This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സിസ്, വില്ലിബാള്‍ഡ് (1798 - 1871)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്സിസ്, വില്ലിബാള്‍ഡ് (1798 - 1871)

Alexis.Willibald

ജര്‍മന്‍ നോവലിസ്റ്റ്, ജോര്‍ജ് വില്ഹെം ഹൈന്റിക് ഹാറിങ് എന്നാണ് യഥാര്‍ഥ നാമം; 'വില്ലിബാള്‍ഡ് അലക്സിസ്' എന്നതു തൂലികാനാമവും. ബര്‍ലിനിലെ ബ്രസ്ലാവ് എന്ന സ്ഥലത്ത്, 'ഹാരെങ്ക്' എന്നറിയപ്പെടുന്ന ബര്‍ട്ടന്‍ അഭയാര്‍ഥികുടുംബത്തില്‍ 1798 ജൂണ്‍ 29-ന് ജനിച്ചു. 1815-ല്‍ ഇദ്ദേഹം കുറച്ചുകാലം സൈനികസേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ഉദ്യോഗം രാജിവച്ച് ബര്‍ലിനിലും ബ്രസ്ലാവിലുമായി നിയമപഠനം നടത്തുകയും സാഹിത്യരചനയിലേര്‍പ്പെടുകയും ചെയ്തു. നര്‍മചാതുരിയോടെ സര്‍ വാള്‍ട്ടര്‍ സ്കോട്ടിനെ അനുകരിക്കുന്ന 'വല്ലാഡ്മോര്‍' (Walladmor, 1824) എന്ന നോവലിലൂടെയാണ് ഇദ്ദേഹം സാഹിത്യരംഗത്തു ശ്രദ്ധേയനായത്. ദസ് ബര്‍ലിന്‍ കോണ്‍വര്‍സേഷിയോന്‍ ബ്ളാത്ത് എന്ന പത്രത്തിന്റെ അധിപനായി (1827-35) സേവനമനുഷ്ഠിച്ചു. ശ്രദ്ധേയമായ ചില നിയമവ്യവഹാരവിവരങ്ങള്‍ (law suits) ഇദ്ദേഹം സമാഹരിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ബ്രണ്‍ഡന്‍ബര്‍ഗിന്റെ പ്രകൃതിരമണീയതയെ കാവ്യാത്മകമായി ചിത്രീകരിച്ച ആദ്യത്തെ നോവലിസ്റ്റ് അലക്സിസാണ്. പ്രഷ്യയുടെ സാമൂഹിക രാഷ്ട്രീയ ചരിത്രങ്ങളുടെ ഉപാഖ്യാനമാണ് നോവലുകളിലൂടെ ഇദ്ദേഹം സാധിച്ചിരിക്കുന്നത്. തുറിഞ്ജ്യയിലെ അണ്‍സ്റ്റാറ്റില്‍വച്ച് 1871 ജൂണ്‍ 16-ന് നിര്യാതനായി.

അലക്സിസിന്റെ നോവലുകള്‍ വൈവിധ്യംകൊണ്ടും വൈചിത്ര്യംകൊണ്ടും അനവധി ആസ്വാദകരെ സൃഷ്ടിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ താഴെപ്പറയുന്നവയാണ്: ഫലിതപ്രധാനമായ സ് ക്ലോസ് അവലോന്‍ (1827); ഫ്രഡറിക് ചക്രവര്‍ത്തിയുടെ കാലത്തെ ആസ്പദമാക്കിയുള്ള കബാനിസ് (1832); ബര്‍ലിന്‍ കോളനിലെ മുനിസിപ്പല്‍ അധികാരികളും ബ്രണ്‍ഡന്‍ബര്‍ഗിലെ ഭരണാധികാരിയും തമ്മില്‍ 15-ാം ശ.-ത്തിലുണ്ടായ അധികാരമത്സരത്തെ ചിത്രീകരിക്കുന്ന ദേര്‍ റോലന്‍ഡ് യോണ്‍ ബെര്‍ലിന്‍ (1840); 18-ാം ശ.-ത്തിലെ ഒരു നേതൃമ്മന്യന്റെ ഉയര്‍ച്ചയും പതനവും വിവരിക്കുന്ന ദേര്‍ ഫാല്‍ഷ് വോള്‍ ഡെമെര്‍ (1842); മാര്‍ട്ടിന്‍ ലൂതറിന്റെ തത്ത്വോപദേശങ്ങളെ നാടുവാഴിയായ ജൊയാക്വിം എതിര്‍ക്കുന്നതിനെ ആസ്പദമാക്കി രചിച്ച ദീ ഹോസെന്‍ ദെസ് ഹെര്‍ന ഫൊണ്‍ ബ്രെഡോ (1846-48); 1806-ല്‍ പ്രഷ്യയ്ക്കുണ്ടായ അധഃപതനത്തെ ഭംഗ്യന്തരേണ ചിത്രീകരിക്കുന്നതും കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രമേയമാക്കിയിട്ടുള്ളതും ആയ റുഹെ ഇസ്റ്റ് ദീ എര്‍സ്റ്റ് ബുര്‍ഗെര്‍പ്ഫ്ളിഹ്ത് (1852); സ്നേഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്പിനെ പ്രകാശിപ്പിക്കുന്ന ഐസ്ഗ്രിം (1854).

രണ്ടു നാടകങ്ങള്‍ (അന്‍ചെന്‍ ഫൊണ്‍ താരോ, 1829, പ്രിന്‍സ് ഫൊണ്‍ പിസൊ, 1825), ഒരു യാത്രാവിവരണഗ്രന്ഥം (ഹെര്‍ബ്സ്ട്രെയ്സ് ഡേര്‍ഷ് സ്കാന്‍ഡിനാവെയ് ന്‍-1828, ഏതാനും ചെറുകഥാസമാഹാരങ്ങള്‍ (ഗെസാമെല്‍റ്റ് നൊവെലെന്‍, നാല് വാല്യങ്ങള്‍, 1830-31, നുവെ നൊവെലെന്‍, രണ്ട് വാല്യങ്ങള്‍, 1836, ഗെസാമെല്‍റ്റ് വെര്‍കെ, 18 വാല്യങ്ങള്‍, 1861-63, 20 വാല്യങ്ങള്‍, 1874, വാലെറാന്‍ഡിഷ് റൊമേന്, എല്‍. ലോറന്‍സും ഏ. ബാര്‍ട്ടെല്സും ചേര്‍ന്നു പ്രസാധനം ചെയ്തത്, 20 വാല്യങ്ങള്‍, 1912-25) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു കൃതികള്‍. അലക്സിസിന്റെ ഓര്‍മക്കുറിപ്പുകള്‍ എം. എവേര്‍ട്ട് പ്രസാധനം ചെയ്തിട്ടുണ്ട് (എറിന്നെ റുങ്ഗെന്‍).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍