This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ജന്‍സിങ് (1919 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍ജന്‍സിങ് (1919 - )

മുന്‍ ഇന്ത്യന്‍ വ്യോമസേനാമേധാവി. 1919 ഏ. 15-ന് ലാല്‍പൂരില്‍ ജനിച്ചു. മോണ്ട്ഗോമറിയിലും ലാഹോറിലും വിദ്യാഭ്യാസം നടത്തിയതിനുശേഷം ലണ്ടനില്‍നിന്നു വൈമാനികപരിശീലനം നേടി. 1939-ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ കമ്മീഷന്‍പദവി കിട്ടി. രണ്ടാം ലോകയുദ്ധക്കാലത്ത് ബര്‍മാമുന്നണിയില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ വിശിഷ്ട വ്യോമസേവനത്തിനുള്ള പാരിതോഷികമായി ദക്ഷിണപൂര്‍വ ഏഷ്യയിലെ സഖ്യകക്ഷികളുടെ സുപ്രീംകമാന്‍ഡറുടെ ഡിസ്റ്റിങ്ഗ്വിഷ്ഡ് ഫ്ളൈയിങ് ക്രോസ് (‌DFC) ബഹുമതി ഇദ്ദേഹത്തിനു നല്കപ്പെട്ടു. 1959-ല്‍ ഇന്ത്യന്‍ എയര്‍ വൈസ് മാര്‍ഷല്‍ ആയി ഉയരുകയും 1964 ആഗ. മുതല്‍ എയര്‍ ചീഫ് മാര്‍ഷലായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1969-ല്‍ ജോലിയില്‍നിന്നു വിരമിക്കുന്നതുവരെ ഇന്ത്യന്‍ വ്യോമസേനാമേധാവിയായിത്തുടര്‍ന്നു. 1965-ലെ ഇന്ത്യാ-പാകിസ്താന്‍ യുദ്ധത്തില്‍ ചെയ്ത സേവനങ്ങള്‍ പരിഗണിച്ച് അതേവര്‍ഷം നവംബറില്‍ ഇദ്ദേഹത്തിനു പദ്മവിഭൂഷണ്‍ ബഹുമതി നല്കുകയുണ്ടായി. ഒരു സ്പോര്‍ട്ട്സ്മാനെന്ന നിലയിലും ഇദ്ദേഹം പ്രശസ്തനാണ്. നീന്തലില്‍ പല അഖിലേന്ത്യാ റിക്കാര്‍ഡുകളും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. 1956-ല്‍ മെല്‍ബണില്‍വച്ചു നടന്ന ഒളിമ്പിക്സ് മത്സരത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ നയിച്ചത് അര്‍ജന്‍ സിങ്ങായിരുന്നു. 1964-ല്‍ 'ഇന്ത്യന്‍ സ്വിമ്മിങ് ഫെഡറേഷന്‍' പ്രസിഡണ്ടായി. 1971-ല്‍ സ്വിറ്റ്സര്‍ലണ്ടിലെ ഇന്ത്യന്‍ സ്ഥാനപതിയായി ഇദ്ദേഹം നിയമിതനാകുകയും തുടര്‍ന്ന് 1974 മാ.-ല്‍ കെനിയയിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിക്കപ്പെടുകയും ചെയ്തു. അര്‍ജന്‍ സിങ്ങിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി 2002 ജനുവരിയില്‍ ഭാരതസര്‍ക്കാര്‍ ഇദ്ദേഹത്തിന് 'മാര്‍ഷല്‍ ഒഫ് ദി എയര്‍ഫോഴ്സ്' എന്ന ബഹുമതി നല്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍