This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ജീരിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:37, 5 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

അല്‍ജീരിയ

Algeria

ഉത്തര ആഫ്രിക്കയില്‍ മെഡിറ്ററേനിയന്‍ തീരത്തുള്ള ഒരു സ്വതന്ത്ര പരമാധികാരരാഷ്ട്രം. ഔദ്യോഗികനാമം: ഡെമോക്രാറ്റിക് ആന്‍ഡ് പോപ്പുലര്‍ റിപ്പബ്ലിക് ഓഫ് അല്‍ജീരിയ. ഒരു ഫ്രഞ്ച് അധിനിവേശപ്രദേശമായിരുന്ന അല്‍ജീരിയ 1942-ലാണ് സ്വാതന്ത്യ്രം പ്രാപിച്ചത്. വ. മെഡിറ്ററേനിയന്‍ കടല്‍; കി. ടൂണിഷ്യ, ലിബിയ; തെ. നൈജര്‍, മാലി, മോരിറ്റാനിയ; പ. മൊറോക്കോ എന്നിങ്ങനെയാണ് അല്‍ജീരിയയുടെ അതിരുകള്‍. വിസ്തീര്‍ണം: 2,95,032 ച.കി.മീ. ഏറ്റവും കൂടിയ ദൈര്‍ഘ്യം കി.പ. 950 കി. മീറ്ററും തെ.വ. 400 കി.മീറ്ററും. സഹാറാമരുഭൂമിയിലെ ഏതാണ്ട് 20,86,711 ച.കി.മീ. പ്രദേശവും അല്‍ജീരിയയ്ക്കുള്ളിലാണ്. ജനസംഖ്യ: 32,532,000 (2005). തലസ്ഥാനം: അല്‍ജിയേഴ്സ്. ഒറാന്‍, കോണ്‍സ്റ്റന്റയിന്‍, അന്നാബ, സീ ദീ ബെല്‍ അബസ്, മോസ്താഗനം, സെറ്റിഫ്, സ്കിഡ്ഡ, ത്ലെംസെന്‍, ബ്ലീഡ, ബജൈയ എന്നിവയാണ് മറ്റു പ്രധാന നഗരങ്ങള്‍.

ഭൗതിക ഭൂമിശാസ്ത്രം

ഭൂവിജ്ഞാനീയം

ഭൂവിജ്ഞാനപരമായി സഹാറാമരുഭൂമി, അറ്റ്ലസ് പീഠപ്രദേശം എന്നിങ്ങനെ അല്‍ജീരിയയെ രണ്ടായി വിഭജിക്കാം. ഭൗമായുസ്സിലെ പ്രാചീന യുഗങ്ങള്‍ മുതല്‍ക്കേ കാര്യമായ പ്രതലവ്യതിയാനങ്ങള്‍ക്കു വിധേയമാകാതെ തുടര്‍ന്നുപോന്ന ഉറച്ച ശിലാഘടനയാണ് സഹാറാപ്രദേശത്തിനുള്ളത്. പ്രീകാംബ്രിയന്‍ ശിലകളുടെ മേല്‍ പാലിയോസോയിക് യുഗത്തിലേതായ നിക്ഷേപങ്ങളും ക്രിട്ടേഷ്യസ് യുഗത്തില്‍ സമുദ്രാതിക്രമണത്തിനു വിധേയമായതിലൂടെ രൂപംകൊണ്ടിട്ടുള്ള ചുണ്ണാമ്പുകല്ല് അട്ടികളുടെ നേരിയ ആവരണങ്ങളും അടങ്ങുന്നതാണ് ഈ പ്രദേശത്തെ ശിലാസംരചന. ഉത്തര അല്‍ജീരിയ അറ്റ്ലസ് വലന പര്‍വതന(folded mountain)ങ്ങളുടെ ഒരു ഭാഗമാണ്. ഭൂവിജ്ഞാനികളുടെ അഭിപ്രായത്തില്‍ സഹാറ, റ്റിറേനിയ എന്നീ പുരാതന ഭൂഖണ്ഡങ്ങളുടെ ഞെരുങ്ങലില്‍പ്പെട്ട് മടങ്ങി ഉയര്‍ന്നു പര്‍വതങ്ങളായിത്തീര്‍ന്ന ഒരു ഭൂഅഭിനതിയാണ് അല്‍ജീരിയ. ഈ പര്‍വതന പ്രക്രിയയുടെ കാലം ടെര്‍ഷ്യറിയുഗമായി അനുമാനിക്കപ്പെടുന്നു. ചുണ്ണാമ്പുകല്ല്, മണല്‍ക്കല്ല് തുടങ്ങിയവയുടെ ആധിക്യമുള്ള നൂതനശിലാക്രമങ്ങളാണ് ഈ പ്രദേശത്തുള്ളത്.

ഭൂപ്രകൃതി

ഉത്തര അല്‍ജീരിയയില്‍ മെഡിറ്ററേനിയന്‍ തീരത്തിനു സമാന്തരമായും സഹാറയ്ക്ക് അരികിലായും രണ്ടു പര്‍വതനിരകള്‍ കാണുന്നു. ഇവയ്ക്കിടയിലായി നിമ്നോന്നതഭാഗങ്ങള്‍ കുറഞ്ഞ ഒരു പീഠപ്രദേശവുമുണ്ട്. വടക്കേ അറ്റത്തെ പര്‍വതനിരയുടെ ശാഖകളായ കുന്നുകള്‍ സമുദ്രതീരത്തോളം വിച്ഛിന്നമായി നീണ്ടു കാണുന്നു. അവയ്ക്കു പിറകിലായുള്ള മലനിര 'ടെല്‍' എന്നു വിളിക്കപ്പെടുന്നു. സമുദ്രതീരത്ത് ഈ നിരകളുടെ ശ.ശ. ഉയരം 450 മീ. ആണ്. എന്നാല്‍ ഉള്ളിലേക്കു പോകുന്തോറും അതു ഗണ്യമായി കൂടുന്നു. അല്‍ജിയേഴ്സിനടുത്തുള്ള ജുര്‍ജുരായുടെ ഉയരം 2,308 മീ. ആണ്. ഈ മലനിരകള്‍ക്കിടയ്ക്ക് ഫലഭൂയിഷ്ഠങ്ങളായ നിരവധി താഴ്വരകളുണ്ട്; ഇവ പൊതുവേ ക്രമരഹിതമായി കാണപ്പെടുന്നു. സമുദ്രതീരത്തുള്ള പര്‍വതനിരകള്‍ മൊറോക്കോയുടെ കിഴക്കന്‍ ഭാഗം മുതല്‍ ട്യുണീഷ്യവരെ എത്തുന്നു. തെസ്സാല, ക്വാര്‍സെനിസ് എന്നിവ ഈ മലനിരകളുടെ അല്‍ജീരിയന്‍ ഭാഗങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍