This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരുന്ധതിറോയ് (1960 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരുന്ധതിറോയ് (1960 - )
ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരിയും സാമൂഹിക പ്രവര്‍ത്തകയും. മേഘാലയയിലെ ഷില്ലോങ്ങില്‍ 1960 ന. 24-ന് ജനിച്ചു. മലയാളിയായ മേരി റോയിയും ബംഗാളിയായ രാജീബ് റോയിയുമാണ് മാതാപിതാക്കള്‍. കോട്ടയം പട്ടണത്തിനു സമീപമുള്ള അയ്മനത്താണ് ബാല്യകാലം ചെലവിട്ടത്. കോര്‍പ്പസ് ക്രിസ്റ്റി സ്കൂള്‍ (കോട്ടയം), ലോറന്‍സ് സ്കൂള്‍ (നീലഗിരി) എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് ന്യൂഡല്‍ഹിയിലെ സ്കൂള്‍ ഒഫ് പെയിന്റിങ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ ചേര്‍ന്ന് ആര്‍ക്കിടെക്ചര്‍ ഐച്ഛിക വിഷയമായെടുത്ത് പഠനം തുടര്‍ന്നു. ആദ്യ ഭര്‍ത്താവായ ജെറാര്‍ദ് ദാ കുഞ്ഞയെ (ആര്‍ക്കിടെക്റ്റ്) ഇവിടെ വച്ചാണ് അരുന്ധതി റോയി കണ്ടുമുട്ടിയത്. രണ്ടാം ഭര്‍ത്താവ് ചലച്ചിത്ര നിര്‍മാതാവായ പ്രദീപ് കിഷെന്‍ ആണ്. ഇദ്ദേഹത്തിന്റെ സ്വാധീനത്തില്‍ സിനിമാ നിര്‍മാണത്തിലും താത്പര്യം എടുത്തു. അവാര്‍ഡിനര്‍ഹമായ മാസ്സെറ സാഹിബില്‍ ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ പ്രണോയ് റോയ് ഇവരുടെ ബന്ധുവാണ്. ഇപ്പോള്‍ അരുന്ധതി ഡല്‍ഹിയില്‍ താമസിക്കുന്നു.
ദ് ഗോഡ് ഒഫ് സ്മോള്‍ തിങ്സ് ആണ് അരുന്ധതി റോയിയുടെ ശ്രദ്ധേയമായ കൃതി. 1997-ലെ ബുക്കര്‍ പുരസ്കാരം ഈ കൃതി നേടി. 1992-ല്‍ രചന ആരംഭിച്ച ഈ നോവല്‍ 1996-ല്‍ പൂര്‍ത്തിയായി. അര്‍ധ ആത്മകഥാപരമായ ഇതില്‍ അയ്മനത്തെ സ്വന്തം ബാല്യകാലാനുഭവങ്ങള്‍ വര്‍ണിക്കപ്പെടുന്നു. ഇരട്ടകളായ റാഹേല്‍, എസ്തര്‍ എന്നീ ബാലികാബാലന്മാരെയും അവരുടെ കുടുംബത്തിലുണ്ടാകുന്ന ദുരന്തരങ്ങളെയും ആധാരമാക്കിയുള്ള കാവ്യഭംഗിയാര്‍ന്ന കൃതിയാണിത്. ഇതിലെ കേന്ദ്രബിന്ദു അവധിക്കാലം അവരോടൊപ്പം ചെലവഴിക്കാന്‍ എത്തുന്ന അര്‍ധ ബ്രിട്ടീഷുകാരിയായ അവരുടെ ബന്ധു സോഫി മോള്‍ എന്ന ഒന്‍പതുകാരിയുടെ മരണമാണ്. യഥാതഥമായ ചിത്രീകരണവും ചാരുതയാര്‍ന്ന ശൈലിയും ആസ്വാദകരെ ഹഠാദാകര്‍ഷിക്കും.
ഗോഡ് ഒഫ് സ്മോള്‍ തിങ്സിനുശേഷം കഥേതര രചനകളാണ് അരുന്ധതി റോയി അധികവും നിര്‍വഹിച്ചിട്ടുള്ളത്. 1999-ല്‍ ഇവരുടെ ദ് കോസ്റ്റ് ഒഫ് ലിവിങ് പ്രസിദ്ധീകൃതമായി. ദ് ഗ്രേറ്റര്‍ കോമണ്‍ ഗുഡ്', ദി എന്‍ഡ് ഒഫ് ഇമാജിനേഷന്‍ എന്നീ ചിന്തോദ്ദീപകങ്ങളായ ഉപന്യാസങ്ങള്‍ ഇതില്‍ കാണാം. ഇവ രണ്ടും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായ ദി ആള്‍ജിബ്രാ ഒഫ് ഇന്‍ഫൈനൈറ്റ് ജസ്റ്റിസ് എന്ന ഉപന്യാസ സമാഹാരത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കു പുറമേ പവര്‍, പൊളിറ്റിക്സ്, ദ് ലേഡീസ് ഹാവ് ഫീലിങ്സ്, സോ... വോര്‍ ഈസ് പീസ്, ഡെമോക്രസി, വോര്‍ റ്റോക്, കം സെപ്റ്റംബര്‍ എന്നീ ഉപന്യാസങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പവര്‍ പൊളിറ്റിക്സ്, വോര്‍ റ്റോക് എന്നീ ശീര്‍ഷകങ്ങള്‍ തന്നെയുള്ള രണ്ടു ഗ്രന്ഥങ്ങള്‍ യഥാക്രമം 2002-ലും 2003-ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആന്‍ ഓര്‍ഡിനറി പേഴ്സണ്‍സ് ഗൈഡ് റ്റു എംപയറും പബ്ളിക് പവര്‍ ഇന്‍ ദി ഏജ് ഒഫ് എംപയറും ഇവരുടെ മറ്റു രണ്ടു കൃതികളാണ്.
തിരക്കഥാരംഗത്തും അരുന്ധതി റോയിയുടെ സംഭാവനകളുണ്ട്. ഇന്‍ വിച് ആനീ ഗിവ്സ് ഇറ്റ് ദോസ് വാണ്‍സും (1989) ഇലക്ട്രിക് മൂണും (1992) ആണ് അവ. ഇവയ്ക്കു പുറമേ ദ് ബനിയന്‍ ട്രീ എന്ന ടെലിവിഷന്‍ സീരിയലിന്റെ സ്ക്രിപ്റ്റും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്.
ദ് ഗോഡ് ഒഫ് സ്മോള്‍ തിങ്സ് എന്ന വിഖ്യാത നോവലിന്റെ രചനയ്ക്കുശേഷം അരുന്ധതി റോയ് നോവല്‍ ഇതര രചനാ ലോകത്തേക്കും രാഷ്ട്രീയത്തിലേക്കും സാമൂഹിക പ്രശ്നങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. ആഗോളീകരണവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിയായ ഇവര്‍ നവീന സാമ്രാജ്യത്വവാദത്തെ ശക്തമായി എതിര്‍ക്കുന്നു. അമേരിക്കയുടെ ആഗോളീകരണ പരിപാടികളുടെ ശക്തയായ വിമര്‍ശകയുമാണ് ഇവര്‍. അണ്വായുധങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പദ്ധതികളെയും ത്വരിതഗതിയില്‍ വ്യവസായവത്കരണം നടത്താനുള്ള ശ്രമങ്ങളെയും ഇവര്‍ നിരന്തരം എതിര്‍ക്കുന്നു. നര്‍മദാ അണക്കെട്ട് പദ്ധതിയും എന്‍റോണ്‍ കമ്പനിയുടെ നീക്കങ്ങളും ഇവരുടെ രൂക്ഷ വിമര്‍ശനത്തിനു പാത്രമായിട്ടുണ്ട്. നര്‍മദാ പദ്ധതിക്കെതിരെ മേധാ പട്ക്കറോട് ചേര്‍ന്ന് നടത്തിയ പ്രക്ഷോഭങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചു.
രാജസ്ഥാനിലെ പൊക്രാനില്‍ ഇന്ത്യ നടത്തിയ അണ്വായുധ പരീക്ഷണങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ അരുന്ധതി റോയ് രചിച്ച ദി എന്‍ഡ് ഒഫ് ഇമാജിനെയ്ഷന്‍ (1998) ഇന്ത്യയുടെ അണ്വായുധ പദ്ധതികള്‍ക്കെതിരെയുള്ള നിശിത വിമര്‍ശനമാണ്. ഇവരുടെ ദ് കോസ്റ്റ് ഒഫ് ലിവിങ് (1999) എന്ന ലേഖന സമാഹാരത്തില്‍ ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ഹൈഡ്രോ ഇലക്ട്രിക് ഡാമുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരായും ഇവര്‍ ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. ഇറാക്കിലെ അമേരിക്കന്‍ ഇടപെടലുകളെ ഇവര്‍ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. യു.എസ്. പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ വിമര്‍ശിച്ചവരില്‍ പ്രധാനി ഇവര്‍ ആയിരുന്നു.
1997-ല്‍ ദ് ഗോഡ് ഒഫ് സ്മോള്‍ തിങ്സിനു ലഭിച്ച ബുക്കര്‍ പ്രൈസിനു പുറമേ മറ്റു നിരവധി പുരസ്കാരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ലന്നന്‍ ഫൌണ്ടേഷന്റെ കള്‍ച്ചറല്‍ ഫ്രീഡം അവാര്‍ഡ് (2002), സിഡ്നി പീസ് പ്രൈസ് (2004) എന്നിവ അവയില്‍ ചിലതാണ്. സമകാലിക പ്രശ്നങ്ങളെ അധികരിച്ചുള്ള ഉപന്യാസങ്ങളുടെ സമാഹാരമായ ദി ആള്‍ജിബ്രാ ഒഫ് ഇന്‍ഫൈനൈറ്റ് ജസ്റ്റിസ് 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായെങ്കിലും അരുന്ധതി റോയ് അത് സ്വീകരിച്ചില്ല.