This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അവറോസ് (1126 - 98)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അവറോസ് (1126 - 98)
Averroes
അറബിദാര്‍ശനികന്‍. അബുല്‍ വാലിദ് മുഹമ്മദ് ഇബ്നു അഹമ്മദ് ഇബനു മുഹമ്മദ് ഇബ്നു റൂഷദ് എന്നാണ് ഇദ്ദേഹത്തിന്റെ പൂര്‍ണനാമം. ജ്യോതിശ്ശാസ്ത്രം, വൈദ്യശാസ്ത്രം, ഇസ്ലാംമതസിദ്ധാന്തങ്ങള്‍ എന്നിവയിലും അവറോസിന് അഗാധപാണ്ഡിത്യം ഉണ്ടായിരുന്നു. ഇബ്നു റൂഷദ് എന്നും ഇദ്ദേഹം സാധാരണ അറിയപ്പെടുന്നു.
1126-ല്‍ കൊര്‍ദോബായിലെ (സ്പെയിനില്‍) ഒരു ഉന്നത കുടുംബത്തില്‍ അവറോസ് ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാമഹന്‍ കൊര്‍ദോബായിലെ ഖാസി (ന്യായാധിപന്‍) ആയിരുന്നു. അവറോസിന്റെ പിതാവും അവറോസും പിന്നീട് ഈ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ഇബ്നുതൂഫെയ്ല്‍, ഇബ്നു ബജ്ജാ തുടങ്ങിയ പ്രശസ്ത ശാസ്ത്രജ്ഞരുടെയും ദാര്‍ശനികരുടെയും സമകാലികനായിരുന്നു അവറോസ്.
1169-ല്‍ സെവിലിലെയും 1171-ല്‍ കൊര്‍ദോബായിലെയും ഖാസി ആയി അവറോസ് അവരോധിക്കപ്പെട്ടു. ഇക്കാലം മുതലാണ് ഇദ്ദേഹം തന്റെ പ്രസിദ്ധങ്ങളായ ഗ്രന്ഥങ്ങള്‍ രചിച്ചു തുടങ്ങിയത്. ഇദ്ദേഹം 1182-ല്‍ മൊറോക്കോയിലെ സുല്‍ത്താനായ അബൂയാക്കൂബ് യൂസുഫിന്റെ പ്രധാന ഭിഷഗ്വരനായി നിയമിക്കപ്പെട്ടു. യൂസുഫിന്റെ പിന്‍ഗാമിയായ യാക്കൂബ് അല്‍ മന്‍സൂറിന്റെ കീഴിലും അവറോസ് ജോലി നോക്കി. എന്നാല്‍ സ്വകൃതികളില്‍ മതവിരുദ്ധ പ്രവണത ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹം നാടുകടത്തപ്പെട്ടു. വൈദ്യശാസ്ത്രം, ഗണിതം, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങളൊഴികെ മറ്റെല്ലാകൃതികളും ചുട്ടെരിക്കുവാന്‍ അല്‍ മന്‍സൂര്‍ കല്പിച്ചു. പിന്നീട് ഈ ശിക്ഷ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം മൊറോക്കോയില്‍ തിരിച്ചുവരികയുണ്ടായി. 1198-ല്‍ ഇവിടെവച്ച് ഇദ്ദേഹം നിര്യാതനായി.
സിദ്ധാന്തങ്ങള്‍. ദൈവശാസ്ത്രജ്ഞന്മാര്‍ സ്വന്തതാത്പര്യം അനുസരിച്ച് അവറോസിന്റെ സിദ്ധാന്തങ്ങളെ വ്യാഖ്യാനിച്ചതിനാല്‍ പാശ്ചാത്യഗ്രന്ഥങ്ങളില്‍നിന്നും ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെ യഥാര്‍ഥരൂപം ഗ്രഹിക്കുക ദുഷ്കരമാണ്.
പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്നും അനശ്വരമാണെന്നും അവറോസ് സിദ്ധാന്തിച്ചു. എങ്കിലും സൃഷ്ടി ഒരിക്കല്‍ മാത്രമേ നടന്നിട്ടുള്ളൂ എന്നു വിശ്വസിക്കുന്ന ദൈവശാസ്ത്രജ്ഞന്‍മാരോട് ഇദ്ദേഹം യോജിക്കുന്നില്ല. ഇല്ലായ്മയില്‍ നിന്നും ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. പ്രപഞ്ചം പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്നു. തന്‍മൂലം പഴയതു പുതിയ രൂപം പ്രാപിക്കുന്നു. ഒന്നും പൂര്‍ണമായി നശിക്കുന്നില്ല. പ്രപഞ്ചം അനശ്വരമാണെങ്കിലും പ്രപഞ്ചോത്പത്തിക്കു കാരണമുണ്ടെന്നും അതിന്റെ ക്രമപ്രവൃദ്ധമായ പ്രവര്‍ത്തനത്തിനു പിന്നില്‍ ഒരു ചാലകന്‍ (ഈശ്വരന്‍) ഉണ്ടെന്നും ഇദ്ദേഹം സിദ്ധാന്തിക്കുന്നു. ചാലകന്‍ അനശ്വരനാണെങ്കിലും ആ അനശ്വരതയുടെ പിന്നില്‍ കാരണങ്ങളൊന്നും ഇല്ലതന്നെ. ഇങ്ങനെ കാരണങ്ങള്‍ക്കു വിധേയവും അതീതവുമായ രണ്ടുവിധം അനശ്വരതയെപ്പറ്റി അവറോസ് പരാമര്‍ശിക്കുന്നു. ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകം ആത്മാവുണ്ടെന്നും അവ മരണാനന്തരം അതേരീതിയില്‍ സ്ഥിതിചെയ്യുന്നു എന്നും അവറോസ് വിശ്വസിക്കുന്നില്ല. എല്ലാറ്റിനുംകൂടി ഒറ്റ ആത്മാവാണുള്ളതെന്നാണ് ഇദ്ദേഹത്തിന്റെ അഭിമതം. ഒരിക്കല്‍ നശിച്ചത് അതേരൂപത്തില്‍ നിലനില്ക്കുകയില്ലെന്നും മരണാനന്തരം മറ്റൊരുരൂപത്തില്‍ ആത്മാവ് നിലനിന്നേക്കാനാണ് സാധ്യതയെന്നും അവറോസ് വാദിച്ചു. സത്യത്തെ ദാര്‍ശനികസത്യമെന്നും മതസത്യമെന്നും ഇദ്ദേഹം തരംതിരിക്കുന്നു. 'ദ്വന്ദ്വസത്യം' എന്നാണ് ഈ സിദ്ധാന്തം അറിയപ്പെടുന്നത്. രാഷ്ട്രതന്ത്രത്തെപ്പറ്റി ഇദ്ദേഹം പ്ളേറ്റോയുടെ അഭിപ്രായങ്ങളോടു യോജിക്കുന്നു.
അവറോസിന്റെ ദര്‍ശനസിദ്ധാന്തങ്ങളെ 1277-ല്‍ പോപ്പ് ഔദ്യോഗികമായി അവഹേളിച്ചുവെങ്കിലും അവറോസിന്റെ അനുയായികള്‍ ഈ സിദ്ധാന്തങ്ങളെ മുറുകെ പിടിച്ചു. ദര്‍ശനവും ശാസ്ത്രവും ദൈവശാസ്ത്രത്തില്‍ നിന്നു മാറിനില്ക്കേണ്ടതിന്റെ ആവശ്യകതയെ ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആശയത്തിനു രാഷ്ട്രീയമായും വലിയ പ്രത്യാഘാതങ്ങളുണ്ടായിരുന്നു. അവറോസിന്റെ അനുയായികളാണ് മതവും രാഷ്ട്രവും രണ്ടാണെന്ന വാദഗതിയുമായി 14-ാം ശ.-ത്തില്‍ മുന്നോട്ടുവന്നത്.
കൃതികള്‍. തത്ത്വദര്‍ശനം, വൈദ്യശാസ്ത്രം, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ 60-ല്‍പ്പരം ഗ്രന്ഥങ്ങള്‍ അവറോസ് രചിച്ചിട്ടുണ്ട്. 1159-നും 95-നും ഇടയ്ക്കാണ് മിക്ക പ്രധാന ഗ്രന്ഥങ്ങളും രചിച്ചിട്ടുള്ളത്. അരിസ്റ്റോട്ടലിന്റെ വ്യാഖ്യാതാവ് എന്ന നിലയിലാണ് ഇദ്ദേഹം പ്രസിദ്ധനായത്. അരിസ്റ്റോട്ടലിന്റെ ദര്‍ശനത്തെക്കുറിച്ച് വ്യാഖ്യാനങ്ങള്‍ എഴുതുന്നതിന് അവറോസിനെ പ്രേരിപ്പിച്ചത് ഇബ്നു തൂഫെയ്ല്‍ ആയിരുന്നു. ഈ കൃതികളുടെ ഹീബ്രൂ-ലത്തീന്‍ ഭാഷകളിലുള്ള തര്‍ജുമകളാണ് മുഖ്യമായിട്ടുള്ളത്. ചില കൃതികളുടെ അറബി തര്‍ജുമകളും ഉണ്ട്. വൈദ്യശാസ്ത്രജ്ഞന്‍മാര്‍ക്കെതിരായുള്ള തഹാഫൂത്-അല്‍തഹാഫൂത് (Vanity of Vanities) എന്ന കൃതി അറബി ഭാഷയിലുള്ളതാണ്. ഇമാം ഗസ്സാലി, അവിസെന്ന തുടങ്ങിയ തത്ത്വജ്ഞാനികളെ വിമര്‍ശിച്ചുകൊണ്ടെഴുതിയ തഹാഫൂത്ത് (Vanity of Philosopher) എന്ന ഗ്രന്ഥത്തെ ഖണ്ഡിച്ചുകൊണ്ടെഴുതിയതാണ് ഈ ഗ്രന്ഥം. നവപ്ളേറ്റോണിക അരിസ്റ്റോത്തല തത്ത്വദര്‍ശനത്തെ ന്യായീകരിച്ചുകൊണ്ടെഴുതിയ ഈ ഗ്രന്ഥം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇത് 1328-ല്‍ ലത്തീന്‍-ഹീബ്രു ഭാഷകളിലേക്കും 15-ാം ശ.-ത്തില്‍ തുര്‍ക്കി ഭാഷയിലേക്കും പരിഭാഷപ്പെടുത്തുകയുണ്ടായി. 1955-ല്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ രണ്ടു വാല്യങ്ങളായി ലണ്ടനില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളില്‍ ഇസ്ലാംമതസിദ്ധാന്തങ്ങളെ വിശദീകരിച്ചുകൊണ്ടുള്ള ഗ്രന്ഥങ്ങളും ഉണ്ട്. പ്രപഞ്ചോത്പത്തി; സൂര്യന്‍, നക്ഷത്രങ്ങള്‍, ഭൂമി എന്നിവ തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ച് ഇദ്ദേഹം ചില ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പല മനഃശാസ്ത്രഗ്രന്ഥങ്ങളുടെയും കര്‍ത്താവുകൂടിയായിരുന്ന അവറോസ് 'മാലിക്കി' നിയമങ്ങളെ വിശദീകരിച്ചുകൊണ്ട് ഒരു നിയമഗ്രന്ഥവും തയ്യാറാക്കിയിട്ടുണ്ട്.
അവറോയിസം. അവറോസിന്റെ സിദ്ധാന്തങ്ങളും അരിസ്റ്റോട്ടലിന്റെ കൃതികള്‍ക്ക് അവറോസ് രചിച്ച ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളും പില്ക്കാലത്ത് അവറോയിസം എന്ന് അറിയപ്പെട്ടു. ഇദ്ദേഹത്തിന്റെ അവസാനകാലത്തോടടുപ്പിച്ചു തന്നെ ലത്തീനിലേക്ക് ഈ ആശയങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. 13-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ ഈ പരിഭാഷകള്‍ പാരിസിലും ഓക്സ്ഫഡിലും സലെര്‍ണായിലും ബൊളോണയിലും മറ്റു ക്രൈസ്തവചിന്താകേന്ദ്രങ്ങളിലും ഉള്ള പണ്ഡിതന്‍മാരുടെ അവഗാഢ പഠനങ്ങള്‍ക്കു വിധേയമായി. ആദ്യകാലത്ത് ചില എതിര്‍പ്പുകളും ഔദ്യോഗിക വിലക്കുകളും തന്നെ ഇവയ്ക്കു നേരിടേണ്ടിവന്നു. അക്കാലത്തെ (13-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധം) ക്രൈസ്തവ ദാര്‍ശനികരായിരുന്ന ആല്‍ബര്‍ട്ടസ് മാഗ്നസ്, ഹെയില്‍സിലെ അലക്സാണ്ടര്‍, ഒവേര്‍ഞ്ഞിലെ (Auvergne) വില്യം തുടങ്ങിയവരുടെ രചനകള്‍ അവറോയിസത്തിന്റെ നിര്‍ണായകമായ സ്വാധീനശക്തിയെ പ്രതിഫലിപ്പിക്കുന്നു.
അവറോയിസ്റ്റ് (Averroiste) എന്ന പദം ആദ്യമായി ഉപയോഗിച്ചത് തോമസ് അക്വിനാസ് ആണ്. തന്റെ വൈജ്ഞാനിക പ്രബന്ധത്തില്‍ (De Unitate Intellectus, 1270) മനുഷ്യരാശിക്ക് ആകമാനം ധിഷണാപരമായ ഒരൊറ്റ ആത്മാവ് മാത്രമേ ഉള്ളുവെന്ന അവറോസിന്റെ സിദ്ധാന്തത്തെ (monopsychism) അംഗീകരിച്ചവരെ സൂചിപ്പിക്കാനാണ് അക്വിനാസ് അവറോയിസ്റ്റുകള്‍ എന്നു പറയുന്നത്.
ഈ പുതിയ ചിന്താപദ്ധതിയുടെ പ്രചാരത്തെത്തുടര്‍ന്ന് പല വാദപ്രതിവാദങ്ങളും ആശയസംഘടനങ്ങളും ക്രൈസ്തവ ദാര്‍ശനികരുടെ ഇടയില്‍ ഉണ്ടായി. അരിസ്റ്റോട്ടലിന്റെ സിദ്ധാന്തങ്ങള്‍ ക്രൈസ്തവവിശ്വാസങ്ങള്‍ക്കു നേരേ വിപരീതമാണെന്നുള്ളതായിരുന്നു ഈ വൈജ്ഞാനിക സംഘര്‍ഷത്തിന്റെ ആദ്യകാരണം. ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതിനു വിപരീതമായി ലോകം അനശ്വരമാണെന്നും വ്യക്തികള്‍ അമരര്‍ അല്ലെന്നും ഇഹലോകജീവിതത്തില്‍ത്തന്നെ ധാര്‍മികപൂര്‍ണത കൈവരുത്താന്‍ ഒരാള്‍ക്കു സാധ്യമാണെന്നും ഉള്ള അരിസ്റ്റോട്ടലിന്റെ വാദങ്ങള്‍ക്കു വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ഇവയ്ക്കെല്ലാം വിരാമമിട്ടതും രണ്ടു സിദ്ധാന്തങ്ങളെയും സമന്വയിപ്പിച്ചതും അക്വിനാസിന്റെ വിശദീകരണങ്ങളായിരുന്നു. അരിസ്റ്റോട്ടലിനെ കേന്ദ്രീകരിച്ചുള്ള യവനസിദ്ധാന്തങ്ങളും ക്രൈസ്തവദൈവശാസ്ത്രവും തമ്മില്‍ യാതൊരു പൊരുത്തക്കേടും ഇല്ലെന്ന് അദ്ദേഹം വിശദീകരിച്ചുകൊടുക്കയും അവ ജനങ്ങളുടെ അംഗീകാരം നേടുകയും ചെയ്തു. പക്ഷേ, ഇക്കാലത്ത് അങ്കുരപ്രായമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ ചിന്താക്കുഴപ്പം ഏതാനും കാലം കഴിഞ്ഞ് ക്രൈസ്തവസഭയുടെ പിളര്‍പ്പിനു വഴിതെളിക്കുകതന്നെ ചെയ്തു എന്ന് അതിന്റെ ചരിത്രം വ്യക്തമാക്കുന്നു.
ലത്തീന്‍ അവറോയിസം. 14-ാം ശ.-ത്തിന്റെ ആദ്യപാദങ്ങളില്‍ ജീവിച്ചിരുന്ന ക്രൈസ്തവ ചിന്തകന്‍മാരാണ് യഥാര്‍ഥത്തില്‍ അവറോയിസത്തിനു സാര്‍വത്രികമായ ഒരു നിര്‍വചനം നല്കുന്നതില്‍ വിജയിച്ചത്. പാരിസില്‍ ജാന്ദുനിലെ ജോണും ഇറ്റലിയില്‍ താഡിയോ പാര്‍വയും എഞ്ജലോ അരിസോയും ഏതാണ്ട് ഒരേകാലത്ത് ഈ ദര്‍ശനത്തിന് ഐകരൂപ്യമുള്ള ഒരു ഭാവം നല്കുകയുണ്ടായി. അരിസ്റ്റോട്ടലിയന്‍ ദര്‍ശനങ്ങള്‍ക്ക് അവറോസ് നല്കിയ വ്യാഖ്യാനങ്ങളെ നിരുപാധികം സ്വീകരിച്ച പണ്ഡിതന്‍മാരായിരുന്നു ഇവര്‍.
വെറും വിശ്വാസത്തില്‍ അധിഷ്ഠിതമായ വിജ്ഞാനത്തെക്കാളും മേന്മയേറിയത് മനനചിന്തനങ്ങളുടെ ഫലമായുണ്ടാകുന്ന യുക്തിബോധമാണ് എന്നു ലത്തീന്‍ അവറോയിസ്റ്റുകള്‍ സിദ്ധാന്തിക്കുന്നു. പഠനങ്ങളില്‍നിന്നു ലഭ്യമാകുന്ന അറിവില്‍പ്പെടാത്തതിനെ ഒന്നും ഒരിക്കലും ആശ്രയിക്കരുതെന്നാണ് അവറോസ്സില്‍ കൂടി ലോകത്തിനു കിട്ടിയ അരിസ്റ്റോട്ടലീയദര്‍ശനം എന്ന കാര്യത്തില്‍നിന്ന് ഇവര്‍ അണുവിട വ്യതിചലിക്കാന്‍ തയ്യാറല്ല.
സത്യദ്വന്ദ്വം (Double Truth). അവറോസും അദ്ദേഹത്തിന്റെ ലത്തീന്‍ അനുയായികളും രൂപം നല്കിയ ഈ സിദ്ധാന്തത്തില്‍ തന്നെ ഒരു വൈരുധ്യവും അന്തര്‍ലീനമായുണ്ടെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. യുക്തികൊണ്ടു മനസ്സിലാക്കാവുന്ന സത്യവും വിശ്വാസത്തില്‍നിന്ന് ഉദിക്കുന്ന സത്യവും-ദാര്‍ശനിക സത്യവും മതസത്യവും-എന്നിങ്ങനെ രണ്ടു തരം സത്യങ്ങളുണ്ടെന്ന് അവര്‍ തന്നെ പ്രചരിപ്പിച്ചതിന്റെ ഫലമായാണ് ഈ സിദ്ധാന്തം രൂപംകൊണ്ടത്. അരിസ്റ്റോട്ടലീയവാദങ്ങളുടെ നിഷ്കൃഷ്ടമായ സാധുതയെയും യുക്തിഭദ്രതയെയും ഉയര്‍ത്തിപ്പിടിക്കവേതന്നെ, സത്യം എന്തെന്ന് അന്തിമമായി നിര്‍ണയിക്കാനുള്ള സമ്പൂര്‍ണാധികാരം ക്രൈസ്തവവിശ്വാസത്തിനാണെന്നു സമ്മതിക്കാനും അവര്‍ തയ്യാറായി. പ്രകൃതിയിലുള്ള ഒരു സത്യം ദൈവശാസ്ത്രമനുസരിച്ച് സത്യമല്ലാതാകുമെന്ന അവറോയിസ്റ്റുകളുടെ വാദഗതി ഏതത്കാലചിന്തകന്‍മാരുടെ ഇടയിലും പില്ക്കാലത്തും 'സത്യദ്വന്ദ്വസിദ്ധാന്തം' എന്ന പേരില്‍ അറിയപ്പെടുന്നു.
ഫ്രാന്‍സിലും ഇംഗ്ലണ്ടിലും അവറോയിസത്തിനുള്ള സ്വാധീനശക്തി വളരെക്കാലം തുടര്‍ന്നു നിലനിന്നില്ലെങ്കിലും 17-ാം ശ.-ത്തിന്റെ പകുതിവരെ അത് ഇറ്റലിയില്‍ ഒരു മുഖ്യപഠനവിഷയമായും ആധ്യാത്മിക ദര്‍ശനമായും തുടര്‍ന്നു. സെസാരെ ക്രെവോണിധി (1550-1631) ആണ് ഈ സിദ്ധാന്തത്തിന്റെ അറിയപ്പെട്ട അവസാനത്തെ ആചാര്യന്‍. നോ: അരിസ്റ്റോട്ടല്‍; സ്കൊളാസ്റ്റിസിസം.
(പ്രൊഫ. സയ്യദ് മൊഹിയുദ്ദീന്‍ ഷാ; സ.പ.)