This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അവിനാശിലിംഗം ചെട്ടിയാര്‍ (1903 - 91)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അവിനാശിലിംഗം ചെട്ടിയാര്‍ (1903 - 91)
തമിഴ്‍നാട്ടിലെ രാഷ്ട്രീയപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവും. 1903-ല്‍ കോയമ്പത്തൂര്‍ ജില്ലയിലെ തിരുപ്പൂരില്‍ ജനിച്ചു. പിതാവ് സുബ്രഹ്മണ്യ ചെട്ടിയാരും മാതാവ് പളനി അമ്മാളും. തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1923-ല്‍ മദിരാശിയിലെ പച്ചയ്യപ്പാസ് കോളജില്‍നിന്ന് ബി.എ. ബിരുദവും 1925-ല്‍ ലോ കോളജില്‍ നിന്നു നിയമ ബിരുദവും നേടി.
വളരെ ചെറുപ്പത്തില്‍ത്തന്നെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയപ്രക്ഷോഭത്തില്‍ ഇദ്ദേഹം പങ്കെടുത്തു. 1931-ലെ ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ച് അറസ്റ്റുചെയ്യപ്പെട്ടു. 1941-ലെ നിസ്സഹകരണപ്രസ്ഥാനത്തിലും 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്തതിന് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു. 1930-46 വരെ കോയമ്പത്തൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. 1935-46 കാലത്ത് കേന്ദ്ര നിയമസഭയിലും 1946-51-ല്‍ മദ്രാസ് അസംബ്ലിയിലും 1952-64-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിലും അംഗമായിരുന്നു; 1946-49 കാലത്ത് മദിരാശി സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് സെക്കന്‍ഡറി സ്കൂളുകളിലെ അധ്യയനമാധ്യമം തമിഴാക്കിയത്.
തമിഴ് ഭാഷയുടെയും സാഹിത്യത്തിന്റെയും പരിപോഷണത്തിനായി 'തമിഴ് വളര്‍ച്ചികഴകം' എന്ന സംഘടന സ്ഥാപിച്ചു. ഇതിന്റെ ആഭിമുഖ്യത്തില്‍ കലൈക്കളഞ്ചിയം എന്ന പേരില്‍ ഒരു വിജ്ഞാനകോശം (10 വാല്യം) തമിഴില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോയമ്പത്തൂരിലുള്ള ശ്രീരാമകൃഷ്ണമിഷന്‍ വിദ്യാലയം സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇതോടനുബന്ധിച്ച് ഒരു റസിഡന്‍ഷ്യല്‍ ഹൈസ്കൂള്‍, അധ്യാപക പരിശീലന കോളജ് എന്നിവയും സ്ഥാപിച്ചു. കോയമ്പത്തൂരിലെ ഗാര്‍ഹികശാസ്ത്ര കോളജിന്റെ സ്ഥാപകന്‍ കൂടിയായ ഇദ്ദേഹം തമിഴിലും ഇംഗ്ലീഷിലും ഏതാനും കൃതികള്‍ രചിച്ചിട്ടുണ്ട്. നാന്‍ കണ്ട മഹാത്മാ, അടിയാര്‍ പെരുമൈ, അന്‍പിന്‍ ആറ്റല്‍, കുഴന്തൈവളം, ഗാന്ധിജീസ് എക്സ്പെരിമെന്റ്സ് ഇന്‍ എഡ്യൂക്കേഷന്‍, അണ്ടര്‍സ്റ്റാന്റിംഗ് ബെയ്സിക് എഡ്യൂക്കേഷന്‍, എഡ്യൂക്കേഷണല്‍ ഫിലോസഫി ഒഫ് സ്വാമി വിവേകാനന്ദ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു.
കേന്ദ്രവിദ്യാഭ്യാസ ഉപദേശകസമിതി, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസകൗണ്‍സില്‍, കാര്‍ഷിക വിദ്യാഭ്യാസ ബോര്‍ഡ്, ഗാന്ധിസ്മാരകനിധി, ദേശീയ കമ്യൂണിറ്റി ഡവലപ്മെന്റ് ബോര്‍ഡ് തുടങ്ങി നിരവധി സമിതികളിലെ അംഗവും കൂടിയായിരുന്നു ഇദ്ദേഹം. 1970-ല്‍ പദ്മഭൂഷണ്‍ അവാര്‍ഡും 1974-ല്‍ നെഹ്റു ലിറ്ററസി അവാര്‍ഡും 1979-ല്‍ ചെന്തമിഴ് ശെല്‍വന്‍ അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചു. 1991 ന. 21-ന് ഇദ്ദേഹം കോയമ്പത്തൂരില്‍ അന്തരിച്ചു.