This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അളവുപകരണങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:26, 26 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

അളവുപകരണങ്ങള്‍

അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍. ഏതൊരു പദാര്‍ഥത്തിന്റെയും സംഖ്യാപരമായ (numerical) മൂല്യത്തെ പ്രകാശനം ചെയ്യുന്ന ക്രിയയാണ് അളക്കല്‍. പ്രാമാണിക-ഏകകങ്ങള്‍ (standard unit) ഇതിനായി നിര്‍വചിക്കപ്പെടുന്നു. ഇവയുടെ അടിസ്ഥാനത്തില്‍ ആണ് ഉപകരണങ്ങള്‍ സംവിധാനം ചെയ്യപ്പെടുന്നത്.

അളക്കല്‍ രണ്ടു വിധത്തിലുണ്ട്: (1) പ്രമാണങ്ങളുമായി നേരിട്ടു താരതമ്യപ്പെടുത്തി; (2) പ്രമാണങ്ങളുമായി താരതമ്യപ്പെടുത്തി നിര്‍മിച്ച ഉപപ്രമാണങ്ങള്‍ ഉപയോഗിച്ച്. മൗലിക (fundamental) രാശികള്‍, വ്യുത്പന്ന (derived) രാശികള്‍ എന്നിങ്ങനെ രാശികളെ രണ്ടുവിധത്തില്‍ വിഭജിക്കാം. ഈ വിഭജനവും ഏറെക്കുറെ സ്വതന്ത്രമാണ്.


== ആമുഖം== ഏതൊരു രാശി(Quantity)യുടെയും മൂല്യത്തെ സംഖ്യകൊണ്ടു തിട്ടപ്പെടുത്താന്‍ സാധിച്ചെങ്കിലേ അതിനെപ്പറ്റി കൃത്യമായി മനസ്സിലായി എന്നു സാമാന്യമായി പറയാന്‍ കഴിയൂ. കൃത്യമായി അളന്നു കിട്ടുന്ന മൂല്യവും സൈദ്ധാന്തികഗണനം മൂലം ലഭ്യമാകുന്ന മൂല്യവും തമ്മില്‍ ഉണ്ടാകാറുള്ള പൊരുത്തക്കേട് സിദ്ധാന്തത്തിന്റെ തന്നെ പുനരാവിഷ്കരണത്തിന് പലപ്പോഴും കാരണമായിട്ടുണ്ട്. സൂക്ഷ്മോപകരണങ്ങള്‍ ഉപയോഗിച്ച് ഓരോ രാശിയെയും കൂടുതല്‍ കൃത്യമായി അളക്കാന്‍ ശാസ്ത്രജ്ഞര്‍ പരിശ്രമിച്ചുകൊണ്ടിരിക്കും.

ഏതു രാശിയെയാണ് അളക്കേണ്ടത്, എത്രത്തോളം കൃത്യമായി അളക്കണം - ഇവയെ ആശ്രയിച്ചിരിക്കും അളക്കുന്ന രീതി. ഒന്നാമതായി ഒരു പ്രമാണം (standard) നിര്‍ണയിക്കണം. പ്രമാണം അചരവും (invariant) എല്ലായിടത്തും യഥേഷ്ടം ആവര്‍ത്തന സാധ്യവും ആകണം. അത്തരം പ്രമാണം സ്വതന്ത്ര(arbitrary)മായി നിര്‍വചിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് അളവുകളും തൂക്കങ്ങളും തിട്ടപ്പെടുത്തിയിട്ടുള്ളതും; അളവുപകരണങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളതും.

പ്രാചീനേന്ത്യയില്‍

ഇന്ത്യയില്‍ പണ്ട് ഉപയോഗിച്ചിരുന്ന അളവുപകരണങ്ങളെപ്പറ്റി കൂടുതലായി വിവരം ലഭിക്കുന്നത് കൗടല്യന്‍ രചിച്ച അര്‍ഥശാസ്ത്രത്തില്‍ നിന്നാണ് (4-ാം ശ.). നോ: അളവുകളും തൂക്കങ്ങളും

വ്യാപ്തമാനോപകരണങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചുപോലും ആ ഗ്രന്ഥത്തില്‍ പരാമര്‍ശമുണ്ട്. അളക്കുന്ന ഉപകരണം നനവില്ലാത്തതും മരംകൊണ്ട് ഉണ്ടാക്കിയതും കടയും തലയും ഒപ്പമായതും അളക്കപ്പെടുന്ന സാധനത്തിന്റെ നാലിലൊരു ഭാഗം കൂമ്പാരമായി (ശിഖയായി) നില്ക്കത്തക്കവിധമോ ഉള്ളില്‍ കുഴിയോടുകൂടിയതോ ആയിരിക്കണം എന്നും വ്യവസ്ഥയുണ്ട്. നെയ്യ്, എണ്ണ മുതലായവ അളക്കുന്നതിന് 'അന്തഃശിഖ'യോടുകൂടിയ മാനോപകരണം തന്നെ വേണമെന്നു നിഷ്കര്‍ഷിച്ചിരിക്കുന്നു. സുര, പുഷ്പം, ഫലം, തുഷം, അംഗാരം, കുമ്മായം എന്നിവ നിറച്ച് അളക്കണമെന്നാണു വ്യവസ്ഥ. അന്നും ആഴക്ക്, ഉഴക്ക്, ഉരി എന്നീ ഉപകരണങ്ങള്‍ ഉണ്ടായിരുന്നു.

ഭാരം അളക്കുന്നതിനുള്ള തൂക്കപ്പടികള്‍ (പ്രതിമാനങ്ങള്‍: Weights) ഇരുമ്പുകൊണ്ടോ പ്രത്യേകയിനം കല്ലുകൊണ്ടോ ആണ് നിര്‍മിച്ചിരുന്നത്. വെള്ളം നനഞ്ഞ് കനംകൂടുതല്‍ ആകാതെയും ചൂടുതട്ടി കനംകുറയാതെയും പ്രതിമാനങ്ങള്‍ സൂക്ഷിച്ചിരുന്നു. 6 അംഗുലം (അം) നീളത്തില്‍ ഒരു പലം ഇരുമ്പുകൊണ്ടും, 14 അം. നീളത്തില്‍ രണ്ടു പലം കൊണ്ടും, 22 അം. നീളത്തില്‍ 3 പലം കൊണ്ടും ഉള്ള തൂക്കപ്പടികള്‍ ഉണ്ടായിരുന്നു. 35 പലം ഇരുമ്പുകൊണ്ട് 72 അം. നീളത്തിലാണ് സാധാരണ തുലാക്കോല്‍ ഉണ്ടാക്കിയിരുന്നത്. ഇതിന്റെ കടയ്ക്കല്‍ 5 പലം ഭാരമിട്ട് സമീകരണം ഏര്‍പ്പെടുത്തിയിരുന്നു. അവിടെനിന്നു കോലിന്‍മേല്‍ പലത്തിന്റെ ഭിന്നങ്ങളും പെരുക്കങ്ങളും അടയാളപ്പെടുത്തിയിരിക്കും. ഈ അടയാളങ്ങള്‍ക്ക് 'പുള്ളടി' എന്നു പറയുന്നു. 70 പലം ഇരുമ്പുകൊണ്ടുണ്ടാക്കിയിരുന്ന ഇരട്ടിത്തുലാക്കോലിന് 96 അം. നീളമാണ്. ക്രയവിക്രയാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന തുലാക്കോലിനു 95 പലം ഭാരം ഉണ്ടായിരുന്നു. 90 പലം ഭാരമുള്ള 'ഭാജനി' കൊണ്ടാണ് വീട്ടുസാമാനങ്ങള്‍ തൂക്കിയിരുന്നത്; 85-ന്റെ (അന്തഃപുര) ഭാജനികൊണ്ട് അടുക്കളസാധനങ്ങളും. കാഷ്ഠതുല (മരത്തുലാം) 8 ഹസ്തം നീളമുള്ളതാണ്.

സാധാരണാവശ്യങ്ങള്‍ക്ക്

പല രാജ്യങ്ങളിലും വിവിധതരം അളവുരീതികള്‍ പ്രചാരത്തിലുണ്ടെങ്കിലും സാര്‍വലൌകികമായി അംഗീകാരം സിദ്ധിച്ചിട്ടുള്ളവയാണ് ബ്രിട്ടീഷ് രീതിയും മെട്രിക് രീതിയും.

ദൈര്‍ഘ്യം

ബ്രിട്ടീഷ് രീതിയില്‍ ദൈര്‍ഘ്യത്തിന്റെ ഏകകം ഗജവും, മെട്രിക് രീതിയില്‍ മീറ്ററും ആണ്. മെട്രിക് രീതി ദശാംശരീതിയായതിനാല്‍ ചതുഷ്ക്രിയകള്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നു. ബ്രിട്ടീഷ് ആധിപത്യത്തില്‍ ബ്രിട്ടീഷ് രീതി ഉപയോഗിച്ചിരുന്ന ഇന്ത്യ, സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കൂടുതല്‍ സൌകര്യപ്രദമായ മെട്രിക് രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

മുന്‍കാലങ്ങളില്‍ ദൈര്‍ഘ്യം അളക്കുന്നതിന് മനുഷ്യന്‍ സ്വന്തം കൈകാലുകള്‍ ഉപയോഗിച്ചിരുന്നു. വിരല്‍ക്കിട, ചാണ്‍, മുഴം, മാറ്, ചുവട്ടടി തുടങ്ങിയവ ഇന്നും ഉപയോഗത്തിലുണ്ട്. 9 ഇഞ്ച് അളവു വരും ഒരു ചാണ്‍. ഇന്നും മരപ്പണിക്കാര്‍ തടി അളക്കുന്നതിന് ഉപയോഗിച്ചുവരുന്ന അംഗുലവും കോലും അളവുകള്‍ക്കു സൂക്ഷ്മത വരുത്തുന്നതിനുവേണ്ടി പിന്നീടു വരുത്തിയ മാറ്റങ്ങളായിരിക്കണം.

നിലം, പുരയിടം എന്നിവ അളക്കുന്നതിന് സര്‍വേക്കാര്‍ ഇരുമ്പുചങ്ങലയാണ് ഉപയോഗിക്കുന്നത്. 'ചെയിന്‍' (Chain) എന്നാണ് ഇതിന്റെ പേര്. ഒരു ചെയിന്‍ 22 ഗജം ആണ്. 100 കണ്ണികള്‍ ചേര്‍ത്താണ് ചെയിന്‍ ഉണ്ടാക്കുന്നത്. ഈ കണ്ണികളുടെ ഓരോന്നിന്റെയും നീളമാണ് ലിങ്ക്സ് (links). പതിപ്പത്ത് ലിങ്ക്സ് കഴിയുമ്പോള്‍ (ഒറ്റനോട്ടത്തിന് അറിയാന്‍) സൗകര്യാര്‍ഥം 'താലികള്‍' ഘടിപ്പിച്ചിരിക്കും.

6 ഇഞ്ച്, 12 ഇഞ്ച് വീതമുള്ള സ്കെയിലുകള്‍, 30 ഇഞ്ചും അതില്‍കൂടുതലും വീതമുള്ള ടേപ്പുകള്‍, വാരക്കോല്‍, മീറ്റര്‍കോല്‍ എന്നിവയാണ് സാധാരണയായി ദൈര്‍ഘ്യം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍