This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍മീനിയന്‍ ഗ്രിഗോറിയന്‍ സഭ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:20, 12 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അര്‍മീനിയന്‍ ഗ്രിഗോറിയന്‍ സഭ

Armenian Gregorian Church

ഒന്നാമത്തെ ദേശീയ ക്രൈസ്തവസഭ. കിഴക്കന്‍ മോണോഫിസൈറ്റ് സഭകളില്‍ ഒന്നാണിത്. ഒന്നാം ശ.-ത്തില്‍ തദ്ദായി, ബര്‍ത്തലോമിയ എന്നീ അപ്പോസ്തലന്മാര്‍ അര്‍മീനിയയില്‍ സുവിശേഷപ്രസംഗം നടത്തിയിട്ടുണ്ടെന്നു പറയപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍മീനിയന്‍ സഭയുടെ അപ്പോസ്തലിക-ആരംഭത്തെ അര്‍മീനിയക്കാര്‍ ന്യായീകരിക്കുന്നു. അര്‍മീനിയയിലെ ക്രൈസ്തവ രക്തസാക്ഷികളുടെ പട്ടികയില്‍ രണ്ടും മൂന്നും ശ.-ങ്ങളില്‍ ജീവിച്ചിരുന്ന മെത്രാന്‍മാരെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. എങ്കിലും ആദ്യത്തെ മൂന്നു ശ.-ങ്ങളിലെ ഇതിന്റെ ചരിത്രം അവ്യക്തമാണ്.

വിശുദ്ധഗ്രിഗറിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി 286-നും 314-നും ഇടയ്ക്കാണു ക്രിസ്തുമതം അര്‍മീനിയയിലെ മതമായി അംഗീകരിക്കപ്പെട്ടത്. അന്നത്തെ അര്‍മീനിയന്‍ രാജാവായിരുന്ന തിറിഡേറ്റസ് (Tirdates) മൂന്നാമന്‍ ക്രിസ്തുമതം സ്വീകരിക്കുകയും അതിനെ അവിടത്തെ മതമായി പ്രഖ്യാപിക്കുകയും ചെയ്തു. അവിടത്തെ ക്രൈസ്തവസഭയുടെ ആദ്യതലവന്‍ വിശുദ്ധ ഗ്രിഗറി ആയിരുന്നു.

ആദ്യം മുതല്‍ ഈ സഭ സ്വതന്ത്രമായൊരു പദവി ആഗ്രഹിച്ചിരുന്നു. 434-ല്‍ അര്‍മീനിയന്‍ ഭാഷയിലേക്കു ബൈബിള്‍ തര്‍ജുമ ചെയ്യപ്പെട്ടതോടെ അര്‍മീനിയന്‍സഭ കാല്‍സിഡോണ്‍ കൌണ്‍സിലിനെ തുറന്ന് എതിര്‍ക്കാന്‍ തുടങ്ങി. മോണോഫിസൈറ്റ് സിദ്ധാന്തങ്ങളോട് ഈ സഭയ്ക്കു യോജിപ്പുണ്ടായിരുന്നു. അഞ്ചാം ശ.-ത്തോടുകൂടി ഈ സഭയ്ക്കു പരിപൂര്‍ണസ്വാതന്ത്ര്യം ലഭിച്ചു. അതോടെ ഗ്രീക് ഓര്‍ത്തഡോക്സ് സഭയും അര്‍മീനിയന്‍ അപ്പോസ്തലിക സഭയും തമ്മിലും പിളര്‍പ്പുണ്ടായി. ഒരു ദേശീയസ്ഥാപനം എന്ന നിലയ്ക്ക് അര്‍മീനിയന്‍ ചരിത്രത്തില്‍ ഈ സഭ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. രാഷ്ട്രീയമായും ആത്മീയമായും ഉള്ള നേതൃത്വം ഈ സഭ നല്കിയിരുന്നു. ഈ കാരണങ്ങളാല്‍ ഇതിന്റെ ആധിപത്യം നൂറ്റാണ്ടുകളോളം നിലനിന്നു. 20-ാം ശ.-ത്തിന്റെ മധ്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 428-29 കാലത്ത് അര്‍മീനിയാരാജ്യം അധഃപതിച്ചപ്പോള്‍ ദേശീയൈക്യത്തിന്റെ പ്രതീകമായി നിന്നത് ഈ സഭയുടെ അധികാരിയായിരുന്നു.

അര്‍മീനിയന്‍ സഭ ആരാധനാക്രമത്തിനു വലിയ പ്രാധാന്യം കല്പിക്കുന്നു. അര്‍മീനിയന്‍ഭാഷയിലാണ് ആരാധനാക്രമങ്ങളെങ്കിലും പ്രഭാഷണങ്ങള്‍ പ്രാദേശികഭാഷയിലാണ് നടത്തുന്നത്.

അര്‍മീനിയന്‍ പള്ളികള്‍ സാധാരണയായി ദീര്‍ഘചതുരാകൃതിയിലും കിഴക്കോട്ടഭിമുഖമായും ആണ് പണിയുന്നത്. പടങ്ങളോ വിഗ്രഹങ്ങളോ അപൂര്‍വമായേ പള്ളികളില്‍ സ്ഥാപിക്കാറുള്ളു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍