This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലിയ, റമിസ് (1925 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലിയ, റമിസ് (1925 - )

Alia, Ramiz


അല്‍ബേനിയന്‍ നേതാവ്. 1925 ഒ. 18-ന് ജനിച്ചു. ഇരുപതു വയസ്സ് തികയുന്നതിനുമുന്‍പ് അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. ഭരണാധികാരിയായ എന്‍വര്‍ ഹോജയുടെ പിന്‍ഗാമിയായി കരുതപ്പെട്ടിരുന്ന അലിയ 1961-ല്‍ ഭരണസമിതിയായ പോളിറ്റ്ബ്യൂറോയില്‍ അംഗമായി. അല്‍ബേനിയയുടെ സ്വയംപര്യാപ്തതയ്ക്കുവേണ്ടി എന്‍വര്‍ ഹോജ സ്വീകരിച്ച എല്ലാ നടപടികളെയും ഇദ്ദേഹം പിന്തുണച്ചിരുന്നു.

അല്‍ബേനിയന്‍ പാര്‍ട്ടി ഒഫ് ലേബറിന്റെ ആദ്യത്തെ സെക്രട്ടറിയായി അലിയ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്യം തികഞ്ഞ പ്രതിസന്ധിയിലായിരുന്നു. സാമ്പത്തികപ്രതിസന്ധിയും ഭക്ഷ്യക്ഷാമവും കലഹങ്ങള്‍ക്കു വഴിയൊരുക്കി. മനുഷ്യാവകാശത്തിന്റെ പേരില്‍ ബുദ്ധിജീവികള്‍ ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചു. അലിയ സന്ദര്‍ഭോചിതമായി ചില സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയും അവ ഫലവത്താകുകയും ചെയ്തു. സാമൂഹിക സാംസ്കാരിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേദികളൊരുക്കാനും ഇദ്ദേഹം മടി കാണിച്ചില്ല. അന്തര്‍ദേശീയതലത്തിലുള്ള വിമര്‍ശനങ്ങളെ നേരിടാനായി രാഷ്ട്രീയനിയന്ത്രണങ്ങളില്‍ അയവുവരുത്തി. 1986-ലും 1989-ലും അനേകം രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചു. ഗ്രീസ്, ഇറ്റലി, ടര്‍ക്കി, യുഗോസ്ലാവിയ മുതലായ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്കിയ അലിയയുടെ നടപടികളെ ഉദ്യോഗസ്ഥമേധാവികള്‍ എതിര്‍ത്തതു കാരണം അദ്ദേഹത്തിനു പരിഷ്കരണ നടപടികളുമായി കൂടുതല്‍ മുന്നോട്ടുപോകുവാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ അല്‍ബേനിയയിലെ യുവാക്കള്‍ ഏകാധിപത്യത്തിനെതിരെ അണിനിരന്നു. 1990 ഡി. 9-ാം തീയതി ടിരാനാ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ തലസ്ഥാനത്ത് വന്‍പിച്ച പ്രകടനം നടത്തി. പ്രകടനക്കാരും പൊലീസുമായുള്ള സംഘട്ടനങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം വിദ്യാര്‍ഥിനേതാക്കളുമായി സംഭാഷണം നടത്തുകയും ജനാധിപത്യപ്രക്രിയ ത്വരിതഗതിയിലാക്കുമെന്ന് ഉറപ്പുനല്കുകയും ചെയ്തു. എങ്കിലും അടുത്തവര്‍ഷംതന്നെ ഭരണകൂടം നിലംപതിച്ചു. 1992-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡിമോക്രാറ്റിക് പാര്‍ട്ടി ഒഫ് അല്‍ബേനിയ വമ്പിച്ച ഭൂരിപക്ഷം നേടിയതിനെത്തുടര്‍ന്ന് അലിയ രാജി സമര്‍പ്പിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍