This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലി, സുല്‍ത്താന്‍, ജെ. (1920 - 90)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലി, സുല്‍ത്താന്‍, ജെ. (1920 - 90)

ഇന്ത്യന്‍ ചിത്രകാരന്‍. 1920-ല്‍ ജനിച്ചു; ചെന്നൈയിലെ 'ഗവണ്‍മെന്റ് സ്കൂള്‍ ഒഫ് ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സി'ല്‍ നിന്നും ഡിപ്ലോമ നേടി; ഇതേ സ്ഥാപനത്തിലും ഋഷിവാലി സ്കൂളിലും കുറേക്കാലം അധ്യാപകനായി സേവനം അനുഷ്ഠിച്ച ശേഷം ഇദ്ദേഹം 1954 മുതല്‍ 1969 വരെ ലളിതകലാ അക്കാദമിയില്‍ എക്സിബിഷന്‍ ഓഫീസറായി ജോലി നോക്കി. 1969-ല്‍ ചെന്നൈയിലെ ചോളമണ്ഡലത്തിലുള്ള കലാകാരന്മാരുടെ സഹകരണസംഘടനയില്‍ ചേര്‍ന്നു. മിക്കവാറും എല്ലാ അഖിലേന്ത്യാപ്രദര്‍ശനങ്ങളിലും സുല്‍ത്താന്‍ അലി പങ്കെടുത്തിട്ടുണ്ട്. 1966-ലെ ദേശീയ പ്രദര്‍ശനത്തില്‍ അവാര്‍ഡു നേടി. 1963-ല്‍ ആള്‍ ഇന്ത്യാ ഫൈന്‍ ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് സൊസൈറ്റിയില്‍ നിന്നു പ്രസിഡന്റിന്റെ ബഹുമതിഫലകം (President's plaque) കരസ്ഥമാക്കി. 1963-ല്‍ ഇന്ത്യയില്‍നിന്നും നേപ്പാളിലേക്ക് പോയ പ്രതിനിധിസംഘത്തിലും പടിഞ്ഞാറന്‍ ജര്‍മനിയില്‍ 1968-ല്‍ സന്ദര്‍ശനം നടത്തിയ കലാകാരന്മാരുടെ സംഘത്തിലും അലി സുല്‍ത്താന്‍ അംഗമായിരുന്നു. 1969-ല്‍ ചെന്നൈയിലെ ചോളമണ്ഡലം കലാഗ്രാമത്തില്‍ വിഖ്യാത ചിത്രകാരനായ കെ.സി.എസ്. പണിക്കരോടൊപ്പം പ്രവര്‍ത്തിച്ചു. 1970-77 ഘട്ടത്തില്‍ ചെന്നൈയിലെ ആര്‍ട്ടിസ്റ്റ്സ് ഹാന്‍ഡിക്രാഫ്റ്റ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റും 1977 മുതല്‍ 80 വരെ പ്രസ്തുത സംഘടനയുടെ പ്രസിഡന്റും ആയിരുന്നു.

പ്രകൃതിദൃശ്യങ്ങളുടെ ചിത്രകാരനായിട്ടാണ് സുല്‍ത്താന്‍ അലി തന്റെ കലാജീവിതം ആരംഭിച്ചത്. സാധനയും ഏകാഗ്രതയുംകൊണ്ട് വളരെ പെട്ടെന്നുതന്നെ യുവകലാകാരന്മാരുടെ മുന്‍നിരയില്‍ എത്തിച്ചേരാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ആദ്യകാലത്തെ രചനകള്‍ മിക്കതും ഗ്രാമീണജീവിതത്തെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. എന്നാല്‍ പില്ക്കാലത്തു നാടോടിസമൂഹങ്ങളുടെയും ഗോത്രവര്‍ഗക്കാരുടെയും ജീവിതസമ്പ്രദായങ്ങളില്‍ ദത്താവധാനനാവുകയും ആ സമ്പ്രദായങ്ങളില്‍നിന്നും അനുഭൂതി ഉള്‍ക്കൊണ്ട് സ്വന്തം കലാശില്പത്തെ പരിപുഷ്ടമാക്കുകയും ചെയ്തു. ഇദ്ദേഹം ഭാവാര്‍ഥബോധമുള്ള ഒരു ചിത്രകാരനും കരകൗശല വിദഗ്ധനുമാണ്.

(എസ്.എ. കൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍