This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലി യാവര്‍ ജങ്, നവാബ് (1905 - 76)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലി യാവര്‍ ജങ്, നവാബ് (1905 - 76)

ഇന്ത്യന്‍രാഷ്ട്രതന്ത്രജ്ഞന്‍. ഉന്നതവിദ്യാഭ്യാസരംഗത്തും ഭരണരംഗത്തും നയതന്ത്രരംഗത്തും സേവനം അനുഷ്ഠിച്ചിട്ടുള്ള അലി യാവര്‍ ജങ് 1905 ഫെ. 16-നു ജനിച്ചു. ഹൈദരാബാദ് നൈസാം (നിസാം) കോളജിലും ഓക്സ്ഫഡ് ക്വീന്‍സ് കോളജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1927-ല്‍ ഉസ്മാനിയ സര്‍വകലാശാലയില്‍ അധ്യാപകനായി ചേര്‍ന്ന ഇദ്ദേഹം 1934 വരെ അവിടെ പ്രൊഫസറായി ജോലിനോക്കി. തുടര്‍ന്നു നൈസാംഗവണ്‍മെന്റില്‍ പല ഉദ്യോഗങ്ങളും വഹിച്ചിരുന്ന അലി യാവര്‍ ജങ്, കുറച്ചുകാലം പത്രപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരുന്നു. 1945-46 കാലത്ത് ഉസ്മാനിയ സര്‍വകലാശാല വൈസ്ചാന്‍സലറായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചു. നൈസാംഗവണ്‍മെന്റില്‍ ആഭ്യന്തരം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, തദ്ദേശസ്വയംഭരണം എന്നിവയുടെ ചുമതല വഹിക്കുന്ന മന്ത്രിയായി 1946-47 കാലത്ത് പ്രവര്‍ത്തിച്ചു.

1948-ല്‍ വീണ്ടും ഉസ്മാനിയ സര്‍വകലാശാലാ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ട അലി യാവര്‍ ജങ് 1952 വരെ ആ പദവി നോക്കി. യൂണെസ്കൊ(UNESCO)യുടെ ഇന്ത്യന്‍ നാഷണല്‍ കമ്മിഷനിലും യു.എന്‍. പൊതുസഭയിലും പല പ്രാവശ്യം ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം 1956, 57, 60 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ പ്രതിനിധിസംഘത്തിന്റെ ഉപനേതൃത്വവും വഹിച്ചിട്ടുണ്ട്. ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍ ഇന്ത്യന്‍ സംഘത്തിന്റെ തലവനായും (1953) യു.എന്‍-ന്റെ സണ്‍ഫെഡ് (Sunfed) കമ്മിറ്റി ചെയര്‍മാനായും സേവനം അനുഷ്ഠിച്ചു. 1952 മുതല്‍ 54 വരെ അര്‍ജന്റീനയിലെയും 1958 മുതല്‍ 61 വരെ യുഗോസ്ലാവിയ, ഗ്രീസ് എന്നിവിടങ്ങളിലെയും 1961 മുതല്‍ 65 വരെ ഫ്രാന്‍സിലെയും ഇന്ത്യന്‍ സ്ഥാനപതിയായി ജോലിനോക്കിയിരുന്നു.

1965 മുതല്‍ 68 വരെ അലിഗഡ് സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്നു ഇദ്ദേഹം. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍, ഇന്റര്‍ യൂണിവേഴ്സിറ്റി ബോര്‍ഡ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, അഡ്വൈസറി കൗണ്‍സില്‍ ഒഫ് നാഷണല്‍ അക്കാദമി ഒഫ് അഡ്മിനിസ്ട്രേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി ഇദ്ദേഹം ബന്ധപ്പെട്ടിരുന്നു.

1968 മുതല്‍ 70 വരെ യു.എസ്സിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു. 1970-ല്‍ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിതനായി. 1959-ല്‍ ഇദ്ദേഹത്തിന് പദ്മഭൂഷണ്‍ ബഹുമതി ലഭിച്ചു. എക്സ്റ്റേണല്‍ റിലേഷന്‍സ് ഒഫ് ഹൈദരാബാദ് സ്റ്റേറ്റ്, ഹൈദരാബാദ് ഇന്‍ റെട്രോസ്പെക്റ്റ് എന്നീ കൃതികളുടെ കര്‍ത്താവുകൂടിയാണ് നവാബ് അലി യാവര്‍ ജങ്.

1976 ഡി.-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍