This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരീനിയസ്, സ്വാന്‍ടേ ആഗസ്റ്റ് (1859 - 1927)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരീനിയസ്, സ്വാന്‍ടേ ആഗസ്റ്റ് (1859 - 1927)

Arrhenius,Svante August


ആധുനിക ഭൌതിക രസതന്ത്ര(Modern physical chemistry)ത്തിന്റെ സ്ഥാപകന്മാരില്‍ പ്രധാനിയായ സ്വീഡിഷ് ശാസ്ത്രജ്ഞന്‍. ഉപ്സലയ്ക്കടുത്ത് 1859 ഫെ. 19-ന് ജനിച്ചു. ഉപ്സല, സ്റ്റോക്ഹോം മുതലായ സ്ഥലങ്ങളില്‍ വിദ്യാഭ്യാസം ചെയ്തു. 1895-ല്‍ സ്റ്റോക്ഹോം സര്‍വകലാശാലയില്‍ പ്രൊഫസര്‍ ആയി. 1903-ല്‍ രസതന്ത്രത്തില്‍ നോബല്‍ സമ്മാനം നേടി. 1905-ല്‍ നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ആയിച്ചേര്‍ന്നു; മരണം വരെ ആ സ്ഥാനം അലങ്കരിച്ചു. 1911-ല്‍ റോയല്‍ സൊസൈറ്റിയിലെ അംഗമായി. 1927 ഒ. 2-ന് അരീനിയസ് അന്തരിച്ചു.

'വിദ്യുദപഘടനം' (electrolysis) എന്നതായിരുന്നു അരീനിയസ്സിന്റെ പ്രത്യേക ഗവേഷണമേഖല. ഈ പ്രതിഭാസത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു സിദ്ധാന്തം തന്നെ ഉണ്ട്. 'അരീനിയസ് തിയറി ഒഫ് ഇലക്ട്രോലിറ്റിക് ഡിസോസ്യേഷന്‍ (Arrhenius theory of eletrolytic dissociation) എന്നാണ് അത് ശാസ്ത്രലോകത്ത് അറിയപ്പെടുന്നത്. വിദ്യുദപഘടനം അഥവാ വിദ്യുദ്വിയോജനം രാസപ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല എന്നും അനേകം ആന്തരികപ്രതിഭാസങ്ങളിലും അത് ദൃശ്യമാണെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

വാനശാസ്ത്രത്തിലും (Astronomy) അരീനിയസ്സിനു താത്പര്യമുണ്ടായിരുന്നു. ചെറുകണങ്ങളില്‍ പ്രകാശമര്‍ദത്തിന്റെ പ്രഭാവം (effect) പഠിച്ചറിഞ്ഞ് ധൂമകേതുക്കളുടെ വാലുകളില്‍ സൂര്യപ്രകാശമര്‍ദത്തിന്റെ സ്വാധീനശക്തിയെപ്പറ്റി ഇദ്ദേഹം നൂതനാഭിപ്രായങ്ങള്‍ ആവിഷ്കരിച്ചു.

ടെക്സ്റ്റ് ബുക് ഒഫ് കെമിസ്റ്റ്രി, ഡെസ്റ്റിനി ഒഫ് സ്റ്റാര്‍സ് (Destiny of Stars), വേള്‍ഡ് ഇന്‍ ദ് മേക്കിംഗ് (World in the Making) എന്നീ ഗ്രന്ഥങ്ങള്‍ അരീനിയസ് ജര്‍മന്‍ ഭാഷയില്‍എഴുതിയ പുസ്തകങ്ങളുടെ ഇംഗ്ളീഷ് പരിഭാഷകളാണ്. 1908-ല്‍ പ്രസിദ്ധീകൃതമായ വേള്‍ഡ് ഇന്‍ ദ് മേക്കിംഗ് എന്ന ഗ്രന്ഥം ജീവശാസ്ത്രപരമായ പ്രതിപാദ്യങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. ഈ ബൃഹത് പ്രപഞ്ചത്തില്‍ ജീവന്‍ ബീജാണുരൂപത്തില്‍ ചിരന്തനമായും സാര്‍വത്രികമായും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നും അങ്ങനെ സഞ്ചരിക്കവേ അവയില്‍ ചിലത് സ്വയംദീപ്ത നക്ഷത്രങ്ങളുടെ ചൂടേറ്റ് നശിച്ചുപോകുന്നു എന്നും മറ്റു ചിലത് അധിവാസയോഗ്യങ്ങളായ ഗ്രഹങ്ങളിലെത്തി വികാസപരിണാമങ്ങള്‍ക്കുള്ള സാഹചര്യം കണ്ടുപിടിക്കുന്നു എന്നും അതില്‍ ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍