This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംതേ, ബാബാ (1914 - 2008)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആംതേ, ബാബാ (1914 - 2008)== ഇന്ത്യയിലെ സുപ്രസിദ്ധ സാമൂഹിക പ്രവർത്തകന്‍...)
അടുത്ത വ്യത്യാസം →

11:38, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആംതേ, ബാബാ (1914 - 2008)

ഇന്ത്യയിലെ സുപ്രസിദ്ധ സാമൂഹിക പ്രവർത്തകന്‍. മഹാരാഷ്‌ട്രയിലെ വാർധാ ജില്ലയിൽ ഹിന്‍ഗന്‍ ഘട്ടിൽ ദേവിദാസിന്റെയും ലക്ഷ്‌മിബായിയുടെയും മകനായി ജനിച്ചു. മുരളീധർ ദേവിദാസ്‌ ആംതേ എന്നായിരുന്നു യഥാർഥ നാമം. "ബാബ ആമ്‌തേ' എന്ന പേരിലാണ്‌ അറിയപ്പെട്ടത്‌. നിയമ വിദ്യാഭ്യാസത്തിനുശേഷം വാർധയിൽ അഭിഭാഷകനായി ജോലിനോക്കി. തുടർന്ന്‌ സ്വാതന്ത്യ്രസമരത്തിൽ സജീവമായി. 1942-ൽ ജയിലിൽ അടയ്‌ക്കപ്പെട്ടു. ജീവിതത്തിലുടനീളം ഗാന്ധിയനാദർശങ്ങള്‍ മുറുകെപ്പിടിച്ച ഇദ്ദേഹം ഗാന്ധിജിക്കൊപ്പം സേവാഗ്രാം ആശ്രമത്തിൽ കുറച്ചുകാലം ചെലവഴിച്ചു. എന്നാൽ ഗാന്ധിജിയിൽനിന്ന്‌ ആംതേയെ വ്യത്യസ്‌തനാക്കിയത്‌ ഇദ്ദേഹം നിരീശ്വരവാദിയായിരുന്നുവെന്നതാണ്‌.

കുഷ്‌ഠരോഗികള്‍ സാമൂഹികമായി ബഹിഷ്‌കൃതരും, വെറുക്കപ്പെട്ടവരുമായിരുന്ന കാലത്താണ്‌ ആംതേ കുഷ്‌ഠരോഗികള്‍ക്കായുള്ള സേവന പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നത്‌. കുഷ്‌ഠരോഗികളുടെ സംരക്ഷണത്തിനുവേണ്ടി സ്വജീവിതം സമർപ്പിക്കുകയായിരുന്നു ആംതേ. 1949-ൽ നെഹ്‌റുവിന്റെ പ്രത്യേക അനുമതിയോടെ "കൽക്കത്ത സ്‌കൂള്‍ ഒഫ്‌ ട്രാപ്പിക്കൽ മെഡിസിനി'ൽ നിന്ന്‌ പഠനം പൂർത്തിയാക്കിയെങ്കിലും ആംതേക്കു സർട്ടിഫിക്കറ്റ്‌ ലഭിച്ചില്ല. അവിടത്തെ പരീക്ഷണത്തിനായി കുഷ്‌ഠരോഗാണുക്കളെ സ്വന്തം ശരീരത്തിൽ കുത്തിവയ്‌ക്കാന്‍പോലും ആംതേ തയ്യാറായി. എന്നാൽ രോഗാണുക്കള്‍ ആംതേയെ ബാധിക്കാതിരുന്നതുകൊണ്ട്‌ പരീക്ഷണം ഉപേക്ഷിച്ചു. കുഷ്‌ഠരോഗികളുടെ പുനരധിവാസത്തിനുവേണ്ടി ഒരു ഗ്രാമം തന്നെ ആരംഭിക്കുകയും, അവരിൽ ആങ്ങാഭിമാനവും ആങ്ങവിശ്വാസവും വളർത്തുന്നരീതിയിൽ അവിടത്തെ പ്രവർത്തനങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്‌തു. കൃഷി, സ്വയംതൊഴിൽ, ബാങ്ക്‌, പോസ്റ്റോഫീസ്‌, ആശുപത്രിസൗകര്യങ്ങള്‍, കുടിൽവ്യവസായം, അനാഥാലയം, വൃദ്ധസദനം, സ്‌കൂള്‍, കോളജുകള്‍, അന്ധവിദ്യാലയം, ബധിരമൂക വിദ്യാലയം, വികലാംഗ തൊഴിൽ പരിശീലനം തുടങ്ങി വൈവിധ്യമാർന്ന പദ്ധതികളിലൂടെ ഈ ഗ്രാമങ്ങളെ ശക്തിപ്പെടുത്തി. ആനരുവന്‍ ആശ്രമത്തിൽ 5000-ത്തോളം പേർ നിവസിക്കുന്നു. കൂടാതെ സോമനാഥ, അശോകവന്‍ ആശ്രമങ്ങളും കുഷ്‌ഠരോഗികള്‍ക്കായി ഇദ്ദേഹം ആരംഭിച്ചതാണ്‌. ഗാന്ധിയുടെ സ്വാശ്രയ ഗ്രാമം എന്ന സങ്കല്‌പമാണ്‌ ഗ്രാമനിർമാണത്തിന്‌ ആംതേയെ പ്രചോദിപ്പിച്ചത്‌.

പദ്‌മശ്രീ (1997), പദ്‌മവിഭൂഷണ്‍ (1986), ദലിത്‌ മിത്ര അവാർഡ്‌, രാഷ്‌ട്രീയ ഭൂഷണ്‍ (1978), ഇന്ദിരാഗാന്ധി സ്‌മാരക അവാർഡ്‌ (1985), ഗാന്ധി സമാധാന സമ്മാന്‍ (1999), അംബേദ്‌കർ അന്താരാഷ്‌ട്ര പുരസ്‌കാരം (1999) തുടങ്ങി നാല്‌പതോളം അവാർഡുകള്‍ ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. പരിസ്ഥിതി, വനസംരക്ഷണം, നർമദാ-പദ്ധതിപ്രദേശത്തെ കുടിയിറക്ക്‌ പ്രശ്‌നം, അഴിമതി വിരുദ്ധസമരങ്ങള്‍ തുടങ്ങിയ ബഹുവിധ സമര മുഖങ്ങളിൽ ജീവിതാവസാനംവരെ ഇദ്ദേഹം സജീവമായിരുന്നു. 2008 ഫെ. 9-ന്‌ ബാബാ ആംതേ ആനന്ദ്‌വനിൽവച്ച്‌ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍