ങള്‍ ലോകമൊട്ടുക്കു വ്യാപനം ചെയ്തുവരുന്നത്. ‌‌ ആശ്രിതസമൂഹങ്ങളുടെ പരിണാമത്തെക്കുറിച്ച് വിപ്ലവചിന്തകന്മാരായ സമീര്‍ അമീന്‍, ഗുന്തര്‍ ഫ്രാങ്ക്, ഇമ്മാനുവല്‍ എന്നിവര്‍ സമര്‍ഥമായി പ്രതിപാദിച്ചിട്ടുണ്ട്. മുതലാളിത്തവും, കോളനിവത്കരണവും, സാമ്രാജ്യത്വവും അവയുടെ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ ഉളവാക്കിയിട്ടുള്ള സാമ്പത്തികത്തകര്‍ച്ചകളും അസന്തുലിതാവസ്ഥയും അവികസിതാവസ്ഥയും ഒക്കെ ഈ ചിന്തകന്മാര്‍ വളരെ വ്യക്തമായി വരച്ചുകാട്ടിയിട്ടുണ്ട്. റോല്‍ പ്രെബിഷ്, ഗുണ്ടര്‍ മിര്‍ഡാല്‍ എന്നിവര്‍ യഥാക്രമം ലത്തീന്‍ അമേരിക്കയിലും ഏഷ്യയിലും നിലവില്‍വന്ന ആശ്രിതത്വത്തിന്റെ ഘടനയും സ്വഭാവവും വിശദീകരിച്ചിട്ടുണ്ട്. മിര്‍ഡാല്‍ രചിച്ച ഏഷ്യന്‍ ഡ്രാമ എന്ന ഗ്രന്ഥത്തിന്റെ പൂര്‍ണരൂപം 'രാജ്യങ്ങളുടെ ദാരിദ്യ്രത്തിന്റെ സ്വഭാവം, ഹേതുക്കള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണം' എന്നാണ്. ആഡം സ്മിത്ത് രചിച്ച 'രാജ്യങ്ങളുടെ സമ്പത്തിന്റെ സ്വഭാവം, ഹേതുക്കള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണം' എന്ന ഗ്രന്ഥവുമായി താരതമ്യപ്പെടുത്തേണ്ട ഒന്നാണ് മിര്‍ഡാളിന്റെ ഗ്രന്ഥം. വളരെക്കാലത്തിനുശേഷം ജനശ്രദ്ധ സമ്പത്തില്‍നിന്നും ദാരിദ്യ്രം എന്ന പ്രതിഭാസത്തിലേക്കു തിരിച്ചുവിടാന്‍ മിര്‍ഡാളിനു കഴിഞ്ഞു. ആഗോളക്രമത്തില്‍ സമ്പന്ന-ദരിദ്രരാജ്യങ്ങള്‍, ഉത്തര-ദക്ഷിണരാജ്യങ്ങള്‍, മൂന്നാംലോകം എന്നീ തരംതിരിവുകള്‍ പരക്കെ അംഗീകരിക്കപ്പെട്ടത് ഇതിന്റെ ഫലമായിട്ടാണ്. സമ്പന്നരാജ്യങ്ങളുടെ ഒന്നാംലോകവും, സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ രണ്ടാംലോകവും, വികസ്വരരാജ്യങ്ങളുടെ മൂന്നാംലോകവും എന്ന തരംതിരിവും അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ, സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ അന്ത്യം കുറിച്ചു എന്ന് കരുതിയ ചില പാശ്ചാത്യചിന്തകര്‍ രണ്ടാം ലോകം നാമാവശേഷമായി എന്നു വാദിക്കുന്നുണ്ട്. ഒന്നാംലോകം മുറുകെപ്പിടിക്കുന്ന സാമ്പത്തികക്രമമാണ് ലോകമൊട്ടുക്കു വ്യാപിക്കേണ്ടത് എന്നവര്‍ വാദിക്കുന്നു. അതിനുവേണ്ടിയാണ് ആഗോളവത്കരണം എന്ന ആശയത്തെ അവര്‍ ശക്തമായി പ്രചരിപ്പിക്കുന്നത്.

ആഗോളവത്കരണം എന്ന പ്രതിഭാസത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നതിനു മുന്‍പ് ദക്ഷിണ കമ്മീഷന്റെ (South Commission) വീക്ഷണങ്ങള്‍ അറിയുന്നത് ഉപകാരപ്രദമായിരിക്കും. ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങാണ് ദക്ഷിണ കമ്മീഷന്റെ 'ചലഞ്ച് ടു ദി സൌത്ത്' എന്ന വിഖ്യാതറിപ്പോര്‍ട്ട് തയ്യാറാക്കിയത്. വ്യക്തിഗതരാജ്യങ്ങള്‍ തങ്ങളുടെ തനതായ സാമ്പത്തിക സാമൂഹിക വളര്‍ച്ചയ്ക്കു പര്യാപ്തമായ ദേശീയ വികസനനയങ്ങള്‍ക്കു രൂപംനല്‍കാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. മൂന്നാംലോകരാജ്യങ്ങളിലും മുതലാളിത്തവികസനത്തിനു ബദലായ നയങ്ങള്‍ പലപ്പോഴും മുതലാളിത്തത്തെയും കോളനിവത്കരണത്തെയും സാമ്രാജ്യത്വത്തെയും എതിര്‍ത്തുകൊണ്ടു രൂപപ്പെടുത്തുവാനായി കൂട്ടായി ശ്രമിച്ചിട്ടുണ്ട്. ഇന്ത്യ തന്നെ സോഷ്യലിസ്റ്റ് പാതയിലുള്ള വികസനം ലക്ഷ്യമിട്ടു മിശ്രസമ്പദ്വ്യവസ്ഥ എന്ന ആശയം സ്വീകരിച്ച് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള സാമ്പത്തിക ആസൂത്രണം നടപ്പാക്കി. ചിലയവസരങ്ങളില്‍ വികസനം വഴിമുട്ടിയപ്പോള്‍ വിദേശധനസഹായത്തിനുവേണ്ടി കൈനീട്ടിയ ഇന്ത്യയോട് അന്താരാഷ്ട്രധനകാര്യസ്ഥാപനങ്ങളും, സമ്പന്നരാജ്യങ്ങളും വികസനനയങ്ങള്‍ പൊളിച്ചെഴുതാന്‍ ആവശ്യപ്പെട്ടു. 1980-കളുടെ മധ്യം മുതല്‍ ഇതിനുവേണ്ടിയുള്ള സമ്മര്‍ദങ്ങള്‍ ഇന്ത്യയുടെമേല്‍ ശക്തമായി. അതിന്റെ ഫലമായി ഇന്ത്യ ഉദാരവത്കരണനയങ്ങളും പിന്നീട് 1991-നുശേഷം ആഗോളവത്കരണനയങ്ങളും നടപ്പാക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.

ദക്ഷിണരാജ്യങ്ങള്‍ എന്നു വിവക്ഷിക്കുന്നത് ഏഷ്യ, ആഫ്രിക്ക, ലത്തീന്‍ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ദരിദ്രവികസ്വരരാജ്യങ്ങളെയാണ്. അവരുടെ കൂട്ടായ ശ്രമങ്ങളുടെ പ്രതിഫലനമായി ഗ്രൂപ്പ് ഒഫ് 77 അഥവാ ജി-77, ഗാട്ട് (GATT), അണ്‍ക്ടാട് (UNCTAD) എന്നിവ മുതലാളിത്ത വികസനത്തെയും കോളനിവത്കരണം, നവകോളനിവത്കരണം, സാമ്രാജ്യത്വം എന്നിവയെയും ചെറുത്തുനില്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തി. ഇത്തരം ചെറുത്തുനില്‍പ്പിന്റെ അടിസ്ഥാനം, അനിവാര്യത എന്നിവയാണ് മുന്‍പ് മന്‍മോഹന്‍ സിങ്ങ് എഴുതിയ റിപ്പോര്‍ട്ടിലുള്ളത്.

ആഗോളവത്കരണം എന്ന പ്രതിഭാസം

ഭൂമിശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികവികസനം, ഭാഷ, സംസ്കാരം എന്നീ മാനദണ്ഡങ്ങളുടെയടിസ്ഥാനത്തില്‍ ലോകരാഷ്ട്രങ്ങളെ തരംതിരിക്കാം. എന്നാല്‍ ആഗോളവത്കരണം എന്ന പ്രതിഭാസം ഇന്ന് ഈ തരംതിരിവുകളെ ഇല്ലാതാക്കിയിരിക്കുന്നു. ഇന്ന് പരസ്പരബന്ധങ്ങളിലൂടെ സമാനതയുള്ള ഒരു ലോകസമൂഹവും ആഗോളക്രമവും ഉണ്ടായിരിക്കുന്നു. അവ അതിരുകളില്ലാത്ത ഒന്നുമാണ്. വ്യാപാരം, ധനകാര്യം, ഉത്പാദനം, വിതരണം, ഗതാഗതം, വിജ്ഞാനം, വിവരസാങ്കേതികവിദ്യ, വിനോദം, വിനോദസഞ്ചാരം എന്നീ മേഖലകളും അവയില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളും ലോകമെമ്പാടുമുള്ള രാജ്യങ്ങളെയും സമൂഹങ്ങളെയും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നു. പുതിയ വിപണികള്‍, പുതിയ ഉപാധികള്‍, പുതിയ അഭിനേതാക്കള്‍ (New Markets,New Tools,New Actor) എന്നിവയാണ് ആഗോളവത്കരണത്തിന്റെ മുഖമുദ്ര.

ചരക്കുകള്‍, സേവനങ്ങള്‍ എന്നിവയുടെ വിപണി ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്നു. ലോകത്തിന്റെ ഒരു ഭാഗത്ത് രാത്രിസമയമായതുകൊണ്ട് വിപണി അടയ്ക്കുമ്പോള്‍, മറുഭാഗത്ത് പകല്‍സമയമായതുകൊണ്ട് വിപണി തുറന്നു പ്രവര്‍ത്തിക്കുന്നു. സ്വര്‍ണവിപണി, ഓഹരിവിപണി എന്നിവയ്ക്ക് ഉറക്കമില്ല എന്ന് വേണമെങ്കില്‍ പറയാം. ഏതുരാജ്യത്തുള്ളവര്‍ക്കും ലോകവിപണിയില്‍നിന്നും ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടാം. ഇതിനെ സഹായിക്കുന്നതാണ് പുതിയ ഉപാധികള്‍. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ഫാക്സ്, മാധ്യമ നെറ്റ്വര്‍ക്കുകള്‍, ടെലിവിഷന്‍ ചാനലുകള്‍, പത്രങ്ങള്‍, റേഡിയോ എന്നിവ ശ്രദ്ധേയമായ പുരോഗതിയാണ് ഉണ്ടാക്കിയിട്ടുള്ളത്. പുതിയ അഭിനേതാക്കള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ആഗോളക്രമത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരായ പുതിയ അഭിനേതാക്കള്‍ എന്നാണ്. പണ്ടുകാലത്ത് പ്രധാന തീരുമാനങ്ങളൊക്കെ സ്റ്റേറ്റ് തന്നെയെടുത്തിരുന്നു. ഇന്ന് സ്റ്റേറ്റിനെ പിന്‍സീറ്റിലാക്കി അവിടെ വിപണിശക്തികളെയും മൂലധനത്തെയും സ്വകാര്യമേഖലയെയും പ്രതിഷ്ഠിച്ചിരിക്കുകയാണ്. അവരെ സഹായിക്കാനായി അന്താരാഷ്ട്രനാണയനിധി, ലോകബാങ്ക്, ലോകവ്യാപാരസംഘടന, മള്‍ട്ടിനാഷണല്‍ കമ്പനികള്‍, ട്രാന്‍സ് നാഷണല്‍ കമ്പനികള്‍, ഗവണ്‍മെന്റിതര സംഘടനകള്‍, സിവില്‍ സമൂഹങ്ങള്‍ എന്നിവയാണ് ആഗോളവത്കരണത്തിന്റെ ഭാഗമായി മുന്‍നിര തീരുമാനങ്ങള്‍ എടുക്കുന്നത്.

ഇവയൊക്കെ സാധൂകരിക്കാനും പുഷ്ടിപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടു പുതിയ നിയമങ്ങള്‍, മാനദണ്ഡങ്ങള്‍, ചുമതലകള്‍ എന്നിവകൂടി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ബൌദ്ധികസ്വത്ത്, ബാങ്കിങ്, ഇന്‍ഷുറന്‍സ്, സേവനങ്ങള്‍, തൊഴില്‍, പരിസ്ഥിതി, രാജ്യാന്തരഭീകരവാദഭീഷണി, മനുഷ്യാവകാശം, ശിശുവേല, സ്ത്രീപുരുഷബന്ധങ്ങള്‍, ആരോഗ്യം, കാര്‍ഷികവിളകളെ സംബന്ധിച്ച മാനദണ്ഡങ്ങള്‍, ഭരണക്രമത്തിലും നടത്തിപ്പിലും വേണ്ട സുതാര്യത എന്നിങ്ങനെ സമസ്തമേഖലകളിലും നേഷന്‍ സ്റ്റേറ്റുകള്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യം ആഗോളവത്കരണത്തിന്റെ ഫലമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും പുത്തന്‍ ഗാട്ട്കരാറിന്റെ ഫലമായി ലോകവ്യാപാരസംഘടന നിലവില്‍വന്ന് പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം. ആഗോളവത്കരണം എന്ന പ്രതിഭാസത്തെ, എതിര്‍ക്കുന്നവരാണ് ലോകവ്യാപാരസംഘടനയെയും എതിര്‍ക്കുന്നത്. ആ എതിര്‍പ്പുകള്‍ സിയാറ്റിലിലും, ദോഹയിലും, ദാവോസിലും, സിംഗപ്പൂരിലും മറ്റും നഗരവീഥികളില്‍ ജനരോഷത്തിന്റെ ജ്വാലകളുയര്‍ത്തി. ആഗോളവത്കരണം എന്ന പ്രതിഭാസത്തിന്റെ സ്വഭാവം പരിശോധിച്ചാല്‍ ഇതിന്റെ കാരണം മനസ്സിലാക്കാം.

ആഗോളവത്കരണത്തിന്റെ പൊതുസ്വഭാവങ്ങള്‍ ഇവയാണ്.

ഒന്ന്. രാജ്യാന്തരസീമകള്‍ക്കതീതമായ സ്വതന്ത്രവ്യാപനം. വിഭവങ്ങളിലും തൊഴിലിലും മൂലധനത്തിലും വിവരവിശ്ളേഷണങ്ങളിലും അത് ഉദ്ദേശിക്കുന്നു.

രണ്ട്. അനിയന്ത്രിതമായ ധനമൂലധനത്തിന്റെ (Finance Capital) ഒഴുക്ക് ദേശീയനാണയവിനിമയനയങ്ങളെ ദുര്‍ബലമാക്കുകയും തദ്വാരാ സൃഷ്ടിക്കപ്പെടുന്ന സന്ദിഗ്ധാവസ്ഥയില്‍ നിന്നും ഉണ്ടാകുന്ന കോടിക്കണക്കിനു ഡോളറുകളുടെ ഊഹക്കച്ചവടലാഭം നിമിഷത്തിനുള്ളില്‍ ലോകത്തിന്റെ ഏതു കോണിലേക്കും മാറ്റുവാന്‍ സാധ്യമാവുകയും ചെയ്യുന്നു.

മൂന്ന്. വസ്തുക്കളുടെ ഉത്പാദനം അന്താരാഷ്ട്രവത്കരിക്കപ്പെടുന്നു. ചരക്കുകളുടെ ഉത്പാദനം പല ഘട്ടങ്ങളായിത്തിരിച്ച് അവ ഓരോന്നും ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍വച്ചു ചെലവു കുറഞ്ഞതരത്തില്‍ നിര്‍മിച്ച് ഒരിടത്ത് കൂട്ടിയിണക്കി ചരക്ക് ഉപഭോക്താവിന് എത്തിക്കുന്ന രീതി ഉത്പാദനസാങ്കേതികവിദ്യയുടെ പരിഷ്കാരങ്ങള്‍വഴി ഇന്നു വ്യാപകമായിരിക്കുന്നു. അതുമൂലം ഒരു ചരക്ക് ഇന്ന രാജ്യത്ത് ഉത്പാദിപ്പിച്ചതാണെന്ന് ലേബലില്‍ രേഖപ്പെടുത്തുമെങ്കിലും, അത് പല രാജ്യങ്ങളില്‍ പല തൊഴിലാളികള്‍ പല സാഹചര്യത്തില്‍ ഉണ്ടാക്കിയതായിരിക്കും. കരാര്‍ തൊഴിലും ഇതിനോടൊപ്പം വ്യാപകമാകുന്നു.

നാല്. മോഹിതവസ്തുക്കള്‍ (Fancy goods) ധാരാളം ഉത്പാദിപ്പിച്ച് ദരിദ്രജനങ്ങളില്‍പ്പോലും ഉപഭോഗതൃഷ്ണ ഉണ്ടാക്കാന്‍ ആഗോളവത്കരണം ശ്രമിക്കുന്നു. കൊക്കോക്കോള, പെപ്സി, പിസ്സാ തുടങ്ങി പോഷകമൂല്യം ഒട്ടും ഇല്ലാത്തവയാണ് മോഹിതവസ്തുക്കള്‍. അവയുടെ ഉത്പാദനത്തിന് വിലയേറിയ പ്രകൃതിവിഭവങ്ങള്‍ മാറ്റിവയ്ക്കേണ്ടിവരുന്നു.

അഞ്ച്. രുചിഭേദങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഏകമാനതലമുള്ളതാക്കുന്നു. (Homogenisation of Tastes and perference) ഇന്ന് ലോകമൊട്ടുക്കും പ്രത്യേകിച്ചു വികസ്വരരാജ്യങ്ങളില്‍ ഉപഭോക്താക്കളുടെയിടയില്‍ വളര്‍ന്നുവന്നിട്ടുള്ള ഫാസ്റ്റ്ഫുഡ് സംസ്കാരം ഇതിനുദാഹരണമാണ്. അതുപോലെ വേഷവിധാനത്തിലും, വിനോദോപാധികളിലും (സംഗീതം, സിനിമ) സമാനമായ സ്വഭാവവിശേഷങ്ങള്‍ സൃഷ്ടിക്കാന്‍ ആഗോളവത്കരണത്തിനു കഴിഞ്ഞിട്ടുണ്ട്. ഇംഗ്ളീഷ്ഭാഷയുടെ മേല്‍ക്കോയ്മ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.

ആറ്. വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ അത്യധികമായി വാണിജ്യരംഗങ്ങളിലും, ബാങ്കിങ് മേഖലകളിലും പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് ഇ-ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ഇ-വ്യാപാരം, ഓണ്‍ ലൈന്‍ ട്രെയ്ഡിങ് മുതലായവ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍