This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരിസ്റ്റോഫെനസ് (ബി.സി. 450 - 385)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരിസ്റ്റോഫെനസ് (ബി.സി. 450 - 385)
Aristophanes
പുരാതന ഗ്രീസിലെ ശുഭാന്തനാടകരചയിതാക്കളില്‍ അഗ്രഗണ്യന്‍. അരിസ്റ്റോഫെനസിന്റെ ജീവിതത്തെപ്പറ്റിയുള്ള അറിവ് പരിമിതമാണ്. അതുതന്നെ മുഖ്യമായി ഇദ്ദേഹത്തിന്റെ കൃതികളെ ആശ്രയിച്ചുള്ളതാണുതാനും. ഇദ്ദേഹം പാര്‍ഡിയോണിസ് വിഭാഗത്തില്‍പ്പെട്ട ഒരു അഥീനിയന്‍ പൌരനായിരുന്നുവെന്നു കാണുന്നു. നാല്പതു വര്‍ഷത്തോളം നീണ്ടുനിന്ന സാഹിത്യജീവിതകാലത്ത് അന്‍പതില്‍പ്പരം നാടകങ്ങള്‍ രചിച്ചു. അവയില്‍ പതിനൊന്നെണ്ണം മാത്രമേ പൂര്‍ണരൂപത്തില്‍ കിട്ടിയിട്ടുള്ളൂ.
ഗ്രീസിന്റെ ഭാഗധേയം പാടേ മാറ്റിമറിച്ച പെലപ്പൊനീഷ്യന്‍ യുദ്ധത്തിന്റെ കാലത്താണ് (ബി.സി. 432-404) ഈ കൃതികളില്‍ ഏറിയകൂറും രചിക്കപ്പെട്ടത്. ഗ്രീസിന് അധികാരവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട യുദ്ധാനന്തരകാലത്തേക്കും അരിസ്റ്റോഫെനസിന്റെ സാഹിത്യജീവിതം നീണ്ടുകിടക്കുന്നു. ബി.സി. 5-ാം ശ.-ത്തിന്റെ അന്ത്യപാദത്തില്‍ അഥീനിയന്‍ നാഗരികതയ്ക്കുണ്ടായ ഭാവപ്പകര്‍ച്ച മേല്പറഞ്ഞ കൃതികളില്‍ പ്രതിഫലിച്ചുകാണാം. രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ മേഖലകളില്‍ ഉടലെടുത്ത നൂതനപ്രവണതകളെയും അവയ്ക്കു നേതൃത്വം നല്കിയ വ്യക്തികളെയും അരിസ്റ്റോഫെനസ് അവയില്‍ നിര്‍ദാക്ഷിണ്യം വിമര്‍ശിക്കുന്നു. അസഹനീയമായിത്തോന്നിയ എല്ലാ ചിന്താഗതികളെയും പ്രസ്ഥാനങ്ങളെയും ആക്ഷേപഹാസ്യത്തിനു ശരവ്യമാക്കിക്കൊണ്ട് സമാധാനത്തിനും പരമ്പരാപ്രാപ്തമായ ധര്‍മാദര്‍ശത്തിനും വേണ്ടി അദ്ദേഹം വാദിച്ചു.
കണ്ടുകിട്ടിയിട്ടുള്ള നാടകങ്ങളില്‍വച്ച് ആദ്യത്തേതായ മാടമ്പികള്‍ (Acharnians ബി.സി. 425) ആഥന്‍സിലെ യുദ്ധക്കൊതിയന്മാരെ കഠിനമായി ആക്ഷേപിക്കുന്ന ഒരു കൃതിയാണ്. സമാധാനം (Peace ബി.സി. 421) എന്ന കൃതിയില്‍, ട്രൈഗയൂസ് എന്നൊരു കര്‍ഷകന്‍ താന്‍ വളര്‍ത്തിയ ഒരു വിട്ടിലിന്റെ പുറത്തുകേറി സമരനടപടികള്‍ക്ക് പരിഹാരം കാണാന്‍ സ്വര്‍ഗത്തിലേക്കു പോകുന്നു. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ യുദ്ധത്തില്‍നിന്ന് വിരമിക്കുന്നതുവരെ ലൈംഗികപണിമുടക്കിനു വേണ്ടി ഗ്രീസിലെ സ്ത്രീകള്‍ സംഘടിക്കുന്നതാണ് ലിസിസ്റ്റ്രാറ്റാ(Lysistrata ബി.സി. 411)യിലെ പ്രതിപാദ്യം. അഥീനിയന്‍ നേതാവായ പെരിക്ലിസിനെ പിന്‍തുടരുന്ന ക്ലിയോണിനെ അപഹസിക്കുന്ന കൃതിയാണ് വീരയോദ്ധാക്കള്‍ (The Knights ബി.സി. 424). ഭാവനാപരമായ ഒരു നാടകമാണ് പക്ഷികള്‍ (Birds ബി.സി. 414); എങ്കിലും ചില നിരൂപകന്മാര്‍ ഈ കൃതിയിലും രാഷ്ട്രീയമായ നിഗൂഢാര്‍ഥം ആരോപിച്ചിട്ടുണ്ട്. സമകാലികരാഷ്ട്രീയ സ്ഥിതിഗതികളെ കര്‍ക്കശമായ പരിഹാസത്തിനു വിഷയമാക്കിയിട്ടുള്ള ഒരു കൃതിയാണ് ബാബിലോണിയക്കാര്‍ (Babylonians ബി.സി. 426). സോക്രട്ടീസിനെയും സോഫിസ്റ്റുകള്‍ നയിച്ച പുതിയ വിദ്യാഭ്യാസപ്രസ്ഥാനത്തെയും കളിയാക്കുവാന്‍ രചിച്ചതാണ് മേഘങ്ങള്‍ (The Clouds ബി.സി. 423). ട്രാജഡിയുടെ നിലവാരം താഴ്ത്തി എന്ന കാരണത്താല്‍ യൂറിപ്പിഡിസിനെ പരിഹാസപാത്രമാക്കിയിരിക്കയാണ് തവളകള്‍ ( Frogs ബി.സി. 405) എന്ന കൃതിയില്‍. ഇതേ ലക്ഷ്യംവച്ച് എഴുതിയ നാടകമത്രെ ഡെമീറ്ററിന്റെ ഉത്സവത്തിലെ സ്ത്രീകള്‍ (Women At The Festivel of Demeter ബി.സി. 411). അഥീനിയന്‍ പൗരന്മാരുടെ വ്യവഹാര കൗതുകത്തെ അധിക്ഷേപിച്ചിരിക്കുയാണ് കടന്നലുകള്‍ ( The Wasps ബി.സി. 422) എന്ന കൃതിയില്‍. അസംബ്ലിയിലെ സ്ത്രീകള്‍ (Women In the Assembly ബി.സി. 392) പുതിയ പുരോഗമനവാദികളുടെ ഉട്ടോപ്യന്‍ പദ്ധതികളെ കളിയാക്കുന്നു. പ്ലൂട്ടസ് (Plutus ബി.സി. 388) എന്ന കൃതിയില്‍ അന്ധനായ ധനദേവന്‍, തനിക്കു കാഴ്ച കിട്ടുന്നതോടെ ശിഷ്ടന്മാരെ ധനവാന്‍മാരാക്കുകയും ദുഷ്ടന്മാരെ ദരിദ്രന്‍മാരാക്കുകയും ചെയ്യുന്നു.
ലൈംഗികകാര്യങ്ങള്‍ മുതല്‍ പ്രാകൃത കമ്യൂണിസംവരെ വിവിധ വിഷയങ്ങള്‍ ഈ നാടകങ്ങളില്‍ കൈകാര്യം ചെയ്തിരിക്കുന്നതായി കാണാം. നാടകകര്‍ത്താവിന്റെ വികാരാവിഷ്കരണസാമര്‍ഥ്യത്തിനും അഭിനയസങ്കേതജ്ഞാനത്തിനും ഹാസ്യപ്രയോഗ ചാതുര്യത്തിനും നിദര്‍ശനങ്ങള്‍കൂടിയാണ് ഇവ. അസംബ്ലിയിലെ സ്ത്രീകള്‍, പ്ലൂട്ടസ് എന്നീ കൃതികള്‍ ഒഴികെ ബാക്കിയെല്ലാം 'പഴയ കോമഡി'യുടെ ഗണത്തില്‍പ്പെടുന്ന നാടകങ്ങളാണ്. ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ കാണുന്ന അനാശാസ്യപ്രവണതകളെ തിരുത്തുവാന്‍വേണ്ടിയാണ് ഇവ രചിച്ചത്. കേവലം കാലിക പ്രശ്നങ്ങള്‍ പ്രതിപാദ്യങ്ങളായി സ്വീകരിച്ചിട്ടുള്ള ഈ കൃതികള്‍ക്ക് കാലത്തിന്റെ പരീക്ഷണത്തെ അതിജീവിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വിവിധ ഭാഷകളില്‍ അവയ്ക്ക് ഉണ്ടായിട്ടള്ള വിവര്‍ത്തനങ്ങളും റേഡിയോ ആവിഷ്കരണങ്ങളും തെളിയിക്കുന്നു. അവയുടെ കാലദേശനിരപേക്ഷമായ ആസ്വാദ്യതയ്ക്കു നിദാനം അവയിലെ ആക്ഷേപഹാസ്യത്തിന്റെ നിശിതത്വവും ഹാസ്യാനുകരണത്തിന്റെ ഉജ്ജ്വലതയും വിനോദരംഗങ്ങളുടെ സമുചിതസംയോജനവും സര്‍വോപരി ഭാവാത്മകകവിതാബന്ധുരമായ വൃന്ദഗാനങ്ങളുടെ സാരസ്യവുമാണ്. അരിസ്റ്റോഫെനസ്സിന്റെ ചില കൃതികള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.