This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലര്‍കന്‍, പെദ്രോ അന്തോണിയോ ദെ (1833 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലര്‍കന്‍, പെദ്രോ അന്തോണിയോ ദെ (1833 - 91)

Alarcon,Pedro Antonio De


സ്പാനിഷ് നോവലിസ്റ്റ്. ആന്‍ഡലൂഷ്യയിലെ ഗ്വാഡിക്സില്‍ മൂര്‍പരമ്പരയില്‍പ്പെട്ട ഒരു കുടുംബത്തില്‍ 1833 മാ. 10-ന് ജനിച്ചു. ദൈവശാസ്ത്രവും നിയമവും പഠിച്ചതിനുശേഷം ഉത്പതിഷ്ണുവും യുക്തിവാദിയുമായ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പൊതുജീവിതമാരംഭിച്ച അലര്‍കന്‍, പില്ക്കാലത്ത് തികഞ്ഞ മതവിശ്വാസിയും യാഥാസ്ഥിതികനുമായി മാറി. 1854-ല്‍, മാഡ്രിഡില്‍ കുടിയേറിപ്പാര്‍ത്ത് അവിടെനിന്നും പുറപ്പെടുന്ന സ്പാനിഷ് ദിനപത്രമായ ലാറ്റിഗോ (ചാട്ടവാറ്)യുടെ ഡയറക്ടറായി കുറേക്കാലം സേവനം അനുഷ്ഠിച്ചു. 1859-60-ലെ മൂര്‍വിപ്ലവത്തില്‍ പങ്കെടുക്കുകയും യുദ്ധകാര്യലേഖകനായി മുന്നണിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ലിബറല്‍ പാര്‍ട്ടിപക്ഷപാതിയായിരുന്ന അലര്‍കന്റെ രാഷ്ട്രീയജീവിതം 1861 മുതല്‍ 73 വരെ നീണ്ടുനിന്നു. പ്രത്യേകിച്ച് ഒരു പ്രത്യയശാസ്ത്രത്തിലും അടിയുറച്ചു നില്ക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ആ ചാഞ്ചല്യംമൂലം പില്ക്കാലത്ത് ഇദ്ദേഹത്തിന് ലിബറല്‍ കക്ഷിയുടെ പിന്തുണ നഷ്ടപ്പെടുകയുണ്ടായി. സ്പാനിഷ് ദേശീയനിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ലിബറല്‍സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടു. തുടര്‍ന്നുള്ള 10 വര്‍ഷക്കാലം അലര്‍കന്റെ മുഴുവന്‍ ശ്രദ്ധയും സാഹിത്യരചനയിലായിരുന്നു. 1875-ല്‍ ഇദ്ദേഹം സ്പാനിഷ് റോയല്‍ അക്കാദമിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

പെദ്രോ അന്തോണിയോ ദെ അലര്‍കന്‍

ആഫ്രിക്കന്‍ യുദ്ധത്തെപ്പറ്റിയുള്ള ദൃക്സാക്ഷിയുടെ ഡയറി (Diario De Un Testigo De La Querra En Africa, 1859-60), മൂന്നു മൂലയുള്ള തൊപ്പി (El Sombrero De Tres Picos, 1874) എന്നീ കൃതികളാണ് അലര്‍കനെ സാഹിത്യലോകത്തു ശ്രദ്ധേയനാക്കിയത്. ആദ്യത്തേത് മൂര്‍വിപ്ലവത്തിന്റെ യഥാതഥമായ വിവരണമാണ്; രണ്ടാമത്തേത് ഡോണ്‍ക്വിക്സോട്ടിനുശേഷം സ്പാനിഷ് സാഹിത്യത്തില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച നോവലാണ്. ഉത്പതിഷ്ണുത്വത്തിനെതിരെ സ്പാനിഷ് സമുദായത്തിലെ മാമൂലുകളെ ന്യായീകരിക്കുന്ന ഈ കൃതി അലര്‍കന്റെ നര്‍മബോധവും ശൈലീവല്ലഭത്വവും പ്രകടമാക്കുന്നു.

1857-ല്‍ അഭിനയിക്കപ്പെട്ട ഒരു നാടകം (എല്‍ ഹിജോ പ്രൊദിഗോ), യാത്രാവിവരണഗ്രന്ഥം (ദ് മാദ്രിഡ് അ നാപോള്‍സ്, 1861,) ഒരു കവിതാസമാഹാരം (പൊയെസിയാസ് സീരിയാസ് യ് ഹുമാരിസ്റ്റികാസ്, 1870), ഫിലിപ്പ് II ന്റെ കാലത്തെ മൂര്‍വിപ്ലവത്തിന്റെ പശ്ചാത്തലത്തിലെഴുതപ്പെട്ട ചരിത്രനോവല്‍ (ലാ അല്‍പുജാറ, 1873), വഴിപിഴച്ചുപോയ ഒരു യുവാവ് ആത്മീയമാര്‍ഗങ്ങളിലൂടെ പാപമോചനം നേടുന്നതിനെ ചിത്രീകരിക്കുന്ന അപവാദം എന്ന നോവല്‍ (എല്‍ എസ്കാന്‍ഡല്‍സ്, 1875), മാനുഷികവികാരങ്ങളുടെമേല്‍ മതവിശ്വാസത്തിനുള്ള സ്വാധീനശക്തിയെ പ്രകാശിപ്പിക്കുന്ന നാടകം (എല്‍ നിനോ ദ് ലാ ബോളാ, 1880), ഒരു ഭടന്റെ പ്രണയകഥ വിവരിക്കുന്ന നോവല്‍ (എല്‍ കാപിത്താന്‍ വെനോനോ, 1882), പ്രേമവും രാഷ്ട്രീയവും തമ്മിലുള്ള വികലമായ സമ്മിശ്രണത്തെ പ്രതിപാദിക്കുന്ന നോവല്‍ (ലാ പരോദിഗ, 1882), ഒരു ലേഖനസമാഹാരം (ജൂഡീഷ്യസ് ലിറ്ററേറിയസ് ആര്‍ട്ടിസ്റ്റിക്സ്, 1883), ആത്മകഥ (ഹിസ്റ്റോറിയ ദ് മിസ്ലിബ്രോസ്, 1884) എന്നിവയാണ് അലര്‍കന്റെ മറ്റു കൃതികള്‍.

മാഡ്രിഡിനടുത്തുള്ള വാല്ഡെമോറിയില്‍ വച്ച് 1891 ജൂല. 20-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍