This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ബുദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അര്‍ബുദ നിയന്ത്രണം)
(അര്‍ബുദം-മരണത്തിന്റെ കണക്ക്)
 
വരി 42: വരി 42:
ഓരോ രാജ്യത്തും എത്രപേര്‍ക്ക് അര്‍ബുദം ഉണ്ടാകുന്നുവെന്നും, അതുകൊണ്ട് എത്രപേര്‍ മരണമടയുന്നു എന്നുമുള്ളതിനു ശരിയായ കണക്കുകള്‍ ലഭ്യമാണ്.  
ഓരോ രാജ്യത്തും എത്രപേര്‍ക്ക് അര്‍ബുദം ഉണ്ടാകുന്നുവെന്നും, അതുകൊണ്ട് എത്രപേര്‍ മരണമടയുന്നു എന്നുമുള്ളതിനു ശരിയായ കണക്കുകള്‍ ലഭ്യമാണ്.  
-
2020-ാമാണ്ടോടെ ആഗോള അര്‍ബുദനിരക്ക് 50 ശ.മാ. വര്‍ധിച്ച് 15 ദശലക്ഷത്തോളം ആകും എന്നാണ് ലോക കാന്‍സര്‍ റിപ്പോര്‍ട്ട് (WCR) സൂചിപ്പിക്കുന്നത്. പ്രായാധിക്യമുള്ളവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്, ജീവിതശൈലിയിലെ വ്യത്യാസം എന്നിവ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പുകവലി, ഭക്ഷണക്രമം, രോഗസംക്രമണം (infection) എന്നിവ നിയന്ത്രിക്കുക വഴി 1/3 ഭാഗം അര്‍ബുദം തടയാനും മറ്റൊരു 1/3 ഭാഗം ചികിത്സിച്ചു ഭേദമാക്കാനും ആകും. 2000-ല്‍ മരണമടഞ്ഞ 56 ദശലക്ഷം മനുഷ്യരില്‍ 12 ശ.മാ.വും അര്‍ബുദം മൂലമായിരുന്നു മരണമടഞ്ഞത്. 5.3 ദശലക്ഷം പുരുഷന്മാരും 4.7 ദശലക്ഷം സ്ത്രീകളും അര്‍ബുദരോഗബാധിതരായി കണ്ടെത്തിയിട്ടുണ്ട്. 6.2 ദശലക്ഷം പേര്‍ ഈ രോഗം മൂലം മരണമടയുകയും ചെയ്തു. വ്യാവസായിക പുരോഗതി കൈവരിച്ച വികസിത രാഷ്ട്രങ്ങളധികവും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്ന് അര്‍ബുദബാധയാണ്.  
+
2020-ാമാണ്ടോടെ ആഗോള അര്‍ബുദനിരക്ക് 50 ശ.മാ. വര്‍ധിച്ച് 15 ദശലക്ഷത്തോളം ആകും എന്നാണ് ലോക കാന്‍സര്‍ റിപ്പോര്‍ട്ട് (WCR) സൂചിപ്പിക്കുന്നത്. പ്രായാധിക്യമുള്ളവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്, ജീവിതശൈലിയിലെ വ്യത്യാസം എന്നിവ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പുകവലി, ഭക്ഷണക്രമം, രോഗസംക്രമണം (infection) എന്നിവ നിയന്ത്രിക്കുക വഴി 1/3 ഭാഗം അര്‍ബുദം തടയാനും മറ്റൊരു 1/3 ഭാഗം ചികിത്സിച്ചു ഭേദമാക്കാനും ആകും. 2000-ത്തില്‍ മരണമടഞ്ഞ 56 ദശലക്ഷം മനുഷ്യരില്‍ 12 ശ.മാ.വും അര്‍ബുദം മൂലമായിരുന്നു മരണമടഞ്ഞത്. 5.3 ദശലക്ഷം പുരുഷന്മാരും 4.7 ദശലക്ഷം സ്ത്രീകളും അര്‍ബുദരോഗബാധിതരായി കണ്ടെത്തിയിട്ടുണ്ട്. 6.2 ദശലക്ഷം പേര്‍ ഈ രോഗം മൂലം മരണമടയുകയും ചെയ്തു. വ്യാവസായിക പുരോഗതി കൈവരിച്ച വികസിത രാഷ്ട്രങ്ങളധികവും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്ന് അര്‍ബുദബാധയാണ്.  
അര്‍ബുദത്തിനെതിരെ ത്വരിതഗതിയില്‍ എടുക്കേണ്ട നടപടികള്‍:
അര്‍ബുദത്തിനെതിരെ ത്വരിതഗതിയില്‍ എടുക്കേണ്ട നടപടികള്‍:

Current revision as of 06:19, 18 നവംബര്‍ 2014

ഉള്ളടക്കം

അര്‍ബുദം

Cancer

ശരീരകോശങ്ങളുടെ അനിയന്ത്രിതവളര്‍ച്ചകൊണ്ട് ഉണ്ടാകുന്ന ഒരു രോഗം. കോശങ്ങളുടെ അമിതമായ വളര്‍ച്ചകൊണ്ടുതന്നെ അര്‍ബുദം കൂടാതെ ലഘു ട്യൂമര്‍ (മുഴ) എന്ന അസുഖവും ഉണ്ടാകാറുണ്ട്. അര്‍ബുദകോശങ്ങള്‍ തുടര്‍ച്ചയായി വിഭജിക്കുകയും വളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യും. എന്നാല്‍ ലഘു ട്യൂമര്‍ കോശങ്ങള്‍ ഇത്തരത്തില്‍ വളരുന്നില്ല. അര്‍ബുദം ശരീരത്തിലെ ഒരു അവയവത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറുകയോ പടരുകയോ (metastasis) ചെയ്യുന്നു. കോശത്തിന്റെ സ്വഭാവത്തെ മാറ്റുന്ന എന്തെങ്കിലും ഉത്പരിവര്‍ത്തനം (mutation) സംഭവിക്കുന്നതിനാല്‍ ക്രമപ്രസരണം (proliferation) ഉണ്ടാകുന്ന അവസ്ഥ അഥവാ കോശവിഭജനത്തിലുണ്ടാകുന്ന നിയന്ത്രണമില്ലായ്മയാണ് അര്‍ബുദമായിത്തീരുന്നത്. ട്യൂമറുകള്‍ രണ്ടുവിധമുണ്ട്. ലഘു (benign) ട്യൂമറുകളും മാരക (malignant) ട്യൂമറുകളും. മാരക ട്യൂമറുകളാണ് അര്‍ബുദം. ലഘു ട്യൂമറുകള്‍ക്കും മാരക ട്യൂമറുകള്‍ക്കും മധ്യേസ്വഭാവമുള്ള ട്യൂമറുകളുമുണ്ട്. ട്യൂമറുകളായി വളരാത്ത രക്താര്‍ബുദം, ചര്‍മാര്‍ബുദം എന്നിവ പോലുള്ള അര്‍ബുദങ്ങളും ഉണ്ട്.


വകഭേദങ്ങള്‍

കാന്‍സറുകളെ ഏറ്റവും ലളിതമായ തരത്തില്‍ രണ്ടായി വിഭജിക്കാം: കാഴ്സിനോമയും (carcinoma) സാര്‍ക്കോമയും (sarcoma). ഇതില്‍ കാഴ്സിനോമ ഉപകലാ (epithelium) കോശങ്ങളില്‍നിന്നു സംജാതമാവുന്നതും സാര്‍ക്കോമ ഇതര കോശങ്ങളില്‍നിന്ന് ഉദ്ഭവിക്കുന്നതുമാണ്. വിവിധയിനം അര്‍ബുദങ്ങളെ അവയുടെ കോശഘടനയെയും കോശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിറങ്ങളെയും അടിസ്ഥാനമാക്കി തരംതിരിക്കാം.

രോഗത്തിന്റെ വളര്‍ച്ചയനുസരിച്ച് അര്‍ബുദം മൂന്നുവിധമുണ്ട്. അതാത് അവയവങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നാമത്തെ തരം അര്‍ബുദങ്ങള്‍ പ്രായേണ ചികിത്സയ്ക്കു വിധേയമാണ്; മറ്റു ഭാഗങ്ങളിലേക്ക്, വിശിഷ്യ ലസികഗ്രന്ഥി(Lymph gland)കളിലേക്കും സമീപസ്ഥകോശങ്ങളിലേക്കും വ്യാപിച്ചിട്ടുള്ള രണ്ടാമത്തെ ഇനം അര്‍ബുദങ്ങള്‍ ചില ഉപാധികള്‍ക്കു വിധേയമായി മാത്രമേ ചികിത്സിക്കുവാന്‍ സാധിക്കുകയുള്ളു; ദേഹമാസകലം വ്യാപിച്ചുകഴിഞ്ഞ മൂന്നാമത്തെ വിഭാഗം അര്‍ബുദങ്ങള്‍ ചികിത്സിച്ചു മാറ്റുക ദുഷ്കരമാണ്.

കോശങ്ങളുടെ ഘടനയും അവ ഉള്‍ക്കൊള്ളുന്ന നിറങ്ങളും അനുസരിച്ച് അര്‍ബുദങ്ങളെ സാധാരണ നാലു ഗ്രേഡുകളായി കണക്കാക്കാറുണ്ട്: ആദ്യത്തെ ഇനം അര്‍ബുദകോശങ്ങള്‍ സാധാരണകോശങ്ങളില്‍നിന്നു വളരെയേറെ വ്യത്യസ്തമല്ല; ഇവ വളരെ സാവധാനത്തില്‍ വളരുന്നവയും പരീക്ഷണവേളയില്‍ അധികം ചായം (dye) സ്വീകരിക്കാത്തവയും ആണ്. ഒടുവിലത്തെ ഇനത്തില്‍പ്പെട്ട, അതിവേഗം വളരുന്ന, കാന്‍സര്‍ കോശങ്ങള്‍ ദൂരവ്യാപകമായ ഘടനാവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നവയും ഒട്ടേറെ ചായം വലിച്ചെടുക്കുന്നവയുമാണ്. മറ്റു രണ്ടുതരം കോശങ്ങളും സ്വഭാവത്തില്‍ മധ്യവര്‍ത്തികളായി നിലകൊള്ളുന്നു.

അര്‍ബുദങ്ങളെ അവ സംജാതമാകുന്ന കോശങ്ങളുടെ അടിസ്ഥാനത്തിലും, അവയുടെ വളര്‍ച്ചയുടെ തോതിന്റെ അടിസ്ഥാനത്തിലും വിവിധനാമങ്ങള്‍ക്കൊണ്ട് വിശേഷിപ്പിക്കാറുണ്ട്. ഉദാ. എല്ലിന്റെ കാന്‍സര്‍=ഓസ്റ്റിയോസാര്‍ക്കോമ (Osteosarcoma); ത്വക്കിലുണ്ടാകുന്ന കാന്‍സര്‍=മെലനോമ (Melanoma); ഗര്‍ഭാശയ ഗളഅര്‍ബുദം (Cancer cervix uterie); സ്തനാര്‍ബുദം (Breast cancer) തുടങ്ങിയവ.

നിദാനം

ആധുനിക ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ കോശങ്ങളുടെ അര്‍ബുദപ്രവണതയ്ക്കു ചുരുങ്ങിയത് അഞ്ചു കാരണങ്ങളെങ്കിലുമുള്ളതായി വ്യക്തമായിട്ടുണ്ട്: (1) അര്‍ബുദത്തിന്റെ നിദാനത്തെപ്പറ്റിയുള്ള ആദ്യത്തെ നിഗമനം കാന്‍സര്‍ 'എരിച്ചില്‍' അഥവാ ഉത്താപം (irritation) കൊണ്ടുണ്ടാകുന്നതാണ് എന്നതാണ്. എന്തെങ്കിലും കാരണവശാല്‍ ഒരു മൂലവസ്തുവിനു പരിക്കേല്ക്കുമ്പോള്‍ അത് നന്നാക്കുവാനും, മൂലവസ്തുവിനു വീണ്ടും രൂപംനല്കാനും ഉള്ള ശ്രമം ശരീരം ഏറ്റെടുക്കും. പലതവണ ഈ സംഭവവികാസം ഉണ്ടാകുമ്പോള്‍ കോശങ്ങള്‍ അമിതമായി വളരുകയും അര്‍ബുദമായി പരിണമിക്കുകയും ചെയ്യും. ഇതിന് ഉപോദ്ബലകമാണ് പുകയില മുറുക്കുന്നവര്‍ക്ക് വായില്‍ ഉണ്ടാകുന്ന അര്‍ബുദം. ഇത്തരത്തിലുള്ള കാന്‍സറുകളുടെ ഉദാഹരണമായി ആന്ധ്രാപ്രദേശിലുണ്ടാകുന്ന 'ചൂട്ടാ' കാന്‍സറും, കാശ്മീരിലെ 'കാണ്‍ഗ്രി' കാന്‍സറും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കത്തുന്ന ഭാഗം വായില്‍വച്ചുകൊണ്ട് ചുരുട്ടുവലിക്കുന്ന ഒരു സമ്പ്രദായം ആന്ധ്രയിലുണ്ട്. അത്തരക്കാരില്‍ വായുടെ ഉള്‍ഭാഗത്തു കാണുന്ന കാന്‍സറിനെയാണ് 'ചൂട്ടാ' കാന്‍സര്‍ എന്നു വിളിക്കുന്നത്. കാശ്മീരിലെ തണുപ്പ് തടയുന്നതിന് കനല്‍ ഇട്ട ഒരു മണ്‍പാത്രം നെഞ്ചോട് ചേര്‍ത്തുവച്ച് പുതച്ചുനടക്കുന്ന പതിവുണ്ട്; അതിന്റെ ഫലമായി നെഞ്ചിന്റെ മുന്‍വശത്ത് കാന്‍സര്‍ ഉണ്ടാകുന്നു. പുകവലിയും ശ്വാസകോശത്തിലെ കാന്‍സറും തമ്മില്‍ ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സിഗരറ്റുകവറിനുമേല്‍ "പുകവലി ആരോഗ്യത്തിനു ഹാനികരമാണ് എന്ന് എഴുതണമെന്നു നിയമമുണ്ട്. അനവരതം അലട്ടിക്കൊണ്ടിരിക്കുന്ന എരിച്ചില്‍ കാന്‍സര്‍രോഗത്തിന് കളമൊരുക്കുന്നു എന്ന് ഇന്നുപരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞ ഒരു വസ്തുതയാണ്.

(2) വികസിത രാജ്യങ്ങളിലെ 23 ശ.മാ. അര്‍ബുദങ്ങളും പകര്‍ച്ചവ്യാധികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലതരം അര്‍ബുദങ്ങള്‍ വൈറസുകള്‍ (virus) മുഖേന ഒരു വ്യക്തിയില്‍നിന്നു മറ്റൊരു വ്യക്തിയിലേക്ക് പകരാമെന്നുള്ളതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. ത്വക്കിനെ ബാധിക്കുന്ന ചില കാന്‍സറുകള്‍ ഇപ്രകാരം പകരുന്നവയാണ്. ഗവേഷണശാലയില്‍ സ്തനങ്ങളെ ബാധിക്കുന്ന കാന്‍സര്‍ മുലപ്പാലില്‍ക്കൂടി എലികളില്‍ പകര്‍ത്തിയതിനും അര്‍ബുദത്തെ പകര്‍ച്ചവ്യാധിയുടെ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്തതിനും ആണ് 1966-ല്‍ പേറ്റണ്‍ റൂസ് എന്ന യു.എസ്. ശാസ്ത്രജ്ഞനു നോബല്‍സമ്മാനം ലഭിച്ചത്. ഇന്നത്തെ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പുകളില്‍ക്കൂടിപ്പോലും ദര്‍ശിക്കുവാന്‍ കഴിയാത്ത അതിസൂക്ഷ്മങ്ങളായ വൈറസുകളാണ് ചിലയിനം അര്‍ബുദത്തിനു കാരണമെന്ന് കരുതപ്പെടുന്നു. കരളിലെ അര്‍ബുദത്തിനു കാരണമാകുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളും ഗര്‍ഭാശയ ഗളാര്‍ബുദം (Cervical), ഗുദാര്‍ബുദം എന്നിവയ്ക്കു കാരണമാകുന്നത് ഹ്യൂമണ്‍ പാപ്പിലോമാ വൈറസുകളായ HPV 16, 18 വൈറസുകളുമാണ്. ആമാശയാര്‍ബുദത്തിനു കാരണമാകുന്നത് ഹെലിക്കോബാക്ടര്‍ പൈലോറി (Helicobacter Pylori) എന്ന വൈറസുകളാണ്. മനുഷ്യരില്‍ അര്‍ബുദം ഒരു പകര്‍ച്ചവ്യാധിയാണെന്ന് പൂര്‍ണമായും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അര്‍ബുദരോഗത്തിനു കാരണമാകുന്ന പ്രത്യേക തന്മാത്രാഘടനയോടുകൂടിയ ചില രാസവസ്തുക്കളുണ്ട്. ഇത്തരം വസ്തുക്കള്‍ അര്‍ബുദജനകങ്ങള്‍ (carcinogens) എന്ന് അറിയപ്പെടുന്നു.

(3) മനുഷ്യ ശരീരത്തില്‍ ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്ന നിരവധി അന്തഃസ്രാവി (Endocrine glands) ഗ്രന്ഥികളുണ്ട്. ശരീരത്തിലെ സങ്കീര്‍ണവും സന്ദര്‍ഭാനുസൃതവും ആയ ഗതിവിഗതികളെ ഏറിയകൂറും നിയന്ത്രിക്കുന്നത് അന്തഃസ്രാവിസമുച്ചയമാണ്. അവയുടെ പ്രവര്‍ത്തനത്തിന്റെ പാകപ്പിഴകള്‍കൊണ്ട് അനവധി രോഗങ്ങള്‍ ഉണ്ടാകുന്നു. സ്തനം, ഗര്‍ഭാശയം, പുരുഷന്റെ മൂത്രാശയത്തോടു ബന്ധപ്പെട്ട പ്രോസ്റ്റ്രേറ്റ് (prostrate) ഗ്രന്ഥി എന്നിവയ്ക്കുണ്ടാകുന്ന അര്‍ബുദത്തിനു പ്രധാന കാരണം ഇത്തരത്തിലുള്ള അന്തഃസ്രാവിപ്രവര്‍ത്തനവൈകല്യമാണ്.

(4) അര്‍ബുദത്തിനുള്ള മറ്റൊരു കാരണം പാരമ്പര്യസ്വഭാവ സവിശേഷതകളാണ്. ഭ്രൂണാവസ്ഥയില്‍ ഉണ്ടാകുന്ന ചില ഗതിവിഭ്രംശങ്ങളും മുരടിക്കലുകളും പലപ്പോഴും ദുഷ്ടാര്‍ബുദസ്ഥായിയായ മൂലവസ്തുക്കളെ സൃഷ്ടിക്കാറുണ്ട്. ഇങ്ങനെയുള്ള മൂലവസ്തുക്കള്‍ വളരെ എളുപ്പത്തില്‍ അര്‍ബുദത്തിനു വിധേയമാവും. വൃക്കകളിലും വൃഷണങ്ങളിലും അണ്ഡാശയത്തിലും ഉണ്ടാകുന്ന പലതരം അര്‍ബുദങ്ങളും ഈ ഇനത്തില്‍പ്പെട്ടവയാണ്. പൊതുവായി പറഞ്ഞാല്‍ കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്ന കാന്‍സറിന് എല്ലാംതന്നെ പാരമ്പര്യ ഘടകമാണ് മിക്കപ്പോഴും കാരണം.

അര്‍ബുദവും പ്രായവും

കണ്ണിനു പുറത്തുണ്ടാകുന്ന റെറ്റിനോ ബ്ലാസ്റ്റോമ (retino blastoma), വൃക്കയിലുണ്ടാകുന്ന നെഫ്രോ ബ്ലാസ്റ്റോമ (nephro blastoma), അഡ്രിനലില്‍ (adrinal) ഉണ്ടാകുന്ന ന്യൂറോ ബ്ലാസ്റ്റോമ (neuroblastoma) എന്നീ കാന്‍സറുകള്‍ ശിശുക്കളില്‍ കാണപ്പെടുന്നവയാണ്. വൃഷണങ്ങളിലുണ്ടാകുന്ന ടെറട്ടോമാ (teratoma) എന്ന അര്‍ബുദം യുവാക്കളിലാണ് കൂടുതലായി കണ്ടുവരുന്നത്. സ്തനത്തിലും ഗര്‍ഭാശയത്തിലും ഉണ്ടാകുന്ന അര്‍ബുദം പ്രായഭേദമെന്യേ സ്ത്രീകളില്‍ കണ്ടുവരുന്നു. 55 വയസ്സുകഴിഞ്ഞ പുരുഷന്മാരിലാണ് പ്രോസ്റ്റ്രേറ്റ് (prostrate) അര്‍ബുദം കാണപ്പെടുന്നത്.

കണ്ടുവരുന്ന സ്ഥലങ്ങളും വിതരണവും

അര്‍ബുദം മനുഷ്യരില്‍ മാത്രം ഉണ്ടാകുന്ന ഒരു രോഗമല്ല. പട്ടി, കുതിര, പശു എന്നീ മൃഗങ്ങളിലും അര്‍ബുദത്തിന്റെ സാന്നിധ്യം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. എലികള്‍ക്കും ഈ രോഗമുണ്ടാകാറുണ്ട്. അതിനാലാണ് എലികളെ അര്‍ബുദ ഗവേഷണത്തിനു ധാരാളമായി ഉപയോഗിക്കുന്നത്.

വ്യാവസായിക പുരോഗതി കൈവരിച്ച യു.എസ്., ഇറ്റലി, ആസ്റ്റ്രേലിയ, ജര്‍മനി, നെതര്‍ലന്‍ഡ്, കാനഡ, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് കൂടിയ തോതില്‍ അര്‍ബുദരോഗികളുള്ളത്. ഏറ്റവും കുറവ് വടക്കേ ആഫ്രിക്കയിലും ഏഷ്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലുമാണ്.

ചില വര്‍ഗങ്ങളിലും ഗോത്രങ്ങളിലും ചിലതരം പ്രത്യേക അര്‍ബുദങ്ങള്‍ കൂടുതല്‍ കാണാറുണ്ട്. മൂക്കിലും തൊണ്ടയിലും കാണപ്പെടുന്ന അര്‍ബുദം ചൈനക്കാരിലാണധികം ഉണ്ടാവുക. യകൃത്തിലെ അര്‍ബുദം മലയാക്കാരിലും ആഫ്രിക്കയിലെ ബാന്തുഗോത്രവര്‍ഗക്കാരുടെ ഇടയിലും കൂടുതല്‍ പ്രത്യക്ഷമാവാറുണ്ട്. ചര്‍മാര്‍ബുദം (melanoma) കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ കുറവാണ്. ചില പ്രത്യേകതരം അര്‍ബുദം വരുവാനുള്ള കാരണം ഗോത്രപരമോ വര്‍ഗപരമോ അല്ലെന്നും നേരേമറിച്ച് ശരീരഘടനയിലും പ്രവൃത്തി ഭേദങ്ങളിലും അധിഷ്ഠിതമാണെന്നും കരുതപ്പെടുന്നു. കുട്ടികള്‍ക്ക് മുലകൊടുക്കുന്ന സ്ത്രീകളില്‍ സ്തനത്തിലുണ്ടാകുന്ന അര്‍ബുദം കുറവാണെന്നും സുന്നത്തു സമ്പ്രദായം നടപ്പുള്ള സമുദായങ്ങളിലെ പുരുഷന്മാരില്‍ ലിംഗാര്‍ബുദം കുറവാണെന്നും ഉള്ളത് മേല്പറഞ്ഞ നിഗമനത്തിന് ഉപോദ്ബലകമാണ്.

പ്രവൃത്തിയും അര്‍ബുദവും

ചില പ്രത്യേക ജോലികള്‍ അര്‍ബുദത്തെ ക്ഷണിച്ചുവരുത്തുന്നവയാണ്. ഉദാഹരണമായി എക്സ്-റേ (X-ray) യുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് അര്‍ബുദം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ കുറച്ചുകാലം ഏര്‍പ്പെടുന്നപക്ഷം വളരെ വര്‍ഷങ്ങള്‍ക്കുശേഷവും ഈ പ്രവണത പ്രകടമാകാറുണ്ട്. അസ്ബെസ്റ്റോസ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അനിലിന്‍ ചായങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു മൂത്രാശയസംബന്ധിയായ അര്‍ബുദം ബാധിക്കാറുണ്ട്. കോള്‍ടാറില്‍ ജോലിചെയ്യുന്നവര്‍ക്കുണ്ടാകുന്ന ചര്‍മാബുദങ്ങളും വാച്ചുകളില്‍ റേഡിയം തേയ്ക്കുന്നവര്‍ക്ക് അസ്ഥിയിലുണ്ടാകുന്ന അര്‍ബുദവും മറ്റുദാഹരണങ്ങളാണ്.

ആദ്യലക്ഷണങ്ങള്‍

ചില അസ്വാസ്ഥ്യങ്ങള്‍ അര്‍ബുദത്തിന്റെ മുന്നോടിയായിത്തീരാറുണ്ട്. ഇവ അന്തിമമായി അര്‍ബുദത്തിലേക്കുതന്നെ നീങ്ങിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ലെങ്കിലും, അവയും അര്‍ബുദവും തമ്മിലുള്ള ബന്ധം സാധാരണയില്‍ കവിഞ്ഞതാണ്. അതുകൊണ്ട്, ഈ അവസ്ഥകളെ 'പ്രീകാന്‍സര്‍ (Pre-Cancer) രോഗങ്ങള്‍' എന്നും വിളിക്കാറുണ്ട്. വായില്‍ ഉണ്ടാകുന്ന തടിപ്പും കല്ലിപ്പും (leukoplakia) വായിലെ അര്‍ബുദത്തിന്റെ ഒരു മുന്നോടിയാണ്. നാവിലുണ്ടാകുന്ന വെളുത്തപാടും ചുവന്ന തടിപ്പും മറ്റൊരുദാഹരമാണ്. കണ്ടെത്തി തുടക്കത്തിലെ ചികിത്സയാരംഭിക്കുന്ന പക്ഷം ഇത് പൂര്‍ണമായും സുഖപ്പെടുത്താനാകും. കുടലില്‍ കാണുന്ന പോളിപ് (polyps) കാലക്രമേണ അര്‍ബുദമാകാറുണ്ട്. ത്വക്കിലെ പൊള്ളലേറ്റ ഭാഗത്തും അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

അര്‍ബുദം-മരണത്തിന്റെ കണക്ക്

ഓരോ രാജ്യത്തും എത്രപേര്‍ക്ക് അര്‍ബുദം ഉണ്ടാകുന്നുവെന്നും, അതുകൊണ്ട് എത്രപേര്‍ മരണമടയുന്നു എന്നുമുള്ളതിനു ശരിയായ കണക്കുകള്‍ ലഭ്യമാണ്.

2020-ാമാണ്ടോടെ ആഗോള അര്‍ബുദനിരക്ക് 50 ശ.മാ. വര്‍ധിച്ച് 15 ദശലക്ഷത്തോളം ആകും എന്നാണ് ലോക കാന്‍സര്‍ റിപ്പോര്‍ട്ട് (WCR) സൂചിപ്പിക്കുന്നത്. പ്രായാധിക്യമുള്ളവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്, ജീവിതശൈലിയിലെ വ്യത്യാസം എന്നിവ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പുകവലി, ഭക്ഷണക്രമം, രോഗസംക്രമണം (infection) എന്നിവ നിയന്ത്രിക്കുക വഴി 1/3 ഭാഗം അര്‍ബുദം തടയാനും മറ്റൊരു 1/3 ഭാഗം ചികിത്സിച്ചു ഭേദമാക്കാനും ആകും. 2000-ത്തില്‍ മരണമടഞ്ഞ 56 ദശലക്ഷം മനുഷ്യരില്‍ 12 ശ.മാ.വും അര്‍ബുദം മൂലമായിരുന്നു മരണമടഞ്ഞത്. 5.3 ദശലക്ഷം പുരുഷന്മാരും 4.7 ദശലക്ഷം സ്ത്രീകളും അര്‍ബുദരോഗബാധിതരായി കണ്ടെത്തിയിട്ടുണ്ട്. 6.2 ദശലക്ഷം പേര്‍ ഈ രോഗം മൂലം മരണമടയുകയും ചെയ്തു. വ്യാവസായിക പുരോഗതി കൈവരിച്ച വികസിത രാഷ്ട്രങ്ങളധികവും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്ന് അര്‍ബുദബാധയാണ്.

അര്‍ബുദത്തിനെതിരെ ത്വരിതഗതിയില്‍ എടുക്കേണ്ട നടപടികള്‍:

1.അര്‍ബുദം ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ചുള്ള ബോധവത്കരണം.

2.ആദ്യഘട്ടത്തില്‍ത്തന്നെ രോഗം കണ്ടെത്താന്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്തല്‍.

3.ചികിത്സ ലഭിച്ചാലും സുഖപ്പെടുത്താനാവാത്തത്ര കഠിനമായത് വേദനാഹരങ്ങളായ (palliative care) ഔഷധങ്ങള്‍ നല്‍കി ആശ്വസിപ്പിക്കല്‍.

ഇരുപതാം നൂറ്റാണ്ടില്‍ പുകയിലയുടെ ഉപയോഗം ലോകത്താകമാനം ഏതാണ്ട് 100 ദശലക്ഷം പേരുടെ മരണത്തിനുകാരണമായി. ഇത് പ്രധാനമായും ശ്വാസകോശം (17.8 ശ.മാ.), ആമാശയം (10.4 ശ.മാ.), കരള്‍ (8.8 ശ.മാ.) എന്നിവയെ ബാധിച്ച അര്‍ബുദം മൂലമാണ്.

രോഗനിര്‍ണയനം

50 ശ.മാ. അര്‍ബുദങ്ങളും, കാണാവുന്ന തരത്തിലുള്ളവയാണ്; അവയെ തൊട്ടുനോക്കാനും സാധ്യമാണ്. ഇവയ്ക്കു പുറമേ നല്ലൊരു ശതമാനം അര്‍ബുദങ്ങള്‍ എന്‍ഡോസ്കോപ്പ് മുഖേന പരിശോധിച്ചാല്‍ അറിയാവുന്നവയാണ്. പൊള്ളയായ അവയവങ്ങളെ (ഉദാ. അന്നനാളം, മൂത്രാശയം) നിരീക്ഷിക്കുവാന്‍ ഉപയോഗിക്കുന്നതും ബള്‍ബുകള്‍ ഘടിപ്പിക്കാവുന്നതുമായ ഉപകരണങ്ങളാണ് എന്‍ഡോസ്കോപ്പുകള്‍ (Endoscope); പ്രത്യേക അവയവങ്ങള്‍ക്ക് ഉപയോഗിക്കുന്ന എന്‍ഡോസ്കോപ്പുകള്‍ക്ക് പ്രത്യേകം പേരുകളും ഉണ്ട്. ബ്രോങ്കോസ്കോപ്പ് (Bronchoscope-ശ്വാസനാളത്തെ പരിശോധിക്കുവാന്‍), സിസ്റ്റോസ്കോപ്പ് (Cystoscope-മൂത്രാശയത്തില്‍ കടത്തുന്നത്) എന്നിവ ഈ വിഭാഗത്തില്‍പ്പെടും. ഇതിനും പുറമേ, പ്രത്യേകം കാണാന്‍ കഴിയുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ചും അല്ലാതെയും ഉള്ള എക്സ്-റേ പടങ്ങളും അര്‍ബുദം കണ്ടുപിടിക്കാന്‍ പ്രയോജനപ്രദങ്ങളാണ്. ബേരിയം ഭക്ഷിച്ചതിനുശേഷം എടുക്കുന്ന എക്സ്-റേ (Barium meal X-ray) ഇതിനുദാഹരണമാണ്. ചില അര്‍ബുദങ്ങളില്‍ രക്തത്തിലെ രാസവസ്തുക്കളും എന്‍സൈമുകളും (ആല്‍ക്കലൈന്‍ ഫോസ്ഫേറ്റ്സ്, ആസിഡ് ഫോസ്ഫേറ്റ്സ് എന്നിവ) കൂടിയും കുറഞ്ഞുമിരിക്കും. മേല്പറഞ്ഞ പരീക്ഷണങ്ങളിലൂടെ, അര്‍ബുദം ഉണ്ടെന്നു സംശയം തോന്നിയാല്‍, മൂലവസ്തുവിന്റെ ഒരു ചെറിയ കഷണം മുറിച്ചെടുത്ത് സൂക്ഷ്മദര്‍ശിനിയില്‍ക്കൂടി പരിശോധിക്കണം. ഈ പരീക്ഷണത്തിനാണ് ബയോപ്സി (biopsy) എന്നു പറയുന്നത്. ബയോപ്സി പരിശോധനയെക്കാള്‍ വിഷമമില്ലാതെ നിര്‍വഹിക്കാവുന്ന മറ്റൊരു അര്‍ബുദ നിര്‍ണയനമാര്‍ഗമാണ് 'എക്സ്ഫോളിയേറ്റീവ് സൈറ്റോളജി എക്സാമിനേഷന്‍'. സാധാരണ കോശങ്ങളെക്കാള്‍ വേഗത്തില്‍ അര്‍ബുദബാധിതകോശങ്ങള്‍ അടര്‍ന്നുവീഴുന്നു. ഈ കോശങ്ങളെ പാപ്പനിക്കളോവ് (pap smear) മാര്‍ഗം ഉപയോഗപ്പെടുത്തി ചായംപിടിപ്പിച്ച് മൈക്രോസ്കോപ്പിലൂടെ പരിശോധിക്കുന്ന വിധത്തെയാണ് എക്സ്ഫോളിയേറ്റീവ് സൈറ്റോളജി എന്നു പറയുന്നത്. ആദ്യഘട്ടത്തില്‍ മാമോഗ്രാഫി, എം.ആര്‍. (Magnetic Resonane), സി.റ്റി. (Computed Tomography) തുടങ്ങിയ സ്കാനുകള്‍ നടത്തി രോഗനിര്‍ണയം നടത്താം. പ്രോസ്റ്റ്രേറ്റ് കാന്‍സര്‍ സീറം പി.എസ്.എ. ലെവല്‍ പരിശോധനയിലൂടെയും കോളന്‍ കാന്‍സര്‍ കോളനോസ്കോപിയിലൂടെയും സ്താനര്‍ബുദം മാമോഗ്രാഫി നടത്തിയും കണ്ടുപിടിക്കാം.

വര്‍ഷംതോറും 1.2 ദശലക്ഷംപേരെ ശ്വാസകോശാര്‍ബുദം ബാധിക്കുന്നതായി കണ്ടുവരുന്നു. ആഗോളതലത്തില്‍ ഏറ്റവും വ്യാപകമായിട്ടുള്ളതും ഇതാണ്. സ്തനാര്‍ബുദം ഒരു ദശലക്ഷം, കോളോറെക്റ്റല്‍ 9,40,000, ആമാശയാര്‍ബുദം 8,70,000, കരള്‍ 5,60,000, ഗര്‍ഭാശയാര്‍ബുദം 4,70,000, അന്നനാളം 4,10,000, തല-കഴുത്ത് 3,90,000, ബ്ളാഡര്‍ 330000, ലിംഫോമ 2,90,000, രക്താര്‍ബുദം 2,50,000, പ്രോസ്റ്റ്രേറ്റ്-വൃഷണം 2,50,000, പാന്‍ക്രിയാസ് 2,16,000, അണ്ഡാശയം 1,90,000, വൃക്ക 1,90,000, എന്‍ഡോമെട്രിയല്‍ 1,88,000, നാഡീവ്യവസ്ഥ 1,75,000, ത്വക് 1,33,000, തൈറോയ്ഡ് 1,23,000, ഗ്രസനി 65,000, ഹോഗ്കിന്‍ അസുഖം 62,000.

അപകടസൂചനകള്‍

ഒട്ടുമുക്കാലും അര്‍ബുദങ്ങള്‍ തുടക്കത്തില്‍ത്തന്നെ കണ്ടുപിടിക്കാവുന്നവയാണ്. അര്‍ബുദം അതിന്റെ ആരംഭദശയില്‍ തന്നെ കണ്ടുപിടിക്കുകയും, കാര്യക്ഷമമായവിധം ചികിത്സിക്കുകയും ചെയ്താല്‍ ഒരളവുവരെ മാറ്റാമെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിക്കുന്നു. അര്‍ബുദത്തിന്റെ ആരംഭദശയിലുള്ള കണ്ടുപിടുത്തമാണ് കാര്യക്ഷമമായ ചികിത്സയുടെ അവിഭാജ്യഘടകം എന്ന് ഇതില്‍നിന്ന് വ്യക്തമാകും. അര്‍ബുദത്തെപ്പറ്റി പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നുള്ളതാണ് ഈ പദ്ധതിയില്‍ ആദ്യമായി ചെയ്യേണ്ടത്. ഇതിന് അര്‍ബുദത്തിന്റെ ആരംഭദശയിലുള്ള അപകടസൂചനയെപ്പറ്റി അവരെ മനസ്സിലാക്കിക്കണം. ഈ സൂചനകള്‍ താഴെ പറയുന്നവയാണ്:

1.കരിയാന്‍ താമസിക്കുന്ന വ്രണം;

2. ദേഹത്ത് എവിടെയെങ്കിലും, പ്രത്യേകിച്ച് സ്തനങ്ങളില്‍, ഉണ്ടാകുന്ന മുഴയോ, കല്ലിപ്പോ;

3. സാധാരണയില്‍ കവിഞ്ഞ രക്തസ്രാവം, പഴുപ്പു പോക്ക് മുതലായവ;

4. പെട്ടെന്നു വളരുന്ന കറുത്ത മറുകുകള്‍;

5. വിശപ്പില്ലായ്മ, വിഴുങ്ങുന്നതിനു തടസ്സം മുതലായവ;

6. ഒച്ചയടപ്പും വിട്ടുമാറാത്ത ചുമയും;

7. വിരേചനയിലുണ്ടാകുന്ന തകരാറുകള്‍.

സാധാരണ അര്‍ബുദങ്ങള്‍

ചര്‍മാര്‍ബുദം

ചര്‍മാര്‍ബുദത്തിന്റെ ആരംഭം ഒരു വ്രണം മാതിരിയാണ്. ഈ വ്രണത്തിന് തടിച്ച അഗ്രങ്ങളുണ്ടായിരിക്കും; ആദ്യഘട്ടങ്ങളില്‍ വേദന തീരെ കാണുകയില്ല. ആദ്യഘട്ടത്തില്‍ത്തന്നെ ചികിത്സ തുടങ്ങിയാല്‍ നിവാരണസാധ്യതയുള്ളതാണ് ചര്‍മാര്‍ബുദം. ത്വക്കാന്‍സര്‍ വിഭാഗത്തില്‍പ്പെട്ട മെലനോമ പെട്ടെന്നു വ്യാപിക്കുന്നതും ചികിത്സിച്ചു സുഖപ്പെടുത്താന്‍ വളരെ പ്രയാസമേറിയതും ആണ്.

ലിപ്പോസാര്‍ ക്കോമ-കഴുത്തില്‍

വായിലെ അര്‍ബുദം

ചുണ്ടിന്‍മേല്‍ ഉണ്ടാകുന്ന അര്‍ബുദം വിള്ളലായോ തടിപ്പായോ പ്രത്യക്ഷപ്പെട്ടേക്കാം. മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നതിനു മുന്‍പ് ചികിത്സിച്ചാല്‍ സുഖപ്പെടുത്തുവാന്‍ പ്രയാസമില്ല.

കാര്‍സിനോമ-നാക്കില്‍

നാവിലെയും കവിളിലെയും അര്‍ബുദം ആദ്യം മുതല്‍ക്കുതന്നെ വേദനയുളവാക്കുന്നതും വളരെ വേഗത്തില്‍ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നതും ആണ്. തന്മൂലം ഇത്തരം അര്‍ബുദങ്ങള്‍ ആരംഭദശയില്‍ത്തന്നെ ചികിത്സയ്ക്കു വിധേയമാക്കിയാല്‍ പൂര്‍ണമായും സുഖപ്പെടും.

തൊണ്ടയിലുണ്ടാകുന്ന അര്‍ബുദത്തിന്റെ ആദ്യലക്ഷണം ശബ്ദത്തില്‍ വരുന്ന മാറ്റവും തൊണ്ടയടപ്പുമാണ്. ഇത് കാര്യക്ഷമമായ വിധത്തില്‍ ചികിത്സിച്ചു സുഖപ്പെടുത്തുവാന്‍ സാധിക്കും.

തൈറോയ്ഡ് കാന്‍സര്‍

കഴുത്തില്‍ ഉണ്ടാവുന്ന അര്‍ബുദം സാധാരണമായി മറ്റു ഭാഗങ്ങളിലുള്ള അര്‍ബുദത്തിന്റെ സംക്രമണമാകാന്‍ സാധ്യതയുണ്ട്. ചെറിയ ഗോളകങ്ങളായിട്ടാണ് ഇവ കാണപ്പെടുന്നത്. ഇവയുടെ ചികിത്സയ്ക്കു ശസ്ത്രക്രിയയാണ് ഫലപ്രദം.

ശ്വാസകോശാര്‍ബുദം

അടുത്തകാലത്തായി വളരെയധികം വര്‍ധിച്ചിട്ടുള്ള ഒരിനം അര്‍ബുദമാണിത്. ആധുനിക നിദാനസൂചകസമ്പ്രദായങ്ങള്‍കൊണ്ട് ഇതിനെ എളുപ്പം കണ്ടുപിടിക്കാം എന്നത് ഇതിന് ഒരു കാരണമായേക്കാം. പുകവലിയുടെ വര്‍ധനയും, പട്ടണങ്ങളിലുള്ള കാര്‍ബണ്‍മോണോക്സൈഡിന്റെയും മറ്റ് അര്‍ബുദജനകവാതകങ്ങളുടെയും ആധിക്യവും ശ്വാസകോശാര്‍ബുദനിരക്ക് വര്‍ധിപ്പിക്കുന്നു. ശ്വാസകോശാര്‍ബുദം ചികിത്സിച്ചു മാറ്റുവാന്‍ വളരെ പ്രയാസമേറിയ ഒരു രോഗമായി വളരെക്കാലം നിലനിന്നു. എന്നാല്‍ ശസ്ത്രക്രിയയിലുണ്ടായ പുരോഗതി കാരണം ഇത്തരം അര്‍ബുദങ്ങളുടെ ചികിത്സ സാധ്യമായിട്ടുണ്ട്. ഈ രോഗം വളരെ മാരകമാണ്, ആദ്യഘട്ടത്തില്‍ ചികിത്സിച്ചാല്‍ മാത്രമേ ഫലപ്രദമാവുകയുള്ളൂ.

കാര്‍സിനോമ-തൈറോയ്ഡ്

ശ്വാസകോശാര്‍ബുദം വര്‍ഷംതോറും 90,000 പുരുഷന്മാരെയും 3,30,000 സ്ത്രീകളെയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരില്‍ 80 ശ.മാ. ശ്വാസകോശാര്‍ബുദത്തിനു കാരണം പുകവലിയാണ്; സ്ത്രീകളില്‍ 45 ശ.മാ.വും. വടക്കേ അമേരിക്ക, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ സ്ത്രീകളിലെ 70 ശ.മാ. ശ്വാസകോശാര്‍ബുദവും പുകവലിമൂലമാണ്. 40 വയസ്സില്‍ താഴെയുള്ളവരെ അപൂര്‍വമായേ ഈ രോഗം ബാധിക്കുന്നുള്ളൂ. എന്നാല്‍ 70-75 വയസ്സുള്ളവരെയാണ് ശ്വാസകോശാര്‍ബുദം കൂടുതലായി ബാധിക്കുന്നത്.

അന്നനാളാര്‍ബുദം

ഭക്ഷണം കഴിക്കുന്നതിനുള്ള പ്രയാസവും കട്ടിയായ ഭക്ഷണം കഴിക്കുമ്പോഴുള്ള വേദനയും ആണ് രോഗലക്ഷണം. എന്‍ഡോസ്കോപ്പി പരിശോധനകള്‍കൊണ്ട് അന്നനാളാര്‍ബുദവും ശ്വാസകോശാര്‍ബുദവും എളുപ്പം കണ്ടുപിടിക്കാം. ആധുനികശസ്ത്രക്രിയയിലൂടെ അന്നനാളത്തെ മുറിച്ചു നീക്കംചെയ്യുവാനും അന്നനാളത്തിന്റെ മുകള്‍ഭാഗം ആമാശയവുമായി സംയോജിപ്പിക്കുവാനും തദ്വാരാ ഈ വ്യാധിക്ക് ആശ്വാസം നല്കുവാനും സാധിക്കും.

ഉദരാര്‍ബുദം

മനസ്സിലാക്കുവാന്‍ വിഷമമേറിയതാണ് ഉദരാര്‍ബുദം. ദഹനക്കേട്, വിരേചനയില്‍ ഉണ്ടാകുന്ന തകരാറ്, പുളിച്ചുതികട്ടല്‍, അകാരണമായ മെലിച്ചില്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളായി കാണാറുണ്ട്. ശസ്ത്രക്രിയയുടെ ആശാവഹമായ പുരോഗതി വയറിലെ അര്‍ബുദത്തിന്റെ ചികിത്സാരംഗത്തും കാര്യമായ നേട്ടങ്ങള്‍ക്കു കാരണമായിട്ടുണ്ട്.

വികസിതരാജ്യങ്ങളില്‍ വന്‍കുടലിനെയും മലാശയത്തിനെയും ബാധിക്കുന്ന അര്‍ബുദത്തിന്റെ തോത് കുറവായിട്ടാണ് കാണപ്പെടുന്നത്. 94,000 പുതിയ രോഗികള്‍ ഓരോ വര്‍ഷവും ഉണ്ടാകുന്നതായും 50,000 പേര്‍ ഇത്തരം അര്‍ബുദംമൂലം മരണമടയുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം, മാംസാഹാരം, കുറഞ്ഞ വ്യായാമത്തോത്, ആധുനിക ജീവിതശൈലി എന്നിവയാണ് ഇത്തരം അര്‍ബുദത്തിനുകാരണം. 5 ശ.മാ. പേരില്‍ ജനിതകകാരണങ്ങള്‍ കൊണ്ടും പാരിസ്ഥിതികഘടകങ്ങള്‍കൊണ്ടും ആമാശയാര്‍ബുദം ബാധിക്കാം. കോളനോസ്കോപ്പി ചെയ്ത് ആദ്യഘട്ടത്തില്‍ത്തന്നെ രോഗനിര്‍ണയനം നടത്താം.

മുന്‍കാലങ്ങളില്‍ ആമാശയാര്‍ബുദം ബാധിക്കുന്ന 8,70,000 രോഗികളില്‍ 6,80,000 പേരും മരണമടയുകയായിരുന്നു പതിവ്. അടുത്തകാലത്തായി ആമാശയാര്‍ബുദത്തിന്റെ തോതില്‍ ഏകദേശം 60 ശ.മാ. കുറവ് വന്നിട്ടുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കുറവ് ചൂണ്ടിക്കാണിക്കുന്നത് അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ആമാശയാര്‍ബുദം ഒരു അപൂര്‍വരോഗമായി മാറുവാനിടയുണ്ട് എന്നാണ്. ഇത്തരത്തിലൊരു കുറവ് സംഭവിക്കാനുണ്ടായ പ്രധാനകാരണം റെഫ്രിജറേറ്ററുകളുടെ കണ്ടുപിടുത്തമാണ്. ഉപ്പുവെള്ളത്തില്‍ സംസ്കരിച്ചെടുക്കുന്ന മത്സ്യമാംസാദികളും പച്ചക്കറികളും സംസ്കരണം ചെയ്തെടുക്കുന്ന പഴവര്‍ഗങ്ങളുമാണ് ആമാശയാര്‍ബുദത്തിനു കാരണം. വര്‍ഷംമുഴുവനും ലഭ്യമാകുന്ന പുതുമയുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷിക്കുന്നത് ദഹനേന്ദ്രിയത്തെ ബാധിക്കുന്ന അര്‍ബുദത്തില്‍ 25 ശ.മാ.-ത്തോളം കുറവ് വരുത്തുന്നു. ജീവിതശൈലിയിലുണ്ടാകുന്ന ഇത്തരം വ്യതിയാനങ്ങള്‍ ഹൃദ്രോഗവും പ്രമേഹവും ഒരു പരിധിവരെ തടയുന്നു.

പാന്‍ക്രിയാസ് കാന്‍സര്‍

ആദ്യഘട്ടങ്ങളില്‍ അപൂര്‍വമായേ ഈ രോഗം കണ്ടുപിടിക്കാന്‍ കഴിയാറുള്ളു. ഇതു വളര്‍ന്ന് പിത്താശയത്തില്‍ സമ്മര്‍ദം ചെലുത്തുകയും തന്നിമിത്തം മഞ്ഞപ്പിത്തം സൃഷ്ടിക്കുകയും ചെയ്തതിനുശേഷമാണ് മിക്കപ്പോഴും ഈ രോഗം ഉണ്ടെന്നുള്ള കാര്യം വ്യക്തമാവുക. അതുകൊണ്ടുതന്നെ ചികിത്സയും പലപ്പോഴും പരാജയപ്പെടാറുണ്ട്.

ഗുദാര്‍ബുദം

പലപ്പോഴും ആരംഭദശയില്‍ ഇത് അര്‍ശസ് അഥവാ മൂലക്കുരു (piles) ആയി കരുതപ്പെടാറുണ്ട്; മലത്തില്‍അല്പാല്പം രക്തം കാണുക എന്നതാണ് ഇതിന്റെ ആദ്യലക്ഷണം. ശരിയായ മലശോധന ഇല്ലാതിരിക്കുന്ന അവസ്ഥയും മലം പോകുന്നതോടൊന്നിച്ചുള്ള വേദനയും കടച്ചിലും ഈ വ്യാധിയുടെ പ്രാഥമിക ലക്ഷണങ്ങളാണ്. ശസ്ത്രക്രിയകൊണ്ടും ഔഷധങ്ങള്‍കൊണ്ടും തികച്ചും സുഖപ്പെടുത്താനാകുന്ന അര്‍ബുദമാണിത്.

സ്തനാര്‍ബുദം

സ്തനാര്‍ബുദം
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന രോഗമാണ് സ്തനാര്‍ബുദം. അമേരിക്കയിലും യൂറോപ്പിലും 50-60 വയസ്സുള്ളവരിലാണ് സ്തനാര്‍ബുദം കൂടുതലായി കാണപ്പെടുന്നത്; കേരളത്തില്‍ 30-55 വയസ്സുള്ളവരിലും. 35 വയസ്സില്‍ താഴെയുള്ളവരാണ് 20 ശ.മാ. സ്തനാര്‍ബുദരോഗികളും എന്നത് ഇതിനെതിരെ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. അമേരിക്കയില്‍ 35 വയസ്സില്‍ താഴെയുള്ള അഞ്ചു ശ.മാ. വ്യക്തികളില്‍ മാത്രമേ ഈ രോഗം ഉള്ളൂ എന്ന വസ്തുത ഏറെ ശ്രദ്ധേയമാണ്. 30 വയസ്സുകഴിഞ്ഞ് എല്ലാ സ്ത്രീകളും വര്‍ഷംതോറും പ്രഗല്ഭരായ ഡോക്ടര്‍മാരുടെ അടുക്കല്‍ സ്തനപരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
സ്തനാര്‍ബുദം-നീക്കം ചെയ്തത്

പാരമ്പര്യമായി ഈ രോഗമുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 25 വയസ്സിനുമുന്‍പ് പെണ്‍കുട്ടികള്‍ വിവാഹിതരായി ആദ്യത്തെ കുഞ്ഞ് താമസം കൂടാതെ ജനിക്കുന്നതും കുഞ്ഞിനെ മൂലയുട്ടുന്നതും ഒരു പരിധിവരെ സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറയാനുതകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വേദനയില്ലാത്ത ഒരു ചെറിയ മുഴയായി കണ്ടുവരുന്ന രോഗമാണിത്. ഈ മുഴ അതിവേഗം വളരുകയും കല്ലിപ്പു സൃഷ്ടിക്കുകയും ചെയ്യും. പിന്നീട് ഇത് വ്രണംപോലെയാകുന്നു; മുലക്കണ്ണ് ചുരുണ്ടുകൂടാനിടയുണ്ട്. സ്തനത്തില്‍ കാണുന്ന ഏതൊരു മുഴയെയും കല്ലിപ്പിനെയും അര്‍ബുദപരിശോധ നടത്തിയശേഷം ചികിത്സിക്കണം. സാധാരണഗതിയില്‍ ഏതാണ്ട് ഒരു ശതമാനം മധ്യവയസ്കരായ പുരുഷന്മാരിലും സ്തനാര്‍ബുദം ഉണ്ടാകാം. ലസികാഗ്രന്ഥികളില്‍കൂടി അതിവേഗം പടര്‍ന്നുപിടിച്ചേക്കാവുന്ന ഈ മാരക രോഗത്തിന് ആരംഭദശയിലുള്ള ശസ്ത്രക്രിയ വളരെ പ്രയോജനപ്രദമാണ്.

ഗര്‍ഭാശയാര്‍ബുദം

ഗര്‍ഭാശയത്തില്‍ രണ്ടു തരത്തിലുള്ള അര്‍ബുദങ്ങള്‍ ഉണ്ടാകാവുന്നതാണ്. ഗര്‍ഭാശയത്തിലെ മാംസപേശികളില്‍ ഉണ്ടാകുന്ന അര്‍ബുദം 50 വയസ്സിലധികം പ്രായമുള്ള (പ്രസവിക്കാത്ത) സ്ത്രീകളിലാണ് സാധാരണ കണ്ടുവരുന്നത്. ഇത് എളുപ്പം കണ്ടുപിടിക്കുവാന്‍ സാധിക്കാത്തതും ശസ്ത്രക്രിയകൊണ്ടു മാത്രം നീക്കം ചെയ്യാവുന്നതും ആയ തരം അര്‍ബുദമാണ്. ഗര്‍ഭാശയത്തിന്റെ ഗളഭാഗത്ത് (cervix) ഉണ്ടാകുന്ന അര്‍ബുദമാണ് കൂടുതലായി കണ്ടുവരുന്നത്. ഇതിന്റെ ലക്ഷണം ആര്‍ത്തവസമയത്തോ രണ്ട് ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള കാലയളവിലോ ഉണ്ടാവുന്ന അമിതമായ രക്തംപോക്കോ വെള്ളപോക്കോ ആണ്. 30-ഉം 50-ഉം വയസ്സിനിടയ്ക്കുള്ള സ്ത്രീകളില്‍ കണ്ടുവരുന്ന ഈ രോഗം മനസ്സിലാക്കുവാന്‍ സുഗമമായ മാര്‍ഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. യോനീസ്രവങ്ങള്‍ ഒരു കുഴലില്‍ക്കൂടി വലിച്ചെടുക്കുകയും അവയെ പ്രത്യേകതരം ചായവുമായി ഇടകലര്‍ത്തി സൂക്ഷ്മദര്‍ശിനിയില്‍ക്കൂടി പരിശോധിക്കുകയും ആണ് ഇതിനു ചെയ്യേണ്ടത്. 'പാപ്പാനിക്കോളോവ്സ് ടെസ്റ്റ്, (Papanicolov's Test, 1943) എന്നറിയപ്പെടുന്ന ഈ പ്രക്രിയ സെര്‍വൈക്കല്‍ കാന്‍സര്‍ ആരംഭദശയില്‍ത്തന്നെ കണ്ടുപിടിക്കുന്നതിനും കാര്യക്ഷമമായ ചികിത്സാമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും വളരെയേറെ സഹായകമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ 30-ലേറെ വയസ്സായ സ്ത്രീകളില്‍ ഈ പരിശോധന നടത്തുക പതിവാണ്. ഈ രോഗത്തിനുള്ള പ്രതിവിധി ശസ്ത്രക്രിയയും എക്സ്-റേ ചികിത്സയും റേഡിയം ചികിത്സയുമാണ്.

മൂത്രാശയാര്‍ബുദം (വൃക്കയുടേതും)

ഇത്തരം അര്‍ബുദങ്ങളുടെ ആദ്യഘട്ടത്തില്‍, മൂത്രത്തിലൂടെയുള്ള രക്തംപോക്കും ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നലുമാണ് രോഗലക്ഷണം. മൂത്രമൊഴിക്കുമ്പോള്‍ വേദനയും കടച്ചിലും ഉണ്ടായേക്കാം. സിസ്റ്റോസ്കോപ്പി (cystoscopy) കൊണ്ടും പ്രത്യേക ചായങ്ങള്‍ കുത്തിവച്ച് എക്സ്-റേ എടുത്തുമാണ് രോഗങ്ങള്‍ കണ്ടുപിടിക്കുന്നത്. വൃക്കയിലെ അര്‍ബുദങ്ങള്‍ പലപ്പോഴും വലുതാകുന്നതുവരെ യാതൊരു ലക്ഷണവും പ്രകടമാക്കാത്തവയാണ്.

പോസ്റ്റ്രേറ്റ് കാന്‍സര്‍

ഈ രോഗം പ്രധാനമായും 55 വയസ്സുകഴിഞ്ഞവരെയാണ് ബാധിക്കുന്നത്. വൃദ്ധന്മാരില്‍ ഉണ്ടാകുന്ന ഈ അര്‍ബുദം മിക്കപ്പോഴും ആദ്യഘട്ടങ്ങളില്‍ യാതൊരു ലക്ഷണങ്ങളും കാണിക്കാറില്ല. എല്ലുകളില്‍ രോഗസ്ഥാനഭേദം (metastasis) വരുകയും തന്നിമിത്തം നട്ടെല്ലിനും സുഷുമ്നാ നാഡിക്കും (spinal cord) വൈഷമ്യങ്ങള്‍ ഉണ്ടാവുകയും ചെയ്തതിനു ശേഷമാണ് ഈ അര്‍ബുദം പ്രായേണ കണ്ടുപിടിക്കപ്പെടുന്നത്. ഇടയ്ക്കിടെ മൂത്രം ഒഴിക്കാനുള്ള തോന്നല്‍ പ്രകടമായി എന്നു വരാം. രോഗം പഴകിയ സ്ഥിതിയില്‍ വൃഷണങ്ങള്‍ എടുത്തുകളയുമ്പോള്‍ അല്പം ആശ്വാസം കണ്ടേക്കാം.

അസ്ഥിയര്‍ബുദം

എല്ലിനെ ബാധിക്കുന്ന അര്‍ബുദത്തി (bone cancer)നെ ഓസ്റ്റിയോസാര്‍ക്കോമ (osteosarcoma) എന്നു വിളിക്കുന്നു. ഇത് ഏതു പ്രായത്തിലും ഉണ്ടാകാം. വേദനയും ചില ശരീരഭാഗങ്ങള്‍ ഉപയോഗിക്കുവാന്‍ സാധിക്കായ്കയുമാണ് ലക്ഷണങ്ങള്‍. ശസ്ത്രക്രിയയും കീമോ തെറാപ്പിയുമാണ് ചികിത്സ.

രക്താര്‍ബുദം

രക്തത്തിലുണ്ടാകുന്ന അര്‍ബുദമാണിത്. കീമോ തെറാപ്പിയാണ് ചികിത്സ. നോ: ലുക്കീമിയ

അര്‍ബുദ നിയന്ത്രണം

ഇംഗ്ലണ്ട്, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളില്‍ ആരംഭിച്ച അര്‍ബുദ നിയന്ത്രണപദ്ധതി ലോകവ്യാപകമായി വികസിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍ ഇന്ത്യയും അംഗമാണ്. പൊതുജനങ്ങളെ, പ്രത്യേകിച്ചും വിദ്യാര്‍ഥികളെ, ഈ പ്രശ്നത്തെപ്പറ്റി ബോധവാന്മാരാക്കുക, ഡോക്ടര്‍മാര്‍ക്കും എക്സ്-റേ പ്രവര്‍ത്തകര്‍ക്കും നേഴ്സുമാര്‍ക്കും അര്‍ബുദചികിത്സയില്‍ പ്രത്യേക പരിശീലനങ്ങള്‍ നല്കുക, അര്‍ബുദം ആദ്യഘട്ടത്തില്‍ത്തന്നെ കണ്ടുപിടിക്കുന്നതിനുള്ള ക്ലിനിക്കുകളും ലാബറട്ടറികളും സജ്ജീകരിക്കുക, കാന്‍സര്‍ ആശുപത്രികള്‍ സ്ഥാപിക്കുക എന്നിവയെല്ലാം ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. അര്‍ബുദത്തെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ സംഘടിപ്പിക്കുകയും, ചികിത്സയ്ക്കുള്ള നവീനങ്ങളായ ഉപകരണങ്ങളെപ്പറ്റി പരീക്ഷണങ്ങള്‍ നടത്തുകയും, അങ്ങനെ അര്‍ബുദ ചികിത്സയ്ക്കു കൂടുതല്‍ ശാസ്ത്രീയമായ അടിസ്ഥാനം നല്കുകയും ചെയ്യുന്നതില്‍ ഈ പ്രസ്ഥാനം ശ്രദ്ധിക്കുന്നുണ്ട്.

സാര്‍കോമ-തുടയില്‍

പുകയില ഉപയോഗം നിയന്ത്രിക്കുന്നത് അര്‍ബുദരോഗം വരാനുള്ള സാധ്യത കുറയ്ക്കും. മോളിക്കുലര്‍ ജീനോം ഗവേഷണത്തിലൂടെ അപൂര്‍വ അര്‍ബുദരോഗങ്ങളുടെ തോത് മനസ്സിലാക്കാം. വന്‍തോതില്‍ അര്‍ബുദരോഗബാധയുള്ള യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്റ്റ്രേലിയ, ജപ്പാന്‍, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ ജീവിതശൈലി പിന്തുടരുന്നത് അവികസിത രാജ്യങ്ങളില്‍ സ്തനം, വന്‍കുടല്‍, പ്രോസ്ട്രേറ്റ്, ഗര്‍ഭാശയം തുടങ്ങിയ ഭാഗങ്ങളിലെ അര്‍ബുദനിരക്കുവര്‍ധനയ്ക്കു കാരണമായിട്ടുണ്ട്.

(ഡോ. കെ. മാധവന്‍കുട്ടി; ഡോ. പോള്‍ അഗസ്റ്റിന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍