This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരുണ്ഡേല്‍, രുക്മിണീദേവി (1904 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരുണ്ഡേല്‍, രുക്മിണീദേവി (1904 - 86)

ഭരതനാട്യത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ഭാരതീയ വനിത.

1904 ഫെ. 29-ന് ജനിച്ചു. ഇംഗ്ലീഷുകാരനായ ഡോ. ജി.എസ്. അരുണ്ഡേലുമായി 1920-ല്‍ നടന്ന ഇവരുടെ വിവാഹം വളരെയധികം കോളിളക്കം സൃഷ്ടിച്ചു. വിദ്യാഭ്യാസശാസ്ത്രജ്ഞനായ ഭര്‍ത്താവിനോടൊപ്പം രുക്മിണീദേവി വിദ്യാഭ്യാസവികസനപ്രവര്‍ത്തനങ്ങളില്‍ മുഴുകി. 1924-ല്‍ ഇരുവരും ഒരുമിച്ചു ലോകം മുഴുവന്‍ സഞ്ചരിക്കുകയും ഇന്ത്യയെക്കുറിച്ചും ഇവിടത്തെ കല, വിദ്യാഭ്യാസം, മതം, ദര്‍ശനം, സംസ്കാരം, സ്ത്രീകള്‍ എന്നീ വിഷയങ്ങളെ അധികരിച്ചും പ്രഭാഷണപരമ്പരകള്‍ സംഘടിപ്പിച്ചു നടത്തുകയും ചെയ്തു. ആസ്റ്റ്രേലിയയില്‍ പര്യടനം നടത്തുന്നതിനിടയ്ക്ക് (1926) രുക്മിണീദേവി പ്രസിദ്ധ റഷ്യന്‍ ബാലേ നര്‍ത്തകിയായ അന്നാ പാവ്‍ലോവയുമായി പരിചയപ്പെട്ടു. ഈ നര്‍ത്തകിയുടെ പ്രചോദനത്തില്‍നിന്നാണ് നൃത്തത്തെക്കുറിച്ചു പൊതുവെയും ഭരതനാട്യത്തെക്കുറിച്ചു പ്രത്യേകിച്ചും കൂടുതല്‍ അറിയാന്‍ രുക്മിണീദേവി തത്പരയായത്. 1932-ലാണ് രുക്മിണീദേവി ആദ്യമായി ഭരതനാട്യം കണ്ട് അതില്‍ ആകൃഷ്ടയായത്. ഇതിനെത്തുടര്‍ന്ന് ഭരതനാട്യത്തിന്റെ പ്രചാരണത്തിനും വളര്‍ച്ചയ്ക്കുംവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ മുന്‍കൈ എടുത്തു. ദേവദാസികളുടെ നൃത്തം എന്നു മുദ്രകുത്തപ്പെട്ടിരുന്ന ഭരതനാട്യം ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ കാണുന്നതും കൈകാര്യം ചെയ്യുന്നതും നിഷിദ്ധമായിരുന്ന കാലത്താണ് രുക്മിണീദേവി ഈ കലയെ ക്ഷേത്രത്തിന്റെ നാലമ്പലത്തിനു പുറത്തു കൊണ്ടുവന്നതും ലോകത്തിന്റെ ദൃഷ്ടിക്ക് വിഷയീഭവിപ്പിച്ചതും. ഇന്ത്യയുടെ വിദ്യാഭ്യാസ-സാംസ്കാരിക ജീവിതത്തിന്റെ വികസനം മുന്‍നിര്‍ത്തി 1936 ജനു.-ല്‍ ശ്രീമതി അരുണ്ഡേല്‍ 'കലാക്ഷേത്രം' സ്ഥാപിച്ചു. ഇതിന്റെ സ്ഥിരാധ്യക്ഷയായ ഇവര്‍ തന്നെയാണ് അവിടെ ഭരതനാട്യം അഭ്യസിപ്പിച്ചിരുന്നത്. ഭരതനാട്യത്തിനു പുറമേ മറ്റു ഭാരതീയ കലകളായ കഥകളി, ക്ലാസ്സിക്കല്‍ സംഗീതം, ചിത്രകല, നാടകം എന്നിവയും ഇവിടെ പഠിപ്പിച്ചിരുന്നു. നിലവിലുള്ള നൃത്തനാടകങ്ങളുടെ പ്രചാരണത്തിനു പുറമേ രുക്മിണീദേവി കുറെ നൃത്തനാടകങ്ങള്‍, രണ്ടു നാടകങ്ങള്‍ എന്നിവ രചിക്കുകയും സംവിധാന ചെയ്യുകയും ചെയ്തിട്ടുണ്ട്. കുട്രാള കുറവഞ്ചി, കുമാരസംഭവം, ഗീതഗോവിന്ദം, ആണ്ടാള്‍ ചരിത്രം, കണ്ണപ്പര്‍ കുറവഞ്ചി, ശാകുന്തളം, രാമായണം തുടങ്ങിയ നൃത്തനാടകങ്ങളും കുചേലവൃത്തം, കല്യാണസൌഗന്ധികം, ഉത്തരാസ്വയംവരം തുടങ്ങിയ കഥകളികളും ലൈറ്റ് ഒഫ് ഏഷ്യ, ഭീഷ്മര്‍ എന്നീ നാടകങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നു.

രുക്മിണീദേവി അരരുണ്ഡേല്‍

നാടന്‍ തുണിത്തരങ്ങളുടെ വര്‍ണശബളിമയും ഡിസൈനും പ്രചരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ രുക്മിണീദേവി 1936-ല്‍ കലാക്ഷേത്രത്തില്‍ ഒരു നെയ്ത്തുവിഭാഗം ആരംഭിക്കുകയും നിറങ്ങള്‍, ചായങ്ങള്‍ എന്നിവയെക്കുറിച്ചു ഗവേഷണങ്ങള്‍ നടത്തുകയും ചെയ്തു.

ഡോ. യു.വി. സ്വാമിനാഥയ്യരുടെ വകയായ ഹസ്തലിഖിതഗ്രന്ഥശേഖരം 1943-ല്‍ കലാക്ഷേത്രത്തിനു ലഭിച്ചുവെന്നത് രുക്മിണീദേവിയുടെ നേട്ടങ്ങളില്‍പ്പെടുന്നു. പുരാതന തമിഴ് ഭാഷയെയും സംസ്കാരത്തെയും പറ്റിയുള്ള ഗവേഷണവിവരണങ്ങളും ഗ്രന്ഥശേഖരങ്ങളും അടങ്ങിയ ഈ ഗ്രന്ഥശാലയ്ക്ക് സ്വന്തമായ ഒരു ഗവേഷണ-പ്രസിദ്ധീകരണ വിഭാഗവുമുണ്ട്. രുക്മിണീദേവിയായിരുന്നു ഇതിന്റെ അധ്യക്ഷ.

1934-ല്‍ ഡോ. അരുണ്ഡേല്‍ ആരംഭിച്ച ബസന്റ് തിയോസഫിക്കല്‍ സ്കൂളിന്റെ വികസനത്തിലും രുക്മിണീദേവിക്ക് കനത്ത പങ്കുണ്ട്. 1939-ല്‍ ഡോ. മറിയാ മോണ്ടിസ്സോറിയുടെ സഹകരണത്തോടെ മോണ്ടിസ്സോറി സ്കൂള്‍ ഈ ദമ്പതിമാര്‍ സ്ഥാപിച്ചു. 1947-ല്‍ ബസന്റ് ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അധ്യാപകര്‍ക്കായി അരുണ്ഡേല്‍ ശിക്ഷണ കേന്ദ്രവും സ്ഥാപിച്ചു. ബസന്റ് സെന്റിനറി എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ അധ്യക്ഷ രുക്മിണീദേവിയായിരുന്നു. ഇതിന്റെ നിയന്ത്രണത്തില്‍ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ‌‌ 1956-ല്‍ ദലൈ ലാമാ കലാക്ഷേത്രം സന്ദര്‍ശിക്കുകയുണ്ടായി. ടിബറ്റന്‍ കലാപങ്ങളെത്തുടര്‍ന്നു തിബത്തന്‍ അഭയാര്‍ഥികളായ കുട്ടികളെ കലാക്ഷേത്രത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നതിന് ഇവര്‍ മുന്‍കൈ എടുത്തു.

1952-ല്‍ ശ്രീമതി അരുണ്ഡേല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 10 വര്‍ഷം രാജ്യസഭാംഗമായിത്തുടര്‍ന്നു. മൃഗങ്ങളോടു ക്രൂരത കാട്ടുന്നതിനെ തടയുന്നതിനു സാധാരണക്കാരില്‍ പ്രേരണ ചെലുത്തുക എന്ന ലക്ഷ്യത്തോടെ 'എസ്.പി.സി.എ.' (S.P.C.A) രാജ്യമൊട്ടാകെ സ്ഥാപിക്കുന്നതില്‍ നേരത്തെതന്നെ മുന്‍കൈയെടുത്തിരുന്ന ഇവര്‍ ആ ലക്ഷ്യം പൂര്‍ണമായി നേടുന്നതിന് ഒരു ബില്‍ 1954-ല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. 1960-ല്‍ ഇതു നിയമമായി പ്രാബല്യത്തില്‍ വന്നു. തുടര്‍ന്ന് 1962-ല്‍ മൃഗസംരക്ഷണ ബോര്‍ഡ് രൂപവത്കൃതമായി. ഇതിന്റെ അധ്യക്ഷയും രുക്മിണീദേവിയായിരുന്നു.

1957-ല്‍ ഇവര്‍ ലോക സസ്യഭുക്കുസംഘടന രൂപവത്കരിക്കുകയും ഇന്ത്യന്‍ സസ്യഭുക്കുസംഘടനയ്ക്ക് രൂപം നല്കുകയും ചെയ്തു. കൂടാതെ അനേകം സംഘടനകളില്‍ ഇവര്‍ സേവനം അനുഷ്ഠിച്ചു.

രുക്മിണീദേവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. പദ്മഭൂഷണ്‍ (1956), സംഗീതനാടക അക്കാദമിയില്‍നിന്നു നൃത്തത്തിനുള്ള അവാര്‍ഡ് (1957), ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍നിന്നും മൃഗങ്ങളോടു ക്രൂരത കാട്ടുന്നതു തടയുന്നതിനുള്ള 'വിക്ടോറിയ സില്‍വര്‍ മെഡല്‍' (1958), മൃഗക്ഷേമബോര്‍ഡില്‍നിന്ന് 'പ്രാണിമിത്ര' അവാര്‍ഡ് (1968) എന്നിവ ഇവയില്‍ ചിലതു മാത്രമാണ്. കൂടാതെ, 1968-ല്‍ ഇവരെ സംഗീതനാടക അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുത്തു. അമേരിക്കയിലെ വെയിന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍നിന്നും ഡോക്റ്ററേറ്റും (1958), കൊല്‍ക്കത്തയിലെ രബീന്ദ്രഭാരതിയില്‍ നിന്നു ഡി.ലിറ്റും (1971), വിശ്വഭാരതിയില്‍നിന്നു 'ദേശീകോത്തമ' ബിരുദവും (1972) തുടങ്ങി നിരവധി ബഹുമതി ബിരുദങ്ങളും പുരസ്കാരങ്ങളും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതി സ്ഥാനത്തേക്ക് രുക്മിണീദേവിയുടെ പേര്‍ 1977-ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി നിര്‍ദേശിച്ചുവെങ്കിലും ആ പദവി ഇവര്‍ സ്വീകരിച്ചില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍