This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സാണ്ടര്‍ I (1777 - 1825)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്സാണ്ടര്‍ I (1777 - 1825)

റഷ്യയിലെ സാര്‍ചക്രവര്‍ത്തി. പോള്‍ I (1754-1801) ന്റെ മൂത്ത പുത്രനായി 1777 ഡി. 23-ന് സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ അലക്സാണ്ടര്‍ പാവിലോവിച്ച് ജനിച്ചു. സ്വിസ് റിപ്പബ്ളിക്കന്‍ ചിന്താഗതിക്കാരനായ ഫ്രഡറിക് സീസര്‍ദെ ഹാര്‍പ്പെ(1754-1838)യായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യകാല ഗുരു. ഇദ്ദേഹമാണ് അലക്സാണ്ടറില്‍ പുരോഗമന ചിന്താഗതി വളര്‍ത്താന്‍ കാരണക്കാരന്‍ എന്നു പറയപ്പെടുന്നു. 1793 ഒ. 9-ന് രാഷ്ട്രീയ പരിഗണനമൂലം ഇദ്ദേഹം ബേഡര്‍ ഡുര്‍ലച്ചിലെ എലിസബെത്ത് രാജകുമാരിയെ (ലൂയിസാ മേരി) വിവാഹം ചെയ്തു. ഇവരെക്കൂടാതെ മരിയ അന്റോനോവ്ന നരിഷ്കിന എന്നൊരു വെപ്പാട്ടിയും ഇദ്ദേഹത്തിനുണ്ടായിരുന്നു. രണ്ടാമത്തെ പുത്രി 1808 മേയ് 12-ന് നിര്യാതയായതോടുകൂടി അലക്സാണ്ടര്‍ ദമ്പതികള്‍ക്ക് അനപത്യതാദുഃഖം അനുഭവിക്കേണ്ടിവന്നു.

അലക്സാണ്ടര്‍ I

1801 മാ. 24-ന് പിതാവിന്റെ വധത്തെത്തുടര്‍ന്ന് അലക്സാണ്ടര്‍ സിംഹാസനാരോഹണം നടത്തി. ചക്രവര്‍ത്തിയായ ഉടനെതന്നെ പൊതുരക്ഷയ്ക്കുവേണ്ടി ഒരു സമിതി രൂപീകരിച്ചു. പല പുരോഗമന നടപടികളും ഇദ്ദേഹം നടപ്പിലാക്കി; ബാള്‍ട്ടിക്ക് പ്രദേശങ്ങളിലെ അടിയാളരെ മുഴുവന്‍ സ്വതന്ത്രരാക്കി. 1803-ലെ രാജശാസനപ്രകാരം ഭൂവുടമകള്‍ അടിയാളരെ സ്വതന്ത്രരാക്കാനും അവര്‍ക്ക് ഭൂവിതരണം ചെയ്യാനും ഉത്തരവായി.

ദൂതന്മാരും രഹസ്യപ്പൊലീസുകാരും വഴിയായിരുന്നു ചക്രവര്‍ത്തി ഭരണം നടത്തിയിരുന്നത്. ഇദ്ദേഹം വിഭാവനം ചെയ്തിരുന്ന ഭരണഘടനപോലും നടപ്പിലായില്ല. എങ്കിലും ഋണബദ്ധരെ ഇദ്ദേഹം സ്വതന്ത്രരാക്കുകയും നികുതികള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. സെനറ്റിന്റെ അധികാരങ്ങളും ചുമതലകളും ഇദ്ദേഹം വകതിരിച്ചു; യുദ്ധം, വിദേശകാര്യം, ആഭ്യന്തരകാര്യം, പൊതുവിദ്യാഭ്യാസം എന്നിവയ്ക്ക് മന്ത്രികാര്യാലയങ്ങള്‍ സ്ഥാപിച്ചു. 1803-ല്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ അലക്സാണ്ടര്‍ സയന്‍സ് അക്കാദമിയും, 1804-ല്‍ കസാന്‍, ഖാര്‍ക്കോവ് എന്നിവിടങ്ങളില്‍ സര്‍വകലാശാലകളും സ്ഥാപിച്ചു. വിദേശഗ്രന്ഥങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പാടില്ല എന്ന നിയമം ഇദ്ദേഹം പിന്‍വലിച്ചു. സ്വകാര്യ മുദ്രണാലയങ്ങള്‍ സ്ഥാപിച്ച് വിജ്ഞാനവികസനത്തിനു വഴിതെളിച്ചു. എല്ലാവര്‍ക്കും ഭൂമി കൈവശം വയ്ക്കാന്‍ ഇദ്ദേഹം അനുമതി കൊടുത്തു. മുന്‍പ് ഈ അവകാശം പ്രഭുക്കന്മാര്‍ക്കു മാത്രമായിരുന്നു. രാജ്യത്തെ ഭരണസംവിധാനം ഇദ്ദേഹം നവീകരിക്കുകയും ഒരു സാമ്രാജ്യഭരണസമിതി പുതുതായി സംഘടിപ്പിക്കുകയും ചെയ്തു. നെപ്പോളിയന്റെ ആക്രമണത്തെ ഇദ്ദേഹം രണ്ടു യുദ്ധങ്ങളിലൂടെ (1804-1805, 1806-1807) നേരിട്ടു. 1812-ല്‍ നെപ്പോളിയന്റെ റഷ്യനാക്രമണം പ്രതികൂലകാലാവസ്ഥമൂലം പരാജയപ്പെട്ടു പിന്‍തിരിയേണ്ടിവന്നത് അലക്സാണ്ടറുടെ ഭരണകാലത്താണ്; സഖ്യരാഷ്ട്രങ്ങളുടെ സംയുക്തനേതൃത്വമേറ്റെടുത്ത ചക്രവര്‍ത്തിക്ക് 1813-ല്‍ ലീപ്സിഗില്‍വച്ച് ചരിത്രപ്രസിദ്ധമായ വിജയം നേടാന്‍ കഴിഞ്ഞു. 1825-ല്‍ റ്റാഗന്‍റോവില്‍വച്ച് അലക്സാണ്ടര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍