This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരുളാനന്ദം സുവിശേഷകര്‍ (1820 - 89)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരുളാനന്ദം സുവിശേഷകര്‍ (1820 - 89)
ദക്ഷിണ കേരളത്തില്‍ ജീവിച്ചിരുന്ന മതപ്രചാരകനും സാമൂഹിക പരിഷ്കര്‍ത്താവും. സുപ്രസിദ്ധ സംഗീതജ്ഞനായിരുന്ന മോശവത്സലം ശാസ്ത്രികളുടെ പിതാവ്. 1820-ല്‍ തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള തിരുപുറത്തായിരുന്നു ജനനം. അന്തോണിയെന്നായിരുന്നു ആദ്യനാമം. റോമന്‍ കത്തോലിക്കനായിരുന്ന അന്തോണി സഭയുടെ ഒരു സ്കൂളില്‍ ഉപാധ്യാപകനായി കുറേക്കാലം ജോലി നോക്കി. ഇടയ്ക്ക് പ്രൊട്ടസ്റ്റന്റ് സഭയില്‍ ചേര്‍ന്ന് അരുളാനന്ദം എന്ന പേര്‍ സ്വീകരിച്ച ഇദ്ദേഹത്തെ മിഷനറിയായിരുന്ന ജോണ്‍ കോക്സ് അധ്യാപകനായി നിയമിച്ചു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഇദ്ദേഹം ഉപദേശിയായി നിയമിക്കപ്പെട്ടു. നെയ്യാറ്റിന്‍കര, മയ്യനാട് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സുവിശേഷകനായി പ്രവര്‍ത്തിക്കാനുള്ള അവസരം ഇദ്ദേഹത്തിനു ലഭിച്ചു.
ഊഴിയ വേലയ്ക്കെതിരായ സമരമാണ് സാമൂഹികവിപ്ളവകാരിയെന്ന നിലയില്‍ അരുളാനന്ദത്തെ ശ്രദ്ധേയനാക്കിയത്. അക്കാലത്ത് അവര്‍ണ വിഭാഗക്കാര്‍ ഗവണ്മെന്റിനും സവര്‍ണര്‍ക്കും വേണ്ടി നിര്‍ബന്ധമായി ജോലി ചെയ്യണമായിരുന്നു. ഇതിനെയാണ് 'ഊഴിയം' എന്നു പറഞ്ഞിരുന്നത്. കേണല്‍ മണ്‍റോ റസിഡന്റായിരുന്ന കാലത്ത് 1814-ല്‍ ക്രിസ്ത്യാനികളെ ഞായറാഴ്ച ദിവസങ്ങളില്‍ ഊഴിയ വേലയില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഒരു വിളംബരം പുറപ്പെടുവിച്ചിരുന്നെങ്കിലും നടപ്പിലാക്കപ്പെട്ടിരുന്നില്ല. അരുളാനന്ദം സുവിശേഷകര്‍ നെയ്യാറ്റിന്‍കര സഭയില്‍ ശുശ്രൂഷകനായി പ്രവര്‍ത്തിക്കുന്ന അവസരത്തില്‍, 1850 മേയ് 10 ഞായറാഴ്ച, പള്ളിയില്‍ നിന്നു മടങ്ങിപ്പോയ ഒരു ക്രിസ്ത്യന്‍ നാടാര്‍ യുവാവിനെക്കൊണ്ട് കൊച്ചാപ്പി എന്ന പ്രമാണി ചുമടെടുപ്പിച്ചുകൊണ്ടു പോകുന്നത് കാണാനിടയായി. രംഗത്തെത്തിയ അരുളാനന്ദം നിയമത്തിന്റെ ഭാഷയില്‍ സംസാരിക്കുകയും ചുമടുമായി നിന്ന യുവാവ് അതു താഴെ ഇറക്കിയിട്ട് മടങ്ങിപ്പോവുകയും ചെയ്തു. ഇതില്‍ ക്ഷുഭിതരായ പ്രമാണിയും അനുചരന്മാരും മിഷന്‍ കോമ്പൗണ്ടും പള്ളിയും ആക്രമിക്കുകയും അരുളാനന്ദം സുവിശേഷകരെയും സ്കൂളിലെ അധ്യാപകനെയും മറ്റു മൂന്നു പേരെയും ക്രൂരമായി മര്‍ദിച്ച് ജയിലിലടയ്ക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര അധികാരി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പിന്തുണ പ്രമാണിക്കുണ്ടായിരുന്നു. ജയിലില്‍ വച്ച് അരുളാനന്ദത്തിന്റെ മീശയും താടിയും ഓരോ രോമമായി പിഴുതെടുക്കുകയുണ്ടായി. സംഭവമറിഞ്ഞ ജോണ്‍ കോക്സ് ഇടപെട്ട് തടവിലായവരെ മോചിപ്പിക്കുകയും കോടതിയില്‍ കേസ് കൊടുക്കുകയും ചെയ്തു. കോടതിയില്‍ അരുളാനന്ദത്തിനു വേണ്ടി വാദിച്ചത് കോക്സ് തന്നെയായിരുന്നു. പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിച്ചു. ഈ സംഭവത്തിനുശേഷം ഊഴിയവിരുദ്ധനിയമം കര്‍ശനമായി പാലിക്കപ്പെടുന്ന അവസ്ഥ സംജാതമായി.
നെയ്യാറ്റിന്‍കര സംഭവത്തിനുശേഷം അരുളാനന്ദത്തെ തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റി. 1855-ല്‍ ഉത്തര തിരുവിതാംകൂറിലെ സിറിയന്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇദ്ദേഹം സുവിശേഷ പ്രവര്‍ത്തനം നടത്തുകയുണ്ടായി. 1856-ല്‍ വീണ്ടും സ്കൂള്‍ അധ്യാപകനായി. കുറേക്കാലത്തെ അധ്യാപകവൃത്തിക്കുശേഷം മലയോര പ്രദേശങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനം നടത്താന്‍ ഇദ്ദേഹം നിയോഗിക്കപ്പെട്ടു.
1889-ല്‍ അരുളാനന്ദം നിര്യാതനായി.