This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആക് ലന്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആക് ലന്‍ഡ്

Auckland

ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ തുറമുഖനഗരം. ന്യൂസിലന്‍ഡ് ഉത്തരദ്വീപിലെ കടലിലേക്കിറങ്ങിക്കിടക്കുന്ന ചെറിയ മുനമ്പിലാണ് നഗരം സ്ഥിതിചെയ്യുന്നത്. ഇരുവശങ്ങളിലുമായി വെയ്തിമാതാ, മാനുകാവ് എന്നിങ്ങനെ രണ്ടു തുറമുഖങ്ങളുണ്ട്. ഉത്തരദ്വീപിന്റെ പകുതിയിലധികം ഭാഗം ഉള്‍ക്കൊള്ളുന്ന ആക് ലന്‍ഡ് പ്രവിശ്യയുടെ തലസ്ഥാനവും ഈ നഗരം തന്നെ; വിസ്തീര്‍ണം 246 ച.കി.മീ. ജനസംഖ്യ: 3,77,382 (2001).

സമശീതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ നഗരം ആടുവളര്‍ത്തലിനും ഗവ്യോത്പന്നങ്ങള്‍ക്കും പ്രശസ്തിയാര്‍ജിച്ച ഒരു മേഖലയുടെ കവാടമായി സ്ഥിതിചെയ്യുന്നു. ന്യൂസിലന്‍ഡിന്റെ കയറ്റുമതിയില്‍ 1/3 ഭാഗവും ഇറക്കുമതിയുടെ പകുതിയിലധികവും ആക്ലന്‍ഡിലൂടെ നടക്കുന്നു. ആസ്റ്റ്രേലിയയുമായുള്ള വ്യാപാരം മാനുകാവ് തുറമുഖത്തിലൂടെയാണ്. വെയ്തിമാതാ ഒരു നാവികസങ്കേതംകൂടിയാണ്. അന്താരാഷ്ട്രവിമാനത്താവളമായ വീനുപായ് നഗരമധ്യത്തുനിന്നും 35 കി.മീ. വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. തീരദേശകപ്പല്‍ഗതാഗതത്തിന്റെ ആസ്ഥാനവും ആക് ലന്‍ഡ് ആണ്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി റോഡ്-റെയില്‍-വ്യോമസമ്പര്‍ക്കം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. മോട്ടോര്‍വാഹനങ്ങള്‍, രാസദ്രവ്യങ്ങള്‍, ഭക്ഷ്യപദാര്‍ഥങ്ങള്‍, ഗവ്യസാധനങ്ങള്‍, പഞ്ചസാര, തുകല്‍, തുണിത്തരങ്ങള്‍, പ്ളാസ്റ്റിക്, സിമന്റ് തുടങ്ങിയവയുടെയൊക്കെ നിര്‍മാണം ഇവിടെ വിപുലമായി നടന്നുവരുന്നു.

ആക്ലന്‍ഡ് ഹാര്‍ബര്‍ ബ്രിഡ്ജ്

നഗരത്തിന്റെ ഉള്‍ഭാഗം വിപണികളുടെ കേന്ദ്രമാണ്; ഇതരഭാഗങ്ങള്‍ വലിയ ഉദ്യാനങ്ങളും കാഴ്ചബംഗ്ളാവുകളുമൊക്കെച്ചേര്‍ന്ന് മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇവിടത്തെ കാഴ്ചബംഗ്ളാവുകളില്‍ മവോറി സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കൈയെഴുത്തു ശേഖരങ്ങള്‍ക്കു വിശ്വപ്രസിദ്ധിയാര്‍ജിച്ച ഒരു ഗ്രന്ഥശാലയും ഈ നഗരത്തിലുണ്ട്. ലോകമെമ്പാടുമുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് വര്‍ഷംതോറും നടത്തുന്ന കലാമേള ഈ നഗരത്തിലെ സവിശേഷതകളിലൊന്നാണ്.

സര്‍ ജോണ്‍ ലോഗന്‍ കാംപ്ബെല്‍ 1840-ല്‍ സ്ഥാപിച്ച ഈ നഗരം 1865 വരെ ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായിരുന്നു. 1959-ല്‍ നിര്‍മിച്ച പുതിയ ആക് ലന്‍ഡ് ഹാര്‍ബര്‍ ബ്രിഡ്ജ് നഗരത്തെ ഉത്തര തീരവുമായി ബന്ധിപ്പിച്ചു. 1998-ല്‍ അരങ്ങേറിയ ആക് ലന്‍ഡ് ഊര്‍ജപ്രതിസന്ധി നഗര ജീവിതത്തെ ഏറെനാള്‍ താറുമാറാക്കി. 2006-ലെ ആക് ലന്‍ഡ് ബ്ലാക്ക് ഔട്ടും അവിടത്തെ വൈദ്യുതി വിതരണത്തിനു വെല്ലുവിളിയായിമാറി. എങ്കിലും വ്യാവസായികമായി വളരെയേറെ മുന്നേറിയ ആക്ലന്‍ഡിലെ ആയിരം പേരില്‍ 578 പേരും സ്വന്തമായി വാഹനമുള്ളവരാണ്. 2006-ല്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ പട്ടണങ്ങളില്‍ 23-ാം സ്ഥാനം ആക്ലന്‍ഡിനാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍