This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറ്റൊന്‍, പിയേര്‍ (1480 - 1550)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറ്റൊന്‍, പിയേര്‍ (1480 - 1550)

Attaignant,Pierre


യൂറോപ്പിലെ സംഗീതപാരമ്പര്യത്തിന്റെ ആദ്യകാലനേട്ടങ്ങളില്‍ പലതിനും നിലനില്പുണ്ടാക്കിക്കൊടുത്ത മുദ്രണക്കാരനും പ്രസാധകനും. ഒറ്റ അച്ചുപതിപ്പു മുദ്രണം (Single Impression Printing) നടപ്പാക്കിയ ആദ്യകാല മുദ്രണക്കാരില്‍ ഒരുവനായിരുന്ന ഇദ്ദേഹം 1515 മുതലാണ് അറിയപ്പെട്ടു തുടങ്ങിയത്. പിയേര്‍ ഹൗള്‍റ്റിന്‍ (Pierre Houltin) തയ്യാറാക്കിയിരുന്ന ഇളക്കിമാറ്റാവുന്ന തരത്തിലുള്ള സംഗീതചിഹ്നങ്ങളുടെ അച്ചുകള്‍ (Music-types) 1527-ന് മുന്‍പുതന്നെ ഇദ്ദേഹത്തിന്റെ സ്വാധീനത്തിലായി. അവ ഉപയോഗിച്ച് ആദ്യമായി തന്റെ ഷാങ്സോങ്നുവേല്‍ (പുതിയ ഗാനങ്ങള്‍; Chansons Nouvelles-1529) മുദ്രണം ചെയ്തു. തുടര്‍ന്ന് വളരെ വിപുലമായതോതില്‍ ഇത്തരം പ്രസിദ്ധീകരണങ്ങളുടെ ഒരു പരമ്പരതന്നെ പ്രകാശിപ്പിക്കുവാന്‍ അറ്റൊന്‍ മുതിര്‍ന്നു. തത്ഫലമായി പ്രസിദ്ധങ്ങളായ പല പ്രാചീന ഗാനങ്ങളും സമ്പാദിച്ച് സ്വരപ്പെടുത്തി ചിഹ്നങ്ങള്‍ നല്കി ലിഖിതരൂപത്തില്‍ സഞ്ചയിക്കുവാനും മുദ്രണം ചെയ്തു പ്രകാശിപ്പിക്കുവാനും ഇടയായി. ഇത്തരത്തില്‍ മുദ്രണം ചെയ്തു പ്രകാശിപ്പിക്കപ്പെട്ട കൃതികള്‍ 30 സഞ്ചികകളില്‍ കൂടുതലുണ്ട്. ഇവയില്‍ ഭക്തിഗാനങ്ങള്‍, സങ്കീര്‍ത്തനങ്ങള്‍, വിലാപഗീതങ്ങള്‍ എന്നിവ 300-ല്‍പ്പരം വരും. കൂടാതെ 2000-ത്തില്‍പ്പരം ഗീതകങ്ങളും അഞ്ചു നൃത്തസംഗീതസഞ്ചികകളും 10 വാല്യം വരുന്ന ഓര്‍ഗന്‍ സംഗീതകൃതികളും രണ്ടു വീണാഗീതകസമാഹാരങ്ങളും ഉണ്ട്. ഈ മുദ്രണങ്ങളില്‍ അന്നത്തെ പ്രമുഖ സംഗീതരചയിതാക്കളായ ഴോസ്ക്വില്‍ ദെസ്പ്രെ, പിയേര്‍ ദെ ലാറൂ, ഴാങ് മോങ് തോങ്, നിക്കൊളാ, ഗോംബെ, ക്ളെമാന്ത്, ഴാനെക്വിന്‍, ക്ളോദ് ദേസെര്‍മിസി, ജെ. ആര്‍ക്കദല്‍ത് ക്ളെമാന്ത്, വില്ലാര്‍ത്, എ. ക്ളോദ് ദെ ഴൂനെ തുടങ്ങിയവരുടെ കൃതികള്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഇന്ന് അവശേഷിക്കുന്നത് 111 പ്രസിദ്ധീകരണങ്ങളാണ്. 16-ാം ശ.-ത്തിലെ യൂറോപ്യന്‍ സംഗീതത്തെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അമൂല്യനിധിയായിട്ടാണ് ഇവയെ കരുതിവരുന്നത്. അറ്റൊന്‍ സ്വജീവിതത്തിന്റെ ഏറിയ പങ്കും പാരിസിലാണു കഴിച്ചുകൂട്ടിയത്. അവിടത്തെ താമസത്തിനിടയ്ക്കു കുറേക്കാലം ഫ്രഞ്ചുരാജാവിന്റെ പ്രോത്സാഹനം ഇദ്ദേഹത്തിനു ലഭിച്ചു. 1538-ല്‍ ഇദ്ദേഹം രാജാവിന്റെ പ്രത്യേക നിര്‍ദേശാനുസരണം രാജാവിനുവേണ്ടി സംഗീതകൃതികള്‍ മുദ്രണം ചെയ്യുന്ന പ്രമുഖ പുസ്തകവ്യാപാരിയായിത്തീര്‍ന്നു. 1549-നുശേഷം ഇദ്ദേഹം പൊതുരംഗത്തുനിന്നും അപ്രത്യക്ഷനാകുകയും 1550-ല്‍ അന്തരിക്കുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍